PIB Headquarters
azadi ka amrit mahotsav

സരസ് ഭക്ഷ്യമേള 2025

രുചികള്‍, ഉള്‍ക്കരുത്ത് എന്നിവയുടെ കഥകള്‍, ലക്ഷം രൂപ സമ്പാദിക്കുന്ന സഹോദരി(ലഖ്പതി ദീദി)മാരുടെ ഉദയവും

പോസ്റ്റഡ് ഓണ്‍: 07 DEC 2025 10:28AM by PIB Thiruvananthpuram

ഡല്‍ഹിയിലെ സുന്ദര്‍ നഴ്‌സറിയില്‍, ഉന്മേഷദായകമായ ഡിസംബറിലെ പ്രഭാതത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കാന്‍ കൊതിച്ച് കാത്തിരിക്കുന്ന ജനക്കൂട്ടത്തിന്റെ മര്‍മ്മരം കൊണ്ട് പുല്‍ത്തകിടികള്‍ സജീവമായിരുന്നു. എന്നാല്‍ പ്രവേശന കവാടത്തിനടുത്തുള്ള ഒരു സ്റ്റാളില്‍, മറ്റെന്തോ ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. സ്വന്തം ജീവിതം മാത്രമല്ല,  നൂറുകണക്കിന്  മറ്റുള്ളവരുടെ ജീവിതവും താന്‍ മാറ്റിമറിച്ചുവെന്ന് ബോധ്യമുള്ള ഒരാളില്‍ നിന്ന് പ്രസരിക്കുന്ന  ആത്മവിശ്വാസമായിരുന്നു അത്.

കൗണ്ടറിന് പിന്നില്‍ പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ള ശ്രീമതി വന്ദന ഭരദ്വാജ് തന്റെ ഫുല്‍ക്കരി തുണിത്തരങ്ങള്‍ ലളിതമായി ക്രമീകരിച്ചുകൊണ്ട് നിലകൊണ്ടു. ശൈത്യകാല സൂര്യപ്രകാശത്തിന് കീഴില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറി തിളങ്ങിയെങ്കിലും അവരുടെ ജീവിതയാത്രയാണ് കൂടുതല്‍ പ്രകാശമാനമായി തിളങ്ങിയത്. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ വീട്ടില്‍ ഫുല്‍ക്കരി തുണിത്തരങ്ങള്‍ തുന്നിക്കൊണ്ട്, 2018 ല്‍ ഒരു ചെറിയ സ്വയം സഹായ സംഘത്തിലെ പത്ത് സ്ത്രീകളില്‍ ഒരാളായാണ് അവര്‍ തന്റെ യാത്ര ആരംഭിച്ചത്.

അവരുടെ നേതൃത്വം ഉടനേ തന്നെ വേറിട്ടു നിന്നു. ആദ്യം, തന്റെ ഗ്രാമീണ സംഘടനയില്‍ 19 സ്വയം സഹായ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവര്‍, പിന്നീട് തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വിശ്വസിച്ച സ്ത്രീകളുടെ വളര്‍ന്നുവരുന്ന ശൃംഖലയുടെ നങ്കൂരമായി. ഇന്ന്, 25 ഗ്രാമങ്ങളിലായി അഞ്ഞൂറിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി) വന്ദന നേതൃത്വം നല്‍കുന്നു, ഇത് പല ഔപചാരിക സ്ഥാപനങ്ങളെക്കാളും വലിയ ഒരു സാമൂഹിക സംരംഭമാണ്. 2025ലെ സരസ് ഭക്ഷ്യമേളയിലെ അവരുടെ സ്റ്റാള്‍ കരകൗശല ഉത്പന്നങ്ങള്‍ മാത്രമല്ല, സ്ത്രീകളുടെ കൂട്ടായ പുരോഗതിയും ശാക്തീകരണവും പ്രദര്‍ശിപ്പിച്ചു.

 


 

'സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും ഞങ്ങളെ പിന്തുണച്ചു' എന്ന് 'വന്ദന ചേച്ചി' വിശദീകരിക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്ന് തയ്യല്‍ യന്ത്രങ്ങളും പ്രവര്‍ത്തന മൂലധനമായി 30,000 രൂപയും ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ഇടപെടലുകള്‍ ഫുല്‍ക്കാരി തയ്ക്കല്‍ ഒരു യഥാര്‍ത്ഥ സംരംഭമാക്കി മാറ്റാന്‍ ഞങ്ങളെ സഹായിച്ചു.''


 

അവരുടെ നേതൃത്വത്തില്‍ ഗ്രാമീണ സ്ത്രീകള്‍ ഇപ്പോള്‍ സ്വെറ്ററുകള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, പ്രത്യേകിച്ച് ഉയര്‍ന്ന നിലവാരമുള്ള ഫുല്‍ക്കരി തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ നിര്‍മിക്കുന്നു. അവരുടെ കരകൗശല വൈദഗ്ദ്ധ്യം വളരെ മികച്ചതാണ്, ദേശീയ, വിദേശതല പ്രമുഖര്‍ക്ക് സമ്മാനിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ ഫുല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ അവരുടെ സാധനങ്ങള്‍ സംഭരിക്കുന്നു.


 

സുന്ദര്‍ നഴ്‌സറിയിലുടനീളം, 2025ലെ സരസ് ഭക്ഷ്യമേളയുടെ എല്ലാ വഴിത്താരകളിലൂടെയും അതേ ആവേശം പ്രതിധ്വനിച്ചു. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷംരൂപ സമ്പാദിക്കുന്ന ഏകദേശം 300 സഹോദരി/ചേച്ചിമാരും സ്വയം സഹായ സംഘ സംരംഭകരും എത്തിച്ചേര്‍ന്നു. അഞ്ഞൂറിലധികം വിഭവങ്ങളും ഡസന്‍ കണക്കിന് കരകൗശല ഉത്പന്നങ്ങളും കൊണ്ടുവന്ന് ഡല്‍ഹിയെ ഇന്ത്യയുടെ ജീവസ്സുറ്റ ഭൂപടമാക്കി മാറ്റി. ദാല്‍ ബാത്തി ചുര്‍മ, മലബാര്‍ ബിരിയാണി, ഹിമാചലി സിദ്ദു, തന്തൂര്‍ ചായ എന്നിവയുടെ സുഗന്ധം വായുവില്‍ നിറഞ്ഞുനിന്നു, എന്നാല്‍ ഓരോ സുഗന്ധത്തിനും പിന്നില്‍ അവളുടെ പാചകക്കുറിപ്പ് പോലെ തന്നെ അടുക്കുള്ള കഥയുള്ളൊരു വനിതയുണ്ടായിരുന്നു.


 

ദീന്‍ദയാല്‍ അന്ത്യോദയ യോജന- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ (ഡിഎവൈ-എന്‍ആര്‍എല്‍എം) ത്തിന് കീഴില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിക്കുന്ന സരസ് ആജീവിക (ഉപജീവനമാര്‍ഗ്ഗ) മേളകള്‍, ഗ്രാമീണ സ്ത്രീകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനും, ഇടനിലക്കാരെ ഒഴിവാക്കുന്നതിനും, നിര്‍ണായകമായ വിപണിപരിചയം നേടുന്നതിനുമുള്ള ഒരു ദേശീയ വേദി നല്‍കുന്നു. അടുക്കിവയ്ക്കല്‍ (പാക്കേജിങ്), രൂപമാതൃക, ആശയവിനിമയം, വിപണനം എന്നിവയെക്കുറിച്ചുള്ള ശില്പശാലകള്‍ വഴി, അവരുടെ ഉത്പന്നങ്ങള്‍ നവീകരിക്കുന്നതിനും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യത്തുടനീളവും പുറത്തുമുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനുമുള്ള നൈപുണ്യമേകി മേളകള്‍ അവരെ സജ്ജരാക്കുന്നു.

വന്ദന ചേച്ചിയുടെ സ്റ്റാളിന് എതിര്‍വശത്ത്, ഒഡീഷയില്‍ നിന്നുള്ള 'മാ' സ്വയംസഹായസംഘത്തിലെ ഒരംഗം അവരുടെ കൈത്തറി പ്രദര്‍ശനം ഒരുക്കിയിരുന്നു. 2019 ല്‍ സ്വയംസഹായസംഘത്തില്‍ ചേര്‍ന്നതോടെ, അവര്‍ പ്രാദേശിക വില്പനയില്‍ നിന്ന് മാറി സ്വന്തം കട നടത്തുകയും ചില്ലറ വ്യാപാരികള്‍ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.


 

ഞങ്ങള്‍ മുമ്പ് തദ്ദേശീയ നെയ്ത്തുകാരായിരുന്നു,' അവര്‍ എളിമയോടെ പറഞ്ഞു. സ്വയം സഹായ സംഘത്തില്‍ ചേര്‍ന്നതിനുശേഷം, ഞങ്ങള്‍ക്ക് പിന്തുണ ലഭിച്ചു, എളുപ്പത്തില്‍ വായ്പ ലഭിച്ചു, ഞങ്ങളുടെ വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുകയും ആവശ്യമായ വസ്തുക്കള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുകയും ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പതിവ് സന്ദര്‍ശനങ്ങളില്‍ നിന്ന് പ്രയോജനം ലഭ്യമായി. സരസ് മേളകളിലൊന്നില്‍, ഇക്കാത്ത് കോട്ടണ്‍ തുണിത്തരങ്ങളുടെ 5 ലക്ഷം രൂപയുടെ വില്പന അവര്‍ രേഖപ്പെടുത്തി. അവരുടെ സംഘം അഭിമാനത്തോടെയും അതിശയത്തോടെയും ഓര്‍മ്മിക്കുന്ന ഒരു നിര്‍ണായക നേട്ടമാണത്.

 

A person standing in front of a stall with a variety of food itemsAI-generated content may be incorrect.   A group of people standing in front of a displayAI-generated content may be incorrect.
 

ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ കൈകൊണ്ട് നെയ്ത തുണിത്തരങ്ങള്‍ അന്വേഷിച്ചെത്തിയപ്പോള്‍, സ്ത്രീകള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്തു. ഉപഭോക്താക്കളുമായി സംവദിക്കുന്നതിനിടയില്‍, തത്സമയ, ശബ്ദാധിഷ്ഠിത ഭാഷാ വിവര്‍ത്തനത്തിനായി ഭാഷിണി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചതായും സാങ്കേതികവിദ്യയിലൂടെ ഭാഷാപരമായ തടസ്സങ്ങള്‍ ഫലപ്രദമായി നീക്കിയതായും അവര്‍ ഊന്നിപ്പറഞ്ഞു.

കുറച്ച് സ്റ്റാളുകള്‍ അകലെ, ശ്രീമതി പ്രീതി സാഹു ആന്ധ്രാ ശൈലിയിലുള്ള പലഹാരങ്ങള്‍ വിളമ്പുന്നതിനൊപ്പം സ്വന്തം ജില്ലയിലെ രാജ് ബിഹാന്‍ കാന്റീനിലേക്കുള്ള ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുകയായിരുന്നു.

2012 ല്‍ 10 മുതല്‍ 15 വരെ സ്ത്രീകളുള്ള തന്റെ സ്വയം സഹായ സംഘത്തില്‍ ചേര്‍ന്ന അവര്‍, ബാങ്കുകളിലൂടെയും ഗ്രാമതല സ്ഥാപനങ്ങളിലൂടെയും പണച്ചെലവ് താങ്ങാവുന്ന വായ്പകള്‍ നേടുകയും അത് അവരുടെ സംരംഭം വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ അവര്‍ പ്രതിമാസം 50,000 രൂപയിലധികം സമ്പാദിക്കുന്നു, സരസ് മേളയിലെ അവരുടെ വില്പനമൂല്യം സാധാരണയായി രണ്ട് മുതല്‍ രണ്ടര ലക്ഷം രൂപ വരെയെത്തും. ആശയവിനിമയത്തിലുടനീളം, കൗണ്ടറില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ക്യുആര്‍ കോഡ് മുഖേന ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ അവരുടെ ഫോണില്‍ തുടരെ എത്തിക്കൊണ്ടിരുന്നു. നേരിട്ടുള്ള പണവിനിമയ ഇടപാടുകള്‍ വളരെ കുറവായിരുന്നുവെന്നത് സ്വയംസഹായ സംഘാംഗങ്ങള്‍ക്കിടയിലെ ഉയര്‍ന്ന തലത്തിലുള്ള ഡിജിറ്റല്‍ പ്രാവീണ്യത്തെ പ്രതിഫലിപ്പിക്കുന്നു. അവര്‍ സ്വതന്ത്രമായി എല്ലാ ഇടപാടുകളും ശ്രദ്ധേയമായ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്തു.

സ്റ്റാളുകളുടെ നിരയ്ക്ക് അരികില്‍, രാവിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ബിഹാറിലെ സഹര്‍സയില്‍ നിന്നുള്ള ശ്രീമതി മായാ ദേവി, മഖാന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. മുമ്പ് ഒരു വീട്ടമ്മയായിരുന്ന അവര്‍ 2014ലാണ് ജീവിക എന്ന സ്വയംസഹായ സംഘത്തില്‍ ചേര്‍ന്നത്. ആഴ്ചയില്‍ 10 രൂപ സമ്പാദ്യം നേടിക്കൊണ്ടായിരുന്നു തുടക്കം. പ്രാപ്യമായ വായ്പയും സ്ഥാപനപരമായ സുസ്ഥിര പിന്തുണയും ഉപയോഗിച്ച്, അവര്‍ ക്രമേണ തന്റെ മഖാന സംരംഭം വികസിപ്പിച്ചു. ഇപ്പോള്‍, അവര്‍ ഡല്‍ഹിയിലെ ഒരു ദേശീയ വേദിയില്‍ നിന്നുകൊണ്ട് തന്റെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗങ്ങള്‍ വിശദീകരിക്കുന്നു, ക്യുആര്‍ അധിഷ്ഠിത ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു, കൂട്ടായ ശാക്തീകരണം എങ്ങനെ സുസ്ഥിരമായ ഒരു ഉപജീവനമാര്‍ഗ്ഗം കെട്ടിപ്പടുക്കാന്‍ തന്നെ പ്രാപ്തമാക്കിയെന്ന് വിശദീകരിക്കുന്നു.

മഹാദേവ് മംഗലം സ്വയംസഹായസംഘത്തെ പ്രതിനിധീകരിച്ചെത്തിയ ഗുജറാത്തിലെ ജുനഗഡില്‍ നിന്നുള്ള ശ്രീമതി ദക്ഷ മേത്തയും മനോഹരമായ പരമ്പരാഗത ഗുജറാത്തി വസ്ത്രം ധരിച്ച് പ്രദര്‍ശകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സംഘത്തില്‍ ചേര്‍ന്ന 2022മുതല്‍ സരസ് മേളയിലൂടെ 5 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് അവര്‍ നടത്തിയത്.

ഭൗതികമായ മേളകള്‍ക്കപ്പുറം വികസിപ്പിച്ചുകൊണ്ട്, ആമസോണില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തുകൊണ്ട് അവര്‍ ഇ-കൊമേഴ്‌സിലേക്കും കടന്നു. അത് രാജ്യവ്യാപകമായ ഉത്പന്ന വിതരണം സാധ്യമാക്കുകയും അവരുടെ ഉപഭോക്തൃ അടിത്തറയെ മാറ്റുകയും ചെയ്തു. അവര്‍ പറഞ്ഞതുപോലെ, 'മേളകള്‍ ഞങ്ങള്‍ക്ക് ഒരു വേദി നല്‍കി.'

മൊത്തത്തില്‍, ഈ വിവരണങ്ങള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍ആര്‍എല്‍എം) വിശാലമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് സ്വയം സഹായ സംഘങ്ങള്‍, വായ്പാ സമീകരണം (ക്രെഡിറ്റ് ലിങ്കേജ്), കാര്യക്ഷമതാ വര്‍ധന പരിപാടികള്‍, ദേശീയ തലത്തിലുള്ള വിപണന വേദികള്‍ എന്നിവയിലൂടെ സ്ത്രീ സംരംഭകത്വത്തെ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.5 കോടി രൂപ വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ട്, 2 കോടിയിലധികം 'ലക്ഷസമ്പാദകരായ സഹോദരി'മാരുടെ ആവിര്‍ഭാവത്തിന് ഈ ദൗത്യം സഹായകമായി.

ഈ സ്ത്രീകള്‍ നേടിയ ഡിജിറ്റല്‍ ശാക്തീകരണവും അതുപോലെ തന്നെ പരിവര്‍ത്തനാത്മകമാണ്. ഭാഷിണി പോലുള്ള ഉപകരണങ്ങള്‍ ഭാഷാപരമായ പരിമിതികളെ പരിഹരിച്ചു, അതേസമയം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ ആത്മവിശ്വാസവും സ്വയംഭരണവും ശക്തിപ്പെടുത്തുകയും ചെയ്തു.

ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രധാന ഗ്രാമീണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ്. ഇത് സ്വയം തൊഴിലിലൂടെയും നൈപുണ്യ അധിഷ്ഠിത തൊഴിലവസരങ്ങളിലൂടെയും ദരിദ്ര കുടുംബങ്ങള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഗ്രാമീണ കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങളിലേക്ക് അണിനിരത്തുന്നതിലും കാലക്രമേണ അവരെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ദാരിദ്ര്യത്തില്‍ നിന്ന് ക്രമാനുഗതമായി ഉയര്‍ന്നുവരാനും അവരെ പ്രാപ്തരാക്കുന്നു.
ദരിദ്രരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നാണിത്. 2025 ഡിസംബര്‍ അഞ്ചു വരെ, ഡിഎവൈ-എന്‍ആര്‍എല്‍എം 10.20 കോടി കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങളിലേക്ക് അണിചേര്‍ത്തു. ഒരു 'ലഖ്പതി ദീദി' എന്നത് കുറഞ്ഞത് നാല് കാര്‍ഷിക സീസണുകളിലോ ബിസിനസ് ആവൃത്തികളിലോ ശരാശരി 10,000 രൂപ സ്ഥിരമായ പ്രതിമാസ വരുമാനം നേടിക്കൊണ്ട്, പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം നേടുന്ന കുടുംബമുള്ള ഒരു സ്വയം സഹായ സംഘാംഗമാണ്.

പകല്‍ സായാഹ്നത്തിലേക്ക് നീങ്ങുകയും സാംസ്‌കാരിക പ്രകടനങ്ങള്‍ പൂന്തോട്ടത്തെ പ്രകാശപൂരിതമാക്കുകയും ചെയ്തപ്പോള്‍, മേള ഒരു പരിപാടി പോലെ തോന്നാതെ ഒരു വെളിപാടിന്റെ പ്രതീതി സൃഷ്ടിച്ചു. ഒരുകാലത്ത് ആള്‍ക്കൂട്ടത്തില്‍ സംസാരിക്കാനുള്ള തങ്ങളുടെ കഴിവില്‍ സംശയിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുമായി ഇടപഴകുകയും വിവര്‍ത്തനം ചെയ്യുകയും മനസ്സിലാക്കുകയും ബഹുമാനിതരാവുകയും ചെയ്യുന്നു. ഒരുകാലത്ത് വീട്ടുചെലവുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഡിജിറ്റല്‍ പണവിനിമയ സംവിധാനങ്ങള്‍ (വാലറ്റുകള്‍), വാങ്ങല്‍ നിര്‍ദേശങ്ങള്‍ (ഓര്‍ഡറുകള്‍), വിക്രയപത്രങ്ങള്‍ (ഇന്‍വോയ്‌സുകള്‍) എന്നിവ കൈകാര്യം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക്, സരസ് ഭക്ഷ്യമേള 2025 രുചിയുടെ ഒരു ആഘോഷമാണ്. സ്ത്രീകള്‍ക്കാവട്ടെ ഇത് സ്വാതന്ത്ര്യത്തിന്റെ ഒരു ആഘോഷമാണ്.

നേടിയെടുത്തതും പങ്കിട്ടതും ജീവിച്ചതുമായ ഒരു സ്വാതന്ത്ര്യം: ഒരു സമയത്ത് ഒരു കഥ, ഒരു വില്‍പ്പന, ഒരു സംവാദം

അവലംബം:

Ministry of Rural Development

https://www.pib.gov.in/FeaturesDeatils.aspx?NoteId=155247

https://www.pib.gov.in/PressReleasePage.aspx?PRID=2181702

https://www.pib.gov.in/PressReleasePage.aspx?PRID=2196537

https://nrlm.gov.in/dashboardForOuter.do?methodName=dashboard

See in PDF

****

 


( റിലീസ് ഐ.ഡി: 2202223) സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR