PIB Headquarters
തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്ന ഇന്ത്യ: 6 വർഷത്തിനുള്ളിൽ സൃഷ്ടിച്ചത് 17 കോടി അധിക തൊഴിലവസരങ്ങൾ
Posted On:
04 OCT 2025 3:44PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
ഇന്ത്യയിലെ തൊഴിലവസരങ്ങൾ 2017-18 ലെ 47.5 കോടിയിൽ നിന്ന് 2023-24 ൽ 64.33 കോടിയായി ഉയർന്നു: ആറ് വർഷത്തിനിടെ 16.83 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
തൊഴിലില്ലായ്മ നിരക്ക് 2017–18 ലെ 6.0% ൽ നിന്ന് 2023–24 ൽ 3.2% ആയി കുറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1.56 കോടി വനിതകൾ ഔപചാരിക തൊഴിൽ മേഖലയിലേക്ക് ആനയിക്കപ്പെട്ടു.
.
തൊഴിൽശക്തി - ഇന്ത്യയുടെ വളർച്ചയെ മുന്നിൽ നിന്ന് നയിക്കുന്നു
അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന്, ഡിജിറ്റൈസ്ഡ്, ഓട്ടോമേറ്റഡ്, സുസ്ഥിര സമ്പദ്‌വ്യവസ്ഥ, കുതിച്ചുയരുന്ന ആഗോള ശക്തി - വരും വർഷങ്ങളിൽ ഇന്ത്യ ആഗോള വളർച്ചയുടെ പ്രധാന എഞ്ചിനായി മാറും. ജനസംഖ്യാപരമായ ആനുകൂല്യം വേണ്ടുവോളമുള്ള ഇന്ത്യ, വരും വർഷങ്ങളിൽ ആഗോളതലത്തിലെ പുതിയ തൊഴിൽ ശക്തിയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രദാനം ചെയ്യുന്ന രാജ്യമായി മാറും. (തൊഴിലുകളുടെ ഭാവി സംബന്ധിച്ച ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് 2025).

തൊഴിൽ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഇന്ത്യയുടെ തൊഴിൽ ശക്തി, 2017-18 ലെ 47.5 കോടിയിൽ നിന്ന് 2023-24 ൽ 64.33 കോടിയായി ഉയർന്നു: ആറ് വർഷത്തിനിടെ 16.83 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. യുവജന കേന്ദ്രീകൃത നയങ്ങളിലും വികസിത ഭാരത ദർശനത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഗുണഫലമാണിത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലൂടെ (GDP) മാത്രം ഒരു രാജ്യത്തിന്റെ യഥാർത്ഥ വികസനം സമഗ്രമായി വിലയിരുത്താൻ സാധ്യമല്ല എന്നതിനാൽ തൊഴിൽ വളർച്ച സവിശേഷ പ്രാധാന്യമർഹിക്കുന്നു. വിവിധങ്ങളായ സ്ഥൂല സാമ്പത്തില (Macro Economics) സൂചകങ്ങൾ പരിഗണിക്കുമ്പോൾ മാത്രമേ കൂടുതൽ കൃത്യമായ ചിത്രം വെളിവാകുകയുള്ളൂ - അതിൽ തൊഴിൽ ശക്തി നിർണ്ണായക ഘടകമാണ്. സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യം തൊഴിലിനുണ്ട്: തൊഴിൽ മേഖലയിലെ ഉന്നത നിലവാരം ശക്തമായ സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു, ഉപഭോഗത്തെ ഉത്തേജിപ്പിക്കുന്നു, സുസ്ഥിര വളർച്ചയ്ക്ക് ഇന്ധനം പകരുന്നു. വികസനം അർത്ഥപൂർണ്ണമാകണമെങ്കിൽ, ഉപജീവനമാർഗ്ഗവും സാമൂഹ്യ സുരക്ഷയും വർദ്ധിപ്പിക്കുന്ന തരത്തിൽ ഉത്പാദനപരവും മികച്ച ശമ്പളവുമുള്ള തൊഴിലുകൾ സൃഷ്ടിക്കുന്നതിലേക്ക് സാമ്പത്തിക വളർച്ച പരിണമിക്കണം.

ഇന്ത്യയിലെ തൊഴിൽ ശക്തി മുന്നേറ്റത്തിന്റെ പാതയിൽ
തൊഴിൽ മേഖലയിലെ പുതിയ പ്രവണതകൾ നിരീക്ഷിക്കുന്നതിനും, നയരൂപീകരണത്തിന് മാർഗ്ഗദർശനമേകാനും, തൊഴിൽ വിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിനും ഭാരത സർക്കാർ പതിവായി തൊഴിലുകളുമായി ബന്ധപ്പെട്ട കണക്കുകൾ വിശകലനം ചെയ്യുന്നു. ഇതിനായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) ആരംഭിച്ചത്. ഇത് തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് (Labour Force Participation Rate-LFPR), തൊഴിലാളി -ജനസംഖ്യാ അനുപാതം (WPR), തൊഴിലില്ലായ്മ നിരക്ക് (UR) തുടങ്ങിയ പ്രധാന സൂചകങ്ങളുടെ സമയബന്ധിതമായ കണക്കുകൾ ലഭ്യമാക്കുന്നു.

2025 ആഗസ്റ്റിലെ PLFS പ്രകാരം, 3.77 ലക്ഷം വ്യക്തികളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പ്രതിമാസ കണക്കുകൾ തയ്യാറാക്കിയത് - ഗ്രാമപ്രദേശങ്ങളിലെ 2.16 ലക്ഷം പേരും നഗരപ്രദേശങ്ങളിലെ 1.61 ലക്ഷം പേരും സർവ്വെയിൽ പങ്കെടുത്തു. അഖിലേന്ത്യാ തലത്തിൽ, 2025 ജൂണിനും ആഗസ്റ്റിനും ഇടയിൽ തൊഴിൽ സംബന്ധിച്ച രണ്ട് പ്രധാന സൂചകങ്ങളും മെച്ചപ്പെട്ടു: 15 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ തൊഴിൽ ചെയ്യുന്നതോ തൊഴിൽ അന്വേഷിക്കുന്നതോ ആയ ആളുകളുടെ കണക്കായ LFPR - ജൂണിൽ 54.2% ൽ നിന്ന് 2025 ആഗസ്റ്റിൽ 55% ആയി ഉയർന്നു. ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്നവരുടെ ശതമാനം പ്രതിഫലിപ്പിക്കുന്ന WPR - ജൂണിൽ 51.2% ൽ നിന്ന് 2025 ആഗസ്റ്റിൽ 52.2% ആയി വർദ്ധിച്ചു.

ഗ്രാമ, നഗര പ്രദേശങ്ങളിലെ WPR-ൽ ഉണ്ടായ വർദ്ധനവ് ദേശീയ തലത്തിലെ പുരോഗതിക്ക് കാരണമായി. ഈ പ്രവണതകൾ സംയുക്തമായി ആരോഗ്യകരവും കൂടുതൽ സജീവവുമായ തൊഴിൽ വിപണിയെ പ്രതിഫലിപ്പിക്കുന്നു. വിശാലമായ തലത്തിൽ, 15 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ LFPR 2017–18-ൽ 49.8% ആയിരുന്നത് 2023–24-ൽ 60.1% ആയി ഉയർന്നു, WPR 46.8% ൽ നിന്ന് 58.2% ആയി വർദ്ധിച്ചു.

മേഖലാ പ്രവണതകൾ വിലയിരുത്തുമ്പോൾ, 2025 ഏപ്രിൽ-ജൂൺ പാദത്തിൽ, കാർഷിക മേഖലയാണ് ഭൂരിഭാഗം ഗ്രാമീണ തൊഴിലാളികളെയും (പുരുഷന്മാരിൽ 44.6% ഉം സ്ത്രീകളിൽ 70.9% ഉം) ഉൾക്കൊള്ളുന്നത്. അതേസമയം നഗരപ്രദേശങ്ങളിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ തൃതീയ മേഖലയായിരുന്നു (പുരുഷന്മാരിൽ 60.6% ഉം സ്ത്രീകളിൽ 64.9% ഉം). ഈ പാദത്തിൽ രാജ്യത്തെ ശരാശരി 56.4 കോടി ജനങ്ങൾ (15 വയസ്സും അതിൽ കൂടുതലുമുള്ളവർ) തൊഴിലെടുക്കുന്നവരാണ്, അതിൽ 39.7 കോടി പേർ പുരുഷന്മാരും 16.7 കോടി പേർ വനിതകളുമാണ്.

ഔപചാരിക തൊഴിൽ മേഖല പുഷ്ടിപ്പെടുന്നു
2024–25 ൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) ആകെ 1.29 കോടിയിലധികം വരിക്കാരെ ചേർത്തു. 2018–19 ൽ ഇത് 61.12 ലക്ഷമായിരുന്നു. 2017 സെപ്റ്റംബറിൽ നിരീക്ഷണ സംവിധാനം ആരംഭിച്ച ശേഷം, 7.73 കോടിയിലധികം വരിക്കാർ ചേർന്നു. ഇതിൽ 2025 ജൂലൈയിൽ വരിക്കാരായ 21.04 ലക്ഷം പേരും ഉൾപ്പെടുന്നു. ഇത് വർദ്ധിച്ചുവരുന്ന ഔപചാരികവത്ക്കരണത്തെയും മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ പരിരക്ഷയെയും സൂചിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ, ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അവബോധം, EPFO യുടെ വിജയകരമായ ബോധവത്ക്കരണ പരിപാടികൾ എന്നിവ മുഖേന 2025 ജൂലൈയിൽ 9.79 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. (18-25 പ്രായപരിധിയിലുള്ളവരിൽ മാത്രം 60% വരും).

കൂടാതെ, തൊഴിൽ രീതികളിലും വ്യക്തമായ മാറ്റം ദൃശ്യമാണ്- സ്വയംതൊഴിൽ 2017-18 ലെ 52.2% ൽ നിന്ന് 2023-24 ൽ 58.4% ആയി ഉയർന്നു. അതേസമയം താൽക്കാലികമായോ ദിവസവേതനത്തിലോ ജോലി ചെയ്യുന്ന തൊഴിലാളികൾ 24.9% ൽ നിന്ന് 19.8% ആയി കുറഞ്ഞു. ഇത് സർക്കാർ സംരംഭങ്ങളുടെ പിന്തുണയോടെ സംരംഭകത്വവും സ്വതന്ത്രവുമായ ജോലിയിലേക്കുള്ള പരിവർത്തനത്തെ സൂചിപ്പിക്കുന്നു.
താൽക്കാലികമായോ ദിവസവേതനത്തിലോ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും ശമ്പളക്കാരായ തൊഴിലാളികളുടെയും വേതനത്തിൽ വർദ്ധന
പൊതുമേഖല ഒഴികെ, താൽക്കാലികമായോ ദിവസവേതനത്തിലോ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരാശരി ദിവസവേതനം 2017 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ₹294 ൽ നിന്ന് ₹433 ആയി ഉയർന്നു. ഇതേ കാലയളവിൽ സ്ഥിര ശമ്പളക്കാരായ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വരുമാനം ₹16,538 ൽ നിന്ന് ₹21,103 ആയി വർദ്ധിച്ചു. ഈ നേട്ടങ്ങൾ ഉയർന്ന വരുമാന നിലവാരം, മെച്ചപ്പെട്ട തൊഴിൽ സ്ഥിരത, മികച്ച തൊഴിൽ നിലവാരം എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നു.
തൊഴിലില്ലായ്മ
തൊഴിലില്ലായ്മ നിരക്കിലെ ശ്രദ്ധേയമായ ഇടിവാണ് ഗുണാത്മകമായ മറ്റൊരു സൂചന, ഇത് 2017–18 ലെ 6.0% ൽ നിന്ന് 2023–24 ൽ 3.2% ആയി കുത്തനെ കുറഞ്ഞു. ഉത്പാദനക്ഷമമായ തൊഴിലിലേക്ക് തൊഴിലാളികളുടെ ശക്തമായ സ്വാംശീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതേ കാലയളവിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 17.8% ൽ നിന്ന് 10.2% ആയി കുറഞ്ഞു, ഇത് ILO യുടെ വേൾഡ് എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഔട്ട്‌ലുക്ക് 2024 ൽ റിപ്പോർട്ട് ചെയ്തതുപോലെ ആഗോള ശരാശരിയായ 13.3% ൽ താഴെയാണ്..
പുരുഷന്മാരിലെ (15 വയസ്സിനു മുകളിലുള്ളവർ) തൊഴിലില്ലായ്മ 2025 ഓഗസ്റ്റിൽ 5% ആയി കുറഞ്ഞു, ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നഗരപ്രദേശങ്ങളിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.6% ആയിരുന്നത് ഓഗസ്റ്റിൽ 5.9% ആയി കുറഞ്ഞതും ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.5% ആയി കുറഞ്ഞതുമാണ് ഈ ഇടിവിന് കാരണമായത് - നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തത്തിൽ, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായി മൂന്ന് മാസം ക്രമാനുഗതമായി കുറഞ്ഞു. മെയ് മാസത്തിൽ 5.1% ആയിരുന്നത് 2025 ഓഗസ്റ്റിൽ 4.3% ആയി.
പിന്നണിയിൽ നിന്ന് മുഖ്യധാരയിലേക്ക്: തൊഴിൽ ശക്തിയെ വനിതകൾ നയിക്കുന്നു
2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് വനിതാ തൊഴിൽ ശക്തി പങ്കാളിത്തം 70% എങ്കിലും ഉറപ്പാക്കുക എന്നതാണ്. ഇന്ന്, പ്രധാന ആഗോള സ്ഥാപനങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നു. കാരണം സമത്വപൂർണ്ണമായ രാജ്യങ്ങളുടെ മുൻനിര പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നു. 2017-18 നും 2023-24 നും മധ്യേ വനിതകളുടെ തൊഴിൽ നിരക്ക് ഏകദേശം ഇരട്ടിയായി. തൊഴിൽ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വനിതകളുടെ LFPR 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി ഉയർന്നു.

15 വയസ്സും അതിൽ കൂടുതലുമുള്ള വനിതകളുടെ WPR 2017-18 ലെ 22% ൽ നിന്ന് 2023-24 ൽ 40.3% ആയി ഉയർന്നു, LFPR 23.3% ൽ നിന്ന് 41.7% ആയി ഉയർന്നു.
2025 ജൂണിൽ 30.2% ഉം ജൂലൈയിൽ 31.6% ഉം ആയിരുന്ന വനിതകളുടെ WPR അടുത്തിടെ, 2025 ആഗസ്റ്റിൽ 32.0% ആയി ഉയർന്നു. 2025 ജൂണിൽ 32.0% ഉം ജൂലൈയിൽ 33.3% ഉം ആയിരുന്ന വനിതകളുടെ LFPR, 2025 ആഗസ്റ്റിൽ 33.7% ആയി ഉയർന്നു.

കൂടാതെ, ഏറ്റവും പുതിയ EPFO പേയ്‌റോൾ ഡാറ്റ (ശമ്പളമുൾപ്പെടെയുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ ഉള്ള രേഖ) വ്യക്തമാക്കുന്നത് വനിതകളുടെ ഔപചാരിക തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനം വർദ്ധിച്ചുവരുന്നുവെന്നാണ്. 2024–25 കാലയളവിൽ, 26.9 ലക്ഷം വനിതാ വരിക്കാരെയാണ് EPFO-ചേർത്തത്. 2025 ജൂലൈയിൽ, ഏകദേശം 2.80 ലക്ഷം പുതിയ വനിതാ വരിക്കാരെ ചേർത്തു. മൊത്തം വനിതാ കൂട്ടിച്ചേർക്കൽ ഏകദേശം 4.42 ലക്ഷമായി. ഇത് കാലികവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമായ തൊഴിൽ ശക്തിയെ ഉറപ്പാക്കുന്നു.
തൊഴിൽ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ചാലകശക്തി
നവ വ്യവസായ, തൊഴിൽ മേഖലകൾ
നിലവിൽ, സാങ്കേതിക മേഖലയിലെ നൂതനാശയങ്ങൾ, ആഗോളവത്ക്കരണം, പരിണമിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്ന നവ വ്യവസായ, തൊഴിൽ മേഖലകളുടെയും ദ്രുതഗതിയിലുള്ള ആവിർഭാവത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു.
ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സാങ്കേതികവിദ്യ, എഡ്-ടെക് തുടങ്ങിയ മേഖലകൾ അഭൂതപൂർവമായ വേഗതയിൽ വളരുകയാണ്.
ഈ വ്യവസായങ്ങൾ തൊഴിലിന്റെ സ്വഭാവം പുനർനിർണ്ണയിക്കുക മാത്രമല്ല, യുവാക്കൾക്കും ഡിജിറ്റൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും പ്രയോജനപ്രദമാം വിധം നൂതനവും വൈവിധ്യപൂർണ്ണവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും പുനരുപയോഗ ഊർജ്ജ മേഖലയും തൊഴിലവസര സൃഷ്ടിയ്ക്ക് മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
ഈ രണ്ട് മേഖലകളും തൊഴിൽ വർദ്ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകളും വാഗ്ദാനം ചെയ്യുന്നു, വിശിഷ്യാ വനിതകൾക്കായി അവസരങ്ങൾ തുറന്നു നൽകുകയും അതു മുഖേന സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും ശാക്തീകരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു.
ഗിഗ് എക്കണോമി
ഇന്ത്യയുടെ വികസിതമാകുന്ന തൊഴിൽ വിപണിയുടെ നിർണ്ണായക സവിശേഷത ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റമാണ്. ഇത് പരമ്പരാഗത തൊഴിൽ മാനദണ്ഡങ്ങളെ പുനർനിർവ്വചിച്ചു. ഫ്രീലാൻസ്, പ്രോജക്ട് അധിഷ്ഠിത ജോലികൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനത്തോടെ, ഇന്ത്യക്കാർ വൻതോതിൽ, പ്രത്യേകിച്ച് മില്ലേനിയൽ, ജെൻ സീ തലമുറയിൽപ്പെട്ടവർ, ഉള്ളടക്ക സൃഷ്ടി, ഗ്രാഫിക് ഡിസൈൻ, മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ വികസനം, കൺസൾട്ടിംഗ് തുടങ്ങിയ മേഖലകളിലെ ആയാസരഹിതവും പാരമ്പര്യേതരവുമായ ജോലികൾ തിരഞ്ഞെടുക്കുന്നു.
ഇന്ത്യയുടെ ഗിഗ് തൊഴിൽ ശക്തി 2024–25 ലെ 1 കോടിയിൽ നിന്ന് 2029–30 ആകുമ്പോഴേക്കും 2.35 കോടിയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (2020), ഇ-ശ്രം പോർട്ടൽ തുടങ്ങിയ ഉദ്യമങ്ങളിലൂടെ, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സർക്കാർ സജീവമായി പ്രവർത്തിക്കുന്നു. 2025 സെപ്റ്റംബർ 30 വരെ, 31.20 കോടിയിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ആയാസരഹിതമായ തൊഴിൽ, തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, ഡിജിറ്റൽ ഉപജീവനമാർഗ്ഗങ്ങൾ എന്നീ മേഖലകളിലേക്ക് വിശാലമാകുന്ന ആഗോള പ്രവണതയെ സൂചിപ്പിക്കുന്നു.
സ്റ്റാർട്ടപ്പുകളും ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളും (GCC)
വിദ്യാഭ്യാസത്തിനും തൊഴിലിനും മധ്യേ നിലനിൽക്കുന്ന വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള ലക്ഷ്യവേധിയായ സംരംഭങ്ങളിലൂടെ, ഇന്ത്യ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ സജീവമായി നിലനിർത്തുകയും വളർത്തിയെടുക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾ, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (GCC) അടക്കമുള്ള മേഖലകളിലെ തൊഴിൽ വളർച്ചയ്ക്കും സമ്പദ്‌വ്യവസ്ഥ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നു. ഇത് യുവാക്കൾക്കായി നൂതനവും വൈവിധ്യപൂർണ്ണവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ DPIIT അംഗീകൃത സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലുള്ളത് - 2025 ലെ കണക്കനുസരിച്ച് 17 ലക്ഷത്തിലധികം തൊഴിലവസരങ്ങളും 118 യൂണികോണുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ തൊഴിൽ ഭൂമികയുടെ മേഖലാ തല വളർച്ചയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ചില താത്പര്യജനകമായ വസ്തുതകൾ ചുവടെ ചേർക്കുന്നു-
ഇന്ത്യയുടെ തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന സർക്കാർ സംരംഭങ്ങൾ
ഉന്നത നിലവാരമുള്ളതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ തൊഴിൽ ശക്തി സ്വന്തമായുള്ള നൈപുണ്യയുക്തമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ, ആഗോള തൊഴിൽ വിപണികളിൽ യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും. വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെയുള്ള സർക്കാരിന്റെ നിരന്തര പരിശ്രമങ്ങൾ ഉയർന്ന തൊഴിൽ ശക്തി പങ്കാളിത്തം, കുറഞ്ഞ തൊഴിലില്ലായ്മ, മെച്ചപ്പെട്ട വരുമാനം, പരമ്പരാഗതവും കാലികവുമായ മേഖലകളിലുള്ള വിശാലമായ അവസരങ്ങൾ എന്നിവയിലേക്ക് നയിച്ചു.

സ്‌കിൽ ഇന്ത്യ
സ്‌കിൽ ഇന്ത്യ മിഷന്റെ കീഴിൽ, രാജ്യവ്യാപക കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ നൈപുണ്യ, പുനർ-നൈപുണ്യ, അപ്-സ്‌കിൽ പരിശീലനം സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയം (MSDE) നൽകി വരുന്നു. പ്രധാന പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
റോസ്ഗർ മേള
സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന് (MSDE) കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC) മുഖേന രാജ്യത്ത് തൊഴിൽ സംരംഭങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ റോസ്ഗർ മേളകൾ സംഘടിപ്പിച്ചുവരുന്നു. തൊഴിലില്ലാത്ത യുവാക്കളെ സ്വകാര്യ മേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം. തൊഴിൽ ദാതാക്കളും തൊഴിലന്വേഷകരും ഒത്തുകൂടുന്ന അര ദിവസത്തെ പരിപാടിയാണിത്. തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും യഥാക്രമം ഒഴിവുകളിലേക്ക് അപേക്ഷിക്കാനും നിയമനത്തിനുള്ള അഭിമുഖം നടത്താനും ഒത്തുകൂടുന്നു. കഴിഞ്ഞ 16 മാസത്തിനുള്ളിൽ 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് റോസ്ഗർ മേളയ്ക്ക് കീഴിൽ ജോലി ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.
പിഎം വിശ്വകർമ
പരമ്പരാഗത ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൽ കരകൗശല തൊഴിലാളികൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കും സമഗ്രമായ പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2025 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 30 ലക്ഷം രജിസ്റ്റർ ചെയ്ത കരകൗശല വിദഗ്ധരും വിദഗ്ദ്ധ തൊഴിലാളികളുമാണുള്ളത്. 26 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കുള്ള നൈപുണ്യ പരിശോധന പൂർത്തിയായി..
ഐടിഐ അപ്‌ഗ്രഡേഷൻ സ്കീം
2025 മെയ് മാസത്തിൽ അംഗീകരിച്ച ഈ പദ്ധതി, 1000 ഗവൺമെന്റ് ഐടിഐകളെ ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ സംസ്ഥാന നേതൃത്വത്തിലുള്ള, വ്യവസായ മാനേജ്മെന്റ് സ്കില്ലിംഗ് സ്ഥാപനങ്ങളായി ഉയർത്താൻ വിഭാവനം ചെയ്യുന്നു. 200 ഐടിഐകൾ ഹബ് സ്ഥാപനങ്ങളായും 800 എണ്ണം സ്പോക്ക് സ്ഥാപനങ്ങളായും പ്രവർത്തിക്കും. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കളെ തൊഴിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കും.
തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി (Employment Linked Incentive (ELI) Scheme)
തൊഴിൽ സൃഷ്ടിയെ പിന്തുണയ്ക്കുക, തൊഴിലവസരക്ഷമത വർദ്ധിപ്പിക്കുക, ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക സുരക്ഷാ പരിരക്ഷ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ₹1 ലക്ഷം കോടി വകയിരുത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA)
അവിദഗ്ധ തൊഴിലുകൾ ചെയ്യാൻ തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾ കുറഞ്ഞത് 100 ദിവസത്തെ വേതനം ഉറപ്പാക്കി തൊഴിൽ നൽകുകയും ഉപജീവന സുരക്ഷ മെച്ചപ്പെടുത്തുകയും എന്നതാണ് ഇതിന്റെ ലക്ഷ്യം. 2025–26 സാമ്പത്തിക വർഷത്തിൽ MGNREGA യ്ക്ക് 86,000 കോടി രൂപ അനുവദിച്ചു. 2005 ൽ പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണിത്.
.
പ്രധാനമന്ത്രി വികസിത് ഭാരത് റോജ്ഗർ യോജന
2025 ഓഗസ്റ്റിൽ ആരംഭിച്ച ഈ പദ്ധതി, തൊഴിലുടമകളെയും ജീവനക്കാരെയും പ്രോത്സാഹനങ്ങൾ നൽകി പിന്തുണച്ചുകൊണ്ട് തൊഴിൽ സൃഷ്ടി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2025 ഓഗസ്റ്റ് മുതൽ 2027 ജൂലൈ വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി, 2025-26 സാമ്പത്തിക വർഷം മുതൽ 2031-32 സാമ്പത്തിക വർഷം വരെ ₹99,446 കോടി രൂപയുടെ മൊത്തം ബജറ്റിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട് - പാർട്ട് എ 1.92 കോടിയോളം യോഗ്യരായ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പാർട്ട് ബി ഏകദേശം 2.59 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നു.
കൂടാതെ, വ്യവസായ സജ്ജരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിന്, കമ്പനികളിലെ ഇന്റേൺഷിപ്പുകൾ (പിഎം ഇന്റേൺഷിപ്പ് സ്കീം), നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനുമുള്ള പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ സംരംഭങ്ങൾ നിർണ്ണായക പങ്ക് വഹിക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭം ഉത്പാദനത്തെ പുനരുജ്ജീവിപ്പിക്കാനും, അർദ്ധ-വിദഗ്ധ, അവിദഗ്ദ്ധ തൊഴിലാളികൾക്ക് വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക സംരംഭങ്ങൾ
നൈപുണ്യങ്ങൾ, തൊഴിൽ, സംരംഭകത്വം എന്നിവയിലൂടെ വനിതകളെ ശാക്തീകരിക്കുക എന്നതാണ് പ്രത്യേക സംരംഭങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ വനിതാ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുകയും വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില പ്രധാന സർക്കാർ സംരംഭങ്ങൾ ചുവടെ പരാമർശിച്ചിരിക്കുന്നു.
നമോ ഡ്രോൺ ദീദി:
ഒരു കേന്ദ്ര പദ്ധതിയായ ഇത്, വനിതകൾ മുന്നിൽ നിന്ന് നയിക്കുന്ന സ്വയം സഹായ സംഘങ്ങളെ (SHGs) കാർഷിക സേവനങ്ങൾ നൽകുന്നതിനായി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കി ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു. തിരഞ്ഞെടുത്ത വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (2024-25 മുതൽ 2025-2026 വരെ) 15,000 ഡ്രോണുകൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി വാടകയ്ക്ക് സേവനങ്ങൾ നൽകുന്നതിന് (ദ്രാവക വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം) സംരംഭം ലക്ഷ്യമിടുന്നു. സാമ്പത്തിക ശാക്തീകരണത്തിനും സുസ്ഥിരമായ ഉപജീവനമാർഗ്ഗത്തിനും സംഭാവന നൽകുന്ന ഈ സംരംഭത്തിലൂടെ ഓരോ സ്വയം സഹായ സംഘവും പ്രതിവർഷം കുറഞ്ഞത് 1 ലക്ഷം രൂപയുടെ അധിക വരുമാനം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
മിഷൻ ശക്തി:
അവബോധം പ്രോത്സാഹിപ്പിക്കുക, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക, ശില്പശാലകളും പരിശീലനവും നൽകുക എന്നിവയിലൂടെ, മിഷൻ ശക്തി വനിതകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനും സർവ്വശ്ലേഷിയും ശാക്തീകരിക്കപ്പെട്ടതുമായ സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കാനും ശ്രമിക്കുന്നു. ഡേകെയർ സേവനങ്ങളും കുട്ടികളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ള മിഷൻ ശക്തിയുടെ കീഴിൽ വനിതാ-ശിശു വികസന മന്ത്രാലയം 'പാൽന' പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
.
ലഖ്പതി ദീദി പദ്ധതി:
വാർഷിക കുടുംബ വരുമാനം ₹1,00,000 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു സ്വയം സഹായ സംഘ അംഗമാണ് ലഖ്പതി ദീദി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ വരുമാനം കുറഞ്ഞത് നാല് കാർഷിക സീസണുകൾ/അല്ലെങ്കിൽ ബിസിനസ് ചക്രങ്ങളിൽ കണക്കാക്കുന്നു. ശരാശരി പ്രതിമാസ വരുമാനം ₹10,000 ന് മുകളിൽ സുസ്ഥിരത കൈവരിക്കുന്നു. ഇന്ത്യ 3 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, കൂടാതെ 2 കോടി വനിതകൾ ഇതിനോടകം ഈ നാഴികക്കല്ല് കൈവരിച്ചു.
കൂടാതെ, ബാങ്ക് സഖി, ബീമ സഖി, കൃഷി സഖി, പശു സഖി തുടങ്ങിയ വിവിധ പദ്ധതികൾ വനിതകളെ സുസ്ഥിരമായ തൊഴിൽ കണ്ടെത്താൻ പ്രാപ്തമാക്കിയിട്ടുണ്ട്. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, സുഗമമായി വയ്പ ലഭ്യമാക്കൽ, വിപണി പിന്തുണ, നൈപുണ്യ വികസനം, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതി, സങ്കൽപ്, പ്രധാനമന്ത്രി മൈക്രോ ഫുഡ് പ്രോസസ്സിംഗ് സ്കീം, ആദിവാസി മഹിളാ സശക്തികരൺ യോജന, സ്വയം ശക്തി സഹകർ യോജന, DAY-NRLM തുടങ്ങിയ പദ്ധതികളും സംരംഭങ്ങളും സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, മാർഗ്ഗദർശനം എന്നിവ പ്രദാനം ചെയ്ത് വനിതകൾ മുന്നിൽ നിന്ന് നയിക്കുന്ന സംരംഭങ്ങളെ വളർത്തിയെടുക്കുന്നു. ഈ നടപടികൾ വനിതാ സംരംഭകർക്ക് ബിസിനസുകൾ ആരംഭിക്കാനും വികസിപ്പിക്കാനും വഴിയൊരുക്കി അവരെ ശാക്തീകരിക്കുന്നു.
തൊഴിൽ ശക്തിയിൽ വനിതാ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഗവേഷണത്തിലും വികസനത്തിലും അവരെ പ്രോത്സാഹിപ്പിക്കുന്ന വിമൻ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (WISE-KIRAN), SERB-POWER തുടങ്ങിയ ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു.
തൊഴിൽ സാധ്യതകൾ
അതിവേഗം വികസിതമാകുന്ന സാഹചര്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കാൻ, മൂന്ന് പ്രധാന ചോദ്യങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ട് - വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യാധിഷ്ഠിത തൊഴിൽ വിപണിയെ പ്രയോജനപ്പെടുത്താൻ സജ്ജരായ ഡിജിറ്റൽ പ്രാവീണ്യമുള്ള തൊഴിൽ ശക്തി എങ്ങനെ വികസിപ്പിക്കാം? വൈവിധ്യത്തെ വിലമതിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന, യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിന് നമുക്ക് എന്തൊക്കെ തന്ത്രങ്ങളാണ് സ്വീകരിക്കാൻ കഴിയുക? കൂടാതെ, വ്യവസായങ്ങൾ പരിസ്ഥിതി സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിൽ, പരിസ്ഥിതി സൗഹൃദ രീതികളും മൂല്യങ്ങളും നമ്മുടെ തൊഴിൽ സംസ്‌ക്കാരത്തിൽ എങ്ങനെ സമന്വയിപ്പിക്കാം?
നൈപുണ്യ വികസനം വർദ്ധിപ്പിക്കുന്നതിനും സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാർ സംരംഭങ്ങൾ പൂർണ്ണതോതിൽ പുരോഗമിക്കുമ്പോൾ, മുകളിൽ പറഞ്ഞ മൂന്നു ചോദ്യങ്ങൾക്കും ഇന്ത്യയ്ക്ക് സുസജ്ജമായ ഉത്തരങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്. സമഗ്ര വളർച്ചയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഡിജിറ്റൽ സാക്ഷരതയും പരിസ്ഥിതി സൗഹൃദ തൊഴിൽ ശക്തി മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം, തൊഴിൽ ശക്തി വികസനത്തിൽ സർവ്വാശ്ലേഷിത്വത്തിനും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്നു.
മറ്റൊരു വസ്തുത, GCC കൾ നിർമ്മിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഡിജിറ്റൽ കൊമേഴ്‌സ്, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് എന്നതാണ്. ഇന്ത്യ "ലോകത്തിന്റെ GCC ആസ്ഥാനം" ആകാൻ ഒരുങ്ങുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 1,700 ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (GCC ) രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നൽകുന്നു- 2030 ആകുമ്പോഴേക്കും ഈ എണ്ണം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപസംഹാരം
സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നതുപോലെ, ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം പ്രധാന മേഖലകളിലുടനീളമുള്ള സുസ്ഥിരമായ തൊഴിൽ സൃഷ്ടിയെ പ്രതിഫലിപ്പിക്കുന്നു, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി അതിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. ഊർജ്ജസ്വലമായ ജനാധിപത്യം, സ്ഥിരതയാർന്നതും ചലനാത്മകവുമായ സമ്പദ്‌വ്യവസ്ഥ, നാനാത്വത്തിൽ ഏകത്വമെന്ന ആശയം കൈമുതലാക്കിയ സംസ്‌ക്കാരം എന്നിവയുടെ പിന്തുണയോടെ ആഗോള ശക്തികേന്ദ്രമായി മാറുന്നതിനുള്ള പാതയിൽ രാഷ്ട്രം മുന്നേറുകയാണ്.
ഒരു ദശാബ്ദക്കാലത്തെ ശക്തമായ സാമ്പത്തിക പ്രകടനത്തിൽ വേരൂന്നിയതാണ് ഇന്ത്യയുടെ മധ്യകാല വളർച്ചാ പാത. മറ്റ് സ്ഥൂല സാമ്പത്തിക അടിസ്ഥാനങ്ങൾക്കൊപ്പം അവിഭാജ്യമായ തൊഴിൽ വിപണി പരിഷ്‌ക്കാരങ്ങളും, സുസ്ഥിരവും ഘടനാപരവും ഭരണപരവുമായ പരിഷ്‌ക്കാരങ്ങളും, ഇതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഇന്ത്യ ആധുനികവത്ക്കരിക്കപ്പെടുകയും വളരുകയും ചെയ്യുമ്പോൾ, വ്യാവസായിക ആവശ്യകതയുമായി തൊഴിൽ ശക്തി വികസനത്തെ സമന്വയിപ്പിക്കുകയെന്നത് സുസ്ഥിരവും സർവ്വാശ്ലേഷിയുമായ സാമ്പത്തിക പുരോഗതിയിലെ നിർണ്ണായക സ്തംഭമായി തുടരും.
Building the Workforce: India Adds~17 Crore Jobs in 6 years
***************************
(Release ID: 2175059)
Visitor Counter : 6