ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ലക്ഷദ്വീപിലെ നിക്ഷേപ സാധ്യതകള്‍
प्रविष्टि तिथि:
14 DEC 2025 1:47PM by PIB Thiruvananthpuram
മത്സ്യബന്ധന മേഖലയില്‍ ഇനിയും ഉപയോഗപ്പെടുത്താത്ത സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നിക്ഷേപക സംഗമം 2025 ഡിസംബർ 13-ന് ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേൽ, ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ട്യൂണയും ആഴക്കടൽ മത്സ്യബന്ധനവും, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ 22 നിക്ഷേപകരും പ്രധാന സംരംഭകരും പങ്കെടുത്ത നിക്ഷേപക സംഗമം ലക്ഷദ്വീപില്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ്.
മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിലെ നിക്ഷേപത്തിന് നാല് പ്രധാന മേഖലകൾ പരിപാടിയില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് എടുത്തുകാട്ടി.
1. ട്യൂണ, ആഴക്കടൽ മത്സ്യബന്ധന വികസന സാധ്യതകൾ
ട്യൂണ മത്സ്യബന്ധനം, സംസ്കരണം, കേടുകൂടാതെ സൂക്ഷിക്കല്‍, മൂല്യവർധിത ഉല്പന്നങ്ങൾ, ബ്രാൻഡിങ്, കയറ്റുമതി എന്നിവയിൽ നിക്ഷേപ സാധ്യതകൾ നിലവിലുണ്ട്.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 20% പ്രദേശത്തിന് പുറമെ ട്യൂണയുടെയും മറ്റ് മൂല്യമേറിയ മത്സ്യങ്ങളുടെയും സമ്പന്ന ശേഖരം സ്വന്തമായ ലക്ഷദ്വീപിൽ ട്യൂണ ആഴക്കടൽ മത്സ്യബന്ധനത്തിൽ വലിയ നിക്ഷേപ സാധ്യതകളുണ്ട്. എങ്കിലും ഏകദേശം 15,000 ടൺ മാത്രം വരുന്ന നിലവിലെ ഉല്പാദനം ആകെ കണക്കാക്കുന്ന ഒരു ലക്ഷം ടൺ സാധ്യതയുടെ ചെറിയൊരംശം മാത്രമാണ്. മത്സ്യബന്ധനം, സാക്ഷ്യപ്പെടുത്തല്‍, ബ്രാൻഡിങ്, കയറ്റുമതി ലക്ഷ്യമാക്കിയ സംസ്കരണം എന്നിവ ഉൾപ്പെടുന്ന ആധുനിക മൂല്യ ശൃംഖല വികസിപ്പിക്കുന്നതുവഴി നിക്ഷേപകർക്ക് "ലക്ഷദ്വീപ് സുസ്ഥിര ട്യൂണ" പോലുള്ള മികച്ച പേരുകളിൽ ലക്ഷദ്വീപിലെ ചൂരമത്സ്യത്തെ നിലവാരമുയര്‍ന്ന അന്താരാഷ്ട്ര വിപണികളിലെത്തിക്കാനാവും.
ഈ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന രീതികൾ മറൈൻ സ്റ്റെവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്‍സി) പോലുള്ള ആഗോള പാരിസ്ഥിതിക ലേബലിങ് സംവിധാനങ്ങൾക്ക് അനുയോജ്യമാണ്. ഉയർന്ന വിപണികളിലേക്ക് പ്രവേശനവും ഉയർന്ന വിലയും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. സ്മാർട്ട് മത്സ്യബന്ധന തുറമുഖങ്ങള്‍, ശീതീകരണ ശൃംഖലാ സൗകര്യങ്ങൾ, സംസ്കരണ കേന്ദ്രങ്ങള്‍ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപ സാധ്യതകളുണ്ട്. കൂടാതെ മൾട്ടി-ഗിയർ ആഴക്കടൽ മത്സ്യബന്ധന കപ്പലുകളും പിടിച്ച മത്സ്യങ്ങളെ ശേഖരിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന മാതൃകപ്പലുകളും ഉൾപ്പെടുത്തി കപ്പൽ നവീകരണത്തിലും സാധ്യതകളേറെയാണ്. സുസ്ഥിരവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ട്യൂണ മത്സ്യബന്ധന കേന്ദ്രമാക്കി ലക്ഷദ്വീപിനെ മാറ്റുമെന്ന് ഈ സംരംഭങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
2 .കടൽപ്പായൽ: പുറംകടല്‍ കൃഷി, ബയോമാസ് സംസ്കരണം, ജൈവ ഉല്പന്നങ്ങൾ
4200 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതി വരുന്ന ലക്ഷദ്വീപിൻ്റെ കായൽ പ്രദേശം കടൽപ്പായൽ കൃഷിയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു. കടൽപ്പായൽ അധിഷ്ഠിത ഉല്പന്നങ്ങളുടെ ആഗോള ആവശ്യകത അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ കൃഷി രീതികള്‍, നഴ്സറികള്‍, ബയോമാസ് സംസ്കരണം, ജൈവ ഉല്പന്ന നിർമാണം എന്നിവയിലെല്ലാം പ്രദേശം ഗണ്യമായ നിക്ഷേപ സാധ്യതകൾ നൽകുന്നു. കടൽപ്പായൽ ക്ലസ്റ്ററായി വിജ്ഞാപനം ചെയ്ത ലക്ഷദ്വീപ് പിഎംഎംഎസ്‍വൈ പദ്ധതിയ്ക്ക് കീഴിൽ കടൽപ്പായൽ വിത്തുബാങ്ക്, കടൽപ്പായൽ ഹാച്ചറി തുടങ്ങിയ സംരംഭങ്ങളിലൂടെ ഈ രംഗത്ത് ശക്തമായ അടിത്തറ സ്ഥാപിച്ചത് മേഖലയുടെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു.
സ്വകാര്യ പുറംകടല്‍ കടൽപ്പായൽ കൃഷി സുഗമമാക്കുന്നതിനായി ആവിഷ്ക്കരിക്കുന്ന പാട്ട നയത്തിലും ലക്ഷദ്വീപ് ഭരണകൂടം പ്രവർത്തിച്ചുവരുന്നു. കടൽപ്പായൽ കൃഷി വിപുലീകരണം, സംസ്കരണ ശേഷി വർധന, ചരക്കുനീക്ക ശൃംഖലകൾ, വിപണി ബന്ധം എന്നിവ വികസിപ്പിച്ച് സാധ്യത മുതലെടുക്കാനും ലക്ഷദ്വീപ് ഉല്പന്നങ്ങളെ ആഗോള വിപണികളിലെത്തിക്കാനും നിക്ഷേപകർക്ക് സാധിക്കും. സാമ്പത്തിക സാധ്യതകൾക്കപ്പുറം കാർബൺ വേർതിരിക്കല്‍, സമുദ്ര ജൈവവൈവിധ്യ വർധന തുടങ്ങിയ പാരിസ്ഥിതിക നേട്ടങ്ങളും കടൽപ്പായൽ കൃഷിയ്ക്കുണ്ട്. ഭക്ഷണം, ഔഷധങ്ങള്‍, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി വിവിധ വ്യവസായങ്ങളെയും ഇത് പിന്തുണയ്ക്കുന്നു.
3. അലങ്കാര മത്സ്യങ്ങൾ: ഹാച്ചറികളും ബ്രൂഡ് ബാങ്കുകളും സംയോജിത യൂണിറ്റുകളും
റാസസ്, ഡാംസൽഫിഷ്, കാർഡിനൽഫിഷ്, ഗ്രൂപ്പറുകൾ, സർജൻഫിഷ്, ബട്ടർഫ്ലൈഫിഷ്, ഗോട്ട്ഫിഷ്, ബ്ലെനീസ്, സ്കോർപിയോൺഫിഷ്, ട്രിഗ്ഗർഫിഷ്, സ്ക്വിറൽഫിഷ് തുടങ്ങി 35 മത്സ്യവര്‍ഗങ്ങളിലെ ഏകദേശം 300 ഇനം കടൽ മത്സ്യങ്ങൾ ലക്ഷദ്വീപിലുണ്ട്. ഈ സമ്പന്ന ജൈവവൈവിധ്യം സമുദ്ര അലങ്കാര ഹാച്ചറികളും ബ്രൂഡ്സ്റ്റോക്ക് വികസന സൗകര്യങ്ങളും സംയോജിത വളർത്തൽ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ അനുയോജ്യമേഖലകളാക്കി ദ്വീപുകളെ മാറ്റുന്നു. പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. അലങ്കാര മത്സ്യങ്ങളുടെ ആഗോള ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ സുസ്ഥിര പ്രജനന സംവിധാനങ്ങളും കയറ്റുമതി അധിഷ്ഠിത സംരംഭങ്ങളും സംരക്ഷണ-സൗഹൃദ രീതികളും വികസിപ്പിച്ച് ലാഭകരമായ അക്വേറിയം വ്യാപാരത്തിലേക്ക് കടക്കാനും നിക്ഷേപകർക്ക് അവസരമുണ്ട്. ഇത് പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അന്താരാഷ്ട്ര അലങ്കാര മത്സ്യ വിപണിയിലെ സുപ്രധാന പങ്കാളിയായി ലക്ഷദ്വീപിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
4. പുറംകടൽ കൂടുകൃഷി
ഏകദേശം 4 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ പ്രത്യേക സാമ്പത്തിക മേഖല ഉപയോഗിച്ച് വന്‍തോതില്‍ സുസ്ഥിര സമുദ്ര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ പുറംകടല്‍ കൂടുകൃഷിയിൽ ലക്ഷദ്വീപിന് വലിയ സാധ്യതയുണ്ട്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സംരംഭങ്ങൾ ഇതിൻ്റെ സാധ്യത തെളിയിക്കുന്നത് മേഖലയ്ക്ക് പിന്തുണയേകുന്നു. പ്രാദേശിക സഹകരണ സ്ഥാപനങ്ങളുമായും സിഎംഎഫ്ആർഐ-യുമായും സഹകരിച്ച് ഒഡീഷയിലെ ബാലസോറിൽ സീ ബാസ്, പോംപാനോ, മുള്ളറ്റ്സ് തുടങ്ങിയ മത്സ്യങ്ങൾക്ക് 30 കൂടുകൾ വിന്യസിച്ചുകൊണ്ട് എൻഎഫ്ഡിബി പരീക്ഷണാടിസ്ഥാനത്തില്‍ ശ്രദ്ധേയമായ ഒരു പഠനം നടത്തിയിരുന്നു. പിഎംഎംഎസ്‍വൈ പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മറ്റൊരു പദ്ധതി ജെഎസ്ഡബ്ല്യു ജയ്ഗഡ് പോർട്ട് ലിമിറ്റഡിൻ്റെ സിഎസ്ആർ സംരംഭത്തിലൂടെ സിഎംഎഫ്ആർഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് 30 കൂടുകൾ സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ പദ്ധതികള്‍ പുറംകടല്‍ കൂടുകൃഷിയുടെ സാങ്കേതിക സാധ്യതയും വാണിജ്യ വാഗ്ദാനവും അടിവരയിടുന്നതിനൊപ്പം ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ആധുനിക സമുദ്ര മത്സ്യകൃഷിയുടെ കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാന്‍ നിക്ഷേപകർക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
ഉപസംഹാരം
നിക്ഷേപം സുഗമമാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ലക്ഷദ്വീപിൽ ഒരു ഏകജാലക സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 500 കോടിയിലേറെ രൂപയുടെ നിക്ഷേപ നിർദേശങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ നിക്ഷേപക സംഗമം ഇതിനകം ശക്തമായ നിക്ഷേപ താല്പര്യം സൃഷ്ടിച്ചുകഴിഞ്ഞു. സുസ്ഥിര വളർച്ച ഉറപ്പാക്കി ലക്ഷദ്വീപിൻ്റെ നീല സമ്പദ്‌വ്യവസ്ഥയുടെ വലിയ സാധ്യതകൾ തുറക്കുന്ന ശോഭന ഭാവി ഇത് വാഗ്ദാനം ചെയ്യുന്നു.
****
(रिलीज़ आईडी: 2203766)
आगंतुक पटल : 29