ധനകാര്യ മന്ത്രാലയം
വ്യാജ ഇടപാടുകൾ, തെറ്റിദ്ധരിപ്പിക്കുന്ന രേഖകൾ: കോടിക്കണക്കിന് രൂപയുടെ ആഡംബര ഗൃഹോപകരണ ഇറക്കുമതി റാക്കറ്റിനെ തകർത്ത് DRI
യഥാർത്ഥ ഇടപാട് മൂല്യത്തിന്റെ 70% മുതൽ 90% വരെ മൊത്ത മൂല്യം കുറച്ചു കാണിച്ചതായും ₹30 കോടിയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതായും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
Posted On:
22 JUL 2025 8:13PM by PIB Thiruvananthpuram
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (DRI) നിർണ്ണായക നിയമ നടപടികളുടെ ഭാഗമായി, വിലയേറിയ ആഡംബര ഗൃഹോപകരണങ്ങളുടെ ഇറക്കുമതിയിൽ സങ്കീർണ്ണവും ആസൂത്രിതവുമായ കസ്റ്റംസ് തീരുവ വെട്ടിപ്പ് കണ്ടെത്തി.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബിസിനസ്സ് കേന്ദ്രങ്ങൾ, സംഭരണശാലകൾ, ചരക്ക് കൈമാറ്റ കേന്ദ്രങ്ങൾ, കസ്റ്റംസ് ഇടനിലക്കാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ DRI ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുകയുണ്ടായി. ബ്രാൻഡഡ് ആഡംബര ഗൃഹോപകരണങ്ങളുടെ വിലകുറച്ചു കാണിക്കുന്നതിനും തെറ്റായ രേഖകൾ ചമയ്ക്കുന്നതിനും പ്രവർത്തിക്കുന്ന സങ്കീർണ്ണവും പരസ്പരം ബന്ധിതവുമായ ശൃംഖല അന്വേഷണത്തിലൂടെ വെളിച്ചത്തുവന്നു. വ്യാജ ഇറക്കുമതി സ്ഥാപനങ്ങൾ (IEC holder), പ്രാദേശിക ഇടനിലക്കാർ, വിദേശ ഷെൽ കമ്പനികൾ, വ്യാജ വിക്രയ പത്രങ്ങൾ എന്നിവ ഉപയോഗിച്ച് വിവിധ അധികാരപരിധികളിൽ ഇവ പ്രവർത്തിക്കുന്നു.
പ്രശസ്ത ഇറ്റാലിയൻ, യൂറോപ്യൻ വിതരണക്കാരിൽ നിന്ന് ബ്രാൻഡഡ് ആഡംബര ഗൃഹോപകരണങ്ങൾ ഗുണഭോക്താക്കളായ ഇറക്കുമതി സ്ഥാപനങ്ങൾ നേരിട്ട് വാങ്ങുന്നുണ്ടെന്നും ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷെൽ കമ്പനികളുടെ പേരിൽ വിക്രയ പത്രം തയ്യാറാക്കുന്നുണ്ടെന്നും ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പം, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇടനിലക്കാരൻ മുഖേന വ്യാജ ഇറക്കുമതി സ്ഥാപനങ്ങളുടെ പേരിൽ വിക്രയ പത്രം തയ്യാറാക്കി, കുറഞ്ഞ നികുതി നിരക്കുള്ള ബ്രാൻഡ് ചെയ്യാത്ത ഗൃഹോപകരണങ്ങൾ എന്ന് വ്യാജമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞാൽ, ഈ ആവശ്യത്തിനായി സൃഷ്ടിച്ച ഒരു പ്രാദേശിക ഇടനിലക്കാരൻ വഴി സാധനങ്ങൾ രേഖകളിൽ മാത്രം നിർദ്ദിഷ്ട ഗുണഭോക്തൃ ഉടമയ്ക്ക് കൈമാറുകയും, ഗുണഭോക്തൃ ഉടമയുടെ നിർദ്ദേശപ്രകാരം സാധനങ്ങൾ നേരിട്ട് ഉപഭോക്താവിന് അയക്കുകയും ചെയ്യുന്നു.
യഥാർത്ഥ ഇടപാട് മൂല്യത്തിന്റെ 70% മുതൽ 90% വരെ മൊത്ത മൂല്യം കുറച്ചു കാണിച്ചതായും ₹30 കോടിയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതായും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.. ഗുണഭോക്തൃ ഉടമ, വ്യാജ ഇറക്കുമതി സ്ഥാപനം, ഇടനിലക്കാരൻ തുടങ്ങി ശൃംഖലയിലെ മുഴുവൻ കണ്ണികളും ഈ പദ്ധതി നടപ്പിലാക്കുന്നതിലും ഗൂഢാലോചനയിലും പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2025 ജൂലൈ 21, 22 തീയതികളിലായി, 1962 ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് പേരെയും DRI അറസ്റ്റ് ചെയ്തു.
കസ്റ്റംസ് തീരുവ വെട്ടിക്കുന്നതിനായി, മറ്റൊരു സ്ഥാപനത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഷെൽ കമ്പനിയെ ഉപയോഗപ്പെടുത്തി, ആഡംബര ഗൃഹോപകരണങ്ങളുടെ ഇറക്കുമതി മൂല്യം കുറച്ചുകാണിക്കുന്ന സമാനമായ രീതി 2025 മെയ് മാസത്തിൽ, DRI കണ്ടെത്തുകയുണ്ടായി. ഈ കേസിൽ ₹20 കോടിയിൽ കൂടുതൽ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഷെൽ കമ്പനികൾ, വ്യാജ ഇറക്കുമതി സ്ഥാപനങ്ങൾ, ബുദ്ധികേന്ദ്രങ്ങൾ, ഗുണഭോക്താക്കളായ സ്ഥാപനങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലെ ധനാഗമനനിർഗ്ഗമന മാർഗ്ഗങ്ങൾ എന്നിവയുൾപ്പെടുന്ന വിശാല ശൃംഖലയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം DRI തുടരുകയാണ്.
സർക്കാരിന് ഗണ്യമായ വരുമാന നഷ്ടം വരുത്തുക മാത്രമല്ല, വിപണിയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും നിയമാനുസരണം പ്രവർത്തിക്കുന്ന ഇറക്കുമതി സ്ഥാപനങ്ങൾക്കും ആഭ്യന്തര നിർമ്മാതാക്കൾക്കും പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിവിശേഷം സംജാതമാകാൻ കാരണമാവുകയും ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾ തുറന്നുകാട്ടുന്നതിനുള്ള ശ്രമങ്ങൾ DRI ഊർജ്ജിതമാക്കിയിട്ടുണ്ട്.
(Release ID: 2147169)