വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ ലോജിസ്റ്റിക്സ് മികവ് ഉറപ്പാക്കാൻ 'ലീപ്സ് 2025' പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

Posted On: 13 OCT 2025 7:23PM by PIB Thiruvananthpuram
പിഎം ഗതിശക്തി പദ്ധതിയുടെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ  സംഘടിപ്പിച്ച ചടങ്ങിൽ ലോജിസ്റ്റിക്സ് എക്സലൻസ്, അഡ്വാൻസ്‌മെൻ്റ്, ആൻഡ് പെർഫോമൻസ് ഷീൽഡ് (ലീപ്സ്) 2025 പദ്ധതിക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ തുടക്കം കുറിച്ചു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ  വ്യവസായ - ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്‍റെ സുപ്രധാന സംരംഭമാണ് ലീപ്സ്. ലോജിസ്റ്റിക്സ് രംഗത്തെ മികവ് ഉറപ്പാക്കുക, ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്തുക, ദേശീയ ലോജിസ്റ്റിക്സ് നയത്തിൻ്റെയും പിഎം ഗതിശക്തിയുടെയും കാഴ്ചപ്പാടുകള്‍ക്കനുസൃതമായി നിലകൊള്ളുക എന്നിവയാണ് പദ്ധതി ലക്ഷ്യം.  

ഇന്ത്യയുടെ ലോജിസ്റ്റിക്സ് വ്യവസായത്തിലെ മികച്ച പ്രവർത്തനരീതികളെയും നൂതനാശയങ്ങളെയും നേതൃത്വത്തെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ലീപ്സ്-2025 സംരംഭം രൂപകല്പന ചെയ്തിരിക്കുന്നത്. കര - വ്യോമ - കടൽ - റെയിൽ ചരക്കുസേവനം,  സംഭരണം,  ബഹുതല ഗതാഗത സംവിധാനങ്ങള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാർട്ടപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയടക്കം ലോജിസ്റ്റിക്സ് മേഖലയിലെ എല്ലാ വിഭാഗക്കാരെയും  പദ്ധതി ഉൾക്കൊള്ളുന്നു.

സുസ്ഥിരത, പരിസ്ഥിതി - സാമൂഹ്യ - ഭരണനിര്‍വഹണ (ഇഎസ്ജി) പ്രവർത്തനങ്ങൾ, ഹരിത ലോജിസ്റ്റിക്സ് എന്നിവയ്ക്കും ഊന്നൽ നൽകുന്ന ഈ സംരംഭം  ലോജിസ്റ്റിക്സ് മേഖലയിലെ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധാത്മകതയും  വർധിപ്പിക്കാന്‍  സർക്കാരും വ്യവസായമേഖലയും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലെ സഹകരണം  പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തുടനീളം ലോജിസ്റ്റിക്സ് കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിൽ പങ്കാളികൾ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്ന മറ്റൊരു നാഴികക്കല്ലാണ് ലീപ്സ്-2025 എന്ന് ചടങ്ങിൽ ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.

ലീപ്സ് 2025-ലേക്ക് രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിലൂടെ  (https://awards.gov.in/)  രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് 2025 നവംബർ 15-നകം എൻട്രികൾ സമർപ്പിക്കാം.  

താഴെ നല്‍കിയിരിക്കുന്ന 13 വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്:

A.  അടിസ്ഥാന ലോജിസ്റ്റിക്സ്  

 
1.  വ്യോമ ചരക്കുസേവന ദാതാവ്  

2.  റോഡ് ചരക്കുസേവന ദാതാവ്  

3.  സമുദ്ര ചരക്കുസേവന ദാതാവ്  

4.  റെയിൽ ചരക്കുസേവന ദാതാവ്  

5.  ബഹുതതല ഗതാഗത സേവനദാതാക്കള്‍  

6.  സംഭരണ സേവന ദാതാവ് (വ്യാവസായിക, ഉപഭോഗ വസ്തുക്കൾ)

7.  സംഭരണ സേവന ദാതാവ് (കാർഷികം)

 
B. എംഎസ്എംഇ  
 
8.  ലോജിസ്റ്റിക്സ് സേവന ദാതാവ്
 
C.  സ്റ്റാർട്ടപ്പുകൾ
 
9.  ലോജിസ്റ്റിക്സ് സാങ്കേതിക സേവന ദാതാവ്

10.  ലോജിസ്റ്റിക്സ് നിര്‍വഹണ സേവന ദാതാവ്  

 
 D.  സ്ഥാപനങ്ങൾ  
 
11.  ലോജിസ്റ്റിക്സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം
 
E.  പ്രത്യേക വിഭാഗം  
 
12.  ഇ-വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് സേവന വിതരണം

13.  ബഹുതല ലോജിസ്റ്റിക്സ് സേവന ദാതാവ് (3PL സേവന ദാതാവ്, ഫ്രൈറ്റ് ഫോർവേഡർ, കസ്റ്റം ബ്രോക്കർ/ഏജൻ്റ്)


 
പിഎം ഗതിശക്തിയുടെയും 2022-ലെ  ദേശീയ ലോജിസ്റ്റിക്സ് നയത്തിന്‍റെയും പരിവർത്തനാത്മക കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ രൂപം നല്‍കിയ സംരംഭമാണ് ലീപ്സ്-2025. ഇന്ത്യയുടെ ലോജിസ്റ്റിക്സ് മേഖലയിൽ കാര്യക്ഷമതയും മത്സരശേഷിയും  സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു.

നൂതനാശയങ്ങള്‍ക്ക് അംഗീകാരവും ആദരവും നല്‍കുന്നതിലൂടെ  മെയ്ക്ക്–ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്ത ഭാരതത്തെ ശാക്തീകരിക്കുകയും 2047-ഓടെ വികസിത ഭാരതമെന്ന  ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സംഭാവന നൽകുകയും ചെയ്യുന്ന ഒരു ലോജിസ്റ്റിക്സ് മേഖല സൃഷ്ടിക്കാൻ ലീപ്സ്-2025 വഴിയൊരുക്കും.  
*****

(Release ID: 2178710) Visitor Counter : 5