വാര്ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് ധനകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പേയ്മെന്റ്സ് പുരസ്ക്കാരം
Posted On:
20 JUN 2025 5:01PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുളള തപാൽ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭാരത സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് (IPPB), രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റുകളും സാമ്പത്തിക ശാക്തീകരണവും വിപുലീകരിക്കുന്നതിനു നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് (DFS) 2024-25 ലെ അഭിമാനകരമായ ഡിജിറ്റൽ പേയ്മെന്റ്സ് പുരസ്ക്കാരം സമ്മാനിച്ചു.
ആദരണീയരായ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമനും സഹമന്ത്രി (ധനകാര്യം) ശ്രീ പങ്കജ് ചൗധരിയും സംയുക്തമായി പുരസ്ക്കാരം സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ IPPB, MD & CEO ശ്രീ ആർ. വിശ്വേശ്വരൻ IPPB, CGM & CSMO ശ്രീ ഗുർഷരൺ റായ് ബൻസാൽ എന്നിവർ ചേർന്ന് പുരസ്ക്കാരം സ്വീകരിച്ചു.

2024–25 സാമ്പത്തിക വർഷത്തെ പ്രകടന സൂചികയിൽ ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകളിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) ഒന്നാം സ്ഥാനം നേടി. 2023-24 സാമ്പത്തിക വർഷത്തിൽ 'പ്രത്യേക പരാമർശ' പുരസ്ക്കാരം ബാങ്ക് നേടിയിരുന്നു. ഈ മുന്നേറ്റം, എല്ലാവരെയും ഉൾക്കൊള്ളുന്ന,സാങ്കേതികവിദ്യാധിഷ്ഠിത, പൗരകേന്ദ്രീകൃത ബാങ്കിംഗ് പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള IPPB യുടെ അപരിമേയമായ ശേഷിയെയും, അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
സാമ്പത്തിക സർവ്വാശ്ലേഷിത്വം വിപുലമായ തോതിൽ പ്രോത്സാഹിപ്പിക്കുക എന്ന ദർശനത്തോടെ സ്ഥാപിതമായ IPPB, ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾക്കുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിലൊന്നായി ഇതിനോടകം മാറിയിട്ടുണ്ട്. തപാൽ വകുപ്പിന്റെ സമാനതകളില്ലാത്തതും വിപുലവുമായ ശൃംഖല IPPB പ്രയോജനപ്പെടുത്തുന്നു. ശക്തമായ സാങ്കേതികവിദ്യാധിഷ്ഠിത ഘടനയും 2 ലക്ഷത്തിലധികം പോസ്റ്റ്മാൻമാരും ഗ്രാമീൺ ഡാക് സേവകരും ലഭ്യമാക്കുന്ന വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങളിലൂടെ IPPB, രാജ്യത്തിന്റെ വിദൂര കോണുകളിൽ പോലും ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
ചടങ്ങിൽ സംസാരിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ ശ്രീ. ആർ. വിശ്വേശ്വരന്റെ വാക്കുകൾ:
"ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ പ്രവേശനക്ഷമവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, വിശ്വാസയോഗ്യവുമാക്കുന്നതിനുള്ള IPPBയുടെ അക്ഷീണ പരിശ്രമങ്ങൾക്ക് ഈ പുരസ്ക്കാരം ഒരു സാക്ഷ്യമാണ്. ഈ ആദരം ഞങ്ങൾക്കുള്ള അംഗീകാരമാണ്, നൂതനവും സുരക്ഷിതവുമായ ഡിജിറ്റൽ ബാങ്കിംഗ് പരിഹാരങ്ങളിലൂടെ ഓരോ ഇന്ത്യൻ പൗരനെയും ശാക്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
ബാങ്കിംഗിലെ ഗ്രാമ-നഗര അന്തരം പരിഹരിക്കുകയും, ഭൗതിക പണലഭ്യത കുറഞ്ഞതും ഡിജിറ്റൽ അധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ യാഥാർത്ഥ്യമാക്കുകയും ചെയ്യുക എന്ന സർക്കാരിന്റെ ദർശനം സാക്ഷാത്ക്കരിക്കുന്നതിലെ പ്രധാന ഉപാധി എന്ന നിലയിലുള്ള IPPB യുടെ ദൗത്യത്തെ ഈ അംഗീകാരം അവർത്തിച്ചുറപ്പിക്കുന്നു.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിനെക്കുറിച്ച്
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) ഭാരത സർക്കാരിന്റെ 100% ഓഹരി ഉടമസ്ഥതയോടെ വാർത്താ വിനിമയ മന്ത്രാലയത്തിലെ തപാൽ വകുപ്പിന് കീഴിൽ സ്ഥാപിതമായി. 2018 സെപ്റ്റംബർ 1 ന് IPPB പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ സാധാരണക്കാർക്ക് പ്രാപ്യവും താങ്ങാവുന്നതും വിശ്വസനീയവുമായ ബാംങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് ബാങ്ക് സ്ഥാപിതമായത്. ബാംങ്കിംഗ് സൗകര്യമില്ലാത്തവരും ബാംങ്കിംഗ് സൗകര്യം പരിമിതമായവരും നേരിടുന്ന തടസ്സങ്ങൾ നീക്കി, ~1,65,000 പോസ്റ്റ് ഓഫീസുകളും (ഗ്രാമീണ പ്രദേശങ്ങളിൽ ~140,000) ~3,00,000 തപാൽ ജീവനക്കാരും ഉൾപ്പെടുന്ന തപാൽ ശൃംഖല പ്രയോജനപ്പെടുത്തി അവസാന വ്യക്തിയിൽ വരെ എത്തിച്ചേരുക എന്നതാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ അടിസ്ഥാന ദൗത്യം.
CBS സംയോജിത സ്മാർട്ട്ഫോണും ബയോമെട്രിക് ഉപകരണവും മുഖേന, ലളിതവും സുരക്ഷിതവുമായ രീതിയിൽ കടലാസ് രഹിത, ഭൗതിക പണ രഹിത, സമ്പർക്ക രഹിത ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ സാധ്യമാക്കുന്ന ഇന്ത്യ സ്റ്റാക്കിന്റെ പ്രധാന സ്തംഭങ്ങളിലൂന്നിയാണ് IPPB യുടെ വ്യാപ്തിയും പ്രവർത്തന മാതൃകയും കെട്ടിപ്പടുത്തിരിക്കുന്നത്. മിതവ്യയ നൂതനാശയങ്ങളിലും ബാങ്കിംഗ് സുഗമമാക്കുന്നതിലും കാര്യമായ ശ്രദ്ധ നൽകി, ഇന്ത്യയിലെ 5.57 ലക്ഷം ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 11 കോടി ഉപഭോക്താക്കൾക്ക് 13 ഭാഷകളിൽ അവബോധജന്യമായ ഇന്റർഫേസുകൾ മുഖേന ലളിതവും ചെലവ് കുറഞ്ഞതുമായ ബാങ്കിംഗ് പരിഹാരങ്ങൾ IPPB നൽകുന്നു.
ഭൗതിക പണ രഹിത സമ്പദ്വ്യവസ്ഥയ്ക്ക് പ്രോത്സാഹനമേകാനും ഡിജിറ്റൽ ഇന്ത്യ ദർശനത്തിന് സംഭാവന നൽകാനും IPPB സദാ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തിക സുരക്ഷിത്വം നേടാനും ശാക്തീകരിക്കപ്പെടാനും ഓരോ പൗരനും തുല്യ അവസരം ലഭിക്കുമ്പോൾ ഇന്ത്യ അനുപദം അഭിവൃദ്ധി പ്രാപിക്കും. നമ്മുടെ മുദ്രാവാക്യം അക്ഷരം പ്രതി പാലിക്കുന്നു - ഓരോ ഉപഭോക്താവും പ്രധാനമാണ്, ഓരോ ഇടപാടും പ്രധാനമാണ്, ഓരോ നിക്ഷേപവും വിലപ്പെട്ടതാണ്.
ഞങ്ങളെ ബന്ധപ്പെടുക:
www.ippbonline.com; marketing@ippbonline.in
സാമൂഹിക മാധ്യമ ഹാൻഡിലുകൾ:
Twitter - https://twitter.com/IPPBOnline
Instagram - https://www.instagram.com/ippbonline
LinkedIn - https://www.linkedin.com/company/india-post-paymentsbank
Facebook - https://www.facebook.com/ippbonline
YouTube- https://www.youtube.com/@IndiaPostPaymentsBank
******************
(Release ID: 2138392)