ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ആന്ധ്രാപ്രദേശിലെ പാലസമുദ്രം എൻഎസിഐഎൻ കേന്ദ്രത്തിൽ സിവിൽ സർവീസസ് ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തു

Posted On: 23 NOV 2025 2:51PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ പാലസമുദ്രത്തിലുള്ള നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് & നാർക്കോട്ടിക്സിൽ (NACIN) വിവിധ സിവിൽ സർവീസസ് ഓഫീസർ ട്രെയിനികളുമായി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് സംവദിച്ചു.

2024-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാലസമുദ്രത്തിലെ പുതിയതായി നിർമ്മിച്ച എൻഎസിഐഎൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്തതിനെ ഓർമ്മിപ്പിച്ച ഉപരാഷ്ട്രപതി ഇന്ത്യയുടെ കസ്റ്റംസ്, ജിഎസ്ടി ഭരണ സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായ പങ്ക് വഹിക്കുന്ന സ്ഥാപനമായി എൻഎസിഐഎൻ വളർച്ച പ്രാപിച്ചതിനെ ചൂണ്ടിക്കാട്ടി.
 
അഖിലേന്ത്യാ സർവീസുകളുടെ പിതാവായ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന ഈ വർഷത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പരിശീലനം നേടിയ ഓഫീസർമാരെ അഭിസംബോധന ചെയ്യവെ അദ്ദേഹം എടുത്തുപറഞ്ഞു. കൊളോണിയൽ ഇന്ത്യയെ ശക്തമായ, വികസിത് - ആത്മനിർഭർ ഭാരത് ആക്കി മാറ്റുന്നതിന് അടിത്തറ പാകിയത് സർദാർ പട്ടേലിൻ്റെ ദീർഘവീക്ഷണമുള്ള നേതൃപാടവമാണെന്ന് അദ്ദേഹം പറഞ്ഞു.
 
2026 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ ഉപരാഷ്ട്രപതി പ്രശംസിച്ചു. സിവിൽ സർവീസ് റിക്രൂട്ട്‌മെൻ്റിൽ "മികവ്, സമഗ്രത, നീതി എന്നിവയുടെ കാവൽക്കാരൻ" എന്ന നിലയിലാണ് യുപിഎസ്‌സി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
 
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ ആവശ്യകത ഉപരാഷ്ട്രപതി ആവർത്തിച്ചു. സമ്പത്ത് സൃഷ്ടിക്കലും വിതരണം ചെയ്യലും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പുരോഗതിക്കായി സമ്പത്തിൻ്റെ സൃഷ്ടിയിലും  വിതരണത്തിലും തുല്യ പ്രാധാന്യം നൽകുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു.
 
രാജ്യത്തിൻ്റെ പരോക്ഷ നികുതി സമ്പ്രദായത്തെ സുഗമമാക്കുന്നതിൽ നിർണ്ണായക പരിഷ്കാരമെന്ന് ജിഎസ്ടിയെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും പുരോഗതിക്കായി നിയമങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നികുതി വെട്ടിപ്പുകാരെ നിയന്ത്രിക്കുകയും ശിക്ഷിക്കുകയും വേണമെന്ന് ഓർമ്മിപ്പിച്ചു. രാജ്യത്തെ നിയമം നടപ്പിലാക്കണമെന്നും അതിൻ്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
2047-ലെ വികസിത ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സംസാരിക്കവെ, രാജ്യത്തിൻ്റെ വികസന യാത്ര അവസാന ഗുണഭോക്താവിനേയും ഉൾക്കൊള്ളുന്ന വളർച്ചയെ കേന്ദ്രീകരിച്ചാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
 
സ്ഥാപനങ്ങളും രാഷ്ട്രങ്ങളും കൂട്ടായ ഉത്തരവാദിത്തത്തിലൂടെ നിർമ്മിക്കപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തിഗത മികവിനേക്കാൾ ടീം മികവിന് മുൻഗണന നൽകണമെന്ന്  പ്രൊബേഷണർമാരോട് പറഞ്ഞു.
 
അതിവേഗം മാറുന്ന ഈ ലോകത്തിൽ സാങ്കേതികവിദ്യയും ദിവസവും വികസിക്കുകയാണെന്നും അതിനാൽ ഉയർന്നുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിന് ഉദ്യോഗസ്ഥർ സ്വയം വൈദഗ്ദ്ധ്യം നേടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട സുതാര്യതയ്ക്കും ഭരണത്തിനും വേണ്ടി നിർമ്മിതബുദ്ധി, സ്വാഭാവിക ഭാഷാ സംസ്കരണം, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയ്ൻ തുടങ്ങിയ നവീന  സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു. എപ്പോൾ വേണമെങ്കിലും എവിടെയും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു "മികച്ച പ്ലാറ്റ്‌ഫോം" ആയി ഐജിഒടി കർമ്മയോഗിയെ അദ്ദേഹം ഉയർത്തിക്കാട്ടി.
 
പ്രൊബേഷണർമാരുടെ കഠിനാധ്വാനത്തെ പ്രശംസിച്ച ഉപരാഷ്ട്രപതി ഏകദേശം 12 ലക്ഷം യുപിഎസ്‌സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഓരോ വർഷവും ഏകദേശം 1,000 പേർ മാത്രമേ തിരഞ്ഞെടുക്കപ്പെടുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടി. 140 കോടി ജനങ്ങളിൽ നിന്ന് സമൂഹത്തിൽ അർത്ഥവത്തായ മാറ്റം കൊണ്ടുവരാനുള്ള അപൂർവ അവസരം ഇവർക്കാണെന്നും തൻ്റെ പ്രസംഗം ഉപസംഹരിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു. "അധികാരം വലുതാകുമ്പോൾ ഉത്തരവാദിത്തവും കൂടും," എന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ഈ അവസരം രാഷ്ട്രസേവനത്തിനായി ഉപയോഗപ്പെടുത്താൻ ഉപരാഷ്ട്രപതി അവരെ ആഹ്വാനം ചെയ്തു.
 
ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ മനുഷ്യവിഭവ വികസനം, ഐ.ടി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ആർ.ടി.ജി വകുപ്പുകളുടെ മന്ത്രി ശ്രീ നാര ലോകേഷ്, ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ അമിത് ഖരെ, എൻഎ സിഐഎൻ ഡയറക്ടർ ജനറൽ ഡോ. സുബ്രഹ്മണ്യം, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****
 

(Release ID: 2193244) Visitor Counter : 3