ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇൻ്റർനാഷണൽ സ്ട്രാറ്റജിക് എൻഗേജ്മെൻ്റ് പ്രോഗ്രാമിൻ്റെ (IN-STEP) മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു
Posted On:
31 OCT 2025 10:25PM by PIB Thiruvananthpuram
ഇന്ന് ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ നടന്ന ഇൻ്റർനാഷണൽ സ്ട്രാറ്റജിക് എൻഗേജ്മെൻ്റ് പ്രോഗ്രാമിൻ്റെ (IN-STEP) മൂന്നാം പതിപ്പിൽ പങ്കെടുത്ത പ്രതിനിധികളെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു.
ഇന്ത്യയിൽ നിന്നും വിദേശ സുഹൃദ് രാജ്യങ്ങളിൽ നിന്നുമുള്ള മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന തന്ത്രപരമായ സംഭാഷണ വേദിയാണ് IN-STEP. ദക്ഷിണാര്‍ധഗോള മേഖലയിലെ 24 രാജ്യങ്ങളിൽ നിന്നുള്ള 32 അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ 44 പ്രതിനിധികൾ നിലവിലെ പതിപ്പിൽ പങ്കെടുക്കുന്നു.
ഈ സംരംഭം സംഘടിപ്പിച്ചതിന് നാഷണൽ ഡിഫൻസ് കോളേജ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ ജി 20 അധ്യക്ഷ സമയത്ത്, ദക്ഷിണാര്‍ധഗോള രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിനായി കൈക്കൊണ്ട പ്രതിജ്ഞാബദ്ധതയുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സീമാതീതമായി ആശയങ്ങളും വെല്ലുവിളികളും പരസ്പരം ബന്ധിതമായിരിക്കുന്ന ഈ ലോകത്ത്, അന്താരാഷ്ട്ര ഇടപെടൽ ഒരു പൊതു ഉത്തരവാദിത്വമായി മാറിയിട്ടുണ്ടെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, നിർമിത ബുദ്ധി, പൊതുജനാരോഗ്യം, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങൾക്ക് കൂട്ടായ, സഹാനുഭൂതിയോടെയുള്ള, തന്ത്രപരമായ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോളതലത്തിൽ ചിന്തിക്കാനും യോജിച്ച് പ്രവർത്തിക്കാനും പൊതുവായ പുരോഗതിയിലേക്ക് ഒരുമിച്ച് മുന്നേറാനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള പങ്കാളിത്തത്തിൻ്റെ പ്രതീകമായി ഇൻ-സ്റ്റെപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചു. അനുദിനം ഉരുത്തിരിയുന്ന ദേശീയ സുരക്ഷ സ്വഭാവം എടുത്തുകാണിച്ചുകൊണ്ട്, സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾക്കൊപ്പം ഭീകരത, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ നിരവധി അന്തർദേശീയ ഭീഷണികളും വർദ്ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമിത ബുദ്ധി, ബിഗ് ഡാറ്റ, ഓട്ടോമേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തിനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള നൂതനാശയങ്ങൾ, ജാഗ്രതയോടെയുള്ള തുറന്ന സമീപനം, തയ്യാറെടുപ്പുകളോടു കൂടിയ മുന്നേറ്റം എന്നിവയിലൂടെ പ്രവർത്തനങ്ങൾ സന്തുലിതമാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
നയതന്ത്രം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവയിലേക്കുള്ള ഇന്ത്യയുടെ സമീപനത്തെ, ഇന്ത്യയുടെ നാഗരിക മൂല്യമായ വസുധൈവ കുടുംബകം - "ലോകം ഒരു കുടുംബമാണ്" - എന്ന തത്ത്വചിന്ത നിരന്തരം നയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാറ്റത്തിൻ്റെ വാഹകരും ധാർമ്മിക നേതൃത്വത്തിനും കൂട്ടായ പുരോഗതിക്കും പ്രതിജ്ഞാബദ്ധരായ ആഗോള പൗരന്മാരുമായി സ്വയം വീക്ഷിക്കണമെന്ന് അദ്ദേഹം പങ്കാളികളോട് അഭ്യർത്ഥിച്ചു.
മത്സരത്തെ പിന്തള്ളി സഹകരണവും സംഘർഷങ്ങളെ ഒഴിവാക്കി ആശയങ്ങളും മുന്നേറുന്ന, കൂടുതൽ സുരക്ഷിതവും നീതിയുക്തവും ഏകീകൃതവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയുന്ന തന്ത്രപരമായ ചിന്തകരെ ഇൻ-സ്റ്റെപ്പ് തുടർന്നും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
(Release ID: 2185047)
Visitor Counter : 4