ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ (ഇന്ന്) പൊതുമേഖലാ ബാങ്കുകളുടെ MD മാരും CEO മാരും പങ്കെടുത്ത വാർഷിക അവലോകന യോഗത്തിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിച്ചു.

Posted On: 27 JUN 2025 7:51PM by PIB Thiruvananthpuram

പൊതുമേഖലാ ബാങ്കുകളുടെ (PSB) സാമ്പത്തിക മാനദണ്ഡങ്ങൾ, വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ബാങ്കുകൾ നൽകുന്ന വായ്പയുടെ എണ്ണത്തിലെയും തുകയിലെയും വർദ്ധനവ്, സാമ്പത്തിക സർവ്വാശ്ലേഷിത്വം, ഉപഭോക്തൃ സേവനം, പരാതി പരിഹാരം, ഡിജിറ്റൽ ബാങ്കിംഗ്, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ പ്രകടനം അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ (ഇന്ന്) ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു.


 

യോഗത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി; ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ എം. നാഗരാജു; പൊതുമേഖലാ ബാങ്കുകളുടെ MD മാർ; ധനകാര്യ സേവന വകുപ്പിലെ (DFS) മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് 2024–25 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക മേഖലയിലെ ശക്തമായ പ്രകടനത്തിൽ ധനകാര്യ മന്ത്രി (FM) സന്തുഷ്ടി പ്രകടിപ്പിച്ചു.

2022–23 സാമ്പത്തിക വർഷം മുതൽ 2024–25 സാമ്പത്തിക വർഷം വരെ പൊതുമേഖലാ ബാങ്കുകളുടെ (PSB) മൊത്തം ബിസിനസ്സ് ₹ 203 ലക്ഷം കോടിയിൽ നിന്ന് ₹ 251 ലക്ഷം കോടിയായി ഉയർന്നതായി യോഗത്തിൽ വ്യക്തമാക്കി.

 

ഇതേ കാലയളവിൽ (2022–23 സാമ്പത്തിക വർഷം മുതൽ 2024–25 സാമ്പത്തിക വർഷം വരെ) പൊതുമേഖലാ ബാങ്കുകളുടെ (PSB)  അറ്റ നിഷ്ക്രിയ ആസ്തികൾ 1.24% ൽ നിന്ന് 0.52% ആയി കുത്തനെ കുറഞ്ഞു, അറ്റാദായം ₹ 1.04 ലക്ഷം കോടിയിൽ നിന്ന് ₹ 1.78 ലക്ഷം കോടിയായി വർദ്ധിച്ചു. ലാഭവിഹിത വിതരണം ₹ 20,964 കോടിയിൽ നിന്ന് ₹ 34,990 കോടിയായി വർദ്ധിച്ചു.

 


 

2025 മാർച്ച് വരെ പൊതുമേഖലാ ബാങ്കുകളുടെ CRAR നില 16.15% ആണെന്നും, ബാങ്കുകൾ മതിയായ തോതിൽ  മൂലധനവത്ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ധനകാര്യ മന്ത്രിയെ അറിയിച്ചു.

നിക്ഷേപ, വായ്പാ പ്രവണതകളുടെ അവലോകനത്തിനിടെ, നിലവിലുള്ള വായ്പാ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി നിക്ഷേപ സമാഹരണം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര പരിശ്രമങ്ങളുടെ ആവശ്യകത ധനകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കാനും, ബ്രാഞ്ച് ശൃംഖലകളെ ഫലപ്രദമായി ഉപയോഗിക്കാനും, അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിൽ വ്യാപനം വർദ്ധിപ്പിക്കാനും പൊതുമേഖലാ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

അടുത്ത ദശകത്തിൽ ഉയർന്നു വരാൻ സാധ്യതയുള്ള വാണിജ്യ വളർച്ചാ മേഖലകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള നടപടികളാരംഭിക്കാൻ അവലോകന വേളയിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പൊതുമേഖലാ ബാങ്കുകളോട് (PSB) നിർദ്ദേശിച്ചു. ഇത് പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമതയ്ക്കും വളർച്ചയ്ക്കും സഹായകമാകും.

ഉത്പാദന മേഖലകളിലെ കോർപ്പറേറ്റ് വായ്പകൾ ശക്തിപ്പെടുത്താനും, ശക്തമായ അണ്ടർ‌റൈറ്റിംഗ്, റിസ്ക് മാനേജ്മെന്റ് മാനദണ്ഡങ്ങൾ നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യോഗം ഊന്നൽ നൽകി.

 

ഇന്ത്യയുടെ ഹരിത വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊർജ്ജ മേഖലയ്ക്ക്, പ്രത്യേകിച്ച് പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഊർജ്ജ മേഖലകൾക്ക് വായ്പ നൽകുന്നത് ദേശീയ മുൻഗണനയായി സ്വീകരിക്കപ്പെട്ടു. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ചെറുകിട മോഡുലാർ ആണവ റിയാക്ടറുകൾ (SMR) വികസിപ്പിക്കുന്നതിനുള്ള 2025-26 ബജറ്റ് പ്രഖ്യാപനത്തിന് അനുപൂരകമായി, ഈ നിർണായക മേഖലയെ പിന്തുണയ്ക്കുന്നതിനായി വായ്പാ മാതൃകകൾ വികസിപ്പിക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചു.

പിഎം മുദ്ര യോജന, പിഎം വിശ്വകർമ, പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന, പിഎം വിദ്യാലക്ഷ്മി, കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതി എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക ശാക്തീകരണ പദ്ധതികൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചു.

2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, പ്രധാനമന്ത്രി ധൻ ധാന്യ യോജനയ്ക്ക് കീഴിൽ കാർഷിക ഉത്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ കാർഷിക വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രസ്തുത ജില്ലകളിൽ വികസിപ്പിക്കാൻ കഴിയുന്ന കാർഷിക ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ നൽകി പ്രാദേശിക സാമ്പത്തിക സാധ്യതകൾ തുറക്കുന്നതിനുമായി പ്രത്യേക വായ്പ ലഭ്യമാക്കാവുന്ന ഉത്പന്നങ്ങൾ കണ്ടെത്താൻ ബാങ്കുകളോട് നിർദ്ദേശിച്ചു.

അന്താരാഷ്ട്ര ധനകാര്യ സേവനങ്ങളിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും, ഉയർന്നുവരുന്ന ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും, ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ചിൽ (IIBX) പങ്കാളിത്തം വർദ്ധിപ്പിക്കാനും ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യം വികസിപ്പിക്കാനും ബാങ്കുകളോട് നിർദ്ദേശിച്ചു.

 

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നത് ബാങ്കുകളുടെ  പ്രധാന മുൻ‌ഗണനയായി തുടരുന്നു. കൂടാതെ വേഗത്തിലുള്ള പരാതി പരിഹാരം ഉറപ്പാക്കാനും, ലളിതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കാനും , ഓൺ‌ലൈനിലും ഓഫ്‌ലൈനിലും ബഹുഭാഷാ സേവനങ്ങൾ നൽകാനും ബാങ്കുകളോട് ധനമന്ത്രി നിർദ്ദേശിച്ചു. വൃത്തിയോടെയും ഉപഭോക്തൃ സൗഹൃദവുമായും ബാങ്ക് ശാഖകൾ പരിപാലിക്കുന്നതും, നഗരവത്ക്കരണത്തിനൊപ്പം മെട്രോ, നഗര കേന്ദ്രങ്ങളി വ്യാപനം സാധ്യമാക്കുന്നത് സംബന്ധിച്ചും ചർച്ചയായി.

2025 ജൂലൈ 1 മുതൽ 2.7 ലക്ഷം ഗ്രാമപഞ്ചായത്തുകളെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വരുന്ന 3 മാസക്കാലയളവിൽ സംഘടിപ്പിക്കുന്ന സാർവത്രിക സാമ്പത്തിക ശാക്തീകരണ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കാൻ ശ്രീമതി സീതാരാമൻ പൊതുമേഖലാ ബാങ്കുകളോട് നിർദ്ദേശിച്ചു. കെ‌വൈ‌സി, റീ-കെ‌വൈ‌സി, അവകാശികളില്ലാത്ത നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൗരന്മാരെ സഹായിക്കുന്നതിൽ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി, പി‌എം ജൻ ധൻ യോജന, പി‌എം ജീവൻ ജ്യോതി ബീമ, പി‌എം സുരക്ഷാ ബീമ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ സാമ്പത്തിക ശാക്തീകരണം കൂടുതൽ വിപുലമാക്കുന്നതിനായി ലക്ഷ്യവേധിയായ വ്യാപനം, മതിയായ മാനവ വിഭവ ശേഷി വിന്യാസം, ഫലപ്രദമായ പ്രചാരണം എന്നിവ ഉറപ്പാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി (MSME) 2025 മാർച്ച് 6 ന് ആരംഭിച്ച പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് മോഡലിന്റെ പുരോഗതി ശ്രീമതി സീതാരാമനെ ധരിപ്പിച്ചു.  ₹ 60,000 കോടി മൂല്യമുള്ള 1.97 ലക്ഷം വായ്പകൾ MSME കൾക്കായി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള മൂലധന ലഭ്യത വിപുലീകരിക്കുന്നതിനും വായ്പാ പ്രവാഹം വേഗത്തിലാക്കുന്നതിനുമായി MSME കൾക്കായുള്ള പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് മോഡൽ നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ ബാങ്കുകളോട് മന്ത്രി നിർദ്ദേശിച്ചു.

 

സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം, ₹ 51,192 കോടി മൂല്യമുള്ള 2.28 ലക്ഷം വായ്പകൾ അനുവദിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.  പി.എം. വിദ്യാലക്ഷ്മി പദ്ധതി പ്രകാരം, ₹ 1,751 കോടി മൂല്യമുള്ള 6,682 വായ്പകൾ അനുവദിച്ചു. ലക്ഷ്യവേധിയായ വായ്പാ സംരംഭങ്ങളിലൂടെ സംരംഭകത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത കണക്കിലെടുത്ത്, ഈ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനമന്ത്രി ബാങ്കുകളോട് നിർദ്ദേശിച്ചു.

ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ധനമന്ത്രി എടുത്തുപറഞ്ഞു. നിലവിലുള്ളതും ഭാവിയിൽ ഉയർന്നുവരുന്നതുമായ എല്ലാ ഒഴിവുകളും എത്രയും വേഗം നികത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

വടക്കുകിഴക്കൻ മേഖല പോലുള്ള പിന്നാക്ക മേഖലകളിൽ ശാഖാ വിപുലീകരണം വേഗത്തിലാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. വിദൂര, ഗ്രാമ പ്രദേശങ്ങളിൽ, ബാങ്കിംഗ് സേവനങ്ങൾ അവസാന വ്യക്തിയിൽ വരെ എത്തിക്കുന്നതിന് ബിസിനസ് കറസ്പോണ്ടന്റ് (BC) ശൃംഖല വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ധനമന്ത്രി അടിവരയിട്ടു വ്യക്തമാക്കി.

******************


(Release ID: 2140362)