ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഒരു രാഷ്ട്രം, ഒരേ സമയം - ഇന്ത്യയുടെ സമയ പരമാധികാര മുന്നേറ്റം: കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി
Posted On:
18 JUN 2025 4:26PM by PIB Thiruvananthpuram
‘ഒരു രാഷ്ട്രം, ഒരേ സമയം’ എന്ന കാഴ്ചപ്പാടിലൂന്നിയ പ്രമേയത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സമയപ്രസരണം (Time Dissemination) സംബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സുപ്രധാന വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു.
സിഎസ്ഐആർ-എൻപിഎൽ, ഐഎസ്ആർഒ എന്നിവയുമായി സഹകരിച്ച് ഉപഭോക്തൃകാര്യ വകുപ്പ് നടപ്പാക്കുന്ന സമയപ്രസരണ പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ, നവ - പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി എടുത്തുപറഞ്ഞു. നടപ്പാക്കാനിരിക്കുന്ന ലീഗൽ മെട്രോളജി (ഏകീകൃത ഇന്ത്യൻ സമയം) നിയമം 2025 പ്രകാരം എല്ലാ നിയമ - വാണിജ്യ - ഭരണനിര്‍വഹണ പ്രവർത്തനങ്ങളും ഏകീകൃത ഇന്ത്യൻ സമയവുമായി (ഐഎസ്ടി) സമന്വയിപ്പിക്കുന്നത് നിർബന്ധമാക്കുമെന്നും വ്യക്തമായ അംഗീകാരത്തോടെയല്ലാതെ ഇതര സമയ അവലംബം ഉപയോഗിക്കുന്നത് നിരോധിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ധനകാര്യ വിപണികൾ, പവർ ഗ്രിഡുകൾ, ടെലികമ്യൂണിക്കേഷൻസ്, ഗതാഗതം തുടങ്ങിയ മേഖലകളിലുടനീളം ഐഎസ്ടിയുടെ കൃത്യവും ഏകീകൃതവുമായ പ്രസരണം നീതിയും കൃത്യതയും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവ ഘടികാരങ്ങളും എൻടിപി, പിടിപി പോലുള്ള സുരക്ഷിത ഏകീകരണ ചട്ടങ്ങളും സജ്ജീകരിച്ച അഞ്ച് പ്രാദേശിക ഏകീകൃത അവലംബ ലാബുകള്‍ (ആർആർഎസ്എൽ) വഴി മില്ലിസെക്കൻഡ് മുതൽ മൈക്രോസെക്കൻഡ് വരെ കൃത്യതയോടെ ഐഎസ്ടി ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം ‘ഒരു രാഷ്ട്രം, ഒരേ സമയം’ എന്ന കാഴ്ചപ്പാടിന് കീഴിൽ ഡിജിറ്റൽ - ഭരണനിര്‍വഹണ കാര്യക്ഷമതയുടെ പുതുയുഗത്തിന് തുടക്കംകുറിക്കുന്നു.
സമയ സമന്വയ വെല്ലുവിളികളെക്കുറിച്ചും തട്ടിപ്പുകളിലൂടെയും സാങ്കേതിക തടസ്സങ്ങളിലൂടെയും അപകടസാധ്യത ഉയര്‍ത്തുന്ന ജിപിഎസ് പോലുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും സമ്മേളനത്തിൽ വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തി. ബാങ്കിംഗ്, ടെലികോം, ഊർജം, ഓഹരിവിപണികള്‍, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളികൾ തദ്ദേശീയവും കൃത്യവും സ്ഥിരീകരിക്കാവുന്നതുമായ സമയ മാനദണ്ഡത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു.
2018 മുതൽ തുടർച്ചയായ അന്തർ-മന്ത്രാലയ ഏകോപനത്തിന്റെയും സാങ്കേതിക കൂടിയാലോചനകളുടെയും ഫലമാണ് സമയപ്രസരണ സംരംഭം. മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ്, മന്ത്രിതല സെക്രട്ടേറിയറ്റംഗങ്ങള്‍, ദേശീയ സുരക്ഷാ സമിതി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്നു. സിഎസ്ഐആർ-എൻപിഎൽ, ഐഎസ്ആർഒ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുമായി വിപുലമായ ഇടപെടലുകൾ നടത്തിയ ഉപഭോക്തൃ കാര്യ വകുപ്പ് 60-ലധികം യോഗങ്ങള്‍ സംഘടിപ്പിച്ചു. ഈ സുസ്ഥിര ഇടപെടലുകളാണ് 2025-ലെ ലീഗൽ മെട്രോളജി (ഏകീകൃത ഇന്ത്യൻ സമയം) കരട് നിയമങ്ങൾ രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകള്‍, അവശ്യവസ്തുക്കളുടെ കൃത്യമായ ബില്ലിംഗ്, സൈബർ കുറ്റകൃത്യ അപകടസാധ്യത കുറയ്ക്കൽ, ഗതാഗതത്തിലും ആശയവിനിമയത്തിലും സമന്വയ സമയപരിപാലനം, ദൈനംദിന സേവനങ്ങളിൽ നീതിയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കൽ എന്നിവയിലൂടെ സാധാരണക്കാരെ സംബന്ധിച്ച് ഈ സംരംഭം ഏറെ പ്രയോജനകരമാണ്.വട്ടമേശ സമ്മേളനത്തില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 100-ലധികം പേരുടെ സജീവ പങ്കാളിത്തമുണ്ടായി.




SKY
*****
(Release ID: 2137555)