വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു, അലയൻസ് എയറിൻ്റെ 'ഫെയർ സേ ഫുർസത്' നിശ്ചിത വിമാനയാത്രാ നിരക്ക് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

Posted On: 13 OCT 2025 7:41PM by PIB Thiruvananthpuram
കേന്ദ്ര  സർക്കാർ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ അലയൻസ് എയറിൻ്റെ ചരിത്ര സംരംഭമായ 'ഫെയർ സേ ഫുർസത്' പദ്ധതി  ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ റാംമോഹൻ നായിഡു കിഞ്ചരാപു ഉദ്ഘാടനം ചെയ്തു. വിമാന നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളുടെ സമ്മർദ്ദത്തിൽ നിന്ന് യാത്രക്കാർക്ക് മോചനം നൽകുന്നതിനും രാജ്യത്ത് വിമാനയാത്ര  സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫെയർ സേ ഫുർസത് പദ്ധതി ആരംഭിച്ചത്. വ്യോമയാന മന്ത്രാലയ സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹ, അലയൻസ് എയർ ചെയർമാൻ ശ്രീ അമിത് കുമാർ, അലയൻസ് എയർ CEO ശ്രീ രാജർഷി സെൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ഈ പദ്ധതി പ്രകാരം, ടിക്കറ്റ് എപ്പോഴാണ് ബുക്ക് ചെയ്യുന്നതെന്നതിനെ ആശ്രയിക്കാതെ, പുറപ്പെടുന്ന ദിവസത്തിലും  അതേ  നിരക്ക് അലയൻസ് എയർ വാഗ്ദാനം ചെയ്യുമെന്ന്  വ്യോമയാന മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 2025 ഒക്ടോബർ 13 മുതൽ ഡിസംബർ 31 വരെ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ പദ്ധതിയുടെ പ്രവർത്തനസാധ്യതയും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 ഉഡാൻ പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളോട്  പൂർണ്ണമായും യോജിക്കുന്നതാണ് പദ്ധതിയെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. വ്യോമയാനമേഖലയെ  ജനാധിപത്യവൽക്കരിക്കുകയും മധ്യവർഗത്തിനും, താഴ്ന്ന മധ്യവർഗത്തിനും, നവ മധ്യവർഗത്തിനും താങ്ങാനാവുന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്  ഇന്ന്  അലയൻസ് എയർ യാഥാർഥ്യമാക്കിയെന്നും ശ്രീ  രാംമോഹൻ നായിഡു പറഞ്ഞു. സ്‌ഥിര നിരക്ക് സംവിധാനം വിമാന നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സമ്മർദ്ദവും ഇല്ലാതാക്കുന്നതോടൊപ്പം , അവസാന നിമിഷം  ബുക്ക്  ചെയ്യുന്നവർക്കുപോലും യാത്രാചെലവ് മുൻകൂട്ടിക്കാണാനാകുമെന്നും ഇത്‌ ഉറപ്പാക്കുന്നു.

ഇന്ത്യൻ വ്യോമയാനമേഖലയെ  കൂടുതൽ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതാക്കുന്നതിനുള്ള തൻ്റെ വിശാലമായ കാഴ്ചപ്പാടും  മന്ത്രി രാംമോഹൻ നായിഡു  പങ്കുവെച്ചു: മന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുത്തതു മുതൽ, വിമാനയാനത്തെ കൂടുതൽ ജനകീയമാക്കുകയായിരുന്നു തൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉഡാൻ പദ്ധതിയിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ  വിമാനത്താവളങ്ങളിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 20 രൂപയ്ക്ക് ലഘുഭക്ഷണവും വാഗ്ദാനം ചെയ്യുന്ന ഉഡാൻ യാത്രി കഫേകൾ മന്ത്രാലയം ആരംഭിച്ചു. ഇത് വിമാന യാത്രയെ കൂടുതൽ അന്തസ്സുറ്റതും താങ്ങാനാവുന്നതുമാക്കി മാറ്റി. ഇപ്പോൾ തങ്ങൾ ഒരു പടി കൂടി കടന്ന് യാത്രക്കാരുടെ പ്രധാന ആശങ്കയായ വിമാനയാത്രാ നിരക്കിലും പരിഹാരം കണ്ടെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

പ്രാദേശിക വിമാനക്കമ്പനിയുടെ സംഭാവനകളെ ഊന്നിപ്പറഞ്ഞ മന്ത്രി,  രാജ്യത്തിൻ്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ്റെ  നട്ടെല്ലായി അലയൻസ് എയറിനെ വിശേഷിപ്പിച്ചു. രാജ്യത്തെ  
 ടയർ-2, ടയർ-3 നഗരങ്ങളെ ദേശീയ വ്യോമയാന ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ  അതിൻ്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'വൺ റൂട്ട്, വൺ ഫെയർ’ എന്ന ആശയത്തിലൂന്നി അലയൻസ് എയർ എടുത്ത ഈ ധീരവും മാതൃകാപരവുമായ ചുവടുവയ്പ് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ, ലാഭം എന്ന ലക്ഷ്യത്തിനപ്പുറം പൊതുസേവനത്തെ മുൻനിർത്തിയുള്ള യഥാർത്ഥ ‘നയേ ഭാരത് കി ഉഡാൻ’ എന്ന കാഴ്ചപ്പാടാണ് യാഥാർഥ്യമാക്കിയിരിക്കുന്നത് .

ഇന്ത്യയിലെ വിമാനയാന വിപണി പ്രധാനമായും ചലനാത്മകമായ ഒരു വിലനിർണ്ണയ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. അതായത്,ടിക്കറ്റ് വില ,ആവശ്യകത, സീസണൽ ഘടകങ്ങൾ, മത്സര സാഹചര്യം എന്നിവയെ ആശ്രയിച്ച് തത്സമയം മാറിക്കൊണ്ടിരിക്കും. ഈ രീതി വരുമാന നിർണയത്തിൽ സഹായിക്കുമെങ്കിലും പ്രവചനാതീതമായ അവസാന നിമിഷ നിരക്കുകൾ   പലപ്പോഴും യാത്രക്കാരെ നിരാശരാക്കുന്നു.  ദീർഘകാലമായി നിലനിൽക്കുന്ന ഈ വെല്ലുവിളിയെ മറികടക്കുന്നതിനായി  നിരക്കുകളിൽ കൂടുതൽ  സുതാര്യതയും സ്ഥിരതയും കൊണ്ടുവരാൻ   "ഫെയർ സെ ഫുർസത് " ലക്ഷ്യമിടുന്നു.

ഈ പദ്ധതി  ചെറിയ നഗരങ്ങളിൽ നിന്നുള്ള ആദ്യവിമാനയാത്രക്കാരെ വിമാനയാത്ര തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 'വിമാന യാത്ര ലഭ്യമാക്കുക- പ്രാപ്യമാക്കുക- വിലകുറഞ്ഞതാക്കുക' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ  ശക്തിപ്പെടുത്തും.

അവസാന യാത്രക്കാരനുവരെ വ്യോമഗതാഗതം ഉറപ്പാക്കുന്നതിലും 'ഉഡേ ദേശ് കാ ആം നാഗരിക്' എന്ന ദർശനത്തിന് സംഭാവന നൽകുന്നതിലും അലയൻസ് എയർ നിർണായക പങ്ക് വഹിക്കുന്നു. അതോടൊപ്പം ഓരോ ഇന്ത്യക്കാരൻ്റെയും  വിമാനയാത്രാസങ്കൽപ്പത്തെ  ഇത് യാഥാർത്ഥ്യമാക്കും. 

(Release ID: 2178740) Visitor Counter : 5