ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഭക്ഷ്യ എണ്ണ ഡാറ്റ അനുവർത്തനം കാര്യക്ഷമമാക്കുന്നതിനായി സസ്യ എണ്ണ ഉത്പന്നങ്ങൾ, ഉത്പാദനം, ലഭ്യത (നിയന്ത്രണ) ഉത്തരവ്, 2011 കേന്ദ്രം ഭേദഗതി ചെയ്തു
Posted On:
07 AUG 2025 1:35PM by PIB Thiruvananthpuram
ഭാരത സർക്കാരിന് കീഴിലുള്ള ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് (DFPD), സസ്യ എണ്ണ ഉത്പന്നങ്ങൾ, ഉത്പാദനം, ലഭ്യത (നിയന്ത്രണ) ഉത്തരവ്, 2011 (VOPPA റെഗുലേഷൻ ഓർഡർ, 2011) ഭേദഗതി ചെയ്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അവശ്യ സാധന നിയമം 1955 പ്രകാരം ആദ്യം പുറപ്പെടുവിച്ച ഈ ഉത്തരവ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം 2006 പ്രകാരമുള്ള മുൻ ചട്ടങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് പുറപ്പെടുവിച്ചത്.
2014-ലെ രണ്ട് പ്രധാന ഡയറക്ടറേറ്റുകളുടെ ലയനം മുഖേനയുണ്ടായ സ്ഥാപനപരമായ പരിവർത്തനങ്ങൾക്ക് അനുപൂരകമാക്കാനും, സ്ഥിതിവിവരക്കണക്ക് ശേഖരണ നിയമം 2008-ന് കീഴിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭക്ഷ്യ എണ്ണ മേഖലയുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.
ഭക്ഷ്യ എണ്ണ മൂല്യ ശൃംഖലയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ബന്ധപ്പെട്ട പങ്കാളികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഈ നിയന്ത്രണ കാര്യക്ഷമത രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഭ്യന്തര ഉത്പാദനം, ഇറക്കുമതി, സ്റ്റോക്ക് ലെവൽ എന്നിവയിൽ മെച്ചപ്പെട്ട ദൃശ്യപരത സാധ്യമാക്കി, വിതരണ-ആവശ്യകതയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഇറക്കുമതി തീരുവ ക്രമീകരിച്ച് ഇറക്കുമതി സുഗമമാക്കുന്നത് അടക്കമുള്ള സമയബന്ധിതമായ നയ ഇടപെടലുകൾക്ക് സർക്കാർ സജ്ജമാകും. ഇത് ചില്ലറ വിൽപ്പന വിലകൾ സ്ഥിരപ്പെടുത്തുന്നതിനും രാജ്യവ്യാപകമായി ഭക്ഷ്യ എണ്ണകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഈ ഭേദഗതി സുതാര്യത വർദ്ധിപ്പിക്കുകയും, മികച്ച വിപണി ഇടപെടൽ സാധ്യമാക്കുകയും, വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉത്പാദനത്തിന്റെയും സ്റ്റോക്കിന്റെയും സൂക്ഷ്മ നിരീക്ഷണം ഇത് സാധ്യമാക്കുന്നു. ഭക്ഷ്യ എണ്ണകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുകയും ഭക്ഷ്യ സുരക്ഷാ മേഖലയിലെ സർക്കാരിന്റെ ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മൃഗസംരക്ഷണ വകുപ്പ്, വിവിധ ഭക്ഷ്യ എണ്ണ വ്യവസായ അസോസിയേഷനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പങ്കാളികളുമായും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കൂടിയാലോചനകൾ നടത്തി. വ്യവസായ അസോസിയേഷനുകൾ മുഖേന സംരംഭത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, ദേശീയ ഏകജാലക സംവിധാനം(NSWS) വഴി രജിസ്റ്റർ ചെയ്യാനും ഔദ്യോഗിക VOPPA പോർട്ടൽ വഴി പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാനും അംഗങ്ങൾക്ക് പ്രോത്സാഹനമേകുകയും ചെയ്യുന്നു..
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായ അനുവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുമായി, VOPPA പോർട്ടൽ (https://www.edibleoilindia.in) കൂടുതൽ അവബോധജന്യമായ ഇന്റർഫേസ് ഉപയോഗിച്ച് പുതുക്കിയിട്ടുണ്ട്. റിട്ടേൺ സമർപ്പണ ഫോമുകൾ ലളിതമാക്കി, ഉപഭോക്‌തൃ സൗഹൃദമായി പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.
സ്ഥിതിവിവരക്കണക്ക് ശേഖരണ നിയമം 2008 ഡാറ്റ സമർപ്പണ ആവശ്യകതകൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ DFPD-യെ പ്രാപ്തമാക്കുന്നു. ഇത് ശക്തവും പ്രവർത്തനക്ഷമവുമായ ഡാറ്റാബേസ് വികസനം ഉറപ്പാക്കുന്നു. തന്ത്രപരമായ നയ ആസൂത്രണത്തിനും, വിതരണ ശൃംഖലയിലെ വെല്ലുവിളികളോടുള്ള സർക്കാരിന്റെ സമയബന്ധിതമായ പ്രതികരണങ്ങൾ സുഗമമാക്കുന്നതിനും, ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായകമാകും.
എല്ലാ ഭക്ഷ്യ എണ്ണ സംസ്കരണ വിദഗ്ധരും, നിർമ്മാതാക്കളും, റീപാക്കേഴ്സും, അനുബന്ധ സ്ഥാപനങ്ങളും പുതുക്കിയ ചട്ടങ്ങൾ പാലിക്കണമെന്നും https://www.edibleoilindia.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഉത്പാദന റിട്ടേണുകൾ ഓൺലൈനായി സമർപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
SKY
*****
(Release ID: 2153985)