യു.പി.എസ്.സി
2025-ലെ എന്‍ഡിഎ & എന്‍എ പരീക്ഷ (II), സിഡിഎസ് പരീക്ഷ (II) എന്നിവയുടെ അപേക്ഷ തിരുത്താന്‍ യുപിഎസ്സി ഒറ്റത്തവണ നടപടിയായി മൂന്നുദിവസം അവസരം നല്‍കും
Posted On:
26 JUN 2025 6:40PM by PIB Thiruvananthpuram
2025-ലെ എന്‍ഡിഎ & എന്‍എ പരീക്ഷ (II), 2025-ലെ സിഡിഎസ് പരീക്ഷ (II) എന്നിവയ്ക്കായി സമര്‍പ്പിച്ച അപേക്ഷാ ഫോമുകളിലെ തെറ്റുകൾ തിരുത്തുന്നതിന് ഒറ്റത്തവണ നടപടിയായി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് ദിവസം സൗകര്യമൊരുക്കാന്‍ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പദ്ധതിയിടുന്നു. 'പൊതു അപേക്ഷാ ഫോം', 'പരീക്ഷാ അപേക്ഷാ ഫോം' എന്നിവയിലെ വിശദാംശങ്ങളില്‍ മാറ്റം വരുത്താനും ആവശ്യമായ തിരുത്തലുകൾ നടത്താനും ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിലെ ‘തിരുത്തല്‍ ജാലകം’ വഴി അവസരം നൽകും.
യുപിഎസ്സി ഓൺലൈൻ അപേക്ഷാ പോർട്ടലിലെ നാല് വിഭാഗങ്ങള്‍ ഹോം പേജിൽ നാല് വ്യത്യസ്ത കാർഡുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇതില്‍ മൂന്നെണ്ണം അക്കൗണ്ട് സജ്ജീകരിക്കല്‍, സാര്‍വത്രിക രജിസ്ട്രേഷൻ, പൊതു അപേക്ഷാ ഫോം എന്നിവയാണ്. എല്ലാ പരീക്ഷകൾക്കും പൊതുവായതും ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും പൂരിപ്പിക്കാവുന്നതുമായ വിവരങ്ങളാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്. നാലാം വിഭാഗമായ ‘പരീക്ഷകൾ’ പരീക്ഷാസംബന്ധമായ വിവരങ്ങളാണ്. പരീക്ഷാ അറിയിപ്പുകൾ, പരീക്ഷാ അപേക്ഷ, അപേക്ഷനില എന്നിവ ഇതിലടങ്ങിയിരിക്കുന്നു.
ഏതൊരു അപേക്ഷാ ഫോമിന്റെയും അന്തിമ സമർപ്പണത്തിന് മുമ്പ് ഓൺലൈൻ പോർട്ടലില്‍ ആവർത്തിച്ച് പരിശോധനകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ‘തിരുത്തല്‍ ജാലക’ത്തെക്കുറിച്ച് വിശദീകരിക്കവെ യുപിഎസ്സി ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു. എന്നിരുന്നാലും രേഖകൾ ചേര്‍ക്കുന്നതിലും വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിലും അപേക്ഷകർ ചില തെറ്റുകൾ വരുത്തിയിട്ടുണ്ട്. പുതിയ പോര്ട്ടലായതിനാലും അപേക്ഷകർ ആദ്യമായി വിവരങ്ങൾ പൂരിപ്പിക്കുന്നതിനാലും അപേക്ഷാ പ്രക്രിയയിൽ തെറ്റായി പൂരിപ്പിച്ച വിവരങ്ങൾ തിരുത്താന്‍ യുപിഎസ്സി ഒറ്റത്തവണ അവസരം നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുത്തൽ ജാലകം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സോഫ്റ്റ്വെയർ ഘടകം എൻഐസി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തയ്യാറായി പരീക്ഷിച്ചുകഴിഞ്ഞാല്‍ സൗകര്യം അപേക്ഷകർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ അവസരം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന അപേക്ഷകർക്ക് യുപിഎസ്സി വെബ്സൈറ്റിൽ അറിയിപ്പ് പരിശോധിക്കാമെന്നും തീയതികള്‍ സംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ വെബ്സൈറ്റില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഒറ്റത്തവണ നടപടിയായി മാത്രമാണ് തിരുത്തല്‍ അവസരം ലഭ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ ഒറ്റത്തവണ രജിസ്ട്രേഷൻ (ഒടിആർ) ഘടകത്തിന് പകരമായി പുതിയ ഓൺലൈൻ അപേക്ഷാ പോർട്ടൽ 2025 മെയ് 28നാണ് പുറത്തിറക്കിയത്. 2025 മെയ് 28ന് വിജ്ഞാപനം ചെയ്ത 2025-ലെ സിഡിഎസ് പരീക്ഷ-II, എൻഡിഎ & എൻഎ പരീക്ഷ-II, എന്നിവയ്ക്ക് പുതിയ ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്.
യുപിഎസ്സി ഓൺലൈൻ പോർട്ടൽ https://upsconline.nic.in എന്ന അഡ്രസില്‍ ലഭ്യമാണ്.
SKY
*****
(Release ID: 2140045)