ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ലീഗൽ മെട്രോളജി (GATC) ചട്ടങ്ങൾ 2025 ഭേദഗതിയിലൂടെ അളവ്-തൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ശക്തിപ്പെടുത്തുന്നു

Posted On: 30 OCT 2025 11:41AM by PIB Thiruvananthpuram
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി (സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രം) ചട്ടങ്ങൾ 2013 ലെ ഭേദഗതികൾ വിജ്ഞാപനം ചെയ്തു. ഇന്ത്യയിലെ അളവ്-തൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വ്യാപാരത്തിൽ സുതാര്യത, കൃത്യത, നീതി എന്നിവ ഉറപ്പാക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ് ഈ ഭേദഗതികൾ.  ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുക, ബിസിനസ്സ് സുഗമമാക്കുക , ഇന്ത്യയുടെ അളവ്-തൂക്ക പരിശോധനാ സംവിധാനത്തെ അന്താരാഷ്ട്ര രംഗത്തെ മികച്ച രീതികളുമായി സമന്വയിപ്പിക്കുക എന്നിവയാണ് പുതുക്കിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഭേദഗതി ചെയ്ത ചട്ടങ്ങൾ സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ (GATC-കൾ) അധികാര പരിധി ഗണ്യമായ തോതിൽ വിശാലമാക്കുന്നു. വാട്ടർ മീറ്ററുകൾ, എനർജി മീറ്ററുകൾ, ഗ്യാസ് മീറ്ററുകൾ, മോയ്‌സ്ചർ മീറ്ററുകൾ, ഫ്ലോ മീറ്ററുകൾ, സ്ഫിഗ്മോമാനോമീറ്ററുകൾ, ഓട്ടോമാറ്റിക് അല്ലാത്ത അളവ്-തൂക്ക ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 18 വിഭാഗങ്ങളിലുള്ള അളവ്-തൂക്ക പരിശോധനാ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


ഫ്ലോ മീറ്ററുകൾ, ബ്രീത്ത് അനലൈസറുകൾ, മൾട്ടി-ഡൈമൻഷണൽ മെഷറിംഗ് ഉപകരണങ്ങൾ, സ്പീഡ് ഗണ്ണുകൾ തുടങ്ങിയ പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണം, ഗതാഗതം, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ ഉപകരണങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു,  സുരക്ഷ, ഗുണനിലവാരം, ഉപഭോക്തൃ വിശ്വാസം എന്നിവയെ അളവ്-തൂക്ക പരിശോധനയിലെ കൃത്യത നേരിട്ട് ബാധിക്കുന്നു. സർക്കാർ സൗകര്യങ്ങൾക്കൊപ്പം സ്വകാര്യ ലബോറട്ടറികളെയും വ്യവസായ മേഖലയെയും GATC-ൽ ഭാഗഭാക്കാക്കുന്നത് പരിശോധനാ ശേഷി വർദ്ധിപ്പിക്കുകയും പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും വ്യവസായങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യും.

തദ്ദേശീയ പരിശോധനാ സൗകര്യങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടും ദേശീയ പരിശോധനാ ശൃംഖല വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിലൂടെയും സർക്കാരിൻ്റെ ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ ഈ സംരംഭം പിന്തുണയ്ക്കുന്നു. റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ (RRSL), നാഷണൽ ടെസ്റ്റ് ഹൗസ് (NTH) ലബോറട്ടറികൾ എന്നിവയെ കല്പിത GATC കളായി അംഗീകരിക്കുന്നത് ഉപഭോക്തൃ ഉപകരണങ്ങളുടെ പരിശോധനയ്ക്കായി രാജ്യവ്യാപകമായ ഒരു ശൃംഖല ഉറപ്പാക്കുന്നു.

തൂക്ക ഉപകരണങ്ങൾ, വാട്ടർ മീറ്ററുകൾ, എനർജി മീറ്ററുകൾ മുതലായവയുടെ വികേന്ദ്രീകൃതമായ പതിവ് പരിശോധനകൾ തെറ്റായ അളവുകൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് പൂർണ്ണ മൂല്യം ലഭ്യമാക്കുകയും ചെയ്യും. സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പുകളെ ഈ ഭേദഗതികൾ ശാക്തീകരിക്കുന്നു. സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ  (GATC-കൾ) സ്ഥിരീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനാൽ, സംസ്ഥാന ലീഗൽ മെട്രോളജി ഓഫീസർമാർക്ക് പരിശോധന, നിർവ്വഹണം, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും.

ജില്ലകൾക്കുള്ളിലും സംസ്ഥാനത്തുടനീളവും ഉപകരണങ്ങൾ പരിശോധിക്കാനും ഫീസ് ഏകീകരിക്കാനും GATC-കളെ അനുവദിക്കുന്ന അധികാരപരിധി സംബന്ധിച്ച വ്യക്തതയും ചട്ടങ്ങൾ മുന്നോട്ടു വയ്ക്കുന്നു. പുതുതായി ചേർത്ത അഞ്ചാം പട്ടിക മുഖേന  അപേക്ഷകൾ ഉപഭോക്തൃ കാര്യ വകുപ്പിലെ ജോയിൻ്റ് സെക്രട്ടറിക്ക് നിർദ്ദിഷ്ട ഫോർമാറ്റിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ  GATC അംഗീകാരത്തിനുള്ള പ്രക്രിയയെ ചട്ടങ്ങൾ സുഗമമാക്കുന്നു. പരിശോധന, ജീവനക്കാരുടെ യോഗ്യത, സാങ്കേതിക ആവശ്യകതകൾ എന്നിവയ്ക്കുള്ള വ്യക്തമായ മാനദണ്ഡങ്ങളും ഫീസ് സമർപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പേയ്‌മെൻ്റ്  ഓപ്ഷനുകളും നൽകുന്നു. സുതാര്യവും ഘടനാപരവുമായ ഈ  സമീപനം അനുവർത്തന ഭാരം ലഘൂകരിക്കുകയും വേഗത്തിലുള്ള സേവന വിതരണം പ്രോത്സാഹിപ്പിക്കുകയും വ്യാവസായിക പങ്കാളികളിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യും.

2025 ഒക്ടോബർ 25-ന് ഗോവയിൽ നടന്ന നാഷണൽ കൺട്രോളേഴ്‌സ്  കോൺഫെറെൻസിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി പറഞ്ഞു - "ഇന്ത്യയുടെ ലീഗൽ മെട്രോളജി ആവാസവ്യവസ്ഥയെ നവീകരിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ലീഗൽ മെട്രോളജി   (സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ) ചട്ടങ്ങളിലെ  ഭേദഗതി. ഇത് വ്യാവസായിക പങ്കാളിത്തം മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് കൃത്യമായ അളവ് -തൂക്കം ഉറപ്പാക്കുകയും നീതി നിർവ്വഹണ ഉദ്യോഗസ്ഥരുടെ കരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിഷ്‌ക്കാരത്തിലൂടെ, വ്യാപാരമേഖലയിൽ നീതി ഉറപ്പാക്കുകയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവും സ്വാശ്രയവുമായ അളവ് -തൂക്ക പരിശോധനാ സംവിധാനം ഇന്ത്യ കെട്ടിപ്പടുക്കുകയാണ്."

ഈ പരിഷ്‌ക്കാരങ്ങളിലൂടെ, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജിയുടെ (OIML) ശുപാർശകൾക്ക് അനുപൂരകവും ശാസ്ത്രീയവും സുതാര്യവുമായ അളവ് -തൂക്ക സംവിധാനങ്ങളോടുള്ള പ്രതിബദ്ധത ഇന്ത്യ ശക്തിപ്പെടുത്തുന്നു. ഈ ഭേദഗതികൾ അളവ്-തൂക്കം അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിൽ കൂടുതൽ കൃത്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക മാത്രമല്ല, ആഗോള വ്യാപാരത്തിലും മാനദണ്ഡങ്ങളിലും ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട OIML സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം ഒരു OIML സർട്ടിഫിക്കേഷൻ അതോറിറ്റി എന്ന നിലയിൽ  ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്, ഇതിനായി മുമ്പ് വിദേശ അതോറിറ്റികളെ ആശ്രയിക്കേണ്ടി വന്നിരുന്ന ആഭ്യന്തര നിർമ്മാതാക്കൾക്ക് രാജ്യത്തിനുള്ളിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ നേടുന്നതിന് ഇത് വഴിയൊരുക്കുന്നു. ഇത് ചെലവ് കുറയ്ക്കുകയും സമയം ലാഭിക്കുകയും ആഗോള അളവ്-തൂക്ക ഉപകരണ വിപണിയിൽ ഇന്ത്യയുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
****

(Release ID: 2184336) Visitor Counter : 11