ഉപരാഷ്ട്രപതിയുടെ കാര്യാലയം
സ്വന്തം താത്പര്യങ്ങൾ ലക്ഷ്യമിട്ടാണ് മാത്രമാണ് രാഷ്ട്രങ്ങൾ പ്രവർത്തിക്കുന്നത്, അല്ലാതെ ആദർശനിഷ്ഠ, ധാർമ്മികത, അന്താരാഷ്ട്ര ഐക്യം എന്നിവ ലക്ഷ്യമിട്ടല്ല : ഉപരാഷ്ട്രപതി സവർക്കറെ അനുസ്മരിച്ചു
ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ദർശനവും നിശ്ചയദാർഢ്യവും - ഉപരാഷ്ട്രപതി
Posted On:
23 JUN 2025 8:38PM by PIB Thiruvananthpuram
'ന്യൂ വേൾഡ്: 21st സെഞ്ച്വറി ഗ്ലോബൽ ഓർഡർ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ പേജുകളിലൂടെ സഞ്ചരിക്കുമ്പോൾ, രചയിതാവിന്റെ ചിന്തകളിൽ വിനായക് ദാമോദർ സവർക്കറുടെ മുദ്ര എനിക്ക് അനുഭവപ്പെട്ടു…….. അംഗീകരിക്കാനാവാത്ത അതിരുകടന്ന സംശയങ്ങൾ നിലനിൽക്കുമ്പോഴും, യുദ്ധാനന്തര ലോക ക്രമത്തിന്റെ പുത്തൻ പുലരിയിലെ വിശ്രുത ചിന്തകനായി അദ്ദേഹം തുടരുന്നു. ഉറച്ച യാഥാർത്ഥ്യവാദിയായ സവർക്കർ, യുദ്ധാനന്തര ലോകത്തിൽ വിശ്വസിച്ചു, അവിടെ രാഷ്ട്രങ്ങൾ ആദർശനിഷ്ഠയിലോ, ധാർമ്മികതയിലോ, അന്താരാഷ്ട്ര ഐക്യത്തിലോ അധിഷ്ഠിതമായല്ല, സ്വന്തം താത്പര്യങ്ങൾ അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കും എന്ന് അദ്ദേഹം എത്ര പ്രവചനാത്മകമായാണ് നിരീക്ഷിച്ചതെന്ന് മനസിലാക്കുക. കഴിഞ്ഞ രണ്ടാഴ്ചത്തെ, കഴിഞ്ഞ മൂന്ന് മാസത്തെ സംഭവവികാസങ്ങൾ ശ്രദ്ധിക്കൂ. നാം ഇതിന് സാക്ഷ്യം വഹിക്കുകയാണ്. അയഥാർത്ഥമായ സമാധാനവാദവും ഉട്ടോപ്യൻ അന്താരാഷ്ട്രവാദവും അദ്ദേഹം നിരസിച്ചു. ആദ്യമുണ്ടായ ലീഗ് ഓഫ് നേഷൻസിനെയും പിന്നീടുണ്ടായ ഐക്യരാഷ്ട്രസഭ പോലെ, പാശ്ചാത്യ ആധിപത്യമുള്ള സ്ഥാപനങ്ങളെയും ആശ്രയിക്കാതെ, സ്വന്തം ശക്തിയിലൂടെ ഇന്ത്യ പരമാധികാരം സംരക്ഷിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ടു അന്താരാഷ്ട്ര സ്ഥാപനങ്ങളും മനുഷ്യരാശിയുടെ ആറിലൊന്ന് ജനതയ്ക്ക് അർഹമായ സ്ഥാനം നൽകാതെ അവഗണിച്ചു”. ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധനക്കാർ പ്രസ്താവിച്ചു.
ശ്രീ രാം മാധവ് എഴുതിയ 'ന്യൂ വേൾഡ്: 21st സെഞ്ച്വറി ഗ്ലോബൽ ഓർഡർ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ശ്രീ ധൻഖർ പറഞ്ഞു, "സുഹൃത്തുക്കളേ, സമകാലിക ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ഭരണപരമായ ദർശനവും ദൃഢനിശ്ചയവും. അത് ഉറച്ചതും, സ്ഥായിയും, വിട്ടുവീഴ്ച ചെയ്യാനാവാത്തതും, വിമർശനാതീതവുമാണ് - അത് വളരെ ശക്തമാണ്. രാഷ്ട്രം ഒരിക്കലും ഇത്ര ശക്തമായി നിലപാട് എടുത്തു കണ്ടിട്ടില്ല. ശ്രദ്ധ തിരിക്കാൻ ആര് ശ്രമിച്ചാലും - ആരു പറഞ്ഞാലും - നമുക്ക് മാർഗ്ഗഭ്രംശം സംഭവിക്കരുത്. സർക്കാരും രാജ്യവും ജനങ്ങളും, രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നു- രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്ന ആശയത്തിലും നമ്മുടെ ദേശീയതയ്ക്കും വേണ്ടി ഉറച്ചുനിൽക്കുന്നു.... നൈമിഷിക സാഹചര്യങ്ങൾ വിലയിരുത്തി നിലപാട് സ്വീകരിക്കുന്നവർ ഇന്ത്യയുടെ മാനസികാവസ്ഥയിലോ ആവേശത്തിലോ അല്ല. ഒരിക്കൽ നമ്മൾ ആന്തരികമായ ശക്തി ആർജ്ജിച്ചുകഴിഞ്ഞാൽ, നമ്മുടെ തന്ത്രപരമായ അന്തരീക്ഷം രൂപപ്പെടുത്താൻ കഴിയും".
"ലേഖകനായ ഡോ. രാം മാധവിന്റെ ആശങ്കകളോട് ഞാൻ പൂർണമായും യോജിക്കുന്നു. ആഗോള ബഹുരാഷ്ട്രവാദത്തിന്റെ നിരന്തരമായ തകർച്ചയെ അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യ കാല്പനികത ഉപേക്ഷിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് തന്ത്രപരമായ ചിന്തയുടെ വേരുകൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു, "മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കൻ ചിന്തകനായ ജോർജ്ജ് തൻഹാം തന്റെ ഒരു പ്രബന്ധത്തിൽ, ഹിന്ദു ദാർശനികത മൂലം ഇന്ത്യയിൽ തന്ത്രപരമായ ചിന്തയുടെ അഭാവമുണ്ടെന്നും ഒട്ടേറെപ്പേർ ഈ നിരീക്ഷണത്തെ അനുകൂലിക്കുന്നുണ്ടെന്നും പറയുകയുണ്ടായി. എന്നാൽ ശ്രീ രാം മാധവിന്റെ രചനയിൽ, ജോർജ്ജ് തൻഹാം തിരുത്തപെട്ടിരിക്കുന്നു. അദ്ദേഹത്തിന് ഇനി തെറ്റാനിടയില്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ രാജ്യത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്ന് അദ്ദേഹത്തിന്റെ വിശകലനം ഏറെ അകലെയാണ്…... മഹാഭാരതത്തിലെ ‘രാജധർമ്മം’ (അല്ലെങ്കിൽ ധാർമ്മിക രാഷ്ട്രതന്ത്രം), ‘ധർമ്മയുദ്ധം’ , അശോക ശാസനകളിലെ ധാർമ്മിക നയതന്ത്രം, കൗടില്യന്റെ മണ്ഡല സിദ്ധാന്തം എന്നിവയെല്ലാം തന്ത്രപരമായ പരിതസ്ഥിതികളെ സൈദ്ധാന്തികമായി വിശദീകരിച്ചതിന്റെ ഉദാഹരണങ്ങളാണ് - ബുദ്ധിക്കുള്ള വിരുന്നാണ് അവയെല്ലാം. ഈ തത്ത്വചിന്തകൾ എക്കാലവും പ്രസക്തമായിരുന്നു, എന്നാൽ സമകാലിക വെല്ലുവിളികൾ വർദ്ധിതമാകുന്ന സാഹചര്യത്തിൽ, ആഗോള ക്രമം ആശ്യപ്പെടുന്നത് ഇതാണ്.”
അദ്ദേഹം കൂടുതൽ വിശദീകരിച്ചു,“നാം എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാവുന്ന കാലമാണിത്. അതിലെ രസകരമായ സംഭവം എന്തെന്നാൽ, നിങ്ങൾ ഈ കാര്യങ്ങൾ പറയുമ്പോൾ, സാധാരണയായി അവർക്ക് നേരെ ചൂണ്ടേണ്ട വിരൽ നിങ്ങളുടെ അഭിപ്രായം നിഷേധിക്കാനുള്ള ത്വരയിൽ നിങ്ങൾക്ക് നേരെ ചൂണ്ടുന്നു. സുഹൃത്തുക്കളേ, 50-കളിലെ ഫാബിയൻ സോഷ്യലിസ്റ്റുകൾക്ക് പോലും നമ്മൾ നേടാൻ പരിശ്രമിക്കുന്ന രാജ്യത്തിന്റെ മുന്നേറ്റത്തോട് വിയോജിക്കാൻ കഴിയില്ല. നമ്മൾ എന്താണ് നേടാൻ ശ്രമിക്കുന്നത്? നമ്മൾ ഇന്ത്യ സൃഷ്ടിക്കുന്നില്ല, അത് 1947 ഓഗസ്റ്റ് 15-ന് ജനിച്ചതുമല്ല. കൊളോണിയൽ ആധിപത്യത്തിൽ നിന്ന് നാം രക്ഷപ്പെട്ടു, 'സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയാഃ' അതാണ് നമ്മുടെ തത്വശാസ്ത്രം. എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെ, എല്ലാ ജീവജാലങ്ങളും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ."
സമാധാനപ്രിയമായ ഇന്ത്യയുടെ സ്വഭാവത്തിൽ ഊന്നിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “സുഹൃത്തുക്കളേ, രാജ്യം എല്ലായ്പ്പോഴും ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. ചരിത്രത്തിൽ നാം ഒരിക്കലും സാമ്രാജ്യ വിപുലീകരണത്തിൽ ഏർപ്പെട്ടിട്ടില്ല. സമകാലിക ആഗോള സാഹചര്യം ഭീതിജനകവും അതുപോലെ ആശങ്കാജനകവുമാണ്, പ്രത്യേകിച്ച് ഇന്ത്യ പോലെ സമാധാനപ്രിയ രാജ്യങ്ങൾക്ക്…. എല്ലാ പൗരന്മാർക്കും സാർവത്രിക ക്ഷേമം ഉറപ്പാക്കുമ്പോൾ, ഇന്ത്യ മറ്റുള്ളവർക്ക് മാതൃകയായി മാറുന്നു. പ്രഖ്യാപനത്തിലൂടെയല്ല, മാതൃകയിലൂടെയാണ് നാം നയിക്കുന്നത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് നമ്മുടെ പാത പിന്തുടരാൻ കഴിയുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ പോലുള്ള മേഖലകളിൽ ഇതിനകം നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു. ജി20 വേളയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആശങ്കകൾ പരിഗണിക്കാൻ കഴിഞ്ഞതിന് പ്രധാനമന്ത്രി മോദിയുടെ ദാർശനിക നേതൃത്വമായിരുന്നു കാരണം. അത് ആദ്യമായി സംഭവിച്ചു. ജി20 കൂട്ടായ്മയിൽ ആദ്യമായിട്ടാണ് അംഗത്വത്തിൽ ആഫ്രിക്കൻ യൂണിയനെ ജി20 യൂറോപ്യൻ യൂണിയനുമായി തുല്യമാക്കിയത്. ഞാൻ ഇതിനെ ഒരു വിപ്ലവകരമായ സംഭവവികാസമെന്ന് വിളിക്കും. അതിനാൽ, ഇന്ത്യയുടെ പുരോഗതി വിലയിരുത്തുമ്പോൾ, നമ്മുടെ കാഴ്ചപ്പാട് ഏറെ വിശാലമായിരിക്കണം, ഒറ്റപ്പെട്ട സംഭവങ്ങളാൽ അത് നിർണ്ണയിക്കപ്പെടരുത്.
ശ്രദ്ധാപൂർവ്വമായ സമീപനം സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, “സുഹൃത്തുക്കളേ, ഇന്ത്യയുടെ ഉയർച്ചയിലേക്കുള്ള പാതയിൽ ശ്രദ്ധാപൂർവ്വമായ വ്യാപാരം ആവശ്യമാണ്. നമ്മുടെ ജീവിതം ദുഷ്ക്കരമാക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ശക്തികളുണ്ട്. രാജ്യത്തിനകത്തും പുറത്തും ഇത്തരം ശക്തികളുണ്ട്. നമ്മുടെ താത്പര്യങ്ങൾക്ക് ഹാനികരമായ ഈ ദുഷ്ട ശക്തികൾ, ഭാഷ പോലുള്ള വിഷയങ്ങളിൽ പോലും നമ്മെ ഭിന്നിപ്പിച്ചുകൊണ്ട് ആക്രമിക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏത് രാജ്യത്തിനാണ് ഇന്ത്യയെപ്പോലെ ഭാഷാ സമ്പന്നതയിൽ അഭിമാനിക്കാൻ കഴിയുക? നമ്മുടെ ശ്രേഷ്ഠ ഭാഷകൾ നോക്കൂ, അവയുടെ എണ്ണം നോക്കൂ. പാർലമെന്റിൽ, അത്തരം 22 ഭാഷകളിൽ ആർക്കും സ്വന്തം അഭിപ്രയങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. അത്തരം പലവിധ ചിന്തകർ ഒത്തുചേരുകയും വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ശരിയായതും തന്ത്രപരവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നയരൂപകർത്താക്കളെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. നയങ്ങളുടെ പരിണാമം ഇപ്പോൾ കുറച്ചുകൂടി പ്രാതിനിധ്യ സ്വഭാവത്തോടെ നടക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബുദ്ധി ജീവികൾ, അവ വിവിധ മേഖലകളിൽ, വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ ലഭ്യമാണ്. ഒത്തുചേരലാണ് ആവശ്യം….. രാഷ്ട്രീയ താപനില കുറയേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കൂടുതൽ സംഭാഷണം ആവശ്യമാണ്. രാജ്യത്ത് നമുക്ക് ശത്രുക്കളില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പുറത്ത് നമുക്ക് ശത്രുക്കളുണ്ട്. ശത്രുക്കളായ ചെറിയൊരു വിഭാഗം, അവർ ബാഹ്യശക്തികളുമായി ബന്ധങ്ങൾ ഉള്ളവരാണ്. ഇന്ത്യയോട് ശത്രുതയുള്ളവരാണ്.”
*****
(Release ID: 2139214)