ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒരു പരമാധികാര രാഷ്ട്രമായ നമ്മുടെ എല്ലാ തീരുമാനങ്ങളും രാജ്യനേതൃത്വം സ്വതന്ത്രമായാണ് കൈക്കൊള്ളുന്നത് - ഉപരാഷ്ട്രപതി

ഇന്ത്യയിലെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കാൻ ഭൂമിയിൽ ഒരു ബാഹ്യശക്തിയ്ക്കുമാകില്ല - ഉപരാഷ്ട്രപതി

Posted On: 19 JUL 2025 8:36PM by PIB Thiruvananthpuram

"ബാഹ്യമായ ആഖ്യാനങ്ങളാൽ നയിക്കപ്പെടരുത്. ഒരു പരമാധികാര രാഷ്ട്രമായ ഈ രാജ്യത്തിന്റെ എല്ലാ തീരുമാനങ്ങളും അതിന്റെ നേതൃത്വം സ്വതന്ത്രമായാണ് കൈക്കൊള്ളുന്നത്. ഇന്ത്യയിലെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കാൻ ഭൂമിയിൽ ഒരു ബാഹ്യശക്തിയ്ക്കുമാകില്ല. "രാഷ്ട്രങ്ങളുടെ കൂട്ടായ്മ"യിൽ ഭാഗഭാക്കായ ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. നാം ഒത്തൊരുമയോടെ സഹകരിച്ച് പ്രവർത്തിക്കുന്നു. പരസ്പര ബഹുമാനവും നയതന്ത്ര ബന്ധങ്ങളും നമുക്കുണ്ട്. എന്നാൽ അന്തിമമായി, നാം പരമാധികാര രാഷ്ട്രമാണ്, നാം സ്വയം തീരുമാനങ്ങൾ എടുക്കുന്നു." ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ വ്യക്തമാക്കി.

"എല്ലാ മോശം പന്തുകളും കളിക്കേണ്ടതുണ്ടോ? ആര് എന്ത് പറഞ്ഞു എന്നത് സംബന്ധിച്ച് ഗുസ്തി പിടിക്കേണ്ട ആവശ്യമുണ്ടോ? ക്രിക്കറ്റ് പിച്ചിൽ കൂടുതൽ റൺസ് നേടുന്നയാൾ മോശം പന്തുകൾ ഉപേക്ഷിക്കും. അവ പ്രലോഭിപ്പിക്കുന്നവയാണ്, പക്ഷേ ആ പന്തുകൾ കളിക്കാൻ ശ്രമിക്കാറില്ല. കളിക്കാൻ ശ്രമിക്കുന്നവർക്കായി, വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകളും ഗള്ളിയിലെ സുരക്ഷിത കരങ്ങളും കാത്തിരിക്കുന്നുണ്ട്," അദ്ദേഹം ഭംഗ്യന്തരേണ വ്യക്തമാക്കി.

"വെല്ലുവിളികൾ ഉണ്ടാകും. ഭിന്നത സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഉണ്ടാകും. ഉദാഹരണത്തിന്, ആഗോള തലത്തിൽ വിനാശകരമായ ആക്രമണങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു- അവയിൽ രണ്ടെണ്ണം, നിങ്ങൾക്ക് അറിയാവുന്നവ തന്നെയാണ്. അവ അനന്തമായി നീളുന്നു. ജീവനും സ്വത്തിനും നേരിടുന്ന നാശവും ദുരിതങ്ങളും കാണുന്നു. എന്നാൽ നമ്മുടെ സ്ഥിതിയോ. നാം ഒരു പാഠം പഠിപ്പിച്ചു - നല്ല പാഠം പഠിപ്പിച്ചു. ബഹാവൽപൂരും മുറിദ്കെയും നാം നൽകിയ മറുപടികളാണ്. പിന്നീട് താൽക്കാലികമായി നടപടികൾ അവസാനിപ്പിച്ചു. എന്നാൽ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിച്ചിട്ടില്ല - അത് തുടരും. ചിലർ ചോദ്യങ്ങൾ ഉന്നയിക്കുന്നു- എന്തുകൊണ്ടാണ് അത് നിർത്തിയത്? സമാധാനത്തിലും അഹിംസയിലും വിശ്വസിക്കുന്ന ബുദ്ധന്റെയും മഹാവീരന്റെയും ഗാന്ധിയുടെയും നാടായതിനാൽ അതാണ് നമ്മുടെ സ്ഥായീഭാവം. ജീവജാലങ്ങളെയൊന്നും നശിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ല - പിന്നെ മനുഷ്യരെ എങ്ങനെ ലക്ഷ്യം വയ്ക്കാനാകും? മറ്റുള്ളവരിൽ മനുഷ്യത്വബോധം സൃഷ്ടിക്കുക, മനസ്സമാധാനം വളർത്തുക എന്നതാണ് നമ്മുടെ ആദർശം", അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡന്റ്സ് എൻക്ലേവിൽ ഇന്ന് ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ് (IDES) 2024 ബാച്ചിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ പറഞ്ഞു, “നമ്മുടെ ജനസംഖ്യാപരമായ ആനുകൂല്യം ആഗോളതലത്തിൽ അസൂയ ജനിപ്പിക്കുന്നതാണ്. നമ്മുടെ ജനസംഖ്യയുടെ 65% പേരും 35 വയസ്സിന് താഴെ പ്രായമുള്ളവരാണ്. നമ്മുടെ രാജ്യത്തിന്റെ ശരാശരി പ്രായം 28 ആണ്, അതേസമയം ചൈനയുടെയും യുഎസിന്റെയും പ്രായം ഏകദേശം 38–39 ഉം ജപ്പാന്റേത് 48 ഉം ആണ്. ഈ കാലഘട്ടത്തിന്റെ ദൗത്യനിർവ്വഹണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ. മനുഷ്യരാശിയുടെ ആറിലൊന്ന് വരുന്ന ഭാരതത്തെ സേവിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചു. നിങ്ങൾ സ്വന്തം പ്രവർത്തന മേഖലയിലേക്ക് കണ്ണോടിക്കൂ. നമ്മുടെ സാംസ്ക്കാരിക ധാർമ്മികത മുൻനിർത്തി സ്വയം പ്രതിജ്ഞാബദ്ധരായ നാം ഒരു അതുല്യ രാഷ്ട്രമാണ്. അയ്യായിരം വർഷത്തെ പാരമ്പര്യം, സംസ്‌ക്കാരം, പൈതൃകം, ബുദ്ധി, ജ്ഞാനം, സഞ്ചിത നേട്ടങ്ങൾ എന്നിവ നമുക്കുണ്ട്- ഒരു രാജ്യത്തിനും നമ്മുടെ ഏഴയലത്തു പോലും എത്താനാകില്ല. അത്തരമൊരു സാഹചര്യത്തിൽ - പതിനെട്ട് ലക്ഷം ഏക്കർ? നിങ്ങൾ ഇതിൽ ഏർപ്പെടുകയാണെങ്കിൽ - മുതിർന്നവർ ഇതിൽ ഏർപ്പെടുന്നുണ്ട് - എസ്റ്റേറ്റുകൾ എങ്ങനെ കൈകാര്യം ചെയ്യണം, ആവാസവ്യവസ്ഥകൾ എങ്ങനെ കൈകാര്യം ചെയ്യണം, പരിസ്ഥിതി എങ്ങനെ കൈകാര്യം ചെയ്യണം, ഔഷധസസ്യങ്ങൾ എങ്ങനെ വളർത്താം, സുസ്ഥിര വികസനം എന്താണ്, എങ്ങനെ സംരക്ഷിക്കാം, ആധുനിക സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നിവയെല്ലാം നിങ്ങൾക്ക് രാജ്യത്തിന് വേണ്ടി നിർവ്വചിക്കാം.

"എനിക്ക് അൽപ്പം ആശങ്കയുള്ള ഒരു വശം പറയാം. വികസനം, പൊതുജനങ്ങളുടെ വികസനം, നിങ്ങളുടെ സംസ്ഥാനങ്ങളുടെ സമീപത്തു തന്നെയുണ്ട്, നിങ്ങളുടെ അനുമതി ആവശ്യമാണ്. ആ അനുമതി പലപ്പോഴും വിവേചനാധികാരത്തിന്റെ മേഖലയിലേക്ക് കടക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നു. ഒരു സംവിധാനം അല്ലെങ്കിൽ ഒരു പ്രോട്ടോക്കോൾ വികസിപ്പിക്കുക. അതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കുക - എത്ര ഉയരം ഉണ്ടായിരിക്കാം. ഈ സംവിധാനം എന്തുകൊണ്ട് പ്രാബല്യത്തിൽ വരണം? നമുക്കുള്ള സാങ്കേതികവിദ്യ സംബന്ധിച്ച്, നാം പൂർണ്ണമായി ബോധവാന്മാരായിരിക്കണം. എന്തുകൊണ്ട് നമുക്ക് അത് ഒരു വേദിയിൽ സ്ഥാപിക്കാൻ കഴിയില്ല? ഇതാണ് മേഖല - നിങ്ങളുടെ കെട്ടിടം ഇവിടെ ഉയരുകയാണെങ്കിൽ, അതിന്റെ ഉയരം ഇതായിരിക്കും. "എന്നിട്ടും ഏജൻസികളെ നിയമിക്കേണ്ടതായി വരുന്നു. ജനങ്ങൾ പണം നൽകണം. കാലതാമസം സംഭവിക്കുന്നു. ഇനി നിങ്ങൾക്ക് നേതൃത്വം വഹിക്കാം. ചുറ്റുമുള്ള ആളുകളുടെ അംഗീകാരം നിങ്ങൾക്ക് ലഭിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കോച്ചിംഗ് സെന്ററുകൾ വർദ്ധിച്ചുവരുന്നതിലെ ആശങ്ക വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “നൈപുണ്യത്തിന് പരിശീലനം ആവശ്യമാണ്. നിങ്ങളുടെ സ്വാശ്രയത്വത്തിന് കോച്ചിംഗ് ആവശ്യമാണ്. പരിമിതമായ എണ്ണം സീറ്റുകൾക്ക്, രാജ്യമെമ്പാടും പത്രങ്ങളിൽ പരസ്യ ഇടത്തിനായി പരസ്പരം മത്സരിക്കുന്ന കോച്ചിംഗ് സെന്ററുകൾ ഉണ്ട്. ഒന്നല്ല - ഒരു പേജ്, രണ്ട് പേജ്, മൂന്ന് പേജ്, ചിലപ്പോൾ തുടർച്ചയായി നാല് പേജുകൾ. എന്തൊരു കാഴ്ചയാണത് - ആൺകുട്ടികളെയും പെൺകുട്ടികളെയും ഫോട്ടോഗ്രാഫുകളിൽ ഉൾപ്പെടുത്തുന്നു. ഇല്ല, ഇത് ഭാരതമല്ല. നമുക്ക് ചരക്ക് വത്ക്കരണവും വാണിജ്യവത്ക്കരണവും അഭികാമ്യമല്ല. ഗുരുകുലത്തിൽ നാം വിശ്വസിക്കണം. നിങ്ങൾ പുറത്തു കടക്കണം- യുവാക്കൾ തടവറകളിൽ നിന്ന് പുറത്തുവരണം. മറ്റെവിടെയെങ്കിലും കാത്തിരിക്കുന്ന അവസരങ്ങളും നിങ്ങൾ അറിയണം. ആ അവസരങ്ങളും രാജ്യത്തിന്റെ വികസനത്തിന് വളരെ ആവശ്യമാണ്…. ഞാൻ ആരെയും എതിർക്കുകയല്ല, പക്ഷേ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി കോച്ചിംഗ് മാറുന്നത് എന്തുകൊണ്ട്? മൂന്ന് പതിറ്റാണ്ടിന് ശേഷം, ലക്ഷക്കണക്കിന് പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം, രാഷ്ട്രം ദേശീയ വിദ്യാഭ്യാസ നയത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.. എന്തുകൊണ്ട് കോച്ചിംഗ്? കോച്ച് നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തണം. ആളുകൾ തിങ്ങിനിറഞ്ഞ് കടന്നുപോകുന്നത് നമുക്ക് അനുവദിക്കാനാവില്ല. ചിന്തിക്കുന്ന മനസ്സുകൾ അവിടെ പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അത് എപ്പോഴും മനസ്സിൽ വയ്ക്കുക. ”

 

'വികസിത ഭാരതത്തെ' ക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, "നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല നമ്മുടെ ലക്ഷ്യം. ജനങ്ങളുടെ വികസനം എന്നത് കൂടിയാണ്. വികസിത ഭാരതം നമ്മുടെ സ്വപ്നമല്ല. ഇപ്പോൾ അത് നമ്മുടെ ലക്‌ഷ്യം പോലുമല്ല. കാരണം നാം ആ ദിശയിലേക്ക് മുന്നേറുകയാണ്. എല്ലാ ദിവസവും ആ ദിശയിലേക്ക് രാജ്യം പുരോഗമിക്കുകയാണ്. അത് നമുക്ക് ഒരു വലിയ വെല്ലുവിളിയാണ്. കാരണം 10 വർഷത്തെ അഭൂതപൂർവ്വമായ വികസനം ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്. എന്റെ തലമുറയിലെ ആളുകൾ ഒരിക്കലും വിശ്വസിച്ചില്ല... വീട്ടിൽ ഒരു ശൗചാലയം, വീട്ടിൽ ഒരു പാചകവാതക കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ, പൈപ്പ് വെള്ളം, വീടിനടുത്തേയ്ക്ക് റോഡുകൾ, സ്ക്കൂൾ, ആരോഗ്യ കേന്ദ്രം, യാത്ര ചെയ്യാൻ ലോകോത്തര ട്രെയിനുകൾ എന്നിവ ഉണ്ടാകുമെന്ന് കരുതിയിട്ടില്ല. ഇല്ല. ഞങ്ങൾ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. അതിനാൽ നമ്മുടെ രാഷ്ട്രം ഇപ്പോൾ ആഗോളതലത്തിൽ ലോകത്തിലെ ഏറ്റവും അഭിലാഷപൂർണ്ണമായ രാഷ്ട്രമായി മാറിയിരിക്കുന്നു."

 

ഇന്ത്യാ ഗവൺമെൻ്റിൽ പ്രതിരോധ സെക്രട്ടറിയായ ശ്രീ രാജേഷ് കുമാർ സിംഗ്, ഡിഫൻസ് എസ്റ്റേറ്റ്സ് ഡയറക്ടർ ജനറൽ ശ്രീ എസ്.എൻ. ഗുപ്ത, NIDEM ഡയറക്ടർ ശ്രീ സഞ്ജീവ് കുമാർ അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

 

*****

 


(Release ID: 2146198)
Read this release in: English , Urdu , Hindi , Tamil