ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഹൈദരാബാദിൽ നടന്ന സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺമാരുടെ ദേശീയ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി

प्रविष्टि तिथि: 20 DEC 2025 7:01PM by PIB Thiruvananthpuram

ഹൈദരാബാദിൽ നടന്ന സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺമാരുടെ ദേശീയ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു. ഇന്ത്യയുടെ ഭരണനിർവ്വഹണ സംവിധാനങ്ങളുടെ ഗുണമേന്മ, സമഗ്രത, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിൽ പബ്ലിക് സർവീസ് കമ്മീഷനുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

 

2047-ഓടെ വികസിത ഭാരതം സാക്ഷാത്കരിക്കുകയെന്ന ദർശനത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഭരണനിർവ്വഹണ സംവിധാനങ്ങളുടെ ഗുണമേന്മ മാത്രമല്ല, അവയെ നയിക്കുന്ന വ്യക്തികളുടെ ഗുണനിലവാരവും അത്യന്തം നിർണായകമായിരിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഉപരാഷ്ട്രപതി പറഞ്ഞു. രാഷ്ട്രസേവനത്തിനായി പ്രതിഭാധനരും നിഷ്പക്ഷരും ധാർമ്മികരുമായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള മഹത്തായ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടിരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളായാണ് പബ്ലിക് സർവീസ് കമ്മീഷനുകളെ അദ്ദേഹം വിശേഷിപ്പിച്ചത്.

പബ്ലിക് സർവീസ് കമ്മീഷനുകളുടെ ഭരണഘടനാദത്തമായ സ്വയംഭരണാധികാരം, പൊതു നിയമനങ്ങളിൽ യോഗ്യത, നീതി, സുതാര്യത എന്നിവ സംരക്ഷിക്കുന്നതിന്റെ ആധാരശിലയാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന കമ്മീഷനുകൾ ഭരണനിർവ്വഹണത്തിലെ നൈരന്തര്യം, സ്ഥാപനപരമായ സ്ഥിരത, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് എന്നിവ ഉറപ്പാക്കുന്നതിലൂടെ പൊതുജനവിശ്വാസം ആർജ്ജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ സർവീസ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട്, ഡിജിറ്റൽ ഭരണം, സാമൂഹിക സർവ്വാശ്ലേഷിത്വം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ നടപടികൾ, സാമ്പത്തിക പരിവർത്തനം തുടങ്ങിയ ദേശീയ മുൻഗണനകളുടെ ഫലപ്രദമായ നിർവ്വഹണം തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ധാർമ്മിക മാനദണ്ഡങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, നിഷ്പക്ഷതയാണ് പൊതു നിയമനങ്ങളുടെ ധാർമ്മിക അടിത്തറയെന്നും പക്ഷപാതം ഒഴിവാക്കുന്നതിൽ സുതാര്യത അനിവാര്യ ഘടകമാണെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പെട്ട ക്രമക്കേടുകൾ പോലും സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ച അദ്ദേഹം, പൊതു പരീക്ഷകളിലെ തെറ്റായ പ്രവണതകളോട് യാതൊരു സഹിഷ്ണുതയും പുലർത്തരുതെന്ന് നിർദ്ദേശിച്ചു.

അക്കാദമിക മികവിനപ്പുറം, ശക്തമായ ധാർമ്മിക ബോധം, സംവേദനക്ഷമത, നേതൃത്വപരമായ ശേഷി, ടീം വർക്ക് എന്നിവയും സമകാലിക സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. വിജ്ഞാനാധിഷ്ഠിത പരീക്ഷകൾക്കൊപ്പം നല്ല പെരുമാറ്റത്തിന്റെയും ധാർമ്മികമായ ശേഷിയുടെയും നീതിയുക്തവും ഘടനാപരവുമായ വിലയിരുത്തലുകൾ പബ്ലിക് സർവീസ് കമ്മീഷനുകൾ  പരിഗണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നിയമനം കിട്ടി എന്നത് കൊണ്ട് മാത്രം ആജീവനാന്ത മികവ് ഉറപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ സി. പി. രാധാകൃഷ്ണൻ, സ്ഥാപന സമഗ്രത സംരക്ഷിക്കുന്നതിനായി പ്രകടന വിലയിരുത്തൽ, വിജിലൻസ് മേൽനോട്ടം, ആനുകാലിക അവലോകന സംവിധാനങ്ങൾ എന്നിവ വസ്തുനിഷ്ഠമായും സുതാര്യമായും  പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. സദ് സ്വഭാവവും ധാർമ്മിക പെരുമാറ്റവും രാഷ്ട്രനിർമ്മാണത്തിന്റെയും പൊതുജനവിശ്വാസത്തിന്റെയും അടിസ്ഥാനശിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസംഖ്യാപരമായ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പരാമർശിക്കവേ, പ്രതിഭകളെ കണ്ടെത്തുകയും അവരുടെ തൊഴിൽ സാധ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി നൂതന സമീപനങ്ങൾ തേടാൻ ഉപരാഷ്ട്രപതി പബ്ലിക് സർവീസ് കമ്മീഷനുകളെ ആഹ്വാനം ചെയ്തു. പ്രതിഭസേതു പോലുള്ള സംരംഭങ്ങൾ ഉൾപ്പെടെ, അനുഗുണമായ നൈപുണ്യമുള്ളവരെ ശരിയായ ചുമതലകളിലേക്ക് നിയോഗിക്കാനുള്ള ഉദ്യമങ്ങൾ സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

പബ്ലിക് സർവീസ് കമ്മീഷനുകൾ സദ്ഭരണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും, വികസിതവും ആത്മനിർഭരവുമായ ഭാരതം സാക്ഷാത്ക്കരിക്കാനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ അവ സുപ്രധാന പങ്ക് വഹിക്കുമെന്നും തന്റെ പ്രസംഗം ഉപസംഹരിക്കവേ ശ്രീ സി. പി. രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

****


(रिलीज़ आईडी: 2207109) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Tamil