രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യരക്ഷാ മന്ത്രി 2025 ഒക്ടോബർ 9, 10 തീയതികളിൽ ഓസ്‌ട്രേലിയ സന്ദർശിക്കും

Posted On: 05 OCT 2025 5:31PM by PIB Thiruvananthpuram

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ  റിച്ചാർഡ് മാർലെസിന്റെ ക്ഷണപ്രകാരം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് 2025 ഒക്ടോബർ 9, 10 തീയതികളില്‍ ഓസ്‌ട്രേലിയയില്‍ ഔദ്യോഗിക  സന്ദർശനം നടത്തും.  ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ  (സിഎസ്പി) അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന  സുപ്രധാന വേളയിലാണ് സന്ദർശനം.  2014-ൽ  സർക്കാർ അധികാരത്തിൽ വന്നശേഷം  രാജ്യരക്ഷാ മന്ത്രി ഓസ്‌ട്രേലിയ സന്ദർശിക്കുന്നതും ആദ്യമായാണ്. 

‌ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകളാണ് രാജ്യരക്ഷാ മന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ആകർഷണം.  ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന  വ്യാപാര വട്ടമേശ ചർച്ചയ്ക്ക് അദ്ദേഹം സിഡ്‌നിയിൽ അധ്യക്ഷത വഹിക്കും. ഓസ്‌ട്രേലിയയിലെ മറ്റ് ദേശീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നവീനവും അർത്ഥപൂര്‍ണവുമായ പദ്ധതികൾ കണ്ടെത്താൻ ഇരുരാജ്യങ്ങൾക്കും  സന്ദർശനം സുപ്രധാന അവസരമൊരുക്കും.   

വിവര കൈമാറ്റം, സമുദ്രമേഖലയിലെ പങ്കാളിത്തം, സംയുക്ത പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മൂന്ന് കരാറുകൾ സന്ദർശനത്തിനിടെ ഒപ്പുവെയ്ക്കാന്‍ പദ്ധതിയുണ്ട്.  സേനകൾ തമ്മിലെ വിപുലമായ ആശയവിനിമയം, സൈനികതല കൈമാറ്റങ്ങൾ, ഉന്നതതല സന്ദർശനങ്ങൾ, ശേഷി വര്‍ധന,   പരിശീലന പരിപാടികൾ, സമുദ്ര മേഖലയിലെ സഹകരണം, കപ്പൽ സന്ദർശനങ്ങൾ, ഉഭയകക്ഷി അഭ്യാസങ്ങൾ എന്നിവയടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ രംഗത്തെ ബന്ധം  കാലക്രമേണ വികാസം പ്രാപിച്ചിട്ടുണ്ട്.  

2009-ലെ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും ഓസ്‌ട്രേലിയയും 2020-ലാണ് സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയത്. ബഹുസ്വരത, വെസ്റ്റ്മിൻസ്റ്റർ ശൈലിയിലെ ജനാധിപത്യം, കോമൺവെൽത്ത് പാരമ്പര്യങ്ങൾ, വളരുന്ന സാമ്പത്തിക ബന്ധം, വർധിച്ചുവരുന്ന ഉന്നതതല ചർച്ചകൾ തുടങ്ങി ഇരു രാജ്യങ്ങൾക്കുമിടയില്‍ പൊതു മൂല്യങ്ങളിലധിഷ്ഠിതമായ ആഴമേറിയ ബന്ധമുണ്ട്.  ഏറെക്കാലമായി നിലനില്‍ക്കുന്ന ജനങ്ങൾ തമ്മിലെ ബന്ധങ്ങൾ, ഓസ്‌ട്രേലിയൻ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സാന്നിധ്യം,  ശക്തമായ വിനോദസഞ്ചാര -  കായിക ബന്ധങ്ങൾ എന്നിവ ഇരു രാജ്യങ്ങളും തമ്മിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി.  

2025 ജൂണിലാണ് റിച്ചാർഡ് മാർലെസ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തിയ അദ്ദേഹം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

**************


(Release ID: 2175144) Visitor Counter : 3
Read this release in: English , Urdu , Hindi , Telugu