|
PIB Headquarters
ഗവേഷണ, നൂതനാശയ രംഗങ്ങളിലെ ഇന്ത്യൻ കുതിപ്പ്
ഇന്ത്യയുടെ ഗവേഷണ വികസന മുന്നേറ്റത്തിന് ഉത്തേജനം പകരുന്ന ₹1 ലക്ഷം കോടിയുടെ ആർഡിഐ പദ്ധതി
Posted On:
04 NOV 2025 5:27PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
- ₹1 ലക്ഷം കോടിയുടെ ആർഡിഐ പദ്ധതിയ്ക്ക് തുടക്കം, ഇത് സ്വകാര്യ മേഖല നേതൃത്വം നൽകുന്ന നൂതനാശയങ്ങൾക്ക് ഉത്തേജനമേകും.
- ഗവേഷണ വികസന രംഗത്തെ ഇന്ത്യയുടെ ധനവ്യയം 2010–11 ലെ ₹60,196 കോടിയിൽ നിന്ന് 2020–21 ൽ ₹1.27 ലക്ഷം കോടിയായി ഉയർന്നു.
- മൊത്തം ഗവേഷണ വികസന ചെലവിൻ്റെ 43.7% കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.
ആമുഖം
നൂതനാശയങ്ങളിൽ അധിഷ്ഠിതമായ വളർച്ചയിൽ ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യയുടെ ഗവേഷണ വികസന (R&D) ആവാസവ്യവസ്ഥ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. നയ വ്യക്തത, തന്ത്രപരമായ ഫണ്ടിംഗ്, സ്ഥാപനപരമായ പരിഷ്കാരങ്ങൾ എന്നിവയുടെ പിൻബലത്തോടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചു. ഗവേഷണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും സുപ്രധാന വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള സ്വാശ്രയ, വിജ്ഞാന അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ഉൽക്കടമായ അഭിലാഷത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

വിക്‌സിത് ഭാരത്@2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഗവേഷണ വികസനത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. ആരോഗ്യം, ഊർജ്ജം, ഡിജിറ്റൽ പരിവർത്തനം, ഉത്പാദനം എന്നീ മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യയാണ് പുരോഗതി കൊണ്ടുവരുന്നതെന്ന് സർക്കാർ അംഗീകരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക-വ്യവസായ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉദ്യമങ്ങൾ ചലനാത്മകമായ നൂതനാശയ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായകമായി. സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ, ഗവേഷണവും നൂതനാശയങ്ങളും കേന്ദ്രബിന്ദുവായി തുടരും.
ഗവേഷണ വികസന മേഖലയിലെ ഇന്ത്യയുടെ ധനവ്യയവും വളർച്ചാ പ്രവണതയും
കഴിഞ്ഞ ദശകത്തിൽ ഗവേഷണത്തോടും നൂതനാശയങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ക്രമാനുഗതമായി ശക്തിപ്പെട്ടു. സർക്കാരിൻ്റെ സുസ്ഥിരമായ നയ വ്യക്തതയും സ്ഥാപനപരമായ പരിഷ്കാരങ്ങളും ഗവേഷണ വികസന മേഖലയിലെ ചെലവിടൽ സ്ഥായിയായി വർദ്ധിപ്പിച്ചു.

നിർണ്ണായക പ്രവണതകളും കണക്കുകളും:
- ഗവേഷണ വികസനത്തിനായുള്ള ഇന്ത്യയുടെ മൊത്തം ചെലവ് (GERD) പത്ത് വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വർദ്ധിച്ച് 2010–11 ലെ ₹60,196.75 കോടിയിൽ നിന്ന് 2020–21 ൽ ₹1,27,380.96 കോടിയായി ഉയർന്നു.
- ആളോഹരി ഗവേഷണ വികസന ചെലവും സ്ഥായിയായ വളർച്ച കൈവരിച്ചു, 2007–08 ലെ PPP$ 29.2 ൽ നിന്ന് 2020–21 ൽ PPP$ 42.0 ആയി വർദ്ധിച്ചു. (PPP എന്നത് വാങ്ങൽ ശേഷി തുല്യതയെ സൂചിപ്പിക്കുന്നു. ഇത് രാജ്യങ്ങൾ തമ്മിലുള്ള വില നിലവാരത്തിലെ വ്യത്യാസങ്ങൾ ക്രമീകരിക്കുന്നു. ചെലവഴിക്കൽ ശേഷിയുടെ കൂടുതൽ കൃത്യമായ താരതമ്യം ഇത് സാധ്യമാക്കുന്നു.)
- മൊത്തം GERD യുടെ ഏകദേശം 64% സർക്കാർ മേഖല സംഭാവന ചെയ്യുന്നു, സ്വകാര്യ മേഖലയുടെതാകട്ടെ ഏകദേശം 36% വരും.
- USA യിലെ NSF ൻ്റെ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (S&E) സൂചകങ്ങൾ 2022 പ്രകാരം, 2018–19 ൽ ഇന്ത്യ 40,813 ഡോക്ടറേറ്റുകൾ നൽകി, അതിൽ 24,474 (60%) ശാസ്ത്ര സാങ്കേതിക മേഖലയിലായിരുന്നു. S&E ഗവേഷണ ബിരുദങ്ങളിൽ യുഎസ്എ (41,071), ചൈന (39,768) എന്നിവയ്ക്ക് പിന്നിലായി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയുണ്ട്.
- ഇന്ത്യയിൽ ഫയൽ ചെയ്ത പേറ്റൻ്റുകളുടെ എണ്ണം 2020–21 ലെ 24,326 ൽ നിന്ന് 2024–25 ൽ ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ച് 68,176 ആയി, ഇത് ആഭ്യന്തര നൂതനാശയങ്ങളിലുണ്ടായ ഒരു വലിയ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്നു.
ഗവേഷണ വികസന, നൂതനാശയ (RDI) പദ്ധതി
2025 നവംബർ 3-ന് ആരംഭിച്ച, ₹1 ലക്ഷം കോടിയുടെ ഗവേഷണ വികസന, നൂതനാശയ (RDI) പദ്ധതി ഫണ്ട്, ഇന്ത്യയുടെ ഗവേഷണ വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നാഴികക്കല്ലായി വർത്തിക്കുന്നു. രാജ്യത്തിൻ്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെ ത്വരിതപ്പെടുത്താൻ ശേഷിയുള്ള സ്വകാര്യ മേഖലയെ വിശ്വാസത്തിലെടുത്ത് ഒരു നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ESTIC 2025
2025 നവംബർ 3-ന് എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025ൻ്റെ ഉദ്ഘാടന വേളയിലാണ് ഗവേഷണ വികസന, നൂതനാശയ (RDI) പദ്ധതി ആരംഭിച്ചത്.
2025 നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ESTIC-2025 നടക്കുന്നത്. ശാസ്ത്രീയ സഹകരണവും നൂതനാശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ മുൻനിര വാർഷിക വേദിയെന്ന നിലയിൽ വിഭാവനം ചെയ്തിരിക്കുന്ന ESTIC, നോബൽ സമ്മാന ജേതാക്കൾ, പ്രമുഖ ശാസ്ത്രജ്ഞർ, നൂതനാശയ സംരംഭകർ, നയരൂപകർത്താക്കൾ എന്നിവരോടൊപ്പം അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സർക്കാർ അടക്കമുള്ള 3,000-ത്തിലധികം പ്രതിനിധികളെ ഒരുമിച്ച് ചേർക്കുന്നു.
"വികസിത് ഭാരത് 2047 - സുസ്ഥിര നൂതനാശയങ്ങൾക്കും സാങ്കേതിക പുരോഗതിക്കും ശാക്തീകരണത്തിനും ഉള്ള മാർഗ്ഗദർശനം" എന്ന പ്രമേയം കേന്ദ്രീകരിച്ചുള്ള ESTIC, നോബൽ സമ്മാന ജേതാക്കളുടെയും ആഗോള ചിന്തകരുടെയും പ്ലീനറി പ്രഭാഷണങ്ങൾ, 11 പ്രമേയാധിഷ്ഠിത സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, 35 ലധികം ഡീപ്-ടെക് സ്റ്റാർട്ടപ്പുകളും സ്പോൺസർ സ്റ്റാളുകളും അടങ്ങിയ പ്രദർശനങ്ങൾ, യുവ ശാസ്ത്രജ്ഞരുടെ പോസ്റ്റർ അവതരണങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു. നൂതനാശയങ്ങൾക്ക് പ്രചോദനമേകുന്നതിനും, സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, വികസിത് ഭാരത് 2047-ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പദ്ധതി രൂപപ്പെടുത്തുന്നതിനും ഈ ഘടകങ്ങൾ ലക്ഷ്യമിടുന്നു.
നൂതനാശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഗവേഷണത്തെ വാണിജ്യവത്ക്കരിക്കുന്നതിലും സ്വകാര്യ മേഖലയുടെ നിർണ്ണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, നാമമാത്ര പലിശ ഈടാക്കിയോ, പലിശ രഹിതമായോ, ദീർഘകാല ധനസഹായവും റീഫിനാൻസിംഗ് പിന്തുണയും RDI പദ്ധതി മുഖേന നൽകി വരുന്നു. RDI-മുഖേന, വിശിഷ്യാ പുതുതായി ഉദിക്കുന്ന, തന്ത്രപരമായ മേഖലകളിൽ, കൂടുതൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംരംഭത്തിൻ്റെ ലക്ഷ്യം.
വളർച്ച, നഷ്ട സാധ്യതാ മൂലധനം വാഗ്ദാനം ചെയ്തുകൊണ്ട് സ്വകാര്യ ഗവേഷണം നേരിടുന്ന സമകാലിക വെല്ലുവിളികളെ പദ്ധതി അഭിസംബോധന ചെയ്യുന്നു. നൂതനാശയങ്ങളെ സുഗമമാക്കുന്നതിലും, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലും, ഉയർന്നുവരുന്ന മേഖലകളിൽ മത്സരശേഷി മെച്ചപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

RDI പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക:
സാമ്പത്തിക സുരക്ഷ, തന്ത്രപരമായ ലക്ഷ്യങ്ങൾ, സ്വാശ്രയത്വം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ മേഖലകളും; ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതുതായി ഉദിക്കുന്ന മേഖലകളും മെച്ചപ്പെടുത്തുക.
പരിവർത്തനാത്മക പദ്ധതികൾക്ക് ധനസഹായം നൽകുക:
ആശയത്തിൽ നിന്ന് വിപണിയിലേക്ക് വേഗത്തിൽ പരിവർത്തനം ചെയ്യാനുതകും വിധം ഉന്നത നിലവാരമുള്ള സാങ്കേതിക സന്നദ്ധതാ പദ്ധതികളെ പിന്തുണയ്ക്കുക.
നിർണായക സാങ്കേതികവിദ്യകൾ ഏറ്റെടുക്കുന്നതിനുള്ള പിന്തുണ:
തന്ത്രപരമായി, ഉയർന്ന പ്രാധാന്യമുള്ള സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം പ്രാപ്തമാക്കുക.
ഡീപ്-ടെക് ഫണ്ട് ഓഫ് ഫണ്ടുകൾ സുഗമമാക്കുക:
ഡീപ് ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭങ്ങൾക്കും ഉള്ള ധനസഹായ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക.
നൂതനാശയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനപരവും നയപരവുമായ ചട്ടക്കൂട്
നൂതനാശയങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രയാണത്തെ മുന്നിൽ നിന്ന് നയിക്കുന്നത് ശക്തമായ ഒരു സ്ഥാപന ചട്ടക്കൂടും ഭാവിസജ്ജമായ നയങ്ങളുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ശാസ്ത്ര ഗവേഷണം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ മുന്നിൽ നിന്ന് നയിക്കുന്ന വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സർക്കാർ ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. വളർന്നുവരുന്ന മേഖലകളിലെ ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ പരിവർത്തനം ചെയ്യുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF)
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ആക്ട് 2023 (25 of 2023) മുഖേന സ്ഥാപിതമായ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) 2024 ഫെബ്രുവരി 5 ന് പ്രാബല്യത്തിൽ വന്നു. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണം, നവോത്ഥാനം, സംരംഭകത്വം എന്നിവയ്ക്ക് ഉന്നതവും തന്ത്രപരവുമായ ദിശാബോധം നൽകുന്നു.
ANRF ഫണ്ട്, ഇന്നൊവേഷൻ ഫണ്ട്, സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഗവേഷണ ഫണ്ട്, പ്രത്യേകാവശ്യ ഫണ്ടുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിലൂടെ 2023–28 കാലയളവിൽ ₹50,000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതിൽ ₹14,000 കോടി കേന്ദ്ര സർക്കാരിൽ നിന്നാണ് സമാഹരിക്കുക. വ്യവസായമേഖല, മനുഷ്യസ്‌നേഹികൾ തുടങ്ങി സർക്കാരിതര സ്രോതസ്സുകളിൽ നിന്നാണ് ബാക്കി പിന്തുണ പ്രതീക്ഷിക്കുന്നത്. അക്കാദമിക, വ്യവസായ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ദേശീയ മുൻഗണനകൾക്ക് അനുപൂരകമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ANRF രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2022 ലെ ദേശീയ ജിയോസ്പേഷ്യൽ നയം
2022 ഡിസംബർ 28-ന് വിജ്ഞാപനം ചെയ്ത ദേശീയ ജിയോസ്പേഷ്യൽ നയം (സ്ഥല സംബന്ധിയായ), 2035 ആകുമ്പോഴേക്കും ഇന്ത്യയെ ജിയോസ്പേഷ്യൽ മേഖലയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. ഭരണനിർവ്വഹണം, ബിസിനസ്സ്, ഗവേഷണം എന്നിവയിൽ അതിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജിയോസ്പേഷ്യൽ ഡാറ്റയിലേക്കുള്ള പ്രവേശനം ഈ നയത്തിലൂടെ ഉദാരമാക്കിയിട്ടുണ്ട്. ദേശീയ, ഉപ-ദേശീയ തലങ്ങളിൽ ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ വികസനം ഇത് പ്രോത്സാഹിപ്പിക്കുന്നു.
2030 ആകുമ്പോഴേക്കും രാജ്യമെമ്പാടും സമഗ്രമായ ഒരു ഡിജിറ്റൽ എലവേഷൻ മോഡലിനൊപ്പം ഉയർന്ന റെസല്യൂഷനുള്ള ഭൂപ്രകൃതി സർവേയും മാപ്പിംഗ് സംവിധാനങ്ങളും സ്ഥാപിക്കുക എന്നതാണ് ഈ നയത്തിൻ്റെ പ്രധാന ലക്ഷ്യം. പൊതു ഫണ്ടുകൾ വഴി സൃഷ്ടിക്കുന്ന ഡാറ്റയുടെ സുതാര്യത ഉറപ്പാക്കിയും, ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും ലഭ്യമാക്കിയും, പൗരകേന്ദ്രീകൃതമായ സമീപനമാണ് ഈ നയം പിന്തുടരുന്നത്.
ഇന്ത്യൻ ബഹിരാകാശ നയം, 2023
2023-ൽ അംഗീകരിച്ച ഇന്ത്യൻ ബഹിരാകാശ നയം, ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഏകീകൃതവും ഭാവിസജ്ജവുമായ ഒരു ചട്ടക്കൂട് നൽകുന്നു. സർക്കാരിതര സ്ഥാപനങ്ങൾക്ക് പൂർണ്ണ പങ്കാളിത്തത്തിനായി മേഖല തുറന്നുകൊടുത്ത 2020-ലെ ബഹിരാകാശ പരിഷ്കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് മുന്നോട്ടു പോകുന്നത്. ബഹിരാകാശ മേഖലയിലെ ശേഷി വർദ്ധിപ്പിക്കുക, അഭിവൃദ്ധി പ്രാപിക്കുന്ന വാണിജ്യ ബഹിരാകാശ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുക എന്നിവയാണ് നയത്തിൻ്റെ ലക്ഷ്യം. സാമൂഹിക-സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം, ബഹിരാകാശത്തിൻ്റെ സമാധാനപരമായ പര്യവേക്ഷണം എന്നിവ ഉറപ്പാക്കാൻ നയം ലക്ഷ്യമിടുന്നു.
ബഹിരാകാശ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നിൽ നിന്ന് നയിക്കുന്നതിനും അംഗീകാരം നൽകുന്നതിനും ചുമതലയുള്ള ഒരു സ്വയംഭരണ സർക്കാർ സ്ഥാപനമെന്ന നിലയിൽ IN-SPACe സ്ഥാപിക്കുക എന്നതാണ് നയത്തിൻ്റെ ഒരു പ്രധാന സവിശേഷത. IN-SPACe, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ബഹിരാകാശ ആവാസവ്യവസ്ഥയിലെ എല്ലാ പങ്കാളികൾക്കും തുല്യമായ ഒരു അവസരം ഉറപ്പാക്കുകയും ചെയ്യുന്നു.
ബയോഇ3 (BioE3) നയം, 2024
2024 ഓഗസ്റ്റിൽ അംഗീകരിച്ച ബയോഇ3 (BioE3) നയം, ഇന്ത്യയുടെ ജൈവസാങ്കേതിക മേഖലയിലെ സുപ്രധാന പരിഷ്കാരത്തെ പ്രതിനിധീകരിക്കുന്നു. സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ജൈവസാങ്കേതിക വിദ്യകളെ പ്രതിനിധീകരിക്കുന്ന ഈ നയം, ആറ് പ്രമേയധിഷ്ഠിത മേഖലകളിൽ നൂതനാശയങ്ങളിലൂന്നിയുള്ള ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു. സാങ്കേതിക വികസനവും വാണിജ്യവത്ക്കരണവും ത്വരിതപ്പെടുത്തുന്നതിന് ദേശീയ ബയോഫൗണ്ടറി ശൃംഖലയ്‌ക്കൊപ്പം ബയോമാനുഫാക്ചറിംഗ്, ബയോ-എഐ ഹബ്ബുകൾ സൃഷ്ടിക്കുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.
സുസ്ഥിരവും ചാക്രികവുമായ സാമ്പത്തിക രീതികളെ പിന്തുണയ്ക്കും വിധം ജീവശാസ്ത്ര രംഗത്തെ വ്യാവസായിക വത്ക്കരണത്തെ ഈ നയം പ്രോത്സാഹിപ്പിക്കുന്നു. അത്യാധുനിക ജൈവ-അധിഷ്ഠിത നൂതനാശയങ്ങളിലൂന്നി പ്രതിരോധശേഷിയുള്ള ബയോമാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം തുടങ്ങിയ പ്രധാന ദേശീയ വെല്ലുവിളികളെ ഇത് അഭിസംബോധന ചെയ്യുന്നു.
അടൽ ഇന്നൊവേഷൻ മിഷൻ (AIM) 2.0
2016-ൽ നീതി ആയോഗിന് കീഴിൽ ആരംഭിച്ച അടൽ ഇന്നൊവേഷൻ മിഷൻ, ഇന്ത്യയിലുടനീളം നൂതനാശയങ്ങളും സംരംഭകത്വവും വളർത്തിയെടുക്കുന്നതിനുള്ള അഭിമാന സംരംഭമായി തുടരുന്നു. സ്കൂളുകളിൽ പ്രശ്നപരിഹാര നൂതന മനോഭാവവും സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ, MSME മേഖലകളിൽ സംരംഭകത്വത്തിൻ്റെ ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നത് ഉറപ്പാക്കാൻ ദൗത്യം പ്രവർത്തിക്കുന്നു. സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലാബുകളും സർവ്വകലാശാലകൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ അടൽ ഇൻകുബേഷൻ സെൻ്ററുകളും സ്ഥാപിക്കുന്നത് ദൗത്യത്തിൻ്റെ ഭാഗമാണ്. 2,750 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2028 മാർച്ച് വരെ ദൗത്യം തുടരാൻ മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകി. സ്കൂളുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ പ്രശ്നപരിഹാരത്തിൻ്റെയും നൂതനാശയങ്ങളുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിന് AIM സമഗ്രമായ ഒരു സമീപനം സ്വീകരിച്ചുപോരുന്നു.
ദൗത്യത്തിൻ്റെ വ്യാപ്തി വിപുലീകരിക്കുക, നിലവിലുള്ള ഇൻകുബേഷൻ ശൃംഖലകൾ ശക്തിപ്പെടുത്തുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായുള്ള സഹകരണം ആഴത്തിലാക്കുക എന്നിവയാണ് AIM 2.0 ലക്ഷ്യമിടുന്നത്. നൂതനാശയ രംഗത്തെ യുവ സംരംഭകരെ പരിപോഷിപ്പിക്കുകയും ഉയർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സർവ്വാശ്ലേഷിയായ ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് വികസിത ഇന്ത്യയുടെ ദർശനത്തിന് അനുപൂരകമായി ഈ സംരംഭം വർത്തിക്കുന്നു.
നൂതന ഗവേഷണത്തിന് ഊര്‍ജമേകുന്ന ദേശീയ ദൗത്യങ്ങൾ
ശാസ്ത്ര സാങ്കേതികവിദ്യകളിൽ ആഗോള നേതൃനിരയിലേക്കുയരാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊർജമേകുന്നത് ഉയർന്നുവരുന്നതും വലിയ സ്വാധീനം ചെലുത്തുന്നതുമായ മേഖലകളെ ലക്ഷ്യമിടുന്ന ഒരു കൂട്ടം ദേശീയ ദൗത്യങ്ങളാണ്. തദ്ദേശീയ ഗവേഷണ-വികസന ശേഷികൾ ശക്തിപ്പെടുത്താനും പൊതു-സ്വകാര്യ സഹകരണം പ്രോത്സാഹിപ്പിക്കാനും നൂതന മേഖലകളിലെല്ലാം ആധുനിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാനുമാണ് ഈ ദൗത്യങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. സ്വയംപര്യാപ്ത നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും വരുംതലമുറ സാങ്കേതികവിദ്യകളിൽ ഇന്ത്യയെ സുപ്രധാന ശക്തിയായി അടയാളപ്പെടുത്താനും ഓരോ ദൗത്യവും വഴിയൊരുക്കുന്നു.
ദേശീയ ക്വാണ്ടം ദൗത്യം (എന്‍ക്യുഎം)

ക്വാണ്ടം (ഊർജ്ജമാത്ര) സാങ്കേതികവിദ്യകളിലെ ഇന്ത്യയുടെ സാന്നിധ്യം മുന്നോട്ടുനയിക്കുന്നതില്‍ ശക്തമായ ചുവടുവെയ്പ്പാണ് 2023 ഏപ്രിൽ 19-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ദേശീയ ക്വാണ്ടം ദൗത്യം. 6,003.65 കോടി രൂപ ചെലവില്‍ 2023–24 മുതൽ 2030–31 വരെ നീളുന്ന ഈ ദൗത്യത്തില്‍ ക്വാണ്ടം കമ്പ്യൂട്ടറുകളും സുരക്ഷിത ആശയവിനിമയ സംവിധാനങ്ങളും നൂതന സാമഗ്രികളും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയെ ആഗോള ക്വാണ്ടം നൂതനാശയ കേന്ദ്രമാക്കി മാറ്റുന്നതിന് ക്വാണ്ടം ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വ്യവസായമേഖലകളും തമ്മിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സൈബർ-ഫിസിക്കൽ സമന്വയ സംവിധാനങ്ങളുടെ ദേശീയ ദൗത്യം (എന്‍എം-ഐസിപിഎസ്)

2018 ഡിസംബർ 6-ന് മന്ത്രിസഭ അംഗീകാരം നല്‍കിയ എന്‍എം-ഐസിപിഎസ് ആകെ 3,660 കോടി രൂപ ചെലവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നടപ്പാക്കുന്നത്. നിര്‍മിതബുദ്ധി, റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സുരക്ഷ തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളിലെ വികസനത്തെ ഈ ദൗത്യം പിന്തുണയ്ക്കുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓരോ സുപ്രധാന സാങ്കേതിക മേഖലകളിലെ പ്രത്യേക വൈദഗ്ധ്യത്തിലൂന്നി ഇരുപത്തിയഞ്ച് സാങ്കേതിക നൂതനാശയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മാനവ വിഭവശേഷി പരിപാടികളിലൂടെ വിദഗ്ധരായ തൊഴിലാളികളെ പരിപോഷിപ്പിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ആഗോള സാങ്കേതിക മാറ്റങ്ങൾക്കൊപ്പം രാജ്യം മുന്നേറുന്നുവെന്ന് ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.
ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് ദൗത്യം (എന്‍എസ്എം)

പ്രകടനശേഷി കൂടിയ കമ്പ്യൂട്ടിങിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് 2015-ലാണ് ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് ദൗത്യം ആരംഭിച്ചത്. ദേശീയ വിജ്ഞാന ശൃംഖല വഴി ബന്ധിപ്പിച്ച അത്യാധുനിക സൂപ്പർ കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഉപയോഗിച്ച് സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും സർക്കാർ ഏജൻസികളെയും ഈ സംരംഭം ശാക്തീകരിക്കുന്നു.
ഹാർഡ്‌വെയറിന് അപ്പുറം പൂനെ, ഖാരഗ്പൂർ, ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളിലെ അഞ്ച് പ്രത്യേക പരിശീലന കേന്ദ്രങ്ങളിലൂടെ വിദഗ്ധ തൊഴിലാളികളെ വളർത്തിയെടുക്കുന്നതും ഈ ദൗത്യത്തിൻ്റെ ലക്ഷ്യമാണ്. പ്രകടന ശേഷി കൂടിയ കമ്പ്യൂട്ടിങ് അപ്ലിക്കേഷനുകളിൽ വിദ്യാർത്ഥികളെയും ഗവേഷകരെയും പരിശീലിപ്പിക്കുന്ന ഈ കേന്ദ്രങ്ങൾ ആഗോള ശാസ്ത്രീയ മുന്നേറ്റത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
ഇന്ത്യൻ അര്‍ധചാലക ദൗത്യം (ഐഎസ്എം)

അര്‍ധചാലക, ഡിസ്പ്ലേ നിർമാണത്തിൻ്റെ ശക്തമായ മേഖല കെട്ടിപ്പടുക്കുന്നതിന് 2021-ലാണ് ഇന്ത്യൻ അര്‍ധചാലക ദൗത്യത്തിന് രാജ്യത്ത് തുടക്കം കുറിച്ചത്. 76,000 കോടി രൂപയുടെ ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ദൗത്യത്തില്‍ 65,000 കോടി രൂപ ഇതിനകം അനുവദിച്ചു. ചിപ്പ് രൂപകല്പന, ഫാബ്രിക്കേഷൻ, നൂതന പാക്കേജിങ് എന്നിവയിലെ നിക്ഷേപങ്ങൾ ദൗത്യം പിന്തുണയ്ക്കുന്നു.
ഒഡീഷയിലെ പ്രഥമ വാണിജ്യ സിലിക്കൺ കാർബൈഡ് ഫാബ്രിക്കേഷൻ സൗകര്യം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി 10 അര്‍ധചാലക പദ്ധതികൾക്ക് രാജ്യം ഇതിനകം അംഗീകാരം നൽകി. ആകെ 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കിയ ഇന്ത്യന്‍ അര്‍ധചാലക ദൗത്യം ആഗോള അര്‍ധചാലക വിതരണ ശൃംഖലയിലെ സുപ്രധാന കണ്ണിയായും പ്രധാന ഇലക്ട്രോണിക്സ് ഉല്പാദന കേന്ദ്രമായും രാജ്യത്തെ അടയാളപ്പെടുത്തുന്നു.
ആഴക്കടല്‍ ദൗത്യം
സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഭൗമ ശാസ്ത്ര മന്ത്രാലയം 2021 സെപ്റ്റംബർ 7-നാണ് ആഴക്കടല്‍ ദൗത്യത്തിന് തുടക്കം കുറിച്ചത്. അഞ്ചുവർഷത്തിനകം 4,077 കോടി രൂപയുടെ നിക്ഷേപവുമായി ഈ ദൗത്യം രാജ്യത്തിൻ്റെ നീല സമ്പദ്‍വ്യവസ്ഥയെന്ന കാഴ്ചപ്പാടിന് കീഴിലെ വിവിധ മേഖലകളെ സംയോജിപ്പിക്കുന്നു.
ആഴക്കടല്‍ പര്യവേക്ഷണം, സമുദ്ര വിഭവങ്ങളുടെ ചിത്രീകരണം, സമുദ്ര ജൈവ വൈവിധ്യ സംരക്ഷണം എന്നിവയ്ക്ക് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 7,517 കിലോമീറ്റർ വിസ്തൃതമായ ഇന്ത്യയുടെ തീരപ്രദേശത്തിൻ്റെയും തന്ത്രപരമായ സമുദ്ര സ്ഥാനത്തിൻ്റെയും പശ്ചാത്തലത്തില്‍ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന യുഎൻ സമുദ്ര ശാസ്ത്ര ദശകത്തിന് (2021–2030) കീഴിലെ ആഗോള ശ്രമങ്ങൾക്കും ദൗത്യം ശക്തിപകരുന്നു.
ഇന്ത്യ-എഐ ദൗത്യം

"എഐ ഇന്ത്യയില്‍ നിർമിക്കാം, ഇന്ത്യയ്ക്കായി എഐ പ്രവര്‍ത്തിപ്പിക്കാം" എന്ന കാഴ്ചപ്പാടിലൂന്നിയാണ് 2024 മാർച്ചിൽ 10,371.92 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ മന്ത്രിസഭ അംഗീകരിച്ച ഇന്ത്യ-എഐ ദൗത്യം നിലകൊള്ളുന്നത്. 10,000 ജിപിയു ശേഷിയെന്ന പ്രാരംഭ ലക്ഷ്യത്തിൽ നിന്ന് 38,000 ജിപിയുവിലേക്ക് കമ്പ്യൂട്ടിങ് ശേഷി ഇതിനകം വർധിപ്പിച്ച‌് അതിവേഗം മുന്നേറുന്ന ദൗത്യം സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വ്യവസായങ്ങൾക്കും എഐ അടിസ്ഥാന സൗകര്യ ലഭ്യത ഉറപ്പാക്കുന്നു. എഐ നൂതനാശയങ്ങള്‍, ഭരണനിര്‍വഹണ ചട്ടക്കൂടുകൾ, നൈപുണ്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദൗത്യം നിര്‍മിതബുദ്ധിയിലെ ആഗോള നേതൃത്വമായി ഉയർന്നുവരാന്‍ ഇന്ത്യയ്ക്ക് അവസരമൊരുക്കുന്നു.
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ: ഇന്ത്യയുടെ ഗവേഷണ-വികസന കാഴ്ചപ്പാടിനെ ത്വരിതപ്പെടുത്തുന്നു
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തെ ഗവേഷണ-നൂതനാശയ മേഖലയുടെ കരുത്തുറ്റ ഉത്തേജകമായി ഉയർന്നുവന്നുകഴിഞ്ഞു. പ്രാപ്യത, സുതാര്യത, കാര്യക്ഷമത എന്നിവയുമായി സാങ്കേതികവിദ്യയെ സംയോജിപ്പിക്കുന്നത് അതിവേഗ വിജ്ഞാന കൈമാറ്റത്തെയും വിവരാധിഷ്ഠിത ഗവേഷണത്തെയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ സമഗ്ര പങ്കാളിത്തത്തെയും പിന്തുണയ്ക്കുന്നു. ശാസ്ത്രീയവും സാങ്കേതികവും സംരംഭകത്വപരവുമായ പുരോഗതിക്ക് ആവശ്യമായ അടിത്തറ ഡിജിറ്റല്‍ പൊതുഅടിസ്ഥാനസൗകര്യങ്ങളിലൂടെ ഉറപ്പാക്കുന്നു.
പരസ്പരം പ്രവര്‍ത്തനക്ഷമമായ പ്ലാറ്റ്‌ഫോമുകളിലും സ്വതന്ത്ര സാങ്കേതിക സംവിധാനങ്ങളിലൂന്നി വികസിപ്പിച്ച ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ നൂതനാശയക്കാരെയും ഗവേഷകരെയും വ്യാവസായിക മേഖലയെയും വിപുലമായ സഹകരണത്തിനും വികസനത്തിനുമായി ശാക്തീകരിക്കുന്നു. തടസരഹിത സാമ്പത്തിക ഇടപാടുകൾ മുതൽ സുരക്ഷിത തിരിച്ചറിയല്‍ പരിശോധനയും കാര്യക്ഷമമായ സേവന വിതരണവും വരെ ഡിജിറ്റൽ ഭരണനിര്‍വഹണം എങ്ങനെ ശാസ്ത്രീയവും സാമ്പത്തികവുമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഈ സംവിധാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെ ചില സുപ്രധാന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍:
ഏകീകൃത പണമിടപാട് സംവിധാനം (യുപിഐ)

നാഷണൽ പെയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍സിപിഐ) 2016-ൽ തുടക്കം കുറിച്ച ഏകീകൃത പണമിടപാട് സംവിധാനം (യുപിഐ) രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളെ ഒരു ആപ്പുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം തത്സമയ തുക കൈമാറ്റവും വ്യാപാരികളുമായി പണമിടപാടുകളും സാധ്യമാക്കുന്നു. 2025 ഓഗസ്റ്റിൽ 20 ബില്യണിലധികം ഇടപാടുകളിലൂടെ 24.85 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറിയത്. ഇന്ന് രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ 85% കൈകാര്യം ചെയ്യുന്ന യുപിഐ പ്രതിമാസം 18 ബില്യൺ ഇടപാടുകൾക്ക് അവസരമൊരുക്കുന്നു.

യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് എന്നീ ഏഴ് രാജ്യങ്ങളിൽ പ്രവർത്തനമാരംഭിച്ചതോടെ ആഗോളതലത്തിലും യുപിഐ വിപുലീകരിക്കപ്പെട്ടു. യൂറോപ്യൻ ഡിജിറ്റല്‍ പണമിടപാട് മേഖലയിലേക്ക് ഇന്ത്യ നടത്തിയ ആദ്യ ചുവടുവെപ്പെന്ന നിലയില്‍ ഫ്രാൻസില്‍ യുപിഐ സംവിധാനത്തിന് തുടക്കം കുറിച്ചത് ഇന്ത്യൻ ഡിജിറ്റൽ നൂതനാശയത്തിൻ്റെ വ്യാപ്തിയും ആഗോള പ്രസക്തിയും വ്യക്തമാക്കുന്നു.
കോ-വിൻ പ്ലാറ്റ്‌ഫോം

വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോഗിക്കുന്നതിലെ ഇന്ത്യയുടെ ശേഷി പ്രകടമാക്കിയ സംവിധാനമാണ് കോ-വിൻ (കൊവിഡ് വാക്സിന്‍ ഇൻ്റലിജന്‍സ് നെറ്റ് വർക്ക്). 220 കോടിയിലധികം ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നൽകി ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞങ്ങളിലൊന്നിനെ കൊ-വിന്‍ വിജയകരമായി കൈകാര്യം ചെയ്തു. പൊതുജനാരോഗ്യ രംഗത്ത് സുതാര്യതയും കാര്യക്ഷമതയും തത്സമയ വിവരനിര്‍വഹണവും ഉറപ്പാക്കിയ കോ-വിൻ സംവിധാനത്തിൻ്റെ വിജയം ലോകശ്രദ്ധയാകര്‍ഷിച്ചു. നിരവധി രാജ്യങ്ങൾ അവരുടെ ആരോഗ്യ സംവിധാനങ്ങൾക്കായി ഈ മാതൃക പഠിക്കാനൊരുങ്ങുകയാണ്.
ഡിജിലോക്കർ

ഡിജിറ്റൽ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 2015-ൽ ആരംഭിച്ച ഡിജിലോക്കർ സ്ഥിരീകരിച്ച ഡിജിറ്റൽ രേഖകൾ പൗരന്മാര്‍ക്ക് സുരക്ഷിതമായി ലഭ്യമാക്കുന്നു. വിവിധ വകുപ്പുകൾ നൽകുന്ന സാക്ഷ്യപത്രങ്ങളും ഔദ്യോഗിക രേഖകളും സൂക്ഷിക്കാന്‍ ഡിജിറ്റൽ വേദിയൊരുക്കുന്ന ഡിജിലോക്കറില്‍ 2025 ഒക്ടോബർ വരെ 60.35 കോടിയിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. വിദ്യാഭ്യാസം, തൊഴിൽ, ഗവേഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് രേഖാപരമായ നടപടികൾ സുഗമമാക്കുന്ന ഡിജിലോക്കർ ഡിജിറ്റൽ ശാക്തീകരണത്തിൻ്റെ വിശ്വസ്ത ഉപകരണമായി മാറി.
ആധാറും ഇ-കെവൈസി സംവിധാനവും
ആധാർ അധിഷ്ഠിത ഇ-കെവൈസി ചട്ടക്കൂട് വിവിധ മേഖലകളില്‍ സ്ഥിരീകരണ പ്രക്രിയകള്‍ സുഗമവും വേഗത്തിലും കൂടുതൽ വിശ്വസനീയവുമാക്കി മാറ്റി. പരിശോധനാ നടപടിക്രമങ്ങൾ ലളിതമാക്കിയ ഈ നടപടി കടലാസ് ജോലികൾ കുറയ്ക്കുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്ത് 2025 ഒക്ടോബർ വരെ സൃഷ്ടിക്കപ്പെട്ട 143 കോടിയിലധികം ആധാർ ഐഡികള്‍ മിക്ക പൗരന്മാർക്കും സുരക്ഷിത ഡിജിറ്റൽ തിരിച്ചറിയല്‍ രേഖ നൽകുന്നു. ക്ഷേമപദ്ധതികളിലേക്കും ബാങ്കിങിലേക്കും നൂതനാശയങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലേക്കും തടസരഹിത പ്രവേശനം ഉറപ്പാക്കുന്ന ആധാർ സേവന വിതരണത്തിൻ്റെയും ഡിജിറ്റൽ ഉള്‍ച്ചേര്‍ക്കലിൻ്റെയും അടിത്തറയായി നിലകൊള്ളുന്നു.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)
ഡിജിറ്റൽ സംവിധാനങ്ങള്‍ ഭരണ കാര്യക്ഷമത എങ്ങനെ മെച്ചപ്പെടുത്തുമെന്ന് 'നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ’ സംവിധാനം തെളിയിക്കുന്നു. ആധാർ സ്ഥിരീകരണത്തിൻ്റെ അടിസ്ഥാനത്തില്‍ സബ്സിഡികളും ക്ഷേമ ആനുകൂല്യങ്ങളും പൗരന്മാരിലേക്ക് നേരിട്ട് എത്തുന്നുവെന്ന് ഡിബിടി ഉറപ്പാക്കുന്നു. സാമ്പത്തിക ചോർച്ചയും തട്ടിപ്പുകളും കുറയ്ക്കുന്ന ഈ പദ്ധതിയിലൂടെ 2015-നും 2023 മാർച്ചിനും ഇടയിൽ 3.48 ലക്ഷം കോടിയിലധികം രൂപയാണ് സർക്കാരിന് ലാഭിക്കാനായത്. 2025 മെയ് വരെ ഡിബിടി വഴി കൈമാറിയ ആകെ തുക 43.95 ലക്ഷം കോടി രൂപ പിന്നിട്ടു. പൊതുസേവന വിതരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം.
ഉപസംഹാരം
ഗവേഷണത്തിലും വികസനത്തിലും നവീകരണത്തിലും വർധിച്ചുവരുന്ന ഇന്ത്യയുടെ ശ്രദ്ധ വിജ്ഞാനത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി മാറാന്‍ രാജ്യം കൈക്കൊള്ളുന്ന നിശ്ചയദാര്‍ഢ്യത്തിൻ്റെ പ്രതിഫലനമാണ്. കരുത്തുറ്റ നയ നടപടികളും തന്ത്രപരമായ ധനസഹായവും ശക്തമായ സ്ഥാപന പിന്തുണയും ഉറപ്പാക്കി 2047-ലെ വികസിത ഭാരത ലക്ഷ്യത്തിലേക്ക് മികച്ച അടിത്തറയൊരുക്കുകയാണ് രാജ്യം. എഎൻആർഎഫ്, ആർഡിഐ തുടങ്ങിയ സംരംഭങ്ങളും പ്രധാന ദേശീയ ദൗത്യങ്ങളും തമ്മിലെ സഹകരണം നൂതന സാങ്കേതികവിദ്യകൾ മുന്നോട്ടുനയിക്കുന്നതിലും വിദ്യാഭ്യാസ-വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിലും ഏകീകൃത കാഴ്ചപ്പാടാണ് പ്രകടമാക്കുന്നത്. ഭരണ നിർവഹണവും വിവര സംവിധാനങ്ങളും കൂടുതൽ പ്രാപ്യവും കാര്യക്ഷമവുമാക്കിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയുടെ നൂതനാശയ ശേഷി കൂടുതൽ മെച്ചപ്പെടുത്തി. ഈ കൂട്ടായ ശ്രമങ്ങൾ രാജ്യത്തിൻ്റെ ഗവേഷണ-വികസന രംഗത്തെ സമഗ്രവും ഭാവിസജ്ജവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കി മാറ്റുന്നു. സുസ്ഥിര വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന ഈ നടപടികള്‍ ശാസ്ത്ര സാങ്കേതിക നൂതനാശയ രംഗങ്ങളില്‍ ഇന്ത്യയെ മുൻനിര ശക്തിയായി അടയാളപ്പെടുത്തുന്നു.
അവലംബം:
DST:
Prime Minister's Office
Cabinet
Ministry of Science & Technology
Ministry of Commerce & Industry
Click here to see PDF
*****
(Release ID: 2186591)
|