സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
'സമുദ്ര അക്കൗണ്ടുകളുടെ വികസനത്തിൽ തീരദേശ സംസ്ഥാനങ്ങളുടെ ശേഷി വർദ്ധനവ്' വിഷയത്തിൽ 2025 ആഗസ്റ്റ് 29-ന് കൊച്ചിയിൽ ഏകദിന ശില്പശാല നടത്തി
Posted On:
30 AUG 2025 9:13AM by PIB Thiruvananthpuram
കേന്ദ്ര സ്ഥിതിവിവര - പദ്ധതി നിർവഹണ മന്ത്രാലയം, കേരള സർക്കാറിന്റെ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച്, 2025 ആഗസ്റ്റ് 29-ന് കേരളത്തിലെ കൊച്ചിയിൽ "സമുദ്ര അക്കൗണ്ടുകളുടെ വികസനത്തിൽ തീരദേശ സംസ്ഥാനങ്ങളുടെ ശേഷി വർദ്ധനവ്" എന്ന വിഷയത്തിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഭൗമ ശാസ്ത്ര മന്ത്രാലയം, സാമ്പത്തിക, സ്ഥിതി വിവരക്കണക്ക് ഡയറക്ടറേറ്റുകൾ, തീരദേശ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സമുദ്ര ആവാസവ്യവസ്ഥ അക്കൗണ്ടുകൾ സംബന്ധിച്ച വിദഗ്ദ്ധ സംഘത്തിലെ അംഗങ്ങൾ, കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ്- ഇക്കോളജി, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
സ്വാഗത പ്രസംഗത്തിൽ കേന്ദ്ര സ്ഥിതിവിവര - പദ്ധതി നിർവഹണ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ (SSD) ശ്രീ സുഭാഷ് ചന്ദ്ര മാലിക്, പങ്കെടുത്തവരെയെല്ലാം ഊഷ്മളമായി സ്വാഗതം ചെയ്യുകയും പരിസ്ഥിതി-സാമ്പത്തിക അക്കൗണ്ടിംഗ് സിസ്റ്റം (SEEA) ചട്ടക്കൂടിന് അനുസൃതമായി സമുദ്ര അക്കൗണ്ടുകൾ സമാഹരിക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുന്നതിൽ ശില്പശാലയുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു.

പരമ്പരാഗത നടപടികളോടൊപ്പം സമുദ്ര ആവാസവ്യവസ്ഥ അക്കൗണ്ടുകളും സംയോജിപ്പിച്ച് ഇന്ത്യയുടെ സാമ്പത്തിക സൂചകങ്ങളെ സമ്പന്നമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത, മുഖ്യപ്രഭാഷണത്തിൽ കേന്ദ്ര സ്ഥിതിവിവര - പദ്ധതി നിർവഹണ മന്ത്രാലയ ഡയറക്ടർ ജനറൽ (കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്) ശ്രീ എൻ.കെ. സന്തോഷി അടിവരയിട്ടു. തീരദേശ ആവാസവ്യവസ്ഥയുടെ വ്യാപ്തി, അവസ്ഥ, സേവനങ്ങൾ, ആസ്തികൾ എന്നിവ പിന്തുടർന്ന്, നമ്മുടെ സമുദ്രവിഭവങ്ങളുടെ ചലനാത്മകതയെ പ്രകാശിപ്പിക്കുന്നതിലൂടെ ഈ അക്കൗണ്ടുകൾ മൊത്ത ആഭ്യന്തര ഉത്പാദനത്തെ എങ്ങനെ പൂരകമാക്കുന്നുവെന്ന് അദ്ദേഹം ഉയർത്തിക്കാട്ടി.
സമുദ്രങ്ങൾ, ജലം, വനങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ആസ്തികൾക്കുള്ള ഉത്തരവാദിത്തത്തിന് ഊന്നൽ നൽകുന്ന വരാനിരിക്കുന്ന യുഎൻ സിസ്റ്റം ഓഫ് നാഷണൽ അക്കൗണ്ട്സിനു (SNA-2025) അനുസൃതമായി, ഇന്ത്യയുടെ ദേശീയ അക്കൗണ്ടിംഗ് സംവിധാനങ്ങളിൽ സമുദ്ര ആവാസവ്യവസ്ഥയുടെ ഡാറ്റ ഉൾപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രാലയ സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് ഊന്നിപ്പറഞ്ഞു. അത്തരം സംയോജനം ജി.ഡി.പി അടങ്കൽ നിർണയത്തിൽ സുതാര്യത വർദ്ധിപ്പിക്കുമെന്നും ആവാസവ്യവസ്ഥയുടെ നേട്ടങ്ങളുടെ ന്യായമായ വിതരണം പ്രോത്സാഹിപ്പിക്കുമെന്നും ദുരന്തസാധ്യത കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിനുമായി ഡാറ്റാധിഷ്ഠിത നയരൂപീകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സംരംഭങ്ങൾക്ക് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി.
* 2023-ൽ ഇന്ത്യയുടെ ജി-20 അധ്യക്ഷ കാലത്ത് അംഗീകരിച്ച സുസ്ഥിര നീല സമ്പ ദ് വ്യവസ്ഥയ്ക്കുള്ള ചെന്നൈ ഉന്നതതല തത്വങ്ങൾ - സമുദ്ര സംരക്ഷണം, പ്രതിരോധശേഷി, സമുദ്രവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്തമുള്ള സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ചട്ടക്കൂടായി വർത്തിക്കുന്നു.
* എസ്.ഡി.ജി 14: ജലത്തിനടിയിലെ ജീവിതം അജണ്ടയുടെ കേന്ദ്രബിന്ദുവാണ്. സുസ്ഥിര നിർവഹണം, മലിനീകരണം കുറയ്ക്കൽ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തൽ എന്നിവയിലൂടെ സമുദ്രങ്ങളെയും സമുദ്രവിഭവങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിനും ഭൂമിയുടെ ആരോഗ്യത്തിനും ഇത് പ്രധാനപ്പെട്ടതാണ്.
* ഫലപ്രദമായ സമുദ്ര അക്കൗണ്ടുകൾക്കും സുസ്ഥിര സമുദ്ര ആസൂത്രണത്തിനുമുള്ള അടിത്തറയായി ഏഴ് വിഷയാധിഷ്ഠിത മേഖലകളെ ഉയർത്തിക്കാട്ടുന്ന ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നീല സാമ്പത്തിക നയം പരാമർശിക്കപ്പെട്ടു.
2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുക (വികസിത ഭാരതം) എന്ന ലക്ഷ്യത്തിനായി ശക്തമായ സ്ഥിതിവിവരക്കണക്കുകളുടെ നിർണായക പങ്ക് വഹിക്കുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുകയും വിപുലവും വൈദഗ്ധ്യവുമുള്ള തൊഴിൽ ശക്തിയാവുകയും ചെയ്യുന്ന കേരളത്തിന്റെ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിനെ ഡോ. ഗാർഗ് പ്രശംസിച്ചു. തീരദേശ സംസ്ഥാനങ്ങൾക്കുള്ള മന്ത്രാലയത്തിന്റെ പിന്തുണ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വികസനം വിശ്വസനീയവും കാലികവുമായ ഡാറ്റയെ ആശ്രയിച്ചിരിക്കെ, സമുദ്ര അക്കൗണ്ടുകളിൽ മാത്രമല്ല എല്ലാ മേഖലകളിലും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലിന്റെ ആവശ്യകതയെയും അദ്ദേഹം അടിവരയിട്ടു.
നന്ദി പ്രകാശന പ്രസംഗത്തിൽ മന്ത്രാലയ സെക്രട്ടറി, വിദഗ്‌ധ സംഘാംഗങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, തീരദേശ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരോടുള്ള കൃതജ്ഞത കേരള ഡിഇഎസ് ഡയറക്ടർ ശ്രീ. ജി.എസ്. രജത്ത് രേഖപ്പെടുത്തി. അവരുടെ വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ അദ്ദേഹം സമുദ്ര അക്കൗണ്ടിങ്ങിന്റെ വിജയം ഉപ-ദേശീയ തലത്തിൽ ചർച്ചകളെ മൂർത്തമായ പ്രവർത്തനത്തിലേക്ക് മാറ്റുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് സാങ്കേതിക സെഷനുകളാണ് ശിൽപശാലയിൽ ഉണ്ടായിരുന്നത്. സമുദ്ര അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട ആശയത്തെക്കുറിച്ച് താഴെ പറയുന്ന വിദഗ്ദ്ധർ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു:
കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ മന്ത്രലായത്തിന്റെ എസ്.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഡി.ഡി.ജി) ശ്രീമതി അനിത ബാഗേൽ, പാരിസ്ഥിതിക അക്കൗണ്ടിങ് സംവിധാനം (എസ്.ഇ.ഇ.എ), സമുദ്ര അക്കൗണ്ടിംഗ് ചട്ടക്കൂടുകൾ എന്നിവയെക്കുറിച്ച് ഒരു അവലോകനം നൽകുകയും ഇന്ത്യയിലെ പാരിസ്ഥിതിക അക്കൗണ്ടിംഗ് എസ്.ഇ.ഇ.എ, ഓഷ്യൻ അക്കൗണ്ടിങ് എന്നിവ സംബന്ധിച്ച മന്ത്രാലയത്തിന്റെ സംരംഭങ്ങളും പുരോഗതിയും എടുത്തുപറയുകയും ചെയ്തു.
കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശ്വതി എൻ, സമുദ്ര അക്കൗണ്ടിങ്ങിനായി മത്സ്യബന്ധന ഡാറ്റയുടെ ഉപയോഗം- വെല്ലുവിളികളും അവസരങ്ങളും, പരിണമിക്കുന്ന ഡാറ്റ, മത്സ്യബന്ധന ഡാറ്റ ശേഖരണത്തിലെ സാങ്കേതിക പുരോഗതി എന്നിവയെക്കുറിച്ച് വിഷയം അവതരിപ്പിച്ചു.
ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിലെ (INCOIS) ശാസ്ത്രജ്ഞൻ-എഫ് ഡോ. വെങ്കട്ട് ശേഷു റെഡ്ഡം, സമുദ്ര ആവാസവ്യവസ്ഥ അക്കൗണ്ടിങ്ങിന്റ മറ്റ് മാനദണ്ഡങ്ങൾക്കൊപ്പം ക്രമവത്കരണവും സാമാന്യവത്കരണവും ഉപയോഗപ്പെടുത്തിയുള്ള ഓഷ്യൻ കണ്ടീഷൻ അക്കൗണ്ടുകൾക്കായി നിർദ്ദേശിച്ചു.
ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി) ഓഷ്യൻ സയൻസസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് മേധാവി ഡോ. പി.വി. നാഗമണി, സമുദ്ര അക്കൗണ്ടിങ്ങിൽ സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നതിനെക്കുറിച്ച് അവതരിപ്പിച്ചു. റിമോട്ട് സെൻസിംഗും സ്ഥലസംബന്ധ സാങ്കേതികവിദ്യകളും ഒരുമിച്ച് സമുദ്ര അക്കൗണ്ടുകൾക്ക് കൂടുതൽ ശക്തവും ഫലപ്രദവുമായ ഉപകരണ, പരിഹാരങ്ങൾ ലഭ്യമാക്കാൻ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കി.
എൻ.സി.സി.ആർ ലോക ബാങ്കുമായി ചേർന്ന് തമിഴ്നാട് സംസ്ഥാനത്തിനായി ഒരു പ്രാഥമിക സമുദ്ര അക്കൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവരുടെ കണക്കനുസരിച്ച് സമുദ്ര നൈസർഗിക അക്കൗണ്ടുകൾക്ക് തമിഴ്നാടിന്റെ ജി.എസ്.ഡി.പിയുടെ ഏകദേശം ഒരു ശതമാനം വിഹിതം (43000 കോടി രൂപ) ഉണ്ടെന്നും ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻ.സി.സി.ആർ) നിന്നുള്ള ശാസ്ത്രജ്ഞൻ-എഫ് ഡോ. യു.എസ്. പാൻഡ അറിയിച്ചു.
കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ്- ഇക്കോളജി (സി.എം.എൽ.ആർ.ഇ)യിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ. സ്മിത ബി.ആർ., 'കാലാവസ്ഥാ വ്യതിയാനവും സമുദ്ര അക്കൗണ്ടിംഗും: സമുദ്രജീവി വിഭവങ്ങളിലെ ആഘാതങ്ങളുടെ വിലയിരുത്തൽ' എന്നതിൽ വിഷയാവതരണം നടത്തി. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം, വിഭവ ശേഷിയിലെ വ്യതിയാനം, ആവാസവ്യവസ്ഥയുടെ സേവനങ്ങൾ, സമുദ്ര ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി എന്നിവ പിന്തുടർന്ന് നിർണയിക്കുന്നതിന് സമുദ്ര അക്കൗണ്ടിംഗ് വളരെ പ്രധാനമാണെന്ന് അവർ പരാമർശിച്ചു. വിശാഖപട്ടണത്തെ ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ ഫിസിക്കൽ, ഓഷ്യാനോഗ്രഫി ഫാക്കൽറ്റി ഡോ. കെ.വി.കെ. രാമകൃഷ്ണ പട്‌നായിക് ആധുനിക സമുദ്രശാസ്ത്രത്തിലെ നൂതന രീതികളെക്കുറിച്ച് പരാമർശിക്കുകയും ശരിയായ ഡാറ്റ ശേഖരണ രീതികളിലൂടെ സുസ്ഥിര സമുദ്ര വികസനത്തിന്റെ ആവശ്യകത എടുത്തുകാണിക്കുകയും ചെയ്തു. നീല സമ്പദ് വ്യവസ്ഥയിലെ ഒരു പ്രധാന മേഖലയാണ് സമുദ്രോർജ്ജം എന്നും അതിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്ഥാപനപരമായ ഏകോപനം ശക്തിപ്പെടുത്തുക, സംസ്ഥാനതല ശേഷി വർദ്ധിപ്പിക്കുക, വിശ്വസനീയവും നയപരവുമായ സമുദ്ര അക്കൗണ്ടുകൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു രൂപരേഖ വികസിപ്പിച്ചുകൊണ്ടാണ് ദിവസം അവസാനിച്ചത്. സമുദ്ര അക്കൗണ്ടുകളുടെ ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, അനുബന്ധ മന്ത്രാലയങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയുമായി അടുത്ത് ചേർന്ന് പ്രവർത്തിക്കാനും അതുവഴി സുസ്ഥിര സമുദ്ര ഭരണനിർവഹണത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ പ്രതിബദ്ധത ശിൽപശാല വീണ്ടുമുറപ്പിച്ചു.
************************
(Release ID: 2162248)
Visitor Counter : 22