ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

മികച്ച ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയർന്നുവരുമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.


പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രത്തിനായുള്ള ദർശനങ്ങളായ ആത്മനിർഭർ, വിശ്വബന്ധു, വികസിത് ഭാരത് എന്നീ ആശയങ്ങളുമായി ശ്രീചിത്ര ചേർന്ന് നിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Posted On: 03 OCT 2025 5:38PM by PIB Thiruvananthpuram

കുറഞ്ഞ നിരക്കിൽ, ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം കാര്യക്ഷമമായി നിർവഹിക്കുന്ന തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)യുടെ പ്രവർത്തനങ്ങളെ  കേന്ദ്ര ശാസ്ത്ര സാങ്കേതിക (സ്വതന്ത്ര ചുമതല), ഭൗമ ശാസ്ത്ര  വകുപ്പ് മന്ത്രിയും, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, പേഴ്‌സണൽ, പൊതുജന പരാതി പരിഹാര വകുപ്പ്, പെൻഷൻ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുമായ  ഡോ. ജിതേന്ദ്ര സിംഗ് വെള്ളിയാഴ്ച പ്രശംസിച്ചു. ഉൽപ്പാദനം വർദ്ധിപ്പിക്കാനും തദ്ദേശീയമായ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കുറഞ്ഞ ചിലവിൽ മികച്ച  ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയർന്നുവരുമെന്ന വാഗ്ദാനം നിറവേറ്റപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

'സ്വാശ്രയത്തിനായുള്ള നൂതനാശയങ്ങൾ - തദ്ദേശീയമായ വൈദ്യശാസ്ത്ര ഉപകരണ നിർമ്മാണത്തിലൂടെ ആരോഗ്യ സംരക്ഷണം ത്വരിതപ്പെടുത്തൽ -  ഇതിൽ ശ്രീചിത്രയുടെ  സംഭാവനകൾ' എന്ന വിഷയത്തിൽ നടന്ന പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് ഇപ്രകാരം പറഞ്ഞു, "എസ്.സി.ടി.ഐ.എം.എസ്.ടി മനുഷ്യ ജീവന്റെ  രക്ഷക്കായുള്ള നിരവധി സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും, അതിന്റെ വിപുലമായ ഉപയോഗവും പൊതുജന അവബോധവും ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ഉപകരണങ്ങൾ ഡൽഹി പോലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം. പൊതുജനങ്ങളെയും മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെയും പങ്കെടുപ്പിച്ചു നടത്തുന്ന അത്തരം പരിപാടികളിലൂടെ അതിന്റെ പ്രയോജനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയും" അദ്ദേഹം നിർദ്ദേശിച്ചു.


 ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ആത്മനിർഭർ ഭാരത് എന്ന ആശയവും, ഹൃദയ വാൽവുകൾ, എംആർഐ-അനുയോജ്യമായ ഷണ്ടുകൾ തുടങ്ങിയ ഉപകരണങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് വിശ്വബന്ധു ഭാരത് എന്നതും, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലൂടെയും വ്യവസായ പങ്കാളിത്തത്തിലൂടെയും വികസിത് ഭാരത് 2047 എന്ന ലക്ഷ്യവും ഉൾക്കൊള്ളുന്ന പ്രധാനമന്ത്രിയുടെ രാഷ്ട്ര ദർശനവുമായി എസ്‌സിടിഐഎംഎസ്ടിയുടെ പ്രവർത്തനങ്ങൾ ചേർന്ന് നിൽക്കുകയാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.


ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകംതന്നെ  രണ്ട് ലക്ഷത്തിലധികം രോഗികൾക്ക് ഹൃദയ വാൽവുകളും, ഏകദേശം 2,000 രോഗികൾക്ക് അഡ്വാൻസ്ഡ് ഷണ്ടുകളും നിർമ്മിച്ച് നൽകിയിട്ടുണ്ടെന്ന് ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം ദുരന്തങ്ങളിലും, യുദ്ധക്കളങ്ങളിലും വൈദ്യ പരിചരണത്തിനായി ഹെമോസ്റ്റാസിസ് പാച്ച് പോലുള്ള നൂതനാശയങ്ങൾ നിർണായകമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. പ്രമുഖ ആശുപത്രികളിൽ പോലും ശ്രീ ചിത്രയുടെ അത്തരം നേട്ടങ്ങൾ പലപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, അതിനാൽ, ഇത്തരം ഉപകരണങ്ങളും സേവനങ്ങളും കൂടുതൽ വ്യാപകമായി ലഭ്യമാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില പാശ്ചാത്യ രാജ്യങ്ങളിൽ നിലവിൽ ഉള്ളതും, എന്നാൽ നമുക്ക്  താരതമ്യേന പുതിയതുമായ  ആശയമാണ് നാല് "T" കളുടെ സംയോജനം. അതായത് Teaching-പഠനം, Training-പരിശീലനം, Treatment-ചികിത്സ and Trade-വ്യാപാരം, എന്നീ നാല്  ടി"കൾ സംയോജിപ്പിച്ചുകൊണ്ട് എസ്‌സിടിഐഎംഎസ്ടി ഇന്ത്യയിൽ ഒരു സവിശേഷ മാതൃകയെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനം  നൽകുകയും പരിചരിക്കുകയും ചെയ്യുക മാത്രമല്ല, ഉൽപ്പാദനത്തിലൂടെ സാമ്പത്തിക മൂല്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 ഇന്ത്യയുടെ മെഡിക്കൽ ടെക്നോളജി മേഖല 2025 ൽ ഏകദേശം 12 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്നും പ്രതിവർഷം ഏകദേശം 20 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്നും 2030 ആകുമ്പോഴേക്കും ഇത് 50 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നും, മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഐസിഎംആർ, ഡിബിടി, സിഎസ്ഐആർ, ഡിആർഡിഒ, ഐഎൻഎസ്എ തുടങ്ങിയ ദേശീയ ഏജൻസികളുമായുള്ള സഹകരണവുമുള്ള ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ട്.

ഉൽപ്പാദനം വർദ്ധിക്കുമ്പോഴും താങ്ങാനാവുന്ന വില കേന്ദ്രബിന്ദുവായി തുടരണമെന്ന് പറഞ്ഞുകൊണ്ട്, വ്യവസായവുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം ഡോ. ​​ജിതേന്ദ്ര സിംഗ് അടിവരയിട്ടു. 2047 ആകുമ്പോഴേക്കും ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിനും മെഡിക്കൽ ടൂറിസത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയർത്തുന്നതിന് ഈ സ്ഥാപനത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"അതിന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കി, ശ്രീചിത്രയ്ക്ക് ദേശീയ ആരോഗ്യ മുൻഗണനകളും ആഗോള ആവശ്യവും നിറവേറ്റാൻ കഴിയും, ലോക ആരോഗ്യ സംരക്ഷണ മേഖലയിൽ വിശ്വസനീയ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ കഴിയും," അദ്ദേഹം പറഞ്ഞു.

ഡിഎസ്ടി മുൻ സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ; ഡിഎസ്ടി സെക്രട്ടറി ഡോ. അഭയ് കരണ്ടിക്കർ; എസ്സിടിഐഎംഎസ്ടി പ്രസിഡന്റ് പ്രൊഫ. ക്രിസ് ഗോപാലകൃഷ്ണൻ; എസ്സിടിഐഎംഎസ്ടി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി; മുതിർന്ന ഫാക്കൽറ്റികൾ, ശാസ്ത്രജ്ഞർ, വ്യവസായ പങ്കാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  

 

-SK-


(Release ID: 2174780) Visitor Counter : 7
Read this release in: English , Urdu , Hindi