പാര്‍ലമെന്ററികാര്യ മന്ത്രാലയം
നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) സംബന്ധിച്ച മൂന്നാമത് ദേശീയ സമ്മേളനം നാളെ നടക്കും
Posted On:
29 OCT 2025 11:41AM by PIB Thiruvananthpuram
കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രാലയം നാളെ (2025 ഒക്ടോബർ 30) ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് അനക്സിലെ മെയിൻ കമ്മിറ്റി ഹാളിൽ ദേശീയ ഇ-വിധാൻ ആപ്ലിക്കേഷനെക്കുറിച്ചുള്ള (NeVA) മൂന്നാമത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു.
കേന്ദ്ര പാർലമെന്ററി-ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, പാർലമെന്ററി കാര്യ-വാർത്താ വിനിമയ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പാർലമെന്ററി കാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ നികുഞ്ജ ബിഹാരി ധാൾ, അഡീഷണൽ സെക്രട്ടറി ഡോ. സത്യ പ്രകാശ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
നിയമസഭാ സെക്രട്ടറിമാർ, അതത് സംസ്ഥാനങ്ങളിലെ NeVA പദ്ധതിയുടെ നടത്തിപ്പിലും പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്ന ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളിലെ നോഡൽ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരുൾപ്പെടെ നൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യാ ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള 44 മിഷൻ മോഡ് പ്രോജക്റ്റുകളിൽ (MMPs) ഒന്നാണ് NeVA. എല്ലാ സംസ്ഥാന നിയമസഭകളുടെയും പ്രവർത്തനം കടലാസ് രഹിതമാക്കുക, അവയെ 'ഡിജിറ്റൽ ഹൗസുകളാക്കി' മാറ്റുക, 'ഒരു രാഷ്ട്രം, ഒരു ആപ്ലിക്കേഷൻ' എന്ന കാഴ്ചപ്പാടിന് കീഴിൽ 37 നിയമസഭകളെയും ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള NeVA നടപ്പാക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനും, മികച്ച രീതികൾ പങ്കുവെക്കുന്നതിനും, ശേഷിക്കുന്ന എല്ലാ നിയമസഭകളെയും NeVA പ്ലാറ്റ്‌ഫോമിലേക്ക് എത്രയും വേഗം എത്തിക്കുന്നതിലുള്ള പ്രവർത്തനപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമ്മേളനം ഒരു പ്രധാന വേദിയൊരുക്കും.
സമ്മേളനത്തിൽ പ്രധാനമായും നിർമ്മിത ബുദ്ധി (AI)യുടെയും മറ്റ് പുതിയ സാങ്കേതികവിദ്യകളുടെയും പ്രായോഗിക സാധ്യതകൾ വിശകലനം ചെയ്യപ്പെടും. ഇവയുടെ സഹായത്തോടെ നിയമനിർമാണ പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കുകയും , ഡാറ്റയുടെ ലഭ്യത വർദ്ധിപ്പിക്കുകയും, പതിവ് ജോലികൾ കൂടുതൽ എളുപ്പമാക്കുകയും, നിയമനിർമ്മാണ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് ചർച്ച പ്രാധാന്യം കൊടുക്കും .ഇക്കാര്യങ്ങൾ എല്ലാം NeVA പ്ലാറ്റ്‌ഫോം വഴി മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.
NeVA പ്ലാറ്റ്‌ഫോം മുഖേന രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങളെ സമ്പൂർണ ഡിജിറ്റലും ,സുതാര്യവും കാര്യക്ഷമവുമായ സംവിധാനങ്ങലുള്ള സ്‌ഥാപനങ്ങളാക്കി മാറ്റുന്നതിനും അതുവഴി ഡിജിറ്റൽ ഇന്ത്യയുടെയും നല്ല ഭരണനിർവഹണത്തിന്റെയും വിശാലമായ കാഴ്ചപ്പാടുകൾക്ക് സംഭാവന നൽകുന്നതിനും പാർലമെന്ററി കാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
*****
(Release ID: 2183756)
Visitor Counter : 9