പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ആഗോള കടുവ ദിനാഘോഷം -2025 പരിപാടിയ്ക്ക് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് ന്യൂഡൽഹിയിൽ അധ്യക്ഷത വഹിച്ചു

ലോകത്തിലെ ഏറ്റവും വലിയ വൃക്ഷത്തൈ നടീൽ യജ്ഞങ്ങളിലൊന്നായി 58 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം തൈകൾ നടും: കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ്

Posted On: 29 JUL 2025 12:12PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇന്ന്, ആഗോള കടുവ ദിനാഘോഷം-2025 പരിപാടിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് അധ്യക്ഷത വഹിച്ചു.
 


 
 കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ, പ്രകൃതിയോടുള്ള കൃതജ്ഞത എന്നിവ ഉണ്ടായിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ മന്ത്രി ഊന്നിപ്പറഞ്ഞു. വന്യജീവി സംരക്ഷണത്തെക്കുറിച്ചും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും യുവതലമുറയെ ബോധവൽക്കരിച്ചതിന് സ്കൂളുകളെയും അധ്യാപകരെയും ശ്രീ യാദവ് അഭിനന്ദിച്ചു.

 “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വപരമായ പ്രവർത്തനത്തിൽ, ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 2014 ലെ 46 ൽ നിന്ന് ഇന്നുവരെ 58 ആയി വർദ്ധിച്ചു. നമ്മുടെ ദേശീയ മൃഗത്തെ സംരക്ഷിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.”വന്യജീവി സംരക്ഷണത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ചൂണ്ടിക്കാട്ടി മന്ത്രി പരാമർശിച്ചു

 58 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം തൈച്ചെടികൾ നട്ടുപിടിപ്പിക്കുന്ന രാജ്യവ്യാപക വൃക്ഷത്തൈ നടീൽ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു.ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കാമ്പെയ്‌നുകളിൽ ഒന്നായി മാറും.
 


 
ആഗോളതലത്തിൽ കാണപ്പെടുന്ന പൂച്ചവിഭാഗത്തിലെ  ഏഴ് വലിയമൃഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യ ആരംഭിച്ച ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിനെക്കുറിച്ച് (ഐബിസിഎ) ശ്രീ യാദവ് പരാമർശിച്ചു. ഇന്ത്യ ആസ്ഥാനമായുള്ള ഐബിസിഎയുടെ ഈ ആഗോള ശ്രമത്തിൽ പങ്കുചേരാൻ 24 രാജ്യങ്ങൾ ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 


 
2025 ലെ ആഘോഷങ്ങളുടെ ഒരു പ്രത്യേക ആകർഷണം രാജ്യത്തുടനീളമുള്ള വിവിധ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഇക്കോ-ഷോപ്പുകളെ ഉൾപ്പെടുത്തിയുള്ള ഇക്കോ-ഷോപ്പ് പ്രദർശനമായിരുന്നു. പശ്ചിമഘട്ടത്തിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന സമൂഹങ്ങളുടെ സുസ്ഥിര ഉൽപ്പന്നങ്ങളും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ ഉൾപ്പെടുന്നു. ഈ ഉൽപ്പന്നങ്ങൾ സാംസ്കാരിക പൈതൃകത്തിന്റെയും പാരിസ്ഥിതിക ഉത്തരവാദിത്വത്തിന്റെയും സംയോജനത്തെ പ്രതിനിധീകരിക്കുന്നു.

ഇന്ത്യയിലെ 58 കടുവ സംരക്ഷണ കേന്ദ്രങ്ങളിലുമായി തൈച്ചെടി നടീൽ പ്രവർത്തനങ്ങൾ വെർച്വൽ രീതിയിൽ ശ്രീ യാദവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന്റെ ഭാഗമായി, കടുവകളുടെ സംരക്ഷണത്തിന് അനിവാര്യമായ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പാരിസ്ഥിതിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുമായി ഓരോ കടുവ സംരക്ഷണ കേന്ദ്രത്തിലും, തനത് ആവാസവ്യവസ്ഥ നശിച്ച പ്രദേശങ്ങളിൽ തദ്ദേശീയ ഇനത്തിൽപ്പെട്ട 2,000 തൈച്ചെടികൾ നടും.


ആരവല്ലി മലനിരകളിലെ മൂന്ന് സ്ഥലങ്ങളിൽ വന നഴ്‌സറികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്ലാസ്റ്റിക് രഹിത കടുവ സംരക്ഷണ കേന്ദ്രങ്ങൾ' എന്ന കാമ്പെയ്‌നിന്റെ ഉദ്ഘാടനവും ഈ ദിവസം നടന്നു.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌ടി‌സി‌എ) യുടെ കീഴിൽ ഇന്ത്യയുടെ വന്യജീവി സംരക്ഷണ ശ്രമങ്ങളുടെ സവിശേഷത എടുത്തുകാണിക്കുന്ന നാല് പ്രധാന പ്രസിദ്ധീകരണങ്ങളും മന്ത്രി പുറത്തിറക്കി:

•“ഇന്ത്യയിലെ കടുവ ആവാസകേന്ദ്രങ്ങളിലെ ചെറിയ പൂച്ചഇനങ്ങളുടെ അവസ്ഥ”- റിപ്പോർട്ട് (Report on “Status of Small Cats in the Tiger Landscape of India”)
 •STRIPES മാസിക - ആഗോള കടുവ ദിന പ്രത്യേക പതിപ്പ്
•പുസ്തകങ്ങൾ -ശ്രീ. ഭരത് ലാൽ, ഡോ. എസ്.പി. യാദവ് എന്നിവർ എഴുതിയ “ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങൾ”, “ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജലാശയങ്ങൾ” എന്നീ ഗ്രന്ഥങ്ങൾ (“Waterfalls of Tiger Reserves in India” and “Water Bodies inside Tiger Reserves of India” by Sh. Bharat Lal and Dr. S.P. Yadav)

മരണാനന്തരം / കർത്തവ്യനിർവ്വഹണത്തിനിടെ ജീവൻ ബലിയർപ്പിക്കൽ; വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്തൽ, അന്വേഷണം, പ്രോസിക്യൂഷൻ; വന്യജീവി നിരീക്ഷണം; വന്യജീവികളുടെ ആവാസ വ്യവസ്ഥ പരിപാലനം; വന്യജീവി സംരക്ഷണവും വേട്ടയാടൽ നിരോധന പ്രവർത്തനങ്ങളും; ജനങ്ങളുടെ പങ്കാളിത്തവും പരിസ്ഥിതി വികസനവും, സ്വമേധയായുള്ള ഗ്രാമങ്ങളുടെ പുന സ്ഥാപിക്കൽ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 7 വിഭാഗങ്ങളിലായി എൻ‌ടി‌സി‌എ നൽകുന്ന പുരസ്‌കാരങ്ങളും ശ്രീ യാദവ്    ചടങ്ങിൽ വിതരണം ചെയ്തു.
 
 
SKY
 
*******************

(Release ID: 2149666)