വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മെൽബൺ സന്ദർശിച്ചു; ഇന്ത്യ–ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതി വിലയിരുത്താന്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി

Posted On: 08 NOV 2025 6:56PM by PIB Thiruvananthpuram

ഓസ്‌ട്രേലിയൻ വ്യാപാര - വിനോദസഞ്ചാര  മന്ത്രി സെനറ്റർ ഡോൺ ഫാരലുമായും നൈപുണ്യ പരിശീലന മന്ത്രി ആൻഡ്ര്യൂ ഗൈൽസുമായും ഉഭയകക്ഷി ചർച്ചകൾ നടത്താന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 നവംബർ 8-ന് ഓസ്‌ട്രേലിയയിലെ മെൽബൺ സന്ദർശിച്ചു.  അഭിലഷണീയവും സന്തുലിതവുമായ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാറുള്‍പ്പെടെ  ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തിൻ്റെ  പൂർണസാധ്യതകൾ തുറക്കുന്നതിലാണ്  ക്രിയാത്മകമായ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

യോഗത്തിൽ സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി (സിഇസിഎ) ബന്ധപ്പെട്ട ചർച്ചകളിലെ പുരോഗതി വിലയിരുത്തിയ മന്ത്രിമാർ ഉഭയകക്ഷി വ്യാപാര, സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള വഴികളും വിലയിരുത്തി.  ചരക്കു വ്യാപാരം, സേവനങ്ങൾ, നിക്ഷേപം, പരസ്പരം പ്രയോജനകരമായ സഹകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി.  

2024-25 സാമ്പത്തിക വർഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ഉഭയകക്ഷി ചരക്കുവ്യാപാരം 24.1 ബില്യൺ യുഎസ് ഡോളറാണ്. ഇതിൽ 2023–24-ൽ ഇന്ത്യയുടെ കയറ്റുമതി 14% വളർച്ചയും 2024–25-ൽ ഇത് വീണ്ടും 8% വളർച്ചയും രേഖപ്പെടുത്തി.

2022 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറിൻ്റെ (ഇസിടിഎ) അടിസ്ഥാനത്തില്‍ രൂപം നല്‍കിയ  സന്തുലിതവും പരസ്പരം പ്രയോജനകരവുമായ സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (സിഇസിഎ) ഉടന്‍ അന്തിമരൂപം നല്‍കാന്‍ ഇരു രാജ്യങ്ങളും പ്രതിബദ്ധത ആവര്‍ത്തിച്ചു.

ഓസ്ട്രേലിയന്‍ മന്ത്രിമാരായ ഫാരലിനും ഗൈൽസിനുമൊപ്പം ഇന്ത്യൻ പ്രവാസികളായ ചില ബിസിനസ് പ്രതിനിധികളുമായി ശ്രീ പിയൂഷ് ഗോയൽ സംവദിച്ചു. ശക്തമായ വാണിജ്യ ബന്ധങ്ങളുടെ സാധ്യതകളും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്കും ചർച്ചയായി.  

****


(Release ID: 2187935) Visitor Counter : 3