പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏലത്തിൻ്റെ നിരസിക്കൽ നിരക്ക് 0.5% മാത്രമാണെന്ന് സ്‌പൈസസ് ബോർഡ്

കൊച്ചിയിലെ സ്‌പൈസസ് ബോർഡിൽ ഐഎംപിസിസി യോഗം സംഘടിപ്പിച്ചു

ഭരണത്തിൻ്റെ ശക്തമായ ഒരു ഉപകരണമാണ് പൊതുജനങ്ങളോടുള്ള ആശയവിനിമയം- ശ്രീമതി പി. ഹേമലത ഐഎഎസ്

വ്യാജ വാർത്തകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം- ശ്രീ വി. പളനിച്ചാമി

പോസ്റ്റഡ് ഓണ്‍: 07 NOV 2025 5:58PM by PIB Thiruvananthpuram
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏലത്തിൻ്റെ നിരസിക്കൽ നിരക്ക് 0.5% മാത്രമാണെന്ന് സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ.ബി. രമശ്രീ പറഞ്ഞു. കൊച്ചിയിലെ സ്‌പൈസസ് ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഇൻ്റർ-മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുകയാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് ശ്രീമതി രമശ്രീ കൂട്ടിച്ചേർത്തു.
 
 
പൊതുജനങ്ങളോടുള്ള ആശയവിനിമയം ഭരണത്തിൻ്റെ ശക്തമായ ഒരു മാധ്യമമാണെന്നും അത് പതിവായി നടത്തേണ്ടതുണ്ടെന്നും സ്പൈസസ് ബോർഡ് സെക്രട്ടറി ശ്രീമതി പി. ഹേമലത, ഐഎഎസ് സ്വാഗത പ്രസംഗത്തിൽ   പറഞ്ഞു. ഗവൺമെൻ്റ് വകുപ്പുകൾക്ക് അവരുടെ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നതിനും, മികച്ച രീതികളിൽ നിന്ന് പരസ്പരം പഠിക്കുന്നതിനും, സഹകരണത്തിനും മെച്ചപ്പെടുത്തലിനുമുള്ള വഴികൾ തിരിച്ചറിയുന്നതിനും IMPCC യോഗം മികച്ച അവസരം നൽകുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
 
 
കയറ്റുമതി പ്രോത്സാഹനത്തിനായുള്ള നിരന്തര ശ്രമങ്ങളും കർഷകർക്കും ഉൽപ്പാദകർക്കും വേണ്ടിയുള്ള പദ്ധതികളുടെ നടത്തിപ്പും യോഗത്തിൽ സ്പൈസസ് ബോർഡ് എടുത്തുകാട്ടി. സ്പൈസസ് ബോർഡിൻ്റെ കീഴിൽ സുഗന്ധവ്യഞ്ജനങ്ങൾക്കും പാചകത്തിനായി ഉപയോഗിക്കുന്ന ഓഷധ സസ്യങ്ങൾക്കും ആഗോള നിലവാരം വികസിപ്പിച്ചെടുക്കുന്ന കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കളിനറി ഹെർബ്സിൻ്റെ (CCSCH)  പ്രവർത്തനങ്ങളെക്കുറിച്ചും പരിപാടിയിൽ പങ്കെടുത്തവരോട് വിശദീകരിച്ചു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യയുടെ നേതൃമികവ് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കുരുമുളക് സമ്മേളനത്തെക്കുറിച്ചും ബോർഡ് വിശദീകരിച്ചു.
 
സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളും രാജസ്ഥാനിൽ പ്രഥമ ഡ്രോൺ പരിശീലന അക്കാദമി സ്ഥാപിക്കുന്നതും ഉൾപ്പെടെ പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (CISF) ഉദ്യോഗസ്ഥൻ പങ്കുവെച്ചു. യോഗത്തിൽ പങ്കെടുത്ത BSNL പ്രതിനിധി ഉപഭോക്തൃ സേവനങ്ങളും ഡിജിറ്റൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി വാഗ്ദാനം ചെയ്യുന്ന പുതിയതും ആകർഷകവുമായ പദ്ധതികളുടെ വിശദാംശങ്ങൾ  അവതരിപ്പിച്ചു.
 
 
യോഗത്തിൽ വിവിധ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സ്വച്ഛ് ഭാരത് മിഷൻ, വിജിലൻസ് അവബോധ വാരാചരണം തുടങ്ങി ഈ സ്ഥാപനങ്ങൾ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടികളുടെ വിശദാംശങ്ങൾ പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു.
 
മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത അൽഗോരിതങ്ങൾ ചെലുത്തുന്ന ഗണ്യമായ സ്വാധീനത്തെക്കുറിച്ചും യോഗത്തിൻ്റെ സമാപന പ്രഭാഷണത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ശ്രീ വി. പളനിച്ചാമി വിവരിച്ചു. ഡിജിറ്റൽ യുഗത്തിൽ ഉത്തരവാദിത്വമുള്ള ആശയവിനിമയത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം വ്യാജ വാർത്തകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
 
IMPCC-യെക്കുറിച്ച്:
 
ഗവൺമെൻ്റ് പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ ഫലപ്രദമായി എത്തുന്നു എന്ന് ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് വകുപ്പുകളുടെ പ്രചാരണ, വിതരണ വിഭാഗങ്ങൾ തമ്മിൽ ഏകോപനത്തിനുള്ള ഒരു സുപ്രധാന വേദിയായി IMPCC വർത്തിക്കുന്നു.
 
 
*****

( റിലീസ് ഐ.ഡി: 2187539) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English