വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഇൻഡിഗോ വിമാന സർവീസുകളിലെ തടസങ്ങളും റദ്ദാക്കലും ഗൗരവമായി വിലയിരുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം

प्रविष्टि तिथि: 04 DEC 2025 9:34PM by PIB Thiruvananthpuram
ഇൻഡിഗോ വിമാന ശൃംഖലയിലുടനീളം അടുത്തിടെയുണ്ടായ പ്രവർത്തന തടസങ്ങളും വിമാനങ്ങൾ റദ്ദാക്കിയതും കേന്ദ്ര വ്യോമയാന മന്ത്രാലയം ഗൗരവത്തില്‍ വിലയിരുത്തി.  കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെയും  വ്യോമയാന ഡയറക്ടര്‍‌ ജനറലിന്റെയും സാന്നിധ്യത്തില്‍  മന്ത്രാലയത്തിലെയും എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇൻഡിഗോയുടെ മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കെ റാം മോഹൻ നായിഡു ഉന്നതതല അവലോകന യോഗം ചേര്‍ന്നു.  
 
വിമാനസര്‍വീസുകള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങൾ ഇൻഡിഗോ വിമാനക്കമ്പനി  യോഗത്തിൽ അവതരിപ്പിച്ചു. ജീവനക്കാരുടെ ആസൂത്രണത്തിലെ വെല്ലുവിളികളും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎല്‍) മാനദണ്ഡങ്ങൾ നടപ്പാക്കിയതും സീസണിലെ കാലാവസ്ഥാ പ്രശ്നങ്ങളുമാണ് തടസങ്ങൾക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ആയാസം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് കോടതി നിർദേശപ്രകാരം  ഘട്ടം ഘട്ടമായാണ് പുതുക്കിയ എഫ്ഡിടിഎൽ ചട്ടങ്ങള്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി.
 
വിമാനക്കമ്പനി സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ വ്യക്തമായ അതൃപ്തി രേഖപ്പെടുത്തിയ ശ്രീ റാം മോഹൻ നായിഡു പുതുക്കിയ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് തടസമില്ലാതെ മാറാനുള്ള മുന്നൊരുക്കത്തിന് മതിയായ സമയം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. പ്രവർത്തനങ്ങൾ ഉടൻ സാധാരണ നിലയിലാക്കാനും നിലവിലെ സാഹചര്യം മൂലം വിമാന യാത്രാനിരക്കില്‍ വർധന ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രി ഇൻഡിഗോയ്ക്ക് നിർദേശം നൽകി.
 
സര്‍വീസുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെങ്കിൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കാനും ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഹോട്ടൽ താമസം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനും വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടു.  
 
എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്രമന്ത്രി എല്ലാ വിമാനത്താവള ഡയറക്ടർമാരും നിലവിലെ സാഹചര്യം തുടർച്ചയായി നിരീക്ഷിച്ച് വിമാനത്താവളങ്ങളില്‍ കുടുങ്ങിയ  യാത്രക്കാർക്ക് പൂർണ പിന്തുണ നൽകണമെന്ന് നിർദേശം നല്‍കി. സാഹചര്യം  സാധാരണ നിലയിലെത്തിക്കാന്‍  വിമാനത്താവളങ്ങൾ, എടിസി, മറ്റ് വിമാനക്കമ്പനികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളും  കൃത്യമായ ഏകോപനം നടത്തേണ്ടതിൻ്റെ ആവശ്യകത അറിയിക്കണമെന്നും അദ്ദേഹം വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  
 
ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാന്‍ സിവിൽ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന് കേന്ദ്രമന്ത്രി  നിർദേശം നൽകി. വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍  യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങൾ, കൃത്യമായ ആശയവിനിമയം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകി പ്രധാന വിമാനത്താവളങ്ങളിൽ പരിശോധന നടത്താനും നിർദേശിച്ചു. ഇൻഡിഗോയുടെ സര്‍വീസ് നിയന്ത്രണ കേന്ദ്രങ്ങളില്‍ തുടർച്ചയായ മേൽനോട്ടത്തിന്  ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
 
സുഗമമായ വിമാനയാത്ര ഉറപ്പാക്കാനും യാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനും മന്ത്രാലയം പൂർണ പ്രതിജ്ഞാബദ്ധമാണ്. സര്‍വീസുകള്‍ പൂര്‍ണമായി സാധാരണ നിലയിലാകുന്നതുവരെ  ഇൻഡിഗോയുടെ പ്രവർത്തനങ്ങളിലും യാത്രക്കാർക്ക് നല്‍കുന്ന സഹായ നടപടികളിലും മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരും. 
 
*****

(रिलीज़ आईडी: 2199232) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English