ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഗോത്ര കലാരൂപങ്ങൾക്കായുള്ള ഡിജിറ്റൽ പഠന വേദിയായ "ആദി സംസ്‌കൃതി"യുടെ ബീറ്റാ പതിപ്പ് ഗോത്രകാര്യ മന്ത്രാലയം പുറത്തിറക്കി

Posted On: 10 SEP 2025 6:48PM by PIB Thiruvananthpuram
പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് ഗോത്ര കലാരൂപങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ പഠന വേദിയായ 'ആദി സംസ്‌കൃതി'യുടെ ബീറ്റാ പതിപ്പ് ഗോത്രകാര്യ മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പുറത്തിറക്കി.പൈതൃകം സംരക്ഷിക്കുക, ഉപജീവനമാർഗങ്ങൾ സാധ്യമാക്കുക, ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളെ ലോകവുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ പ്ലാറ്റ്ഫോം ആദി കർമ്മയോഗി അഭിയാൻ ദേശീയ സമ്മേളനത്തിനിടെയാണ് ഉദ്ഘാടനം ചെയ്തത്. ഗോത്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു പുതിയ ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയ്കെ യാണ് പ്ലാറ്റ്‌ഫോം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
 
 
ഗോത്ര സമൂഹങ്ങളുടെ സംസ്കാരവും പരമ്പരാഗത ജ്ഞാനവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയായാണ് ആദി സംസ്‌കൃതിയെ വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ,ഗോത്ര കരകൗശല വിദഗ്ധർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ വിപണിയായും ഇത് ലക്ഷ്യമിടുന്നു. മൂന്ന് പ്രധാന ഘടകങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് ഈ പ്ലാറ്റ്ഫോം.
 
ആദി വിശ്വവിദ്യാലയ (ഡിജിറ്റൽ ഗോത്രകല അക്കാദമി): നിലവിൽ ഗോത്ര നൃത്തം, പെയിന്റിംഗ്, കരകൗശല വസ്തുക്കളുടെ നിർമ്മാണം, സംഗീതം, നാടോടിക്കഥകൾ എന്നിവയിലായി 45 കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.
 
 ആദി സമ്പദ (സാമൂഹിക-സാംസ്കാരിക സമാഹാരം): പെയിന്റിംഗുകൾ, നൃത്തം, വസ്ത്രങ്ങൾ & തുണിത്തരങ്ങൾ, പുരാവസ്തുക്കൾ, ഉപജീവനമാർഗ്ഗം എന്നീ അഞ്ച് വിഷയങ്ങളിലായി 5,000-ത്തിലധികം ക്യൂറേറ്റഡ് രേഖകളുടെ ശേഖരം.
 
ആദി ഹാട് (ഓൺലൈൻ വിപണനശാല): നിലവിൽ ട്രൈഫെഡ് മായി ബന്ധിപ്പിച്ചിരിക്കുന്ന ഇത്, സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ഉൽപ്പന്ന ലഭ്യതയും പ്രാപ്തമാക്കുന്നതിലൂടെ, ഗോത്ര കരകൗശല വിദഗ്ധർക്കുള്ള ഒരു സമർപ്പിത ഓൺലൈൻ വിപണനശാലയായി വർത്തിക്കും.
 
 സംസ്ഥാന ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സംയോജിച്ചുള്ള പ്രവർത്തനങ്ങൾ
 
സംസ്ഥാന ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി (TRI) അടുത്ത പങ്കാളിത്തത്തോടെയാണ് ആദി സംസ്കൃതി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് വികസന പ്രക്രിയയിൽ അടിസ്ഥാനതലത്തിലുള്ളവരുടെ പങ്കാളിത്തം, ആധികാരികത, സംയോജനം എന്നിവ ഉറപ്പാക്കുന്നു. ആദ്യ ഘട്ടത്തിൽ, ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഗോത്ര കലാരൂപങ്ങളുടെ ഡോക്യുമെന്റേഷൻ, ഉള്ളടക്ക ക്യൂറേഷൻ, ഡിജിറ്റൽ മാപ്പിംഗ് എന്നിവയിൽ സംഭാവന നൽകിയിട്ടുണ്ട്. ഈ കൂട്ടായ പ്രവർത്തനങ്ങളാണ്, ഇന്ത്യയുടെ ഗോത്ര സമൂഹങ്ങളുടെ പൈതൃകത്തിന്റെ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന് അടിത്തറ പാകിയത്.
 
 
പട്ടികവർഗക്കാരുടെ ഉന്നമനത്തിനും അവരുടെ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളെ ചടങ്ങിൽ, ഗോത്രകാര്യ സഹമന്ത്രി ശ്രീ. ദുർഗാദാസ് ഉയ്കെ എടുത്തുപറഞ്ഞു. ഗോത്ര ഭാഷകൾക്കായുള്ള AI അധിഷ്ഠിത വിവർത്തക സംവിധാനമായ 'ആദി വാണി' നേരത്തെ ഉദ്ഘാടനം ചെയ്തത് പരാമർശിച്ച അദ്ദേഹം, അത്തരം സംവിധാനങ്ങൾ ഉടൻ തന്നെ പൊതു ജനാധിപത്യ ഇടങ്ങളിലും സ്ഥാപനങ്ങളിലും ഉപയോഗപ്രദമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
 
" വിദ്യാഭ്യാസം, സമ്പത്ത് തുടങ്ങി ഹാട് വരെ - സംരക്ഷണം, അറിവ് പങ്കിടൽ, ശാക്തീകരണം എന്നിവയ്ക്കുള്ള ഒരു സമഗ്ര വേദിയാണ് ആദി സംസ്കൃതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഗോത്ര സമൂഹങ്ങളെക്കുറിച്ചും അവരുടെ സംസ്കൃതിയെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വൈവിധ്യമാർന്ന അറിവ് നൽകുന്നു. കൂടാതെ കലാരൂപങ്ങളുടെ ഒരു കലവറയായും വർത്തിക്കുന്നു. ഇതിന്റെ സമാരംഭത്തോടെ, ഗോത്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഉപജീവനമാർഗ്ഗങ്ങളുടെയും സമാഹാരവുമായി ബന്ധപ്പെടാൻ ഏതൊരാൾക്കും കഴിയും."
 
കൂടുതൽ കോഴ്സുകൾ, ശേഖരങ്ങൾ, വിപണി സംയോജനം എന്നിവയിലൂടെ ആദി സംസ്കൃതിയെ ഘട്ടം ഘട്ടമായി വികസിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർട്ടിഫിക്കേഷനുകൾ, നൂതന ഗവേഷണ അവസരങ്ങൾ, പരിവർത്തനാത്മക പഠന പാതകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഗോത്ര ഡിജിറ്റൽ സർവകലാശാലയായി ഈ പ്ലാറ്റ്‌ഫോമിനെ ഉയർത്തുക എന്നതാണ് ദീർഘകാല കാഴ്ചപ്പാട്.
 
********************

(Release ID: 2165467) Visitor Counter : 2
Read this release in: English , Urdu , Hindi