ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ഗോത്ര വര്‍ഗ യുവാക്കളെ ശാക്തീകരിക്കുന്നതിനായി ആദി യുവ ഫെലോഷിപ്പ്, ആദി കര്‍മ്മയോഗി സന്നദ്ധ പ്രവര്‍ത്തക പരിപാടി എന്നിവയ്ക്ക് രാജ്യവ്യാപകമായി തുടക്കം കുറിച്ചു
Posted On:
22 SEP 2025 7:43PM by PIB Thiruvananthpuram
ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അടിസ്ഥാനതലത്തിലെ നേതൃശക്തിയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി വിഭാവനം ചെയ്ത 'ആദി കര്‍മ്മയോഗി അഭിയാന്‍' എന്ന മുന്‍നിര സംരംഭത്തിന് കീഴിലായി ആദി യുവ ഫെലോഷിപ്പ്, ആദി കര്‍മ്മയോഗി സന്നദ്ധ പ്രവര്‍ത്തക പരിപാടി എന്നിവയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ ഘടകവുമായി സഹകരിച്ച് ഗോത്രകാര്യ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്.
ജനജാതീയ ഗൗരവ് വര്‍ഷത്തിന്റെ (15 നവംബര്‍ 2024-15 നവംബര്‍ 2025) ഭാഗമായി 2025 സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ആദി കര്‍മ്മയോഗി അഭിയാന്‍ ഉദ്ഘാടനം ചെയ്തത്. 30 സംസ്ഥാനങ്ങളിലെയും/ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 550 ജില്ലകളിലെ ഗോത്രവര്‍ഗ്ഗ ജനത കൂടുതലായുള്ള ഒരു ലക്ഷം ഗ്രാമങ്ങളിലെ 11 കോടി പൗരന്മാരുമായി നേരിട്ട് സംവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രതികരണശേഷി, ഉത്തരവാദിത്വം പൗരകേന്ദ്രീകൃത ഭരണം എന്നിവയുടെ തത്വങ്ങളില്‍ അധിഷ്ഠിതമായ ഈ പദ്ധതി, ഭരണത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനും 2047 ലെ വികസിത ഭാരതത്തിന്റെ അടിത്തറയാക്കി മാറ്റാനും ശ്രമിക്കുന്നു.
ഈ സംരംഭത്തിന്റെ ഭാഗമായി, ആദി സേവാപര്‍വ് (17 സെപ്റ്റംബര്‍- 2 ഒക്ടോബര്‍ 2025) നടക്കുന്നു. ഈ വേളയില്‍ ഗോത്ര സമൂഹങ്ങളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 'ഗോത്ര ഗ്രാമ ദര്‍ശനം 2030' കര്‍മ്മ പദ്ധതി തയ്യാറാക്കും. ഇത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയിലേക്കുള്ള പ്രാദേശിക വികസന പാതകള്‍ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കും.
ആദി യുവ ഫെലോഷിപ്പ്
യുഎന്‍ ഇന്ത്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആദി യുവ ഫെലോഷിപ്പ്, ഘടനാപരമായ പഠന പ്രവര്‍ത്തനങ്ങള്‍, മാര്‍ഗനിര്‍ദേശം, കരിയര്‍ വികസനം എന്നിവയിലൂടെ ഗോത്ര യുവാക്കളെ ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇത്തരത്തിലുള്ള പ്രഥമ പരിപാടിയാണ്.
തിരഞ്ഞെടുത്ത ഗോത്ര യുവാക്കള്‍ക്ക് ശമ്പളമടക്കം 12 മാസത്തെ ഫെലോഷിപ്പ് ലഭിക്കും. അറിവ് സമാഹരണം, തൊഴില്‍ പരിചയം, പ്രായോഗിക അനുഭവ പരിശീലനം എന്നിവയടങ്ങുന്ന ഒരു പ്രത്യേക പഠന പദ്ധതിയാണിത്.
ഫെലോകള്‍ക്ക് പ്രതിമാസ അലവന്‍സുകള്‍, സമഗ്ര ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ, ഉയര്‍ന്ന നിലവാരമുള്ള യുഎന്‍, വാണിജ്യ പഠന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും.
പിഎംകെവിവൈ 4.0, NAPS, പിഎം വികസിത ഭാരത് റോസ്ഗര്‍ യോജന തുടങ്ങിയ ദേശീയ നൈപുണ്യ, തൊഴില്‍ പദ്ധതികളുമായി ഫെലോഷിപ്പ് ലഭിച്ച യുവാക്കളെ ബന്ധിപ്പിക്കുന്നതാണ് ഈ പരിപാടി. ഇത് ദീര്‍ഘകാല കരിയറിലേക്കുള്ള വഴികള്‍ ഉറപ്പാക്കുന്നു.

മികച്ച മാര്‍ഗനിര്‍ദ്ദേശത്തോടെയുള്ള പഠനം, പരസ്പര പങ്കാളിത്തത്തോടെയുള്ള സംവേദനാത്മക പഠനം, ദേശീയ, അന്തര്‍ദേശീയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം എന്നിവയും ഫെലോകള്‍ക്ക് ഇതിലൂടെ ലഭിക്കും.16 ഫെലോകളുടെ ആദ്യ ബാച്ചിനെ അടുത്ത മാസം ഒരു മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ യുഎന്‍ ഏജന്‍സികളില്‍ നിയമിക്കും.
ആദി കര്‍മ്മയോഗി സന്നദ്ധ പ്രവര്‍ത്തകര്‍
യുഎന്‍എഫ്പിഎയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആദി കര്‍മ്മയോഗി സന്നദ്ധ പ്രവര്‍ത്തക സംരംഭം, ഗോത്ര യുവാക്കളെ അടിസ്ഥാനതല മാറ്റത്തിന് ഉത്തേജകമായി പ്രവര്‍ത്തിക്കാനും ഗോത്ര മേഖലകളിലെ എല്ലാ കോണിലും സേവന വിതരണം ശക്തിപ്പെടുത്താനും സജ്ജരാക്കും.
യുഎന്‍എഫ്പിഎയുടെ പിന്തുണയോടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും 13 ജില്ലകളിലെ 82 ബ്ലോക്കുകളിലായി ആദി കര്‍മ്മയോഗി സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ 82 യുഎന്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെ രണ്ട് മാസത്തെ തീവ്ര അടിസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
ഗ്രാമ ദര്‍ശനം 2030 ആസൂത്രണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പദ്ധതികളുടെയും സേവനങ്ങളുടെയും മെച്ചപ്പെട്ട ലഭ്യത എന്നിവയെ സന്നദ്ധ പ്രവര്‍ത്തകര്‍ പിന്തുണയ്ക്കും. ഗ്രാമതലത്തില്‍ സമൂഹ പങ്കാളിത്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണവും ശക്തിപ്പെടുത്തുന്നതിന് അവരുടെ സംഭാവനകള്‍ സഹായിക്കും.

***********************
(Release ID: 2169867)
Visitor Counter : 9