ഉപരാഷ്ട്രപതിയുടെ കാര്യാലയം
കേന്ദ്ര വ്യോമയാന മന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളേയും നേട്ടങ്ങളേയും കുറിച്ച് ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു
प्रविष्टि तिथि:
25 NOV 2025 7:28PM by PIB Thiruvananthpuram
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ കിഞ്ചരപ്പു റാം മോഹൻ നായിഡു, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ഇന്ന് പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.
ആധുനിക ആവശ്യങ്ങൾക്കും ആഗോള നിലവാരങ്ങൾക്കും അനുസൃതമായി ഇന്ത്യയിലെ സിവിൽ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം സ്വീകരിച്ച പ്രധാന നടപടികളേയും പദ്ധതിളേയും കുറിച്ച് യോഗത്തിൽ ഉപരാഷ്ട്രപതിയെ ബോധ്യപ്പെടുത്തി .
പുതിയ വിമാനത്താവളങ്ങളുടെ ഉദ്ഘാടനം, വ്യോമയാന ബന്ധങ്ങളുടെ വ്യാപനം, യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വളർച്ച, ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ വികസനം, സിവിൽ വ്യോമയാനമേഖലയിൽ ആത്മനിർഭരതയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും താങ്ങാനാവുന്ന വിമാന യാത്രയ്ക്കുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു.
സർവീസ് ഇല്ലാത്തതും സർവീസ് കുറഞ്ഞതുമായ റൂട്ടുകളിലെ വ്യോമഗതാഗതം മെച്ചപ്പെടുത്തുക, സന്തുലിതമായ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുക, സാധാരണ ജനങ്ങൾക്ക് വിമാനയാത്രയ്ക്ക് കൂടുതൽ അവസരം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആർസിഎസ്-ഉഡാൻ പദ്ധതിയെക്കുറിച്ച് ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു. മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) മേഖലയെ ശക്തിപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് വിമാനത്താവളങ്ങളിൽ ശുദ്ധ ഊർജ്ജ സ്രോതസ്സുകളുടെ വിനിയോഗം വർധിപ്പിക്കുന്നതിനുമായി മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.
സുരക്ഷ, നവീകരണം, വളർച്ച, ആഗോള മാനദണ്ഡങ്ങളോട് പൊരുത്തപ്പെടൽ എന്നിവ വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വ്യോമയാന മേഖലയെ ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമായ 'ഭാരതീയ വായുയാൻ അധിനിയം 2024' ലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു.
പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും പ്രാദേശിക -ടൂറിസം സാധ്യതകൾ തുറക്കുന്നതിലും ഉഡാൻ പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം യോഗത്തിൽ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഉപയോഗശൂന്യമായ എയർസ്ട്രിപ്പുകൾ പുനരുജ്ജീവിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കനുസരിച്ച് പൈലറ്റുമാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പരിശീലന വിമാനങ്ങളുടെ എണ്ണം കൂട്ടേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു .
****
(रिलीज़ आईडी: 2194417)
आगंतुक पटल : 4