ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ ആചാര്യ ഹൻസ് രത്ന സുരീശ്വർജി മഹാരാജിൻ്റെ എട്ടാമത് 180 ഉപവാസ പർണ ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.

Posted On: 08 NOV 2025 2:04PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്ന് നടന്ന ജൈന ആചാര്യൻ ശ്രീ ഹൻസ് രത്ന സുരീശ്വർജി മഹാരാജ് ജിയുടെ എട്ടാമത് 180 ഉപവാസ പർണ ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.

ദിവ്യതപസ്വി ആചാര്യ ഹൻസ് രത്ന സുരീശ്വർജി മഹാരാജിൻ്റെ പവിത്രമായ മഹാപർണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.
 
ലോകത്തിലെ ഏറ്റവും പുരാതന മതങ്ങളിലൊന്നായ ജൈനമതത്തിൻ്റെ അഗാധമായ സംഭാവനകളെ പരാമർശിച്ച അദ്ദേഹം ജൈനമതത്തിൻ്റെ ദർശനങ്ങളായ അഹിംസ, സത്യം, അപരിഗ്രഹ (സ്വന്തമായി കൈവശപ്പെടുത്താതിരിക്കൽ), അനേകാന്തവാദം (സത്യത്തിലേക്കുള്ള ഒന്നിലധികം സമീപനങ്ങൾ) എന്നിവ നമ്മുടെ രാജ്യത്തും ലോകത്താകമാനവും ശാശ്വത സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി സ്വീകരിച്ച അഹിംസ, ഇന്നും ആഗോള സമാധാന പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി തുടരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സസ്യാഹാരം, മൃഗങ്ങളോടുള്ള അനുകമ്പ, സുസ്ഥിര ജീവിതം തുടങ്ങിയ ജൈനമത തത്വങ്ങൾ പാരിസ്ഥിതിക ഉത്തരവാദിത്വത്തിൻ്റെ  മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
 
ൻ്റെ വ്യക്തിപരമായ അനുഭവം പരാമർശിച്ചുകൊണ്ട് , 25 വർഷം മുമ്പ് കാശി സന്ദർശിച്ചതിനുശേഷം സസ്യാഹാര രീതി സ്വീകരിച്ചതായും ഇത് വിനയം, പക്വത, സഹജീവി സ്നേഹം എന്നിവ വളർത്തിയെടുക്കാൻ സഹായിച്ചതായും ശ്രീ രാധാകൃഷ്ണൻ അനുസ്മരിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ, പ്രാകൃത ഭാഷയ്ക്ക് 'ക്ലാസിക്കൽ ഭാഷ' പദവി നൽകാനും ജ്ഞാനഭാരതം മിഷൻ പോലുള്ള സംരംഭങ്ങളിലൂടെ ജൈനമതത്തിലെ കൈയെഴുത്തു പ്രതികൾ സംരക്ഷിക്കാനും ഗവൺമെൻ്റ ്  നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
 
തമിഴ്‌നാട്ടിൽ ജൈനമതത്തിൻ്റെ ചരിത്രപരമായ വ്യാപനവും തമിഴ് സംസ്കാരത്തിൽ അതിൻ്റെ വ്യക്തമായ സ്വാധീനവും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സംഘകാലഘട്ടത്തിലും സംഘകാലത്തിനുശേഷവും തമിഴ് സാഹിത്യത്തിന് ജൈനമതം നൽകിയ ഗണ്യമായ സംഭാവനകളെ അദ്ദേഹം പരാമർശിച്ചു. ഇളങ്കോവടികളുടെ ചിലപ്പതികാരം, കൊങ്കു വേളിറിൻ്റെ പെരുങ്കതൈ തുടങ്ങിയ ക്ലാസിക്കൽ കൃതികൾ അഹിംസ, സത്യം, ത്യാഗം എന്നിവയുടെ ദാർശനികവും ധാർമ്മികവുമായ ആദർശങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണെന്ന് അദ്ദേഹം പരാമർശിച്ചു. തിരുക്കുറൽ, സംഘ സാഹിത്യം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ജൈന സ്വാധീനം കാണാനാകും എന്നും അദ്ദേഹം പരാമർശിച്ചു. ചരിത്രപരമായി പഠന കേന്ദ്രങ്ങളായി വർത്തിച്ചിരുന്ന തമിഴ്‌നാട്ടിലുടനീളമുള്ള നിരവധി ജൈന ആശ്രമങ്ങളുടെ സാന്നിധ്യം ശ്രീ രാധാകൃഷ്ണൻ എടുത്തുപറഞ്ഞു.
 
സമ്പത്തിലോ പദവിയിലോ അല്ല, മറിച്ച് സംയമനം, കാരുണ്യം, അച്ചടക്കം എന്നിവയിലാണ് യഥാർത്ഥ ശക്തി കുടികൊള്ളുന്നതെന്ന് തെളിയിച്ചതിന്  ആചാര്യ ഹൻസ് രത്ന സുരീശ്വർജി മഹാരാജിനെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു . ആചാര്യ ജിയുടെ "സംസ്കാരം സംരക്ഷിക്കുക, കുടുംബത്തെ പരിപാലിക്കുക, രാഷ്ട്രം കെട്ടിപ്പടുക്കുക" എന്ന ആഹ്വാനം ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കുടുംബങ്ങളെ ശക്തിപ്പെടുത്താനും പുനരുജ്ജീവനശേഷിയുള്ള രാഷ്ട്രം കെട്ടിപ്പടുക്കാനും സമൂഹത്തെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ആത്മീയതയ്ക്കും ദീർഘകാല സന്യാസ വൃത്തിക്കും പേരുകേട്ട ആദരണീയ ജൈന സന്യാസിയാണ് ആചാര്യ ഹൻസ് രത്ന സുരീശ്വർജി മഹാരാജ്. അദ്ദേഹം എട്ടാം തവണയും ഏറ്റെടുത്ത 180 ദിവസത്തെ ഉപവാസത്തി ൻ്റെ  ആചാരപരമായ സമാപനമാണ് മഹാപർണ. ജൈനമത തത്വങ്ങളുടെയും ധാർമ്മിക മൂല്യങ്ങളുടെയും പ്രചാരണത്തിനായുള്ള അദ്ദേഹത്തിൻ്റെ  സമർപ്പണം, അച്ചടക്കം, പ്രതിജ്ഞാബദ്ധത എന്നിവയെ ഇത് പ്രതിഫലിപ്പിക്കുന്നു.ഭക്തരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻ്റേയും ആത്മനിയന്ത്രണത്തിൻ്റേയും പ്രചോദനത്തിൻ്റേയും പ്രതീകമാണ് ഈ പരിപാടി.
 
***

(Release ID: 2187834) Visitor Counter : 5