യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

'മൈ ഭാരത്' മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി

Posted On: 01 OCT 2025 3:09PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിൽ 'മൈ ഭാരത്' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള യുവജനകാര്യ വകുപ്പിൻ്റെ (DoYA) യുവ നേതൃത്വ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈ ഭാരത് പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ (MeitY) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) ആണ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്.
 

 
 “ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഗവൺമെൻ്റിൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിലെ ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണ് മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷൻ്റെ സമാരംഭം. സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടൽ പ്രയോജനപ്പെടുത്തുന്നതിലൂടെ, നേതൃത്വം, പങ്കാളിത്തം, രാഷ്ട്രനിർമ്മാണത്തിനുള്ള പുതിയ വഴികൾ എന്നിവ ഇത് തുറക്കുന്നു. രാജ്യത്തുടനീളമുള്ള യുവാക്കളെ ഇന്ത്യയുടെ വളർച്ചാ യാത്രയിൽ കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യാൻ ഇത് പ്രാപ്തരാക്കുന്നു”- ചടങ്ങിനെ അഭിസംബോധന ചെയ്ത ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
 


നൂതനമായ മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷൻ, പ്രവേശനക്ഷമതയും ഉപയോക്തൃ സൗകര്യവും ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഉപയോക്തൃ സൗകര്യപൂർണമായ ഇൻ്റർഫേസുള്ള ഈ ആപ്പ്, ഡെസ്‌ക്‌ടോപ്പുകളെയോ ബ്രൗസറുകളെയോ ആശ്രയിക്കാതെ, എപ്പോൾ, എവിടെ വേണമെങ്കിലും അവസരങ്ങൾ കണ്ടെത്താൻ യുവാക്കളെ സഹായിക്കുന്നു. വെബ് ആപ്ലിക്കേഷനിലൂടെ മൊബിലിറ്റിയുടെ അധിക നേട്ടം വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷൻ, തത്സമയ ഇടപെടലും ദ്രുതഗതിയിലുള്ള പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമായ ഈ ആപ്പ് ഉടൻ തന്നെ മറ്റു ഇന്ത്യൻ ഇന്ത്യൻ ഭാഷകളിലും ലഭ്യമാകും. ഇത് എല്ലാവരെയും ഉൾപ്പെടുത്തുന്നതിനും എല്ലാവരിലും എത്തിച്ചേരുന്നതിനും വഴിയൊരുക്കും.


 

മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷനിലൂടെ, യുവാക്കൾക്ക് VBLYD 2026 പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കാനും കഴിയും. ഇത് ഈ പ്ലാറ്റ്‌ഫോമിനെ ആശയവിനിമയത്തിനും അവസരങ്ങൾക്കുമുള്ള ഒരു ഇടം മാത്രമല്ല, സംവേദനാത്മക പഠനത്തിനും അവബോധത്തിനുമുള്ള ഒരു വേദിയാക്കിയും മാറ്റുന്നു. ഈ സവിശേഷത, യുവ ഉപയോക്താക്കൾക്ക് അവരുടെ അറിവ് പരിശോധിക്കാനും വിവരങ്ങൾ അറിയാനും വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായിക്കും


മൈ ഭാരത് മൊബൈൽ ആപ്പ് യുവാക്കൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു:

● സന്നദ്ധസേവനം, ഇൻ്റേൺഷിപ്പുകൾ, മെൻ്റർഷിപ്പ്, അനുഭവപരിചയ പഠനം എന്നിവയ്ക്കായി പരിശോധിച്ചുറപ്പിച്ച അവസരങ്ങളിലേക്കുള്ള മൊബൈൽ അധിഷ്ഠിത പ്രവേശനം.

● ഡിജിറ്റൽ ബാഡ്ജുകൾ, സർട്ടിഫിക്കറ്റുകൾ, വ്യക്തിഗത പ്രൊഫൈലുകൾ എന്നിവയിലൂടെ യുവാക്കളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള അംഗീകാരം.

● മാർഗനിർദ്ദേശങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, നിർമിത ബുദ്ധി (AI) വഴി വ്യക്തിവിവരണ രേഖകൾ തയ്യാറാക്കൽ എന്നിവയിലൂടെ കരിയർ ശാക്തീകരണം.

● ഇന്ത്യയുടെ വികസന യാത്രയിൽ യുവാക്കളെ നേരിട്ട് സംഭാവന ചെയ്യാൻ പ്രാപ്തരാക്കുന്ന വിധത്തിൽ ദേശീയ തലത്തിലെ മുൻനിരപരിപാടികളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കൽ.

അമൃത് കാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയാണ് മൊബൈൽ ആപ്ലിക്കേഷൻ്റെ സമാരംഭം പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള യുവാക്കൾക്കിടയിൽ ആശയവിനിമയം, നേതൃത്വം, നൂതന ആശയങ്ങൾ, പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ നട്ടെല്ലായി മൈ ഭാരത് പ്ലാറ്റ്‌ഫോം, അതിൻ്റെ പുതിയ ആപ്പിലൂടെ പ്രവർത്തിക്കും.

കൂടാതെ, രാജ്യത്തുടനീളമുള്ള യുവജന കേന്ദ്രീകൃത സംരംഭങ്ങളിലേക്കുള്ള യുവാക്കളുടെ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി കോമൺ സർവീസസ് സെൻ്ററുകളെ (സി‌എസ്‌സി) മൈ ഭാരത് പോർട്ടലുമായി സംയോജിപ്പിക്കുന്നതായും കേന്ദ്ര മന്ത്രി ഇന്ന് പ്രഖ്യാപിച്ചു.
 സി‌എസ്‌സിയുടെ അഞ്ച് ലക്ഷത്തിലധികം ഗ്രാമതല സംരംഭകർ (വി‌എൽ‌ഇ) ഉൾപ്പെടുന്ന വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തി, മൈ ഭാരത് പോർട്ടൽ ഇപ്പോൾ ഏറ്റവും വിദൂര, ഗ്രാമപ്രദേശങ്ങളിൽ പോലും ലഭ്യമാണ്. ഇത് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള യുവാക്കൾക്ക് വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് (വി‌ബി‌വൈ‌എൽ‌ഡി) ക്വിസിലും മൈ ഭാരത് പോർട്ടലിൽ അവതരിപ്പിക്കുന്ന മറ്റ് അവസരങ്ങളിലും തടസ്സമില്ലാതെ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും വഴിയൊരുക്കുന്നു.

രജിസ്ട്രേഷനുകൾ നടത്തുന്നതിനൊപ്പം, മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ വിപുലമായ ആനുകൂല്യങ്ങളും അവസരങ്ങളും സംബന്ധിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനും സി‌എസ്‌സികളുടെ വിശാല ശൃംഖല സഹായിക്കും. സിവി നിർമാണം, അനുഭവ പഠന അവസരങ്ങൾ, മൈ ഭാരത് സന്നദ്ധ പ്രവർത്തനം തുടങ്ങിയവയ്ക്ക് ഇത് സഹായിക്കും.

 സമഗ്ര പങ്കാളിത്തം, ഡിജിറ്റൽ പ്രവേശന ക്ഷമത, മൈ ഭാരത് സംരംഭങ്ങൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ എത്തിക്കൽ എന്നിവ ഉറപ്പാക്കി രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു.

2023 ഒക്ടോബർ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച മൈ ഭാരത് പ്ലാറ്റ്‌ഫോം https://mybharat.gov.in/ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ യുവജന കേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങളിൽ ഒന്നായി വളർന്നിരിക്കുന്നു. 1.81 കോടിയിലധികം യുവാക്കൾ രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൽ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വരെ 1.20 ലക്ഷത്തിലധികം സംഘടനകൾ പ്ലാറ്റ്‌ഫോമിൽ ചേർന്നു. ഇത് സന്നദ്ധസേവനം, ഇൻ്റെൺഷിപ്പുകൾ, വൈദഗ്ധ്യം, സാമൂഹ്യ സേവനം എന്നിവയിൽ ബൃഹത്തായ പങ്കാളിത്തം സാധ്യമാക്കുന്നു.

******************
 

(Release ID: 2173664) Visitor Counter : 7
Read this release in: Hindi , English , Urdu , Gujarati