ഭൗമശാസ്ത്ര മന്ത്രാലയം
പാർലമെന്റ് ചോദ്യം: കേരളത്തിലെ ആഴക്കടൽ ഖനനം
प्रविष्टि तिथि:
10 DEC 2025 4:35PM by PIB Thiruvananthpuram
ആഴക്കടൽ ഖനനത്തിനായി സംയുക്ത അനുമതിപത്രം (Exploration licence-cum-production lease) ലഭ്യമാക്കുക ലക്ഷ്യമിട്ട് 13 ഓഫ്ഷോർ ബ്ലോക്കുകളുടെ ആദ്യഘട്ട ലേലം 2024 നവംബർ 28-ന് കേന്ദ്രസർക്കാർ ആരംഭിച്ചു. നിർമ്മാണ പ്രവത്തനങ്ങൾക്കുള്ള മണൽ ഖനനത്തിനുള്ള, കേരള തീരത്തോട് ചേർന്ന പ്രാദേശിക സമുദ്രാതിർത്തിക്കപ്പുറമുള്ള മൂന്ന് ഓഫ്ഷോർ ബ്ലോക്കുകളും ഇതിൽ ഉൾപ്പെടുന്നു.
സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള അവകാശം സംബന്ധിച്ച ചട്ടങ്ങൾ 2024 ലെ ചട്ടം 5(2) പ്രകാരം, മേഖലയിൽ പ്രവർത്തനാവകാശം നൽകുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC), മത്സ്യബന്ധന വകുപ്പ്, ഭൗമ ശാസ്ത്ര മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും മുൻകൂർ കൂടിയാലോചന നിർബന്ധമാണ്. ഈ വ്യവസ്ഥ പ്രകാരം, ലേലത്തിനുള്ള ബ്ലോക്കുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഖനി മന്ത്രാലയം MoEF&CC, മത്സ്യബന്ധന വകുപ്പ്, ഭൗമ ശാസ്ത്ര മന്ത്രാലയം, മറ്റ് അനുബന്ധ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തുകയുണ്ടായി. ലേലത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ നിന്ന് യാതൊരു എതിർപ്പും ഉയർന്നിട്ടില്ല.
കൂടാതെ, സമുദ്രമേഖല ധാതു (ലേല) ചട്ടങ്ങൾ 2024 ലെ ചട്ടം 10(5) ഉം ചട്ടം 18(3) ഉം പ്രകാരം, അനുമതി /മുൻഗണന ലഭിച്ച ലേലക്കാരനായ വ്യക്തി ഉത്പാദന, പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ബാധകമായ നിയമങ്ങൾക്കനുസരിച്ച് ആവശ്യമായ എല്ലാ സമ്മതപത്രങ്ങളും, അംഗീകാരങ്ങളും, അനുമതികളും, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള തടസ്സങ്ങളില്ല എന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളും (No-objections) നിർബന്ധമായും സമ്പാദിക്കേണ്ടതാണ്.
സമുദ്ര ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി, MoEF&CC തീരദേശ സംസ്ഥാനങ്ങളിലും ദ്വീപുകളിലുമായി 130 സമുദ്ര സംരക്ഷിത പ്രദേശങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ സമുദ്ര ജീവികളുടെ സംരക്ഷണത്തിനായി 106 തീരദേശ, സമുദ്ര പ്രദേശങ്ങളെ പ്രധാന തീരദേശ, സമുദ്ര ജൈവവൈവിധ്യ മേഖലകളായി (ICMBA) തിരിച്ചറിഞ്ഞ്, മുൻഗണന നൽകി, സംരക്ഷണ നടപടികൾ സ്വീകരിക്കുന്നു. ഓഫ്‌ഷോർ ബ്ലോക്കുകൾ നിർണ്ണയിക്കുന്ന പ്രക്രിയയിൽ, ഈ പരിസ്ഥിതി ലോലമേഖലകൾ മുഴുവൻ ഒഴിവാക്കിയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
കൂടാതെ, സമുദ്രമേഖല ധാതു സംരക്ഷണ വികസന ചട്ടങ്ങൾ 2024 ലെ വ്യവസ്ഥകൾ പ്രകാരം, അംഗീകൃത ഉത്പാദന പദ്ധതിയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു ഉത്പാദന പ്രവർത്തനവും നടത്താൻ പാടില്ല. ഈ ഉത്പാദന പദ്ധതിയിൽ അടിസ്ഥാന വിവരങ്ങൾ, ആഘാത വിലയിരുത്തൽ, ലഘൂകരണ നടപടികൾ എന്നിവ വ്യക്തമാക്കുന്ന പാരിസ്ഥിതിക പരിപാലന പദ്ധതി (Environmental management plan) അടക്കമുള്ള എല്ലാ നിർദ്ദിഷ്ട ഘടകങ്ങളും ഉൾക്കൊള്ളണം.
അതോടൊപ്പം, സമുദ്രമേഖല ധാതു (വികസനവും നിയന്ത്രണവും) നിയമം 2002 ലെ വകുപ്പ് 16A പ്രകാരം ലാഭേച്ഛയില്ലാത്ത സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ സമുദ്രമേഖല ധാതു ട്രസ്റ്റ് സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയ്ക്ക് അനുസൃതമായി, 09.08.2024-ലെ S.O. 3246(E) പ്രകാരം സമുദ്രമേഖല ധാതു ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ ഭരണസമിതിയിലും ഭരണ നിർവ്വഹണ സമിതിയിലും തീരദേശ സംസ്ഥാനങ്ങൾക്ക് അംഗത്വം നൽകിയിട്ടുണ്ട്.
ട്രസ്റ്റിന് ലഭിക്കുന്ന ഫണ്ടുകൾ, മറ്റു കാര്യങ്ങളോടൊപ്പം, സമുദ്രമേഖലയുമായി ബന്ധപ്പെട്ട ഗവേഷണം, ഭരണനിർവ്വഹണം, പഠനങ്ങൾ, അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിക്കപ്പെടും. കൂടാതെ, ഉത്പാദന പ്രവർത്തനങ്ങൾ മൂലം പ്രദേശത്തെ പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കുന്നതിനും, തീരദേശങ്ങളിൽ സംഭവിക്കാവുന്ന ദുരന്തങ്ങളുടെ നിവാരണത്തിനും ആശ്വാസനടപടികൾക്കും, പര്യവേക്ഷണമോ ഉത്പാദന പ്രവർത്തനങ്ങളോ മൂലം ബാധിതരായ വ്യക്തികളുടെ താൽപ്പര്യത്തിനും നേട്ടത്തിനും വേണ്ടി ഈ ഫണ്ടുകൾ വിനിയോഗിക്കും.
ഈ വ്യവസ്ഥകൾ മുഖേന, മത്സ്യബന്ധന സമൂഹങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും തീരദേശ ആവാസവ്യവസ്ഥയുടെയും ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനായി സർക്കാർ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ രൂപീകരിച്ചിരിക്കുന്നു. ഇതിലൂടെ കടൽ മണൽ ഖനന നയത്തിനായി സുതാര്യവും സഹകരണാത്മകവുമായ ഒരു ചട്ടക്കൂടും മതിയായ സുരക്ഷാ സംവിധാനങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
***
(रिलीज़ आईडी: 2201836)
आगंतुक पटल : 19