प्रविष्टि तिथि:
16 DEC 2025 5:04PM by PIB Thiruvananthpuram
2002 ലെ മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങൾ അംഗങ്ങളോട് ഉത്തരവാദിത്വമുള്ള സ്വയംഭരണ സഹകരണ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, 2002 ലെ വ്യവസ്ഥകളും അതനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളും സൊസൈറ്റിയുടെ അംഗീകൃത ചട്ടങ്ങളും അനുസരിച്ച് ഈ സൊസൈറ്റികൾ പ്രവർത്തിക്കേണ്ടതുണ്ട്. അതിൽ അംഗങ്ങൾ, ബോർഡ്, സൊസൈറ്റിയുടെ ജനറൽ ബോഡി, കോപ്പറേറ്റീവ് സൊസൈറ്റികളുടെ സെൻട്രൽ രജിസ്ട്രാർ (സിആർസിഎസ്) എന്നിവരുടെ ചുമതലകളും അധികാരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ബഹു -സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ ക്രമക്കേടുകൾ ഉണ്ടായാൽ, ബന്ധപ്പെട്ട സംസ്ഥാനത്തെ സഹകരണ സൊസൈറ്റി രജിസ്ട്രാറും മറ്റ് ഏജൻസികളും 2002 ലെ എംഎസ്‌സിഎസ് ആക്ടിലെ 108, 78 വകുപ്പുകൾ പ്രകാരം അത്തരം സംഘങ്ങളുടെ പരിശോധന/അന്വേഷണം നടത്താൻ നിർദേശിക്കുന്നു. കേരളത്തിൽ, 4 ബഹു -സംസ്ഥാന സഹകരണ സംഘങ്ങൾ അന്വേഷണത്തിന് കീഴിലുണ്ട്. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഗവണ്മെൻ്റ് സൂക്ഷിക്കുന്നില്ല.
ബഹു-സംസ്ഥാന സഹകരണ സംഘങ്ങളിലെ നിയന്ത്രണം, സുതാര്യത, ഉത്തരവാദിത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനായി, നിലവിലുള്ള നിയമങ്ങൾക്ക് അനുബന്ധമായി തൊണ്ണൂറ്റി ഏഴാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് എം.എസ്.സി.എസ് നിയമവും ചട്ടങ്ങളും യഥാക്രമം 03.08.2023 ലും 04.08.2023 ലും സമഗ്രമായി ഭേദഗതി ചെയ്ത് വിജ്ഞാപനം ചെയ്തു.
ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും അതിലെ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനും മുകളിൽ സൂചിപ്പിച്ച ഭേദഗതിയിലൂടെ നിരവധി വ്യവസ്ഥകൾ അവതരിപ്പിച്ചിട്ടുണ്ട്.
1.ബഹു-സംസ്ഥാന സഹകരണ സംഘങ്ങളിൽ സമയബന്ധിതവും കൃത്യവും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിന്, സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ വ്യവസ്ഥകൾ തയ്യാറാക്കി.
2.അംഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് സഹകരണ ഓംബുഡ്‌സ്മാനെ നിയമിച്ചു.
3. സുതാര്യത മെച്ചപ്പെടുത്തുന്നതിനായി, അംഗങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബഹു-സംസ്ഥാന സഹകരണ സംഘങ്ങൾ ഇൻഫർമേഷൻ ഓഫീസറെ നിയമിക്കുന്നു.
4.500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവ്/നിക്ഷേപമുള്ള ബഹു സംസ്ഥാന സഹകരണ സംഘങ്ങളിൽ ഓഡിറ്റിനായി കേന്ദ്ര രജിസ്ട്രാർ അംഗീകരിച്ച ഓഡിറ്റർമാരുടെ പാനലിൽ നിന്ന് തത്സമയ ഓഡിറ്റ് സംവിധാനം അവതരിപ്പിച്ചു. വഞ്ചനയോ ക്രമക്കേടുകളോ ഉണ്ടെങ്കിൽ അവ നേരത്തേ കണ്ടെത്തുന്നതിനും അതനുസരിച്ച് വേഗത്തിലുള്ള തിരുത്തലുകൾ വരുത്തുന്നതിനും ഈ കൺകറൻ്റ് ഓഡിറ്റ് സഹായിക്കും.
5.സുതാര്യത മെച്ചപ്പെടുത്തുന്നതിനായി ദേശീയ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പാർലമെൻ്റിൽ വയ്ക്കുന്നു.
6.അക്കൗണ്ടിംഗിലും ഓഡിറ്റിംഗിലും ഏകീകരണം ഉറപ്പാക്കുന്നതിന് ബഹു-സംസ്ഥാന സഹകരണ സംഘങ്ങൾക്കുള്ള അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മാനദണ്ഡങ്ങൾ കേന്ദ്ര ഗവണ്മെൻ്റ് നിർണ്ണയിക്കും.
7. ഭരണനിർവ്വഹണവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിന്, ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ഏകകണ്ഠമല്ലാത്ത ബോർഡ് തീരുമാനങ്ങൾ ഉൾപ്പെടുത്തുന്നതിന് വ്യവസ്ഥയുണ്ട്.
8. ത്രിഫ്റ്റ്, ക്രെഡിറ്റ് ബിസിനസിൽ ബഹു-സംസ്ഥാന സഹകരണ സംഘങ്ങൾക്കുള്ള വിവേകപൂർണ്ണമായ മാനദണ്ഡങ്ങൾ (ലിക്വിഡിറ്റി, എക്സ്പോഷർ മുതലായവ) കേന്ദ്ര ഗവണ്മെൻ്റ് നിർണ്ണയിക്കും.
9. ബഹു-സംസ്ഥാന സഹകരണ സംഘങ്ങളിലെ സ്വജനപക്ഷപാതവും പ്രീണനവും തടയുന്നതിന്, ബഹു-സംസ്ഥാന സഹകരണ സംഘത്തിൻ്റെ ഡയറക്ടർ, അദ്ദേഹത്തിനോ അല്ലെങ്കിൽ ബന്ധുക്കൾക്കോ താൽപ്പര്യമുള്ളതും സൊസൈറ്റിയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കരുത്.
10. ഭരണം മെച്ചപ്പെടുത്തുന്നതിന് ഡയറക്ടർമാരെ അയോഗ്യരാക്കുന്നതിനുള്ള അധിക വ്യവസ്ഥകൾ നൽകിയിട്ടുണ്ട്.
11. സുരക്ഷിതമായ നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനും കൊളോണിയൽ കാലഘട്ടത്തിലെ ഓഹരികളെ കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യുന്നതിനുമായി ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ ഫണ്ട് നിക്ഷേപിക്കുന്നതിനുള്ള വ്യവസ്ഥകൾ പുനർനിർവചിച്ചിട്ടുണ്ട്.
12. കൂടുതൽ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കുന്നതിന്, ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ ബോർഡ്, മറ്റ് കമ്മിറ്റികൾക്കൊപ്പം ഓഡിറ്റ്, എത്തിക്സ് കമ്മിറ്റി രൂപീകരിക്കും.
13. ഭരണം ശക്തിപ്പെടുത്തുന്നതിന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
14. ബഹു-സംസ്ഥാന സഹകരണ സംഘങ്ങളിൽ ജനാധിപത്യപരമായ തീരുമാനമെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിന് ബോർഡ് യോഗങ്ങൾക്ക് ക്വാറം/ നിശ്ചിത അംഗസംഖ്യ നിശ്ചയിച്ചിട്ടുണ്ട്.
15. വഞ്ചനാപരമോ, നിയമവിരുദ്ധമോ ആയ രീതിയിൽ ബിസിനസ്സ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ കേന്ദ്ര രജിസ്ട്രാർ അന്വേഷണം നടത്തും.
16. തെറ്റായ പ്രതിനിധാനം, വഞ്ചന മുതലായവയിലൂടെ രജിസ്ട്രേഷൻ നേടിയിട്ടുണ്ടെങ്കിൽ, വിശദീകരണം നൽകാൻ അവസരം നൽകിയ ശേഷം ഒരു ബഹു-സംസ്ഥാന സഹകരണ സംഘത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്.
17. ബഹു-സംസ്ഥാന സഹകരണ സംഘങ്ങളുടെ കൂട്ടായ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ നിന്ന് അംഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനായി, ബഹു-സംസ്ഥാന സഹകരണ സംഘത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന അംഗത്തിൻ്റെ ഏറ്റവും കുറഞ്ഞ പുറത്താക്കൽ കാലയളവ് എന്നത് ഒരു വർഷത്തിൽ നിന്ന് 3 വർഷമായി വർദ്ധിപ്പിച്ചു.
ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, മറുപടിയായി രേഖാമൂലം നൽകിയതാണ് ഈ വിവരങ്ങൾ.
****