വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കും വളരുന്ന എംഎസ്എംഇകൾക്കും ഉപഭോക്തൃ ക്ഷേമത്തിനുമായി ജിഎസ്ടി പരിഷ്കരണം

Posted On: 04 SEP 2025 7:17PM by PIB Thiruvananthpuram

 

കടലാസ്, ലെതർ, മരം, കരകൗശല വസ്തുക്കൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ, ഭക്ഷ്യ സംസ്കരണം, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, പാക്കേജിങ് സാമഗ്രികള്‍ തുടങ്ങി വിവിധ മേഖലകളിലെ ഉല്പാദനച്ചെലവ് കുറയ്ക്കാനും നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഏതാനും ജിഎസ്ടി നിരക്ക് പരിഷ്കരണ നടപടികൾ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 

ഇലക്ട്രോണിക്-വാണിജ്യ കയറ്റുമതിക്കാർക്ക് ആശ്വാസകരമായ നീക്കമെന്ന നിലയിൽ മൂല്യം കുറഞ്ഞ ഇനങ്ങള്‍ക്ക്  ജിഎസ്‌ടി തിരിച്ച് ലഭിക്കുന്നതിന്റെ മൂല്യപരിധി ഒഴിവാക്കാനുള്ള വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ  (ഡിജിഎഫ്ടി) നിർദേശം(OM dated 8 May 2025) ജിഎസ്‌ടി സമിതി അംഗീകരിച്ചു. 56-ാം ജിഎസ്‌ടി സമിതി യോഗത്തിലെ പത്രക്കുറിപ്പിന്റെ അനുബന്ധം-V, ഖണ്ഡിക 3 പ്രകാരം  2017-ലെ സിജിഎസ്‌ടി നിയമത്തിലെ അനുച്ഛേദം 54(14) ഭേദഗതി ചെയ്യുന്നതിലൂടെ നികുതി അടച്ച് നടത്തുന്ന എല്ലാ കയറ്റുമതിക്കും മൂല്യം പരിഗണിക്കാതെ  ജിഎസ്ടി തിരിച്ച് ലഭിക്കാൻ വഴിയൊരുങ്ങും. കൊറിയർ, തപാല്‍  സേവനങ്ങൾ വഴി ഉത്പന്നങ്ങൾ അയക്കുന്നവരടക്കം ചെറുകിട കയറ്റുമതിക്കാരുടെ ദീർഘകാല ആവശ്യം പരിഹരിക്കുന്ന ഈ മാറ്റം നടപടിക്രമങ്ങൾ ലളിതവല്‍ക്കരിക്കുമെന്നും മൂല്യം കുറഞ്ഞ ഇ-വാണിജ്യ കയറ്റുമതിക്ക് വലിയ രീതിയിൽ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.  

ജിഎസ്ടി തിരിച്ച് ലഭിക്കുന്നതിന് മൂല്യപരിധി ഒഴിവാക്കിയതിനാല്‍ മൂല്യം കുറഞ്ഞ ഉത്പന്നങ്ങൾ അയച്ചാൽ പോലും റീഫണ്ടിന് അർഹതയുണ്ടാകുമെന്നത് ചെറുകിട, ഇ-വാണിജ്യ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാകും. ഇത് പണലഭ്യത മെച്ചപ്പെടുത്താനും പ്രവർത്തന മൂലധനത്തിന്റെ കുറവ് പരിഹരിക്കാനും നടപടിക്രമങ്ങൾ ലളിതവല്‍ക്കരിക്കാനും  കൊറിയർ, തപാല്‍ സേവനങ്ങൾ വഴി അയക്കുന്ന ഉത്പന്നങ്ങളുടെ ജിഎസ്ടി തിരിച്ചു നല്‍കുന്ന നടപടികൾ വേഗത്തിലാക്കാനും സഹായിക്കും. തല്‍ഫലമായി  എം‌എസ്എംഇകൾക്കും ചെറുകിട വിൽപനക്കാർക്കും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതൽ ഫലപ്രദമായി  പങ്കാളിത്തം ഉറപ്പാക്കാനാവും. ഇത് മൂല്യം കുറഞ്ഞ ഇ-വാണിജ്യ കയറ്റുമതിയുടെ വളർച്ചയെ മെച്ചപ്പെടുത്തും.  

 

കയറ്റുമതിക്കാര്‍ക്കായി നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രധാന നേട്ടങ്ങൾ

കുറഞ്ഞ ചെലവും ആഗോള മത്സരക്ഷമതയിലെ വർധനയും: കടലാസ് പാക്കേജിങ്, തുണിത്തരങ്ങൾ, ലെതർ, മരം തുടങ്ങിയ ഉല്പന്നങ്ങൾക്ക് 12 മുതല്‍ 18% വരെയായിരുന്ന ജിഎസ്ടി 5 ശതമാനമാക്കിയത് ഉല്പാദനച്ചെലവ് കുറയ്ക്കും. ഇത് കൂടുതൽ മത്സരാധിഷ്ഠിത വിലകൾ നൽകാൻ കയറ്റുമതിക്കാരെ സഹായിക്കും.

എംഎസ്എംഇകൾക്കും കയറ്റുമതി മേഖലകൾക്കും ഉത്തേജനം: തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ലെതർ, ഭക്ഷ്യ സംസ്കരണം, കളിപ്പാട്ടങ്ങൾ തുടങ്ങിയ മേഖലകളിലെ അതിവേഗ റീഫണ്ടും നിരക്ക് പരിഷ്കരണവും എംഎസ്എംഇകളെയും ആവശ്യകതയേറിയ കയറ്റുമതി മേഖലകളെയും പിന്തുണയ്ക്കുന്നു.

കാര്യക്ഷമ വിതരണ ശൃംഖലയും ചരക്കുനീക്കവും: ട്രക്കുകളുടെയും ഉല്പന്ന വിതരണ വാഹനങ്ങളുടെയും ജിഎസ്ടി 28 ശതമാനത്തില്‍നിന്ന്   18% ആയി കുറച്ചതും പാക്കേജിംഗ് വസ്തുക്കളുടെ ജിഎസ്ടിയില്‍ കുറവു വരുത്തിയതും   ചരക്കുനീക്ക ചെലവുകൾ കുറയ്ക്കുകയും  അതുവഴി മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. 

നൂതനാശയങ്ങൾക്കും പുതിയ ഉല്പന്നങ്ങൾക്കും പിന്തുണ: കളിപ്പാട്ടങ്ങളുടെയും കായിക ഉപകരണങ്ങളുടെയും ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് 5% ആയി കുറച്ചത് ആഭ്യന്തര ഉല്പാദനം  പ്രോത്സാഹിപ്പിക്കുകയും  കുറഞ്ഞ വിലയിലുള്ള ഇറക്കുമതി  ചെറുക്കുകയും വർധിച്ചുവരുന്ന ആഗോള ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു.

സുസ്ഥിരവും ഘടനാപരവുമായ വളർച്ച: തുണിത്തരങ്ങളിലും ഭക്ഷ്യ സംസ്കരണത്തിലും നിലവിലുണ്ടായിരുന്ന വിപരീത നികുതി ഘടന തിരുത്തിയതും പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളായ മുള, ചകിരി, ചണം ബോർഡുകൾ തുടങ്ങിയവയുടെ ജിഎസ്ടി കുറച്ചതും റീഫണ്ട് പ്രക്രിയ വേഗത്തിലാക്കാനും  പണലഭ്യത വർധിപ്പിക്കാനും  ആഗോള സുസ്ഥിര മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനും വഴിയൊരുക്കുന്നു.  

എംഎസ്എംഇകളുടെയും കയറ്റുമതിക്കാരുടെയും ഉല്പാദനച്ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്കുമേല്‍ വിലക്കയറ്റം തടയാനും  വിപരീത നികുതി ഘടന പോലുള്ള ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും ജിഎസ്ടി പരിഷ്കരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  പണലഭ്യതയിലെ തടസങ്ങൾ ലഘൂകരിക്കുകയും റീഫണ്ട് നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ പ്രവർത്തന മൂലധനം എളുപ്പം ലഭ്യമാക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇന്ത്യൻ വ്യവസായ മേഖലയുടെ സമഗ്ര  മത്സരശേഷി വർധിപ്പിക്കാനും ഈ പരിഷ്കാരങ്ങൾ സഹായിക്കും. 'വോക്കൽ ഫോർ ലോക്കൽ' അഥവാ തദ്ദേശീയ ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ നടപടി ആഭ്യന്തര ഉത്പാദനത്തിന് കരുത്തേകും.  തുണിത്തരങ്ങൾ, ട്രാക്ടറുകൾ, ഭക്ഷ്യ സംസ്കരണം, വാഹനഘടകങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ മേഖലകളിൽ സുപ്രധാന ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളെ  പിന്തുണയ്ക്കുന്ന പരിഷ്കരണത്തിന്റെ ആത്യന്തിക ഗുണഫലങ്ങൾ  ഉപഭോക്താക്കൾക്ക് ലഭ്യമാകും. 

 

*****************

 

(Release ID: 2163995) Visitor Counter : 3