പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
CCS UPS ചട്ടങ്ങൾ 2025 ജീവനക്കാരെ അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജരാക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ്.
Posted On:
10 SEP 2025 6:55PM by PIB Thiruvananthpuram
ദേശീയ പെൻഷൻ സംവിധാനമോ (NPS) പുതുതായി അവതരിപ്പിച്ച ഏകീകൃത പെൻഷൻ പദ്ധതിയോ (UPS) തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരെ അനുവദിക്കുന്ന CCS (ദേശീയ പെൻഷൻ പദ്ധതിയുടെ കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ നിർവ്വഹണം) ചട്ടങ്ങൾ-2025, വിജ്ഞാൻ ഭവനിൽ നടന്ന 14-ാമത് പെൻഷൻ അദാലത്തിൽ വച്ച് കേന്ദ്ര ഉദ്യോഗസ്ഥകാര്യ, പൊതുജന പരാതി പരിഹാര, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കി.
ജീവനക്കാർക്കും പെൻഷൻകാർക്കുമായി പദ്ധതിയുടെ പ്രധാന വശങ്ങൾ വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ, UPS നെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഹ്രസ്വചിത്രവും പുതിയ ചട്ടങ്ങളുടെ വിജ്ഞാപനത്തോടൊപ്പം ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കി. പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന കാര്യത്തിൽ വിജ്ഞാപനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് NPS, UPS എന്നിവയിൽ നിന്നുള്ള തിരെഞ്ഞെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ അവബോധം ഉറപ്പാക്കുന്നതിനായി, പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പ് (DoPPW) വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹിക മാധ്യമ പ്രചാരണങ്ങൾ, വകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ ഉള്ളടക്കങ്ങൾ, മന്ത്രാലയങ്ങളും വകുപ്പുകളും സംഘടിപ്പിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ ശില്പശാലകൾ എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതി ബന്ധപ്പെട്ട എല്ലാവരിലും താത്പര്യം ജനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഡോ. ജിതേന്ദ്ര സിംഗ് പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സെപ്റ്റംബർ 2 ന് വിജ്ഞാപനം ചെയ്ത CCS (ദേശീയ പെൻഷൻ പദ്ധതിയുടെ കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ നിർവ്വഹണം) ചട്ടങ്ങൾ, 2025 - ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
UPS ൽ ചേരുന്ന ജീവനക്കാർക്ക്, എങ്ങനെ എൻറോൾ ചെയ്യാമെന്നും ഓപ്ഷൻ പ്രയോഗിക്കാമെന്നും ചട്ടങ്ങൾ വ്യക്തതയോടെ വിശദീകരിക്കുന്നു. പിന്നീട് മനസ്സ് മാറുന്നവർക്ക് NPS ലേക്ക് മടങ്ങാവുന്നതാണ് എന്നത് പ്രധാനമാണ്- വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുക്കുന്നതിന് മൂന്ന് മാസം മുമ്പ് വരെ അവർക്ക് NPS ലേക്ക് മടങ്ങാം.
ജീവനക്കാരുടെയും സർക്കാരിന്റെയും UPS സംഭാവനകൾ എങ്ങനെ പ്രവർത്തിക്കുമെന്നും ചട്ടങ്ങൾ നിർവ്വചിക്കുന്നു. അതു മുഖേന കിഴിവുകളും മാച്ചിംഗ് ഡെപ്പോസിറ്റുകളും സുതാര്യമായി തുടരും. UPS ൽ രജിസ്റ്റർ ചെയ്യുന്നതിലോ സംഭാവനകൾ കൃത്യസമയത്ത് ക്രെഡിറ്റ് ചെയ്യുന്നതിലോ അധികാരികൾ കാലതാമസം വരുത്തിയാൽ, ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകും - ഭരണപരമായ വീഴ്ചകൾ കാരണം ജീവനക്കാർക്ക് നഷ്ടം സംഭവിക്കുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സംരക്ഷണം നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന നേട്ടം. ഒരു സർക്കാർ ജീവനക്കാരൻ സർവീസിലിരിക്കെ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ, പരമ്പരാഗത CCS (പെൻഷൻ) ചട്ടങ്ങൾ പ്രകാരമോ UPS റെഗുലേഷൻസ് പ്രകാരമോ, ഏതാണ് കൂടുതൽ പ്രയോജനകരം, ആ ആനുകൂല്യങ്ങൾ അവകാശികളായ കുടുംബത്തിന് തിരഞ്ഞെടുക്കാം.
വ്യത്യസ്ത വിരമിക്കൽ സാഹചര്യങ്ങളിൽ എന്തൊക്കെ ആനുകൂല്യങ്ങൾ നൽകുമെന്നും ചട്ടങ്ങൾ വിശദീകരിക്കുന്നു - സാധാരണ വിരമിക്കൽ, സ്വമേധയാ വിരമിക്കൽ, അകാല വിരമിക്കൽ, അനാരോഗ്യം മൂലമുള്ള വിരമിക്കൽ, രാജി, ഒരു പൊതുമേഖലാ സ്ഥാപനത്തിലോ സ്വയംഭരണ സ്ഥാപനത്തിലോ ലയിക്കൽ തുടങ്ങി എല്ലാ സാഹചര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. അവകാശങ്ങളെക്കുറിച്ചുള്ള അവ്യക്തത ഒഴിവാക്കാൻ സാഹചര്യങ്ങൾ ഓരോന്നും വ്യക്തമായി വിശദീകരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ചട്ടങ്ങളുടെ വിജ്ഞാപനം UPS നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂട് മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും രണ്ട് പെൻഷൻ പദ്ധതികളും താരതമ്യം ചെയ്ത് ജീവനക്കാർക്ക് അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പ് നടത്താൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
SKY
*****
(Release ID: 2165531)
Visitor Counter : 10