ഉപരാഷ്ട്രപതിയുടെ കാര്യാലയം
വേട്ടയാടലിന്റെ കേന്ദ്രങ്ങളായി മാറുന്ന കോച്ചിങ് കേന്ദ്രങ്ങൾ; ഒറ്റപ്പെടുത്തലിന്റെ കാര്‍ക്കശ്യവേദികള്‍ പ്രതിഭാശാലികള്‍ക്ക് തമോഗർത്തങ്ങളെന്നും ഉപരാഷ്ട്രപതി
Posted On:
12 JUL 2025 4:21PM by PIB Thiruvananthpuram
വിദ്യാര്‍ത്ഥികൾക്കായുള്ള കോച്ചിങ് കേന്ദ്രങ്ങള്‍ വേട്ടയാടലിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഒറ്റപ്പെടുത്തുന്ന കാര്‍ക്കശ്യത്തിന്റെ ഇടങ്ങള്‍ പ്രതിഭകളെ സംബന്ധിച്ചിടത്തോളം തമോഗര്‍ത്തങ്ങളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശീലന കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണ്. രാജ്യത്തിന്റെ ഭാവിയായ യുവതയ്ക്ക് ഇത് ഭീഷണി സൃഷ്ടിക്കുന്നു. ആശങ്കാജനകമായ ഈ സാഹചര്യം നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസമേഖലയെ ഇത്രയധികം കളങ്കപ്പെടുത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും അനുവദിക്കാനാവില്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
അൽഗോരിതങ്ങള്‍ സൈന്യങ്ങള്‍ക്ക് പകരമാകുന്ന കാലത്ത് സൈന്യങ്ങളിനി രാഷ്ട്രങ്ങളെ കീഴടക്കുകയോ കോളനിവൽക്കരിക്കുകയോ ചെയ്യില്ല. അധിനിവേശങ്ങളിലൂടെയല്ല, മറിച്ച് വിദേശ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കുന്നതിലൂടെയാണ് പരമാധികാരം നഷ്ടപ്പെടുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാം പുതിയ ദേശീയതയുടെ നവയുഗത്തിലേക്ക് കടക്കുകയാണെന്നും ദേശസ്‌നേഹത്തിന്റെ പുതിയ അതിർത്തി നിര്‍ണയിക്കുന്നത് സാങ്കേതിക നേതൃത്വമാണെന്നും ഈ രംഗത്ത് ആഗോള നേതൃനിരയിലേക്ക് നാം ഉയരണമെന്നും സാങ്കേതിക നേതൃത്വത്തിൽ വേരൂന്നിയ ദേശസ്‌നേഹത്തിന്റെ പുതിയ ദർശനത്തിന് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതിരോധം ഉള്‍പ്പെടെ മേഖലകളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങൾ മറ്റു രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത രാജ്യത്തിന് നമ്മെ സ്തംഭിപ്പിക്കാന്‍ ശക്തിയുണ്ടാകുമെന്ന് രാജ്യരക്ഷ പോലെ നിർണായക മേഖലകളിലെ ഇറക്കുമതിയെക്കുറിച്ചു ആശങ്ക ഉന്നയിച്ചുകൊണ്ട് ശ്രീ ധൻഖർ അഭിപ്രായപ്പെട്ടു.
ഇന്ന് ഗുരുകുലങ്ങളെക്കുറിച്ച് നമുക്ക് എങ്ങനെ സംസാരിക്കാനാവുമെന്നും ഇന്ത്യൻ ഭരണഘടനയിലെ 22 ദൃശ്യ ചിത്രീകരണങ്ങളിലൊന്ന് ഒരു ഗുരുകുലത്തിന്റേതാണെന്നും രാജസ്ഥാനിലെ കോട്ടയില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (ഐഐഐടി) നാലാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെ ശ്രീ ധൻഖർ പറഞ്ഞു. അറിവിന്റെ കൈമാറ്റത്തില്‍ നാം എക്കാലവും വിശ്വസിച്ചുപോന്നു. കോച്ചിങ് കേന്ദ്രങ്ങള്‍ നൈപുണ്യ കേന്ദ്രങ്ങളായി മാറാൻ അവയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കണം. ഈ പ്രശ്നത്തിന്റെ അടിയന്തിരാവസ്ഥ തിരിച്ചറിയാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരോടും പൊതുസമൂഹത്തോടും ജനപ്രതിനിധികളോടും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസത്തിൽ വിവേകം പുനഃസ്ഥാപിക്കാൻ നാം ഒത്തുചേരണമെന്നും നൈപുണ്യ പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ഗ്രേഡുകളോടും മികച്ച സ്കോറിനോടും കാണിക്കുന്ന അമിത അഭിനിവേശം മനുഷ്യ ബുദ്ധിയുടെ അവിഭാജ്യ വശമായ ജിജ്ഞാസയെ അപഹരിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സീറ്റുകൾ പരിമിതമാണെങ്കിലും രാജ്യത്തുടനീളം പരിശീലനകേന്ദ്രങ്ങളുണ്ട്. അവ വിദ്യാർത്ഥി മനസ്സിനെ വർഷങ്ങളോളം ഒരുപോലെ സജ്ജമാക്കുകയും യന്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നു. അവരുടെ ചിന്തയെ പൂർണമായി തടസ്സപ്പെടുത്തുന്നതിലൂടെ നിരവധി മാനസിക പ്രശ്നങ്ങൾ ഉടലെടുക്കാമെന്നും ശ്രീ ധന്‍ഖര്‍ പറഞ്ഞു.
മാർക്കുകളോ ഗ്രേഡുകളോ അല്ല വ്യക്തികളെ നിർവചിക്കുന്നതെന്നും മത്സര ലോകത്തേക്ക് കുതിച്ചുചാട്ടം നടത്തുമ്പോൾ അറിവും ചിന്താശേഷിയുമാണ് ഓരോരുത്തരെയും നിർവചിക്കുകയെന്നും ഗ്രേഡുകൾക്കപ്പുറം ചിന്തിക്കാന്‍ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസത്തെ അസംബ്ലി വരിപോലെ പരിഗണിക്കുന്നതിനെ ശക്തമായി എതിർത്ത ശ്രീ ധൻഖർ ഈ അസംബ്ലി-വരി സംസ്കാരം നാം അവസാനിപ്പിക്കണമെന്നും ഇത് വിദ്യാഭ്യാസത്തിന് അപകടകരമാണെന്നും പറഞ്ഞു. പരിശീലന കേന്ദ്രങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒഴുക്കിനെതിരാണ്. ഇത് വളർച്ചയിലും പുരോഗതിയിലും അനാവശ്യ തടസങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നുവെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
പരസ്യബോർഡുകള്‍ക്കും പത്രപരസ്യങ്ങള്‍ക്കുമായി ചെലവിടുന്ന പണം വിദ്യാഭ്യാസത്തിനായി വായ്പ എടുക്കുന്നവരുടെയോ സ്വന്തം ഭാവി ശോഭനമാക്കാൻ കഠിനാധ്വാനം ചെയ്തവരുടെയോ ആണെന്നും ഇത് പണത്തിന്റെ ശരിയായ വിനിയോഗമല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഈ പരസ്യങ്ങൾ ആകർഷകമാണെങ്കിലും അവ രാജ്യത്തിന്റെ നാഗരിക ധാർമികതയ്ക്ക് ആസ്വദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഊർജസ്വല മനസ്സുകളെ താൽക്കാലിക വിവരങ്ങളുടെ യാന്ത്രിക ശേഖരങ്ങളാക്കി മാറ്റിയ മനഃപാഠ സംസ്കാരത്തിന്റെ പ്രതിസന്ധിയാണ് നാം നേരിടുന്നതെന്ന് മനഃപാഠ പഠന സംസ്കാരത്തെ നിശിതമായി വിമർശിച്ച് ഉപരാഷ്ട്രപതി പ്രസ്താവിച്ചു. ഈ സംസ്കാരത്തിന് തിരിച്ചറിവോ ധാരണയോ ഇല്ലെന്നും സൃഷ്ടിപരമായ ചിന്തകരെയല്ല, മറിച്ച് ബുദ്ധിശാലികളായ മൂഢന്മാരെയാണത് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സില്‍ കുത്തിനിറച്ച അറിവുകള്‍ അർത്ഥരഹിത ഓർമകള്‍ സൃഷ്ടിക്കുകയും ആഴമില്ലാത്ത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ഉപരാഷ്ട്രപതി ഉപസംഹരിച്ചു.
SKY
***
(Release ID: 2144288)
Visitor Counter : 2