ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
കേന്ദ്ര ഗോത്ര കാര്യമന്ത്രാലയം, ഏറ്റവും വലിയ ഗോത്ര ശാക്തീകരണ പ്രചാരണ പരിപാടി - ധർതി ആബ ജൻഭാഗിദാരി അഭിയാൻ ആരംഭിച്ചു
Posted On:
16 JUN 2025 10:28PM by PIB Thiruvananthpuram
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനും ഗോത്ര ശാക്തീകരണത്തിനുമുള്ള ചരിത്രപരമായ നീക്കത്തിൽ, രാജ്യവ്യാപകമായി ആനുകൂല്യങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനുള്ള ബൃഹത് പരിപാടി- ധർതി ആബ ജൻഭാഗിദാരി അഭിയാനിന് കേന്ദ്ര ഗവൺമെന്റ് തുടക്കം കുറിച്ചു. 'അന്ത്യോദയ' എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചരിത്രപരമായ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറം സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ പുരാതന പൈതൃകത്തിന്റെ സംരക്ഷകരാണ് നമ്മുടെ ഗോത്ര സഹോദരീ സഹോദരന്മാർ. ഈ കാമ്പെയ്‌നിലൂടെ, പദ്ധതികൾ നടപ്പിലാക്കുക മാത്രമല്ല, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഗോത്ര വിഭാഗങ്ങൾക്ക് അന്തസ്സും ആത്മാഭിമാനവും വികസിത ഭാരതത്തിലേക്ക് സംഭാവന ചെയ്യാനുള്ള അവസരവും നൽകുന്നു. ഈ പദ്ധതിയുടെ വ്യാപ്തി, ആസൂത്രണം, സാമൂഹ്യ അധിഷ്ഠിത മാതൃക എന്നിവ അഭൂതപൂർവമാണ് എന്ന് കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗ്ഗ ദാസ് ഉയ്‌കെ സന്ദേശത്തിൽ പറഞ്ഞു. ഗോത്ര ആധിപത്യമുള്ള 549 ജില്ലകളിലും, പിവിടിജി വിഭാഗങ്ങളുടെ ആധിപത്യമുള്ള 207 ജില്ലകളിലും, വിവിധ മന്ത്രാലയങ്ങളുടെയും പങ്കാളികളുടെയും പിന്തുണയോടെ, ഈ പദ്ധതി സംയോജനാധിഷ്ഠിതവും സമഗ്രവുമായ ഭരണമാതൃകയായി നിലകൊള്ളുന്നു.
ഇതോടനുബന്ധിച്ച് ഈ മാസത്തെ അവസാന രണ്ടാഴ്ചയിൽ( ജൂൺ 15 മുതൽ 30 വരെ) രാജ്യമെമ്പാടുമായി ഒരു പ്രധാന പ്രചാരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഗോത്ര വിഭാഗങ്ങളുടെ ആധിപത്യമുള്ള 549 ജില്ലകളിലും പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗങ്ങൾക്ക് (PVTG) ആധിപത്യമുള്ള 207 ജില്ലകളിലുമായി ഏകദേശം 100,000 ലധികം ഗ്രാമങ്ങളും ആവാസമേഖലകളും ഇതിൽ ഉൾപ്പെടുന്നു.
ജൻജാതിയ ഗൗരവ് വർഷിന് കീഴിലുള്ള ഒരു പ്രധാന സംരംഭമെന്ന നിലയിൽ, രാജ്യത്തെ ഗോത്രസമൂഹങ്ങളുടെ പൈതൃകം, സംസ്കാരം, സംഭാവന എന്നിവയെ ആദരിക്കുന്ന ഈ പദ്ധതി, അവകാശങ്ങളും വികസനവും അവരുടെ വീട്ടുപടിക്കൽ എത്തുന്നതായി ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുസൃതമായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി-ജൻമൻ, ധർതി ആബ ജൻ ജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) തുടങ്ങിയ ബൃഹത് സംരംഭങ്ങൾക്ക് കീഴിൽ രാജ്യത്തിന്റെ ഏത് കോണിലും സേവനങ്ങൾ എത്തിക്കൽ, ജനപങ്കാളിത്തം, അന്തസ്സോടെയുള്ള ഗോത്ര ശാക്തീകരണം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പരിപാടി.
ജില്ലാ ഭരണകൂടം വഴി അടിസ്ഥാനതലത്തിൽ വ്യത്യസ്ത പങ്കാളികളെ ഉൾപ്പെടുത്തി വീടുകളിൽ എത്തിയുള്ള ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ധർതി ആബ ജൻ ഭാഗിദാരി അഭിയാൻ പ്രകാരം, ആധാർ കാർഡ് നേടലും പുതുക്കലും, ആയുഷ്മാൻ ഭാരത് ആരോഗ്യ കാർഡ് വിതരണം, ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, പിഎം-കിസാൻ യോജന അംഗത്വമെടുക്കൽ, പെൻഷൻ പദ്ധതികൾ , സ്കോളർഷിപ്പുകൾ, ഇൻഷുറൻസ് പദ്ധതികൾ, നൈപുണ്യ പരിശീലനം, ഉപജീവന പരിപാടികൾ എന്നിവയുൾപ്പെടെ നിർണായക ഗവൺമെന്റ് സേവനങ്ങളിലേക്കും അവകാശങ്ങളിലേക്കും പ്രവേശനം നൽകുന്നതിനായി ഗ്രാമ, ആവാസ തലങ്ങളിൽ ആനുകൂല്യങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച ക്യാമ്പുകൾ നടത്തുന്നു. പങ്കാളിത്ത രീതിയിലുള്ള ഈ ക്യാമ്പ്- അധിഷ്ഠിത സേവന വിതരണ സംവിധാനം അർഹരായ ഒരു ഗോത്ര കുടുംബവും ആനുകൂല്യങ്ങളിൽ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. 125-ലധികം ജില്ലാ മജിസ്‌ട്രേറ്റുമാർ / ഡെപ്യൂട്ടി കമ്മീഷണർമാർ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, ഗോത്ര സമൂഹ നേതാക്കൾ, അടിസ്ഥാനതലത്തിലെ പ്രവർത്തകർ എന്നിവരുമായി ഏകോപിപ്പിച്ച് ഈ പദ്ധതിക്ക് അനുബന്ധമായി ഗോത്ര വിഭാഗങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
SKY
(Release ID: 2136907)
Visitor Counter : 2