പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

ചോദ്യപേപ്പറുകൾ കാണാനും അവലോകനം ചെയ്യാനും രേഖപ്പെടുത്തിയ ഉത്തരവും ശരിയായ ഉത്തരവും കാണാനും സൂക്ഷിക്കാനും ഉദ്യോഗാർത്ഥികൾക്ക് അവസരം ഒരുക്കി എസ് എസ് സി

Posted On: 03 OCT 2025 6:18PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകൾ കൂടുതൽ സുതാര്യവും സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ നിരവധി പരീക്ഷകൾക്ക് കമ്മീഷൻ തയ്യാറെടുക്കുമ്പോൾ, പരീക്ഷയുടെ സമഗ്രതയും ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യതയും സന്തുലിതമാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ വഴിയൊരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചോദ്യപേപ്പറുകൾ പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതുമാണ് ഒരു പ്രധാന പരിഷ്കാരം. SSC പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്വന്തം ചോദ്യപേപ്പറുകൾ, അതിന് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ, ശരിയായ ഉത്തരങ്ങൾ എന്നിവ കാണാൻ കഴിയും. ഉത്തരസൂചികകളിൽ ഏതിലെങ്കിലും സംശയമുണ്ടെങ്കിൽ തെളിവുകളുടെ സഹായത്തോടെ അത് ഉന്നയിക്കാനും വ്യക്തിഗത ഉപയോഗത്തിനായി പകർപ്പുകൾ സൂക്ഷിക്കാനും ഇത് ഉദ്യോഗാർത്ഥികളെ അനുവദിക്കുന്നു. തുടർന്നുള്ള പരീക്ഷ സെഷനുകളിലെ പേപ്പറുകളെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ മൾട്ടി-ഷിഫ്റ്റ് പരീക്ഷകളിൽ മാത്രം ചില നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് SSC ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളെ കൂടുതൽ സഹായിക്കുന്നതിന്, തിരഞ്ഞെടുത്ത മുൻകാല ചോദ്യപേപ്പറുകൾ കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക സാമ്പിൾ സെറ്റുകളായി പ്രസിദ്ധീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു. വരാനിരിക്കുന്ന പരീക്ഷകളുടെ രഹസ്യാത്മകത പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇത് ഉദ്യോഗാർത്ഥികൾക്ക് ആധികാരിക പഠന സാമഗ്രികൾ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 പരീക്ഷാ പ്രക്രിയ കൂടുതൽ ഉദ്യോഗാർത്ഥി സൗഹൃദപരമാക്കുന്നതിന്, ചോദ്യങ്ങളിൽ സംശയം ഉന്നയിക്കുന്നതിനുള്ള (challenging) ഫീസ് SSC പകുതിയായി കുറച്ചു. ഒരു ചോദ്യത്തിന് 100 രൂപ ആയിരുന്നത് 50 രൂപയാക്കി. ഇത് ഉദ്യോഗാർത്ഥികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നു. നിലവിലുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1800-309-3063 ന് പുറമേ, ഒരു ഓൺലൈൻ അഭിപ്രായ, പരാതി പരിഹാര പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്, ഇത് ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. തുല്യ-ശതമാന നോർമലൈസേഷനാണ് എസ് എസ് സി ഏറ്റവും പ്രധാനമായി അവതരിപ്പിച്ച നടപടികളിലൊന്ന്. ലളിതമായി പറഞ്ഞാൽ, ഈ രീതി, യഥാർഥ മാർക്കിനെക്കാൾ അവരുടെ പെർസൻ്റൈൽ സ്‌കോറിൻ്റെ അടിസ്ഥാനത്തിൽ മാർക്ക്‌ താരതമ്യം ചെയ്യുന്നു. വ്യത്യസ്ത പരീക്ഷാ ഷിഫ്റ്റുകളിലായുള്ള ചോദ്യപേപ്പറുകളുടെ നിലവാര വ്യതിയാനത്തിൽ നിന്ന് ഉണ്ടാകാവുന്ന നേട്ടമോ ദോഷമോ ഇത് ഇല്ലാതാക്കുന്നു. ഉദാഹരണത്തിന്, ഒരു ബാച്ച് ഉദ്യോഗാർത്ഥികൾക്ക് മറ്റൊന്നിനേക്കാൾ അല്പം കഠിനമായ ചോദ്യപേപ്പർ ലഭിക്കുകയാണെങ്കിൽ, എല്ലാ ഗ്രൂപ്പുകളിലും ഫലങ്ങൾ ന്യായമായും സ്ഥിരതയോടെയും തുടരുന്നുവെന്ന് നോർമലൈസേഷൻ ഉറപ്പാക്കുന്നു.

 പരീക്ഷാ സുരക്ഷയും നീതിയും ഉറപ്പാക്കുക എന്നതും ഒരു പ്രധാന മുൻഗണനയാണ്. ആൾമാറാട്ടം തടയുന്നതിനും ഒരേ പരീക്ഷയിൽ ഒന്നിലധികം തവണ പങ്കെടുക്കുന്നത് തടയുന്നതിനും ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം അവതരിപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ ഇപ്പോൾ ഒരു ഡിജിറ്റൽ സംവിധാനത്തിലൂടെ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെടുന്നു, ഇത് ചോദ്യപേപ്പർ ചോർച്ചയ്ക്ക് സാധ്യത കുറയ്ക്കുന്നു. ഹാക്കിംഗ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ദുരുപയോഗം തടയുന്നതിന് എസ്‌എസ്‌സി പ്രത്യേക ഐടി ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ നിരീക്ഷണ സംവിധാനം കർശനമാക്കിയിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നതായി കണ്ടെത്തുന്ന കേന്ദ്രങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കുമെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

2025 ലെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയുടെ (സിജിഎൽഇ) അടുത്തിടെ സമാപിച്ച ടയർ-I പരീക്ഷയിൽ ഈ നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 28 ലക്ഷം ഉദ്യോഗാർത്ഥികൾ ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. 126 നഗരങ്ങളിലും 255 കേന്ദ്രങ്ങളിലുമായി 45 ഷിഫ്റ്റുകളിലായി ഏകദേശം 13.5 ലക്ഷം പേർ പരീക്ഷ എഴുതി. ചില കേന്ദ്രങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് അവിടെ ഒക്ടോബർ 14 ന് എസ്‌എസ്‌സി വീണ്ടും പരീക്ഷ പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ, എസ്എംഎസ് വഴി വ്യക്തിഗതമായി അറിയിക്കും. ചോദ്യങ്ങളിൽ സംശയം ഉന്നയിക്കാനുള്ള പ്രക്രിയ അടുത്ത ദിവസം, ഒക്ടോബർ 15 ന് ആരംഭിക്കും.

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള പദ്ധതികളും കമ്മീഷൻ പുറത്തിറക്കി. 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ, കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSLE), മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS), ജൂനിയർ എഞ്ചിനീയർ (JE), കോൺസ്റ്റബിൾ (ഡൽഹി പോലീസ് & CAPFs), സബ്-ഇൻസ്‌പെക്ടർ (ഡൽഹി പോലീസ് & CAPFs), ഡൽഹി പോലീസിൻ്റെ ടെക്‌നിക്കൽ കേഡർ പരീക്ഷകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പരീക്ഷകൾ നടത്തും. നിലവിലുള്ള പരിഷ്കാരങ്ങൾ ഈ പരീക്ഷകൾ ന്യായവും കാര്യക്ഷമവും ഉദ്യോഗാർത്ഥി സൗഹൃദപരവുമാണെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നതിന് X ൽ SSC (@SSC_GoI) അതിൻ്റെ ഔദ്യോഗിക ഹാൻഡിൽ ആരംഭിച്ചു. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിൽ വഞ്ചിതരാകരുതെന്നും കമ്മീഷൻ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു.

 

സുവർണ്ണ ജൂബിലി വർഷത്തിലേക്ക് അടുക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റിക്രൂട്ട്‌മെൻ്റ് നടപടികളിലെ സുതാര്യതയും നീതിയും ഉറപ്പുവരുത്തുന്നതിന് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. "ആത്മാർത്ഥതയുള്ള  ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ചെയ്യാനും പരീക്ഷകളുടെ സമഗ്രത ഉയർത്തിപ്പിടിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പുതിയ പരിഷ്കരണങ്ങൾ " എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

**************


(Release ID: 2174707) Visitor Counter : 44
Read this release in: English , Urdu , Hindi , Kannada