വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ-ശിശു വികസന മന്ത്രാലയം ആദ്യമായി ജെൻഡർ ബജറ്റിംഗിനെക്കുറിച്ചുള്ള ദേശീയ സംവാദം സംഘടിപ്പിച്ചു

'ജെൻഡർ ബജറ്റിംഗ് നോളജ് ഹബ്' പോർട്ടൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു

Posted On: 19 JUN 2025 5:38PM by PIB Thiruvananthpuram
വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തോടനുബന്ധമായി ലിംഗ സമത്വത്തോടെയുള്ള ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജൻഡർ ബജറ്റിംഗിനെക്കുറിച്ചുള്ള ദേശീയ സംവാദം സംഘടിപ്പിച്ചു. 40 കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, 19 സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, യുഎൻ വനിതാ പ്രതിനിധികൾ, ഏഷ്യൻ വികസന ബാങ്ക് പ്രതിനിധികൾ, ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ ഏകദിന ചർച്ചയിൽ പങ്കെടുത്തു.
 
എല്ലാ മേഖലകളിലുമുള്ള ജൻഡർ ബജറ്റിംഗ് പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുക; കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ എന്നിവ അവരുടെ പ്രത്യേക പദ്ധതികൾക്ക് കീഴിൽ ജെൻഡർ ബജറ്റ് അടിസ്ഥാനമാക്കി നടത്തുന്ന സംരംഭങ്ങളും മികച്ച രീതികളും പങ്കിടുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെയാണ് ഇത്തരത്തിലുള്ള ആദ്യ ചർച്ച സംഘടിപ്പിച്ചത്.
 
പരിപാടിയിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണാദേവി,മന്ത്രാലയം വികസിപ്പിച്ചെടുത്ത 'ജെൻഡർ ബജറ്റിംഗ് നോളജ് ഹബ്' വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന ഗവൺമെന്റ്കളുടെ മന്ത്രാലയങ്ങൾ/വകുപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരെ ലക്ഷ്യമിട്ട് ജെൻഡർ ബജറ്റിംഗ് പ്രക്രിയകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെയും ഒരു ഡിജിറ്റൽ ശേഖരമാണ് ഈ പോർട്ടൽ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഒരു സാമ്പത്തിക പ്രക്രിയ എന്നതിൽ നിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണ രീതിയിലേക്കുള്ള ഒരു തന്ത്രപരമായ സംവിധാനമായി ജെൻഡർ ബജറ്റിംഗ് മാറിയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി നിക്ഷേപം നടത്തുമ്പോൾ കേവലം വിഭവങ്ങൾ അനുവദിക്കുക മാത്രമല്ല - കൂടുതൽ നീതിയുക്തവും ശാക്തീകരിക്കപ്പെട്ടതുമായ വികസിത ഭാരതം രൂപപ്പെടുത്തുകയാണെന്ന് ഗവൺമെന്റ് വിശ്വസിക്കുന്നു. ഇന്ന്, സ്ത്രീകളെ ഗുണഭോക്താക്കളായല്ല, മറിച്ച് രാഷ്ട്ര നിർമ്മാതാക്കളായും, നൂതനാശയ വിദഗ്ധരായും , ഇന്ത്യയുടെ വളർച്ചാ ഗാഥ നയിക്കുന്ന നേതാക്കളായുമാണ് കാണുന്നത്. ജെൻഡർ ബജറ്റിംഗ് ഒരു നയ സംവിധാനം മാത്രമല്ല - ചെലവഴിക്കുന്ന ഓരോ രൂപയും എല്ലാവർക്കും തുല്യത, അന്തസ്സ്, അവസരം എന്നിവ ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞാബദ്ധത കൂടിയാണെന്ന് മന്ത്രി പറഞ്ഞു .
 
2005–06 മുതൽ ഇന്ത്യയുടെ വികസന തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ് ജെൻഡർ ബജറ്റിംഗ് എന്ന് മന്ത്രി മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. തുടക്കത്തിൽ ഒരു ധനകാര്യ റിപ്പോർട്ടിംഗ് സംവിധാനമായി അവതരിപ്പിച്ച ഇത്, ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഭരണ സംവിധാനമായി പരിണമിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ, ലിംഗസമത്വ ബജറ്റ് വിഹിതം 4.49 ലക്ഷം കോടി രൂപയായി - മുൻ വർഷത്തെ വിഹിതത്തേക്കാൾ 37% വർദ്ധനയുണ്ടായി. നയത്തിലൂടെയും പൊതു സാമ്പത്തിക സഹായത്തിലൂടെയും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശക്തമായ പ്രതിജ്ഞാബദ്ധതയെ ഇത് സൂചിപ്പിക്കുന്നു.
 
കഴിഞ്ഞ 11 വർഷത്തിനിടെ, ജെൻഡർ ബജറ്റ് വിഹിതം നാലര മടങ്ങ് വർദ്ധിച്ചു. 2014-15 ലെ 0.98 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 ൽ 4.49 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
 
ദേശീയ തല ചർച്ചയിൽ ചില കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാന ഗവൺമെന്റുകൾ എന്നിവ ജെൻഡർ ബജറ്റിംഗിലെ അവരുടെ സംരംഭങ്ങളും പുരോഗതിയും പങ്കുവെച്ചു.

SKY
 
******
 
 

(Release ID: 2137828)
Read this release in: English , Urdu , Hindi