പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഏകീകൃത പെൻഷൻ പദ്ധതിക്ക് കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കും: ഡോ. ജിതേന്ദ്ര സിംഗ്

Posted On: 18 JUN 2025 4:21PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പിന്റെ സ്വതന്ത്ര ചുമതലയും പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥകാര്യ, പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പുകളുടെ ചുമതലയുമുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന്  ഉദ്യോഗസ്ഥകാര്യ, പൊതുജന പരാതി പരിഹാര, പെൻഷൻ മന്ത്രാലയത്തിന്റെ  കഴിഞ്ഞ 11 വർഷത്തെ പരിവർത്തനാത്മകമായ പ്രയാണത്തെക്കുറിച്ച് വിശദീകരിച്ചു. ഭരണനിർവ്വഹണം ലളിതമാക്കുന്നതിനും പൗരന്മാരെ ശാക്തീകരിക്കുന്നതിനും  ഭരണനിർവ്വഹണത്തെ മനുഷ്യ കേന്ദ്രീകൃതമാക്കി മാറ്റുന്നതിനുമായി നടപ്പിലാക്കിയ  ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി.


2021 ലെ സെൻട്രൽ സിവിൽ സർവീസ് (പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി അണ്ടർ നാഷണൽ പെൻഷൻ സിസ്റ്റം) ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം, ഏകീകൃത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിരമിക്കൽ, മരണാനന്തര ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകുമെന്ന സുപ്രധാന പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നടത്തി.


സർക്കാർ ജീവനക്കാരിൽ വലിയൊരു വിഭാഗം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് മറുപടിയെന്നോണം കൈക്കൊണ്ട ഈ തീരുമാനം സർക്കാർ ജീവനക്കാരുടെ ഒരു സുപ്രധാന ആവശ്യം പരിഹരിക്കുകയും വിരമിക്കൽ ആനുകൂല്യങ്ങളിൽ തുല്യത സാധ്യമാക്കുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ വ്യവസ്ഥ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


നാഷണൽ മീഡിയ സെന്ററിൽ നടന്ന  പരിപാടിയിൽ കഴിഞ്ഞ 11 വർഷത്തെ നേട്ടങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ, മോദി സർക്കാരിനു കീഴിലുള്ള  മാറുന്ന ഭരണനിർവ്വഹണത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്ന നാല് പ്രധാന മേഖലകളിലായി തരംതിരിച്ച് മന്ത്രി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ  അവതരിപ്പിച്ചു.

"സ്വാതന്ത്ര്യത്തിനുശേഷം ഇദംപ്രഥമമായി, പുതിയ നിയമങ്ങൾ സൃഷ്ടിക്കുന്നതിനുപകരം അനാവശ്യമായ നിയമങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു സർക്കാർ അഭിമാനിക്കുകയാണെന്ന്," ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. 1,600-ലധികം കാലഹരണപ്പെട്ട വ്യവസ്ഥകൾ - അവയിൽ പലതും കൊളോണിയൽ കാല പൈതൃകങ്ങളാണ് - റദ്ദാക്കിയത് പൗരന്മാരിൽ, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസത്തിന്റെ ശക്തമായ സന്ദേശമായി. ചില വിഭാഗങ്ങളിലെ ജോലികൾക്ക് അഭിമുഖങ്ങൾ വേണ്ടെന്നു വച്ച തീരുമാനം, ചെങ്കോട്ടയിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും 2016 ജനുവരിയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുകയും ചെയ്തു. നിയമനപ്രക്രിയയിൽ തുല്യ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായി ഇത് കണക്കാക്കപ്പെടുന്നു.

മന്ത്രാലയത്തിന്റെ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ ഭരണപരമായ സൗകര്യത്തിനപ്പുറം വിശാലമായ സാമൂഹിക-സാംസ്‌ക്കാരിക സന്ദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നവയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് അടിവരയിട്ടു വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതികൾ പോലുള്ള നടപടികൾ ഉത്തരവാദിത്തത്തോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അതേസമയം പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങൾ, സംഘടിത തട്ടിപ്പ് സംഘങ്ങളുടെ പിടിയിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. "വിദ്യാർത്ഥികളെയല്ല, തട്ടിപ്പുകാരെ ശിക്ഷിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്". ആരെയും സംശയത്തിന്റെ മുനയിൽ നിർത്തുകയെന്നതല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് സർക്കാരിന്റെ പൊതുനയത്തിലൂടെ  ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്ദേശ്യശുദ്ധി കുറ്റകരമാണെന്ന് കരുതപ്പെടാതിരിക്കുകയും വിശ്വാസം അടിസ്ഥാന മൂല്യമായി മാറുകയും ചെയ്യുന്ന ഭരണനിർവ്വഹണത്തിന് ഒരു പുതിയ ആഖ്യാനം കെട്ടിപ്പടുക്കാൻ ഈ മാറ്റങ്ങൾ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

മനുഷ്യ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങളാണ്  മന്ത്രാലയത്തിന്റെ ഉദ്യമങ്ങളുടെ മൂന്നാമത്തെ സ്തംഭം. നിലവിലുള്ള നിയമങ്ങളിലെ സംവേദനക്ഷമതയില്ലായ്മയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചതെങ്ങനെയെന്ന് ഡോ. ജിതേന്ദ്ര സിംഗ് വിവരിച്ചു. പെൻഷൻകാർക്കുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, വിവാഹമോചിതരും വേർപിരിഞ്ഞവരുമായ പെൺമക്കളെ ഉൾപ്പെടുത്തും വിധം കുടുംബ പെൻഷൻ മാനദണ്ഡങ്ങളിലെ പരിഷ്‌ക്കാരങ്ങൾ, ഗർഭം അലസുന്ന കേസുകളിൽ പ്രസവാവധി ബാധകമാക്കൽ എന്നിവ അദ്ദേഹം പങ്കുവെച്ച ചില ഉദാഹരണങ്ങളാണ്. "വ്യക്തികളുടെ അന്തസ്സിനെ ബഹുമാനിക്കുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഞങ്ങൾ മനുഷ്യരുടെ ആശങ്കയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചു," അദ്ദേഹം പറഞ്ഞു, സമയബന്ധിതമായ കരിയർ പുരോഗതിയില്ലാതെ സേവനമനുഷ്ഠിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് ആശ്വാസം പകരുന്നതിനായി ദീർഘകാലം മുടങ്ങിക്കിടന്ന 19,000-ത്തിലധികം ഉദ്യോഗക്കയറ്റങ്ങൾ എങ്ങനെ ത്വരിതപ്പെടുത്തിയെന്ന് അദ്ദേഹം സ്മരിക്കുകയുണ്ടായി.  സഹാനുഭൂതിയുടെ വീക്ഷണകോണിലൂടെ നയങ്ങളെ പരിഗണിക്കുന്ന ഒരു സമീപനത്തെ ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാലാമത്തെ പ്രധാന മേഖലയായി നൂതനാശയങ്ങളെ ഉയർത്തിക്കാട്ടവേ, ഒട്ടേറെ ഭരണ പരിഷ്‌ക്കാരങ്ങളിൽ അസാധാരണ ചിന്തയും സാങ്കേതിക സമന്വയവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്റെ സ്ഥാപനവും iGOT-കർമയോഗി പ്ലാറ്റ്‌ഫോമിന്റെ അവതരണവും സിവിൽ സർവീസുകാരെ യഥാർത്ഥ വെല്ലുവിളികൾക്ക് സജ്ജമാക്കുന്നതിൽ വിപ്ലവകരമായ പരിവർത്തനമായി  പരാമർശിക്കപ്പെട്ടു. 95-96% തീർപ്പാക്കൽ നിരക്കോടെ പ്രതിവർഷം 26 ലക്ഷത്തിലധികം പരാതികൾ കൈകാര്യം ചെയ്യുന്ന CPGRAMS പരാതി പരിഹാര പോർട്ടൽ, പ്രതികരണശേഷിയുള്ള ഭരണത്തോടുള്ള പൗരന്മാരുടെ പ്രതീക്ഷകൾ എങ്ങനെ വികസിച്ചു എന്നതിന്റെ ഒരു ഉദാഹരണമായി ഇത് പരാമർശിക്കപ്പെട്ടു. വിരമിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാപനപരമായ അവരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുന്ന 'അനുഭവ്'പോർട്ടൽ, ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങൾ വിജ്ഞാനാധിഷ്ഠിതവും ഭാവിസജ്ജവുമായ ഒരു ഉദ്യോഗസ്ഥവൃന്ദം കെട്ടിപ്പടുക്കുന്നതിനുള്ള ഉദ്യമങ്ങളായി മാറിയിട്ടുണ്ട്. "നമ്മൾ ചുവപ്പുനാടയിൽ നിന്ന് തത്സമയ പരിഹാരങ്ങളിലേക്കും, ഫയൽ-പുഷിംഗിൽ നിന്ന് ഫീഡ്‌ബാക്ക് അധിഷ്ഠിത നയത്തിലേക്കും മാറിയിരിക്കുന്നു," ഡോ. ജിതേന്ദ്ര സിംഗ് ഉപസംഹരിച്ചു. ഈ പരിഷ്‌ക്കാരങ്ങൾ പുതിയ ഇന്ത്യയുടെ ഭരണ ധാർമ്മികതയിലെ സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുതാര്യത, ഉത്തരവാദിത്തം, സേവന വിതരണം എന്നിവയിൽ മന്ത്രാലയത്തിന്റെ നിരന്തര ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന പ്രധാന പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ സംരംഭങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പത്രസമ്മേളനത്തിൽ പുറത്തിറക്കി. മൂന്ന് വകുപ്പുകളിലുടനീളമുള്ള പരിഷ്‌ക്കാരങ്ങളുടെയും നാഴികക്കല്ലുകളുടെയും സമഗ്രമായ അവലോകനം ലഭ്യമാക്കുന്ന DoPT, DARPG, DoPPW എന്നിവയുടെ 11 വർഷത്തെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ ഇതിൽ ഉൾപ്പെടുന്നു. കുടുംബ പെൻഷൻകാരുടെ പരാതികൾ പരിഹരിക്കുന്നതിനായുള്ള പ്രത്യേക  പ്രചാരണത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലെ സർക്കുലറുകളുടെ ഒരു സമാഹാരം, കേന്ദ്ര സിവിൽ സർവീസസ് (യൂണിയൻ പബ്ലിക് സർവീസ്) നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം സർക്കുലറുകൾ എന്നിവയും മന്ത്രി പുറത്തിറക്കി.  സംവിധാനത്തിന്റെ ആന്തരിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കമെന്ന നിലയിൽ, പൊതു സേവന വിതരണത്തിലെ മികവ് സ്ഥാപനവത്ക്കരിക്കാൻ ലക്ഷ്യമിട്ടുള്ള സേവോത്തം പരിശീലന മൊഡ്യൂളുകൾ ഡോ. ജിതേന്ദ്ര സിംഗ് വെർച്വലായി ആരംഭിച്ചു.
************

(Release ID: 2137558)
Read this release in: Odia , English , Urdu , Hindi , Telugu