പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ആഗോള ശുദ്ധീകരണ, ഊർജ്ജ കേന്ദ്രമായി ഇന്ത്യ ഉയർന്നുവരും: ഊർജ്ജ സാങ്കേതിക മീറ്റിൽ ശ്രീ ഹർദീപ് സിംഗ് പുരി

Posted On: 28 OCT 2025 7:38PM by PIB Thiruvananthpuram
പരിവർത്തനാത്മകമായ വികാസത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പെട്രോളിയം, ഊർജ്ജ മേഖല ആഗോള ഊർജ്ജ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ സുസജ്ജമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഹൈദരാബാദിൽ നടന്ന ഊർജ്ജ സാങ്കേതിക മീറ്റിന്റെ ഉദ്ഘാടന യോഗത്തിൽ പറഞ്ഞു. ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ പ്രയാണം  ദാർശനികമായ നയ ചട്ടക്കൂടുകൾ, നൂതനാശയങ്ങളുടെ ദ്രുതഗതിയിലുള്ള സ്വീകരണം, ശുദ്ധീകരണം, ജൈവ ഇന്ധനങ്ങൾ, ഹരിത ഊർജ്ജ മേഖലയിലുടെനീളം സുസ്ഥിരമായ നിക്ഷേപം എന്നിവയാൽ നയിക്കപ്പെടുന്ന ശ്രദ്ധേയമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ആഗോള ഊർജ്ജ വിപണി മന്ദഗതിയിലുള്ള വളർച്ച പ്രതീക്ഷിക്കുമ്പോൾ - ലോകമെമ്പാടുമുള്ള നിരവധി ശുദ്ധീകരണശാലകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് - ഇന്ത്യ ഒരു തിളക്കമാർന്ന ഉദാഹരണമെന്ന നിലയിൽ വേറിട്ടുനിൽക്കുന്നുവെന്നും വരും ദശകങ്ങളിൽ ആഗോള ഊർജ്ജ ആവശ്യകതയുടെ വളർച്ചയിൽ ഏകദേശം 30–33% സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ   (എണ്ണ) ശുദ്ധീകരണ ശേഷി നിലവിൽ പ്രതിവർഷം ഏകദേശം 258 ദശലക്ഷം മെട്രിക് ടൺ (MMTPA) ആണെന്നും 2030 ആകുമ്പോഴേക്കും ഇത് 310 MMTPA ആയി ഉയരുമെന്നും 400–450 MMTPA ആയി ഉയർത്താനുള്ള ദീർഘകാല പദ്ധതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള ആഗോള ശുദ്ധീകരണ ശേഷിയുടെ ഏകദേശം 20% - 100-ലധികം ശുദ്ധീകരണശാലകൾ - 2035 ഓടെ അടച്ചുപൂട്ടൽ സാധ്യത നേരിടുമെന്നതിനാൽ, ഈ വിപുലീകരണം ആഗോളതലത്തിൽ മികച്ച മൂന്ന് ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൈവ ഇന്ധന മിശ്രിതവുമായി ബന്ധപ്പെട്ട്  ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടവെ, 2006-ലെ 5% എന്ന ലക്ഷ്യത്തിൽ നിന്ന് 2022-ൽ 10% എഥനോൾ മിശ്രിതം എന്ന ലക്ഷ്യം, നിശ്ചയിച്ചിരുന്നതിനും അഞ്ച് മാസം മുമ്പ് തന്നെ കൈവരിക്കാനായതായി ശ്രീ പുരി പറഞ്ഞു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 20% മിശ്രിതമെന്ന ലക്ഷ്യം കൈവരിക്കാനുള്ള കാലയളവ് 2030-ൽ നിന്ന് 2025–26-ലേക്ക് സർക്കാർ പുനർ നിർണ്ണയിച്ചു . മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട നയങ്ങളും ശക്തമായ പിന്തുണാ സംവിധാനങ്ങളും മൂലം ദ്രുതഗതിയിലുള്ള നേട്ടങ്ങൾ സാധ്യമായിട്ടുണ്ടെന്നും, അഭിലാഷപൂർണ്ണമായ ഊർജ്ജ ലക്ഷ്യങ്ങൾ നിർണ്ണയിക്കാനും കൈവരിക്കാനുമുള്ള ഇന്ത്യയുടെ ശേഷി പ്രകടമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ശുദ്ധീകരണശാലകൾ ലോകോത്തര നിലവാരമുള്ളതും, ആഗോള ബന്ധിതവും, കയറ്റുമതി സജ്ജവുമാണെന്ന് ശ്രീ പുരി നിരീക്ഷിച്ചു. ഇന്ത്യ ഇതിനോടകം നാലാമത്തെ വലിയ ശുദ്ധീകരണ രാജ്യവും പെട്രോളിയം ഉത്പന്നങ്ങളുടെ ഏഴ് മുൻനിര കയറ്റുമതിരാജ്യങ്ങളിൽ ഒന്നുമാണ്. 2024–25 സാമ്പത്തിക വർഷത്തിൽ 45 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ശുദ്ധീകരിച്ച എണ്ണ 50 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.  രാജ്യത്തിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ശുദ്ധീകരണ മേഖല സംഭാവന ചെയ്യുന്നുണ്ടെന്നും പൊതു-സ്വകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക, ഉത്പാദന മേഖലകളിൽ ശക്തമായ  പ്രകടനം കാഴ്ച്ച കാഴ്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ പ്രതിദിനം 5 ദശലക്ഷം ബാരലായിരുന്ന ആഭ്യന്തര പെട്രോളിയം ഉപഭോഗം നിലവിൽ പ്രതിദിനം 5.6 ദശലക്ഷം ബാരലായി വർദ്ധിച്ചു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും വർദ്ധിച്ചുവരുന്ന പ്രതിശീർഷ വരുമാനവും മൂലം ഉടൻ തന്നെ ഇത് പ്രതിദിനം 6 ദശലക്ഷം ബാരലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പെട്രോകെമിക്കലുകളും ശുദ്ധീകരണവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സമന്വയത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യയുടെ പെട്രോകെമിക്കൽ ഉപയോഗം ഇപ്പോഴും ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണെന്നും ഇത് വളർച്ചയ്ക്കുള്ള  ഗണ്യമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ശ്രീ പുരി പറഞ്ഞു. പെട്രോകെമിക്കൽ ഇന്റെൻസിറ്റി സൂചിക ഇതിനോടകം 7.7% ൽ നിന്ന് 13% ആയി ഉയർന്നിട്ടുണ്ട്. ഇത് മേഖലയുടെ പുരോഗതിയിലേക്കുള്ള പ്രയാണത്തെ പ്രതിഫലിപ്പിക്കുന്നു. കാര്യക്ഷമത, മൂല്യവർദ്ധനവ് കയറ്റുമതി മത്സരക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി സംയോജിത പെട്രോകെമിക്കൽ കോംപ്ലക്സുകളായി പുതിയ റിഫൈനറികളുടെ  വിപുലീകരണം ആസൂത്രണത്തിലുണ്ടെന്ന്  അദ്ദേഹം വ്യക്തമാക്കി.

ഊർജ്ജ ആവാസവ്യവസ്ഥയിൽ നൂതനാശയങ്ങളുടെയും തദ്ദേശീയവത്ക്കരണത്തിന്റെയും പ്രാധാന്യവും മന്ത്രി അടിവരയിട്ടു വ്യക്തമാക്കി. ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 80% ഇറക്കുമതി ബദലെന്ന ലക്‌ഷ്യം ഇന്ത്യ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്പ്രേരകങ്ങൾ, സങ്കീർണ്ണമായ ഉപകരണങ്ങൾ തുടങ്ങിയ ചില നിർണായക ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ, ആത്മനിർഭര ഭാരതത്തോടുള്ള സന്തുലിതമായ സമീപനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒതുങ്ങിക്കൂടുന്നതിന് പകരം കാര്യക്ഷമതയിലും ആഗോള മത്സരക്ഷമതയിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാന ഊർജ്ജ സാങ്കേതികവിദ്യകളിൽ ഗവേഷണ-വികസനവും ആഭ്യന്തര ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി  (PLI) പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ഒരു നാഷണൽ സെന്റർ ഫോർ കാറ്റലിസ്റ്റ് റിസർച്ച് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹരിത ഊർജ്ജത്തെക്കുറിച്ച് പരാമർശിക്കവേ, ഹരിത ഹൈഡ്രജനിൽ ഇന്ത്യ കൈവരിച്ച പുരോഗതി തികച്ചും പ്രതീക്ഷ നൽകുന്നതാണെന്ന് ശ്രീ പുരി ചൂണ്ടിക്കാട്ടി.  IOCL ഉം  HPCL  ഉം അടുത്തിടെ നടത്തിയ ടെൻഡറുകൾ ഹരിത ഹൈഡ്രജന്റെ വില കിലോഗ്രാമിന് ഏകദേശം 5.5 യുഎസ് ഡോളറിൽ നിന്ന് ഏകദേശം 4 യുഎസ് ഡോളറായി കുറച്ചു. വാണിജ്യപരമായ ലാഭക്ഷമതയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിൽ ഹരിത ഹൈഡ്രജൻ, പ്രകൃതിവാതകം, ജൈവ ഇന്ധനങ്ങൾ എന്നിവ കേന്ദ്രസ്ഥാനത്തു തന്നെ തുടരുമെന്നും സുസ്ഥിര വ്യോമയാന ഇന്ധനം (SAF) ഉൾപ്പെടെ, ജൈവ ഇന്ധനങ്ങളുടെ സ്വീകാര്യതയെയും അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള ജൈവ ഇന്ധന സഖ്യം ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരതയിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി ഇന്ധന, പെട്രോകെമിക്കൽ മേഖലയിലെ വളർച്ച ഇന്ത്യയുടെ ഊർജ്ജ തന്ത്രത്തിലെ അനിവാര്യഘടകമാണെന്ന് ൽ  ശ്രീ പുരി പറഞ്ഞു. പരമ്പരാഗത ഇന്ധനങ്ങളുടെ വിഹിതം ക്രമേണ കുറയുമെങ്കിലും, 2047 ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറുന്ന സാഹചര്യത്തിൽ, അവ പതിറ്റാണ്ടുകളോളം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഊർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം 6% ൽ നിന്ന് 15% ആയി ഉയർത്തുകയും, ഹരിത ഹൈഡ്രജൻ വർദ്ധിപ്പിക്കുകയും, പുനരുപയോഗ ഊർജ്ജം അതിവേഗം വികസിപ്പിക്കുകയും ചെയ്തു വരുന്നു - ഇതെല്ലാം ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

1901-ൽ ഡിഗ്ബോയിയിലെ ആദ്യ റിഫൈനറി മുതൽ ഇന്നത്തെ ആഗോളനിലവാരമുള്ള  സൗകര്യങ്ങൾ വരെ, ഇന്ത്യയുടെ ചരിത്രപരമായ ശുദ്ധീകരണ പാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ട്, 2014-നു ശേഷമുള്ള പരിഷ്‌ക്കാരങ്ങളും ആവാസവ്യവസ്ഥയുടെ ശാക്തീകരണവും  വളർച്ചയുടെയും നൂതനാശയങ്ങളുടെയും  പുതു യുഗത്തിന് തുടക്കമിട്ടെന്ന് മന്ത്രി പറഞ്ഞു. ബാർമർ റിഫൈനറി, ആന്ധ്രാ റിഫൈനറി തുടങ്ങിയ നിലവിലുള്ള പദ്ധതികളെ ഈ മേഖലയുടെ മുന്നേറ്റത്തിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളായി അദ്ദേഹം ഉയർത്തിക്കാട്ടി. 100-ലധികം ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തനക്ഷമമാണെന്നും 70 എണ്ണം കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും, സാങ്കേതികവിദ്യ, നിക്ഷേപം, സുസ്ഥിരത എന്നിവയെ ബന്ധിപ്പിക്കുന്ന ആവാസവ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

10 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറുമ്പോൾ, ഊർജ്ജ മേഖല ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള വിപണികളെയും സേവിക്കുമെന്ന് ശ്രീ പുരി പറഞ്ഞു. 2035 ആകുമ്പോഴേക്കും ലോകത്തിലെ നാലാമത്തെ വലിയ  ശുദ്ധീകരണ രാജ്യമെന്ന നിലയിൽ  നിന്ന് രണ്ടാമത്തെ വലിയ ശുദ്ധീകരണ ശക്തിയായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസം മന്ത്രി പ്രകടിപ്പിച്ചു.യുവ ജനസംഖ്യ, വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത, ഭാവാത്മക നയ പരിസ്ഥിതി എന്നിവ ആഗോള ഊർജ്ജ ഭാവിയിൽ കേവലം പങ്കാളിയെന്ന നിലയിൽ നിന്ന്, സജീവമായി അതിനെ രൂപപ്പെടുത്തുന്ന രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യയെ ഉയർത്താൻ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
SKY
 
*****
 

(Release ID: 2183609) Visitor Counter : 5