ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ദേശീയ മത്സ്യബന്ധന വികസന പദ്ധതി സർട്ടിഫിക്കറ്റുകൾ കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ കൊച്ചിയിൽ വിതരണം ചെയ്തു
Posted On:
25 OCT 2025 6:41PM by PIB Thiruvananthpuram
കൊച്ചി, 2025 ഒക്ടോബർ 25:
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ എറണാകുളം ഞാറക്കലിൽ ഫിഷറീസ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ദേശീയ മത്സ്യബന്ധന വികസന പദ്ധതിയിൽ (എന്‍എഫ്ഡിപി) രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും ദേശീയ മത്സ്യബന്ധന വികസന പദ്ധതിയിൽ സജീവമായി രജിസ്റ്റർ ചെയ്യാൻ ശ്രീ കുര്യൻ ആഹ്വാനം ചെയ്തു.

കേരളത്തിലെ ഒമ്പത് സംയോജിത തീരദേശ ഗ്രാമങ്ങളെ വികസനത്തിന് തിരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. ഈ ഗ്രാമങ്ങളിൽ മത്സ്യ സംസ്കരണ കേന്ദ്രങ്ങള്‍, കിയോസ്കുകൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്ഥാപിക്കും. കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച ഈ പദ്ധതികള്‍ക്ക് 2 കോടി രൂപയുടെ പൂർണ കേന്ദ്രധനസഹായം ലഭിക്കും. ഗുണഭോക്തൃ ഗ്രാമങ്ങളെ സംസ്ഥാന സർക്കാർ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന മേഖലയിൽ ലോകത്തെ രണ്ടാമത് വലിയ ഉല്പാദക രാജ്യമെന്ന ഇന്ത്യയുടെ നേട്ടം എടുത്തുപറഞ്ഞ മന്ത്രി ഏറ്റവും വലിയ ഉല്പാദകരാക്കി രാജ്യത്തെ മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യം പങ്കുവെച്ചു. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മത്സ്യമേഖലയുടെ വളർച്ച ഉറപ്പാക്കുകയാണ് വിവിധ സർക്കാർ പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അഭിസംബോധനയുടെ അവസാനം "സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" എന്ന പ്രധാനമന്ത്രിയുടെ മന്ത്രത്തെക്കുറിച്ച് വിശദീകരിച്ച മന്ത്രി ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ - ഉപജീവന പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും അവബോധം പകരാനും സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ കിസാൻ ക്രെഡിറ്റ് കാർഡുകളും ട്രാൻസ്പോണ്ടറുകളും എൻഎഫ്ഡിപി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ശ്രീ ജോർജ് കുര്യൻ വിതരണം ചെയ്തു. കേരളത്തിന്റെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളെ ശക്തിപ്പെടുത്തുന്നതിലെ വെല്ലുവിളികളും അവസരങ്ങളും മനസ്സിലാക്കുന്നതിന് മത്സ്യത്തൊഴിലാളികളുമായും മത്സ്യകർഷകരുമായും അദ്ദേഹം സംവദിച്ചു.
കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലെ പ്രധാന ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മത്സ്യമേഖലയിലെ വിവിധ പങ്കാളികള്‍ക്ക് പരിപാടി അവസരമൊരുക്കി.
LPSS/GG
****
(Release ID: 2182468)
Visitor Counter : 24