വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് @2047 ദർശനത്തിന് ഗതിവേഗം പകർന്ന് ബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം

NICDC യുടെ വ്യാവസായിക നഗര മാതൃക, ഗതിശക്തി, സ്റ്റാർട്ടപ്പ് നൂതനാശയങ്ങൾ എന്നിവ ദക്ഷിണേന്ത്യാ സംഭാഷണത്തിലെ കേന്ദ്രബിന്ദുക്കളായി മാറി.

തുമകുരു, കൃഷ്ണപട്ടണം, കൊപ്പർത്തി, ഓർവക്കൽ, സഹീറാബാദ്, പാലക്കാട് എന്നിവിടങ്ങളിലെ പുതിയ കേന്ദങ്ങൾ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കും.

Posted On: 02 AUG 2025 6:39PM by PIB Thiruvananthpuram

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയയുടെ അധ്യക്ഷതയിൽ ബെംഗളൂരുവിൽ ഒരു ഉന്നതതല നിക്ഷേപക വട്ടമേശ സമ്മേളനം നടന്നു. വികസിത് ഭാരത് @2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യയിലെ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഇത് വർത്തിച്ചു.

 

ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യൻ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന വേദിയായി വട്ടമേശ സമ്മേളനം മാറി.

 

സ്റ്റാർട്ട്-അപ്പ് ഇന്ത്യ, ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP), നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം (NSWS), ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ദേശീയ സംരംഭങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ മുതിർന്ന DPIIT ഉദ്യോഗസ്ഥർ പങ്കിട്ടു. ഇവ പരിഷ്‌ക്കാരങ്ങൾ സാധ്യമാക്കുകയും നിക്ഷേപക ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

CII, FICCI, ASSOCHAM, ഇൻവെസ്റ്റ് ഇന്ത്യ, പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ, KASSIA എന്നിവയുൾപ്പെടെയുള്ള നിർണ്ണായക പങ്കാളികളുമായി വട്ടമേശ സമ്മേളനത്തിൽ ചർച്ചകൾ നടന്നു. വ്യവസായ പ്രമുഖർ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സംസ്ഥാനാടിസ്ഥാനത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനോടൊപ്പം വെല്ലുവിളികളും വിലയിരുത്തി. NICDC യുടെ സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റികളെ നൂതന ഉത്പാദനത്തിനും നൂതനാശയങ്ങൾക്കുമുള്ള കേന്ദ്രങ്ങളായി എങ്ങനെ പരിവർത്തനം ചെയ്യാമെന്ന കാര്യവും ചർച്ച ചെയ്തു.

 

പരിപാടിയുടെ ഭാഗമായി, DPIIT സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. വ്യാവസായിക കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക, സംസ്ഥാന നയങ്ങളെ ദേശീയ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുക, നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാനുള്ള സുപ്രധാന നിർവ്വഹണ ആവശ്യകതകൾ പരിഹരിക്കുക എന്നിവ സംബന്ധിച്ചായിരുന്നു ചർച്ചകൾ.

 

ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന വളർച്ച, അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയ്ക്കുള്ള രൂപരേഖ DPIIT സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയ തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. പുതുതലമുറ വ്യാവസായിക നഗരങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട്, NICDC CEO & MD ശ്രീ രജത് കുമാർ സൈനി, നൂതന അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ഭരണ നിർവ്വഹണം, നിക്ഷേപ സജ്ജമായ ആവാസവ്യവസ്ഥകൾ എന്നിവ ആധാരമാക്കി രൂപകൽപ്പന ചെയ്ത NICDC യുടെ ഗ്രീൻഫീൽഡ് വ്യാവസായിക കേന്ദ്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇലക്ട്രോണിക്സ്, മോട്ടോർ വാഹന നിർമ്മാണം, ഔഷധ വ്യവസായം, ഹരിത -സാങ്കേതിക വിദ്യ, ഭക്ഷ്യ സംസ്ക്കരണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളുടെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളായി തുമകുരു, കൃഷ്ണപട്ടണം, കൊപ്പർത്തി, ഓർവക്കൽ, പാലക്കാട്, സഹീറാബാദ് എന്നീ ആറ് തന്ത്രപ്രധാനമായ ദക്ഷിണേന്ത്യൻ വ്യവസായിക കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടി.

 

ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പുതുച്ചേരി, ആൻഡമാൻ & നിക്കോബാർ ദ്വീപുസമൂഹങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും സ്റ്റാർട്ടപ്പ് സംരംഭകരും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

 

********************


(Release ID: 2151889)
Read this release in: English , Urdu , Hindi , Tamil