തെരഞ്ഞെടുപ്പ് കമ്മീഷന്‍
കരുത്തുറ്റ ജനാധിപത്യത്തിൽ രാഷ്ട്രീയകക്ഷികൾക്കുള്ളതു നിർണായക പങ്ക്: CEC ഗ്യാനേഷ് കുമാർ
ബിഹാറിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കമ്മീഷൻ അവലോകനം ചെയ്തു
Posted On:
04 OCT 2025 7:18PM by PIB Thiruvananthpuram
- ബിഹാറിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ചു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ (CEC) ശ്രീ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും പട്നയിൽ ഇന്നു വിശദവും സമഗ്രവുമായ അവലോകനം നടത്തി.
- രണ്ടുദിവസത്തെ അവലോകനസന്ദർശനത്തിന്റെ ആദ്യദിനം ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനത പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാം വിലാസ്), രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എന്നീ അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളുമായി കമ്മീഷൻ സംവദിക്കുകയും നിർദേശങ്ങൾ തേടുകയും ചെയ്തു.
- കരുത്തുറ്റ ജനാധിപത്യത്തിന്റെ സുപ്രധാന പങ്കാളികളാണു രാഷ്ട്രീയകക്ഷികളെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ വിശേഷിപ്പിച്ചു. പോളിങ്-കൗണ്ടിങ് ഏജന്റുമാരെ നിയമിച്ച്, തെരഞ്ഞെടുപ്പുപ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂർണമായി പങ്കെടുക്കാൻ CEC രാഷ്ട്രീയകക്ഷികളോട് ആഹ്വാനം ചെയ്തു.
- തെരഞ്ഞെടുപ്പിനെ വോട്ടർമാർക്കൊപ്പം ഉത്സവപ്രതീതിയിൽ പൂർണമനസോടെ ആഘോഷിക്കാൻ കമ്മീഷൻ രാഷ്ട്രീയകക്ഷികൾക്കു പ്രോത്സാഹനമേകി.
- ചരിത്രപരമായ പ്രത്യേക തീവ്ര പരിഷ്കരണ (SIR) പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനും വോട്ടർപട്ടിക ശുദ്ധീകരിച്ചതിനും രാഷ്ട്രീയകക്ഷികൾ കമ്മീഷനു നന്ദി അറിയിക്കുകയും തെരഞ്ഞെടുപ്പുപ്രക്രിയകളിലുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ആവർത്തിക്കുകയും ചെയ്തു.
- തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്, ഛഠ് ഉത്സവത്തിനു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു നടത്താനും കഴിയുന്നത്രയും കുറഞ്ഞ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പു പൂർത്തിയാക്കാനും രാഷ്ട്രീയകക്ഷികൾ നിർദേശിച്ചു.
- ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുക, EVM എണ്ണലിന്റെ അവസാന റൗണ്ടിനുമുമ്പു തപാൽ ബാലറ്റ് വോട്ടുകളുടെ എണ്ണൽ പൂർത്തിയാക്കുക, പോളിങ് സ്റ്റേഷൻ വിടുന്നതിനുമുമ്പു പ്രിസൈഡിങ് ഓഫീസർ (PrO) രാഷ്ട്രീയകക്ഷി ഏജന്റുമാർക്കു ഫോം 17C വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ കമ്മീഷന്റെ സമീപകാല സംരംഭങ്ങളെ രാഷ്ട്രീയകക്ഷികൾ പ്രത്യേകം അഭിനന്ദിച്ചു.
- സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള കർത്തവ്യം നിറവേറ്റുന്നതിൽ കമ്മീഷനിലുള്ള പൂർണവിശ്വാസം എല്ലാ രാഷ്ട്രീയകക്ഷികളും പ്രകടിപ്പിച്ചു.
- രാഷ്ട്രീയകക്ഷികളുമായുള്ള ആശയവിനിമയത്തിനുശേഷം കമ്മീഷണർമാർ, IG-മാർ, DIG-മാർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ (DEO), സീനിയർ സൂപ്രണ്ടുമാർ (SSP), സൂപ്രണ്ടുമാർ (SP) എന്നിവരുമായി തെരഞ്ഞെടുപ്പ് ആസൂത്രണം, EVM കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ്, പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണം, അടിസ്ഥാനസൗകര്യങ്ങൾ, തെരഞ്ഞെടുപ്പു ജീവനക്കാരുടെ പരിശീലനം, പിടിച്ചെടുക്കൽ, ക്രമസമാധാനം, വോട്ടർമാർക്കുള്ള അവബോധം, പ്രചാരണപ്രവർത്തനങ്ങൾ എന്നിവയുടെ എല്ലാ വശങ്ങളെക്കുറിച്ചും കമ്മീഷൻ വിശദമായ അവലോകനം നടത്തി.
- രാഷ്ട്രീയകക്ഷികൾ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉദ്യോഗസ്ഥർക്കു വിശദമായ നിർദേശങ്ങൾ നൽകി. രാഷ്ട്രീയകക്ഷികളുടെ ആവലാതികളും പരാതികളും പൂർണമായി പരിഹരിക്കാനും ഉടനടി പരിഹാരം ഉറപ്പാക്കാനും കമ്മീഷൻ എല്ലാ DEO-മാർക്കും SP-മാർക്കും നിർദേശം നൽകി.
- വ്യാജവാർത്തകളുടെ കാര്യത്തിൽ, സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും എല്ലാ DEO-മാർക്കും SP-മാർക്കും നിർദേശം നൽകി.
-AT-
(Release ID: 2174850)
|