സാംസ്കാരിക മന്ത്രാലയം
ഒസാക്ക വേൾഡ് എക്സ്പോയിലെ മികച്ച പവലിയനുകളിൽ ഇന്ത്യ പവലിയനും
ഇന്ത്യ പവലിയന്റെ നിര്‍വഹണത്തിന് ഐജിഎന്‍സിഎ
ഒസാക്ക വേൾഡ് എക്സ്പോയില്‍ ഇന്ത്യ: സംസ്കാരത്തിന്റെയും വാണിജ്യത്തിന്റെയും അനുകമ്പയുടെയും സംഗമവേദി
ഭാരത് മണ്ഡപം: പുരാതന സാംസ്കാരിക പൈതൃകത്തിന്റെയും ആധുനിക പുരോഗതിയുടെയും സമന്വയം
Posted On:
07 JUN 2025 9:30PM by PIB Thiruvananthpuram
ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന 2025-ലെ ലോക എക്സ്പോയിൽ ഭാരത് മണ്ഡപം എന്ന പേരില്‍ സജ്ജീകരിച്ച ഇന്ത്യ പവലിയൻ ഏറ്റവും മികച്ച അഞ്ച് പവലിയനുകളിലൊന്നാണെന്ന് പവലിയൻ ഡെപ്യൂട്ടി ഡയറക്ടറും ജപ്പാൻ ട്രാവൽ ബ്യൂറോ (ജെടിബി) പ്രതിനിധിയുമായ ശ്രീ. യമമോട്ടോ-സാൻ വിലയിരുത്തി. യുഎസ്, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ആഗോള സ്വാധീനരാഷ്ട്രങ്ങള്ക്കൊപ്പം ഇടംനേടിയ ഇന്ത്യ പവലിയന്റെ ജനപ്രീതി എക്സ്പോ ഉദ്യോഗസ്ഥരുടെയും ജാപ്പനീസ് പൗരന്മാരുടെയും സമൂഹമാധ്യമങ്ങളിലെ ഓൺലൈൻ ഇടപെടലിന്റെയും പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്.

സാംസ്കാരിക മന്ത്രാലയത്തിനാണ് ആദ്യമായി പവലിയന്റെ നിര്‍വഹണ ചുമതല - നേരത്തെ ഇത് വാണിജ്യ മന്ത്രാലയമാണ് കൈകാര്യം ചെയ്തിരുന്നത്. 2025 ഒക്ടോബർ 13 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഈ സുപ്രധാന അന്താരാഷ്ട്ര പ്രദർശനത്തിന്റെ നിര്‍വഹണത്തിനും നടത്തിപ്പിനും നോഡൽ ഏജൻസിയായി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിനെ (ഐജിഎന്‍സിഎ) നിയോഗിച്ചു.

ഇന്ത്യയുടെ പൗരാണിക വിജ്ഞാന സംവിധാനങ്ങളുടെയും ആധുനിക സാങ്കേതിക അഭിലാഷങ്ങളുടെയും വളർന്നുവരുന്ന ആഗോള സാന്നിധ്യത്തിന്റെയും സമഗ്ര പ്രതിഫലനമാണ് പവലിയനെന്ന് ഐജിഎൻസിഎ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി പറഞ്ഞു. 'കണക്റ്റിംഗ് ലൈവ്സ് സോണി’ൽ സ്ഥിതി ചെയ്യുന്ന പവലിയൻ, സുസ്ഥിര വികസനം, നവീകരണം, ഡിജിറ്റൽ വളർച്ച എന്നിവയിലെ സമകാലിക ലക്ഷ്യങ്ങള്‍ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ നാഗരിക മൂല്യങ്ങളെയും ഉൾക്കൊള്ളുന്നു.

സാംസ്കാരിക നയതന്ത്രം ഏറ്റവും മികച്ച രൂപത്തിൽ
ഒരു വാസ്തുവിദ്യാ വിസ്മയമെന്നതിലുപരി ഭാരത് മണ്ഡപം ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിന്റെ ജീവസുറ്റ പുതിയ തുടക്കത്തിന്റെ സാക്ഷാത്ക്കാരമായി നിലകൊള്ളുന്നു. സമ്പന്ന പ്രദർശനങ്ങളിലൂടെയും സംവേദനാത്മക സാംസ്കാരിക സെഷനുകളിലൂടെയും കലാസൃഷ്ടികളിലൂടെയും അന്താരാഷ്ട്ര സന്ദർശകർക്ക് ഇതൊരു ആഴമേറിയ അതുല്യ അനുഭവം പകരുന്നു.

വൈകിയാണ് സ്ഥലം അനുവദിക്കപ്പെട്ടതെങ്കിലും അസാധാരണ വേഗത്തിലും മികവിലും ഐജിഎൻസിഎ പ്രദര്‍ശനമൊരുക്കി. ജാപ്പനീസ് അധികാരികളുമായി ചേര്‍ന്നുപ്രവർത്തിച്ച് പൈതൃകത്തെയും നൂതനാശയങ്ങളെയും തടസരഹിതമായി സമന്വയിപ്പിക്കുന്ന പവലിയൻ അവർ യാഥാര്‍ത്ഥ്യമാക്കി. ആഗോള പ്രമുഖരിൽ നിന്നും സന്ദർശകരിൽ നിന്നും സാംസ്കാരിക ആസ്വാദകരിൽ നിന്നും ഈ ശ്രമം ഒരുപോലെ പ്രശംസ നേടി.

വ്യത്യസ്തമാര്‍ന്ന പവലിയൻ
നീണ്ട ക്യൂകളും പ്രവേശനം പരിമിതവുമായ മറ്റ് അന്താരാഷ്ട്ര പവലിയനുകളിൽ നിന്ന് വ്യത്യസ്തമായി സുഗമവും സ്വാഗതാർഹവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അനുഭവമാണ് ഇന്ത്യ പവലിയൻ ഒരുക്കിയിരിക്കുന്നത്.

പ്രധാന സവിശേഷതകളില്‍ ചിലത്:
-
നൂതനാശയങ്ങള്‍, ആയുർവേദം, ഐഎസ്ആർഒ, സുസ്ഥിരത എന്നിവയെക്കുറിച്ച് വ്യത്യസ്ത വിഭാഗങ്ങള്‍
-
ഗർബ നൃത്തം, ഇന്ത്യൻ ആചാര്യന്മാരുടെ യോഗ സെഷനുകൾ, പരമ്പരാഗത വസ്ത്രാലങ്കാര പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ തത്സമയ സാംസ്കാരിക പ്രദര്‍ശനങ്ങള്‍
-
ആഗോള ഭക്ഷ്യപ്രിയരെ ആസ്വദിപ്പിക്കുന്ന തനത് ഇന്ത്യൻ രുചിക്കൂട്ടുകള്‍
-
ഹിമാചലി തൊപ്പികളും ഇന്ത്യൻ കരകൗശല വസ്തുക്കളും ഉൾപ്പെടെ കുടുംബ സൗഹൃദ പ്രകടനങ്ങളും ഫോട്ടോ കോർണറുകളും
ഈ സജ്ജീകരണങ്ങളിലൂടെ ജനപ്രിയമായ പവലിയന് ആവേശകരമായ പങ്കാളിത്തവും വിപുലമായ ഓൺലൈൻ പ്രശംസയും നേടി.
പ്രതീകാത്മകതയും ആത്മീയതയും: രൂപകൽപന തത്വശാസ്ത്രം
പവലിയന്റെ ആത്മീയ കേന്ദ്രത്തില്‍ അജന്ത ഗുഹാ ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയുടെ കാലാതീത അനുകമ്പയുടെ പ്രതീകമായി പത്മപാണി ബോധിസത്വന്റെ പ്രൗഢമായ ചിത്രം സജ്ജീകരിച്ചിരിക്കുന്നു. നീലത്താമരയുടെ മുൻഭാഗം, ബോധി വൃക്ഷ പ്രതിഷ്ഠ, ഒഴുകുന്ന ജലം തുടങ്ങിയ കലാപരമായ ഘടകങ്ങൾ ഇന്ത്യയുടെ ദാർശനിക സത്തയുടെ പ്രതീകമായി പരസ്പരബന്ധവും സമാധാനവും പരിവർത്തനവും പ്രകടമാക്കുന്നു.
പവലിയന്റെ വാസ്തുവിദ്യയിൽ ഉൾപ്പെടുന്ന താമരമുറ്റവും ഏകതാ വിശ്രമകേന്ദ്രവും പുരാതന ഇന്ത്യൻ ആദർശമായ വസുധൈവ കുടുംബകം അഥവാ ലോകമൊരു കുടുംബമെന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നു.
ഐ.ജി.എൻ.സി.എയുടെ സാംസ്കാരിക ദർശനം
ഈ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് രാജ്യത്തിന്റെ സംസ്കാരം പ്രദർശിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ജീവിക്കുന്ന പൈതൃകത്തിലേക്ക് ലോകത്തെ ക്ഷണിക്കുകയുമാണെന്ന് ഡോ. ജോഷി ഉപസംഹരിച്ചു. പാരമ്പര്യവും പരിവർത്തനവും സമന്വയിക്കുന്ന ഇടമാണ് ഭാരത് മണ്ഡപമെന്നും ഇന്ത്യയുടെ അനശ്വര ആത്മാവ് ആഗോള ഭാവിയുമായി ഇവിടെ ഇടപഴകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒസാക്ക വേൾഡ് എക്സ്പോ 2025
എക്സ്പോ 2025 ഒസാക്ക, കന്‍സായ്, ജപ്പാന് എന്ന ഔദ്യോഗിക നാമകരണത്തോടെ 2025 ഒക്ടോബർ 13 വരെയാണ് ആഗോള പ്രദർശനം നടക്കുന്നത്. 'നമ്മുടെ ജീവിതത്തിന് ഭാവി സമൂഹത്തിന്റെ രൂപകൽപന’ എന്ന കേന്ദ്ര പ്രമേയത്തില്‍ 160-ലധികം രാജ്യങ്ങളിൽ നിന്നും 9 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഏകദേശം 28 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു. എക്സ്പോയിലെ ഇന്ത്യന്‍ പങ്കാളിത്തം സാംസ്കാരിക മികവിന്റെയും അന്താരാഷ്ട്ര ഇടപെടലിന്റെയും അടയാളമായി മാറിയിരിക്കുന്നു.
**********************
(Release ID: 2134971)