പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

രാജ്യാന്തര സമുദ്ര ഗവേഷണ സിമ്പോസിയത്തിൽ വ്യവസായ സംഗമം

Posted On: 24 OCT 2025 3:55PM by PIB Thiruvananthpuram
കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിൽ (മീകോസ് 4) വ്യവസായ സംഗമം സംഘടിപ്പിക്കും.

ഫിഷറീസ്, മത്സ്യകൃഷി, സമുദ്രോൽപന്ന രംഗത്തെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. സീഫുഡ് കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിർമാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ വ്യവസായ സംഗമത്തിൽ പങ്കെടുക്കും. നവംബർ അഞ്ചിന് രാവിലെ 10നാണ് സംഗമം.

സമുദ്രോൽപന്ന കയറ്റുമതി, സമുദ്രകൃഷി മേഖലകളെ ആശ്രയിക്കുന്ന കർഷകർ, വ്യാപാരികൾ, സംരംഭകർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെക്കും. സമുദ്രോൽപന്ന മേഖലയുടെ വികസനം ലക്ഷ്യമിട്ട് വിദഗ്ധരുടെ മേൽനോട്ടത്തിൽ വികസനരൂപ രേഖ തയ്യാറാക്കും.

മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ), സിഎംഎഫ്ആർഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്ര താപനില എന്നിവ സമുദ്ര ആവാസവ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും.

മത്സ്യകൃഷി, ഹാച്ചറി ഉൽപാദനം, സംസ്‌കരണം, മൂല്യവർധിത ഉൽപാദനം, ഫീഡ് മാനേജ്‌മെന്റ് മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളുടെ പ്രദർശനവും സിമ്പോസിയത്തിന്റെ ഭാഗമായി നടക്കും.

വ്യവസായ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 
കൂടുതലൽ വിവരങ്ങൾക്ക് ഡോ ജോ കിഴക്കൂടൻ- 9445153671 എന്ന നമ്പറിൽ ബന്ധപ്പെടുക.

******

(Release ID: 2182149) Visitor Counter : 11
Read this release in: English