ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) പ്രത്യേക ഭക്ഷ്യ-പോഷകാഹാര പരീക്ഷണങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്

ആക്സിയം-4 ദൗത്യത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ, മുൻ നാസ ബഹിരാകാശയാത്രികൻ), ദൗത്യവിദഗ്ധരായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്/ഇഎസ്എ) ടിബോർ കപു (ഹംഗറി/ഇഎസ്എ) എന്നിവരോടൊപ്പം ദൗത്യ മേധാവിയായി സേവനമനുഷ്ഠിക്കും

Posted On: 31 MAY 2025 5:47PM by PIB Thiruvananthpuram

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളിലൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല വരാനിരിക്കുന്ന ആക്സിയം ദൗത്യം - 4 ന്റെ  (ആക്സ്-4)  ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) ഭക്ഷ്യ - പോഷകാഹാര സംബന്ധമായ പ്രത്യേക പരീക്ഷണങ്ങൾ നടത്തുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 


നാസയുടെ പിന്തുണയോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐ‌എസ്‌ആർ‌ഒ) ബയോടെക്‌നോളജി വകുപ്പും (ഡിബിടി) സംയുക്തമായി വികസിപ്പിച്ച ഈ പരീക്ഷണങ്ങൾ ദീർഘകാല ഭാവി ബഹിരാകാശ യാത്രയ്ക്ക് അത്യന്താപേക്ഷിതമായ ബഹിരാകാശ പോഷകാഹാരത്തിനും സ്വയം-സുസ്ഥിര ജീവന്‍രക്ഷാ സംവിധാനങ്ങൾക്കും തുടക്കംകുറിക്കാന്‍ ലക്ഷ്യമിടുന്നു. 


ആദ്യ ഐ‌എസ്‌എസ് പരീക്ഷണത്തില്‍ ഉയർന്ന ശേഷിയോടുകൂടിയ പോഷക സമ്പുഷ്ട ഭക്ഷ്യ സ്രോതസ്സായ ഭക്ഷ്യയോഗ്യ സൂക്ഷ്മ ആൽഗകളിലെ മൈക്രോ ഗ്രാവിറ്റിയുടെയും ബഹിരാകാശ വികിരണത്തിന്റെയും സ്വാധീനം പരിശോധിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക  - ഭൗമശാസ്ത്ര വകുപ്പുകളുടെ  സഹമന്ത്രിപദവിയും (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ - ബഹിരാകാശ, ഉദ്യോഗസ്ഥ - പൊതുജനപരാതി -  പെൻഷന്‍ വകുപ്പുകളുടെ  സഹമന്ത്രിസ്ഥാനവും വഹിക്കുന്ന ഡോ. ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. ഭൗമാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ബഹിരാകാശത്തെ വിവിധ ആൽഗൽ ഇനങ്ങളുടെ ട്രാൻസ്ക്രിപ്റ്റോമുകൾ, പ്രോട്ടീമുകൾ, മെറ്റബോളോമുകൾ എന്നിവയിലെ പ്രധാന വളർച്ചാ മാനദണ്ഡങ്ങളിലും മാറ്റങ്ങളിലും പഠനം ശ്രദ്ധ കേന്ദ്രീകരിക്കും.


ആത്മനിർഭർ ഭാരതിന് ഉദാഹരണമായി ഐ‌എസ്‌എസിലെ ബയോടെക്നോളജി വകുപ്പിന് (ഡിബിടി) കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച ബയോടെക്നോളജി കിറ്റുകൾ ഉപയോഗിച്ചായിരിക്കും ഈ ബഹിരാകാശ ജീവശാസ്ത്ര പരീക്ഷണങ്ങൾ  നടത്തുക. മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങൾക്കായി തയ്യാറാക്കിയ  പ്രത്യേക കിറ്റുകൾ ബഹിരാകാശ അധിഷ്ഠിത ഗവേഷണത്തിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്ത് സാധൂകരിച്ചവയാണ്.  അതിർത്തി ഗവേഷണത്തിന് ലോകോത്തര ശാസ്ത്രീയ ഉപകരണങ്ങൾ എത്തിക്കാനുള്ള ഇന്ത്യയുടെ കഴിവിലെ സുപ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്ന ഇവയുടെ വിന്യാസം   ബഹിരാകാശ പര്യവേഷണ - ബയോടെക്നോളജി രംഗത്തെ നിർണായക സാങ്കേതികവിദ്യകളിൽ രാജ്യത്തിന്റെ വളരുന്ന സ്വയംപര്യാപ്തതയെ അടിവരയിടുന്നു.


വേഗത്തിൽ വളരുന്ന മൈക്രോആൽഗകൾ  ഉയർന്ന പ്രോട്ടീൻ ബയോമാസ് ഉത്പാദിപ്പിക്കുകയും കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യ്ത്  ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നത് സുസ്ഥിര ബഹിരാകാശ പോഷകാഹാരത്തിനും  ആവര്‍ത്തിച്ചുപയോഗിക്കാവുന്ന ജീവന്‍രക്ഷാ സംവിധാനങ്ങള്‍ക്കും  അവയെ അനുയോജ്യമാക്കുന്നതായി  മന്ത്രി പറഞ്ഞു.


26 മണിക്കൂറിനകം വളരാനാവുന്ന ചില ജീവിവർഗങ്ങൾ ഫോട്ടോബയോറിയാക്ടറുകളിൽ കൃഷി ചെയ്യുമ്പോൾ പരമ്പരാഗത വിളകളേക്കാൾ യൂണിറ്റ് വ്യാപതിയില്‍ കൂടുതൽ ബയോമാസ് ഉത്പാദിപ്പിക്കുന്നു. ഇടുങ്ങിയ സ്ഥലവും വിഭവ പരിമിതികളും നേരിടുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് നിർണായകമാണ്.  


യൂറിയയും നൈട്രേറ്റും അടിസ്ഥാനപ്പെടുത്തിയ മാധ്യമങ്ങൾ ഉപയോഗിച്ച്  മൈക്രോ ഗ്രാവിറ്റിയിൽ സയനോബാക്ടീരിയ അഥവാ സ്പിരുലിന സിനെക്കോകോക്കസിന്റെ വളർച്ചയും പ്രോട്ടിയോമിക് പ്രതികരണവും പരിശോധിക്കുന്നതാണ് രണ്ടാം പരീക്ഷണം.  ഉയർന്ന പ്രോട്ടീനും വൈറ്റമിനും അടങ്ങിയിരിക്കുന്നതിനാൽ ബഹിരാകാശ "സൂപ്പർഫുഡ്" ആയി സ്പിരുലിനയുടെ സാധ്യതയെ ഗവേഷണം വിലയിരുത്തുകയും സയനോബാക്ടീരിയൽ വളർച്ചയ്ക്ക് യൂറിയ പോലുള്ള മനുഷ്യ മാലിന്യങ്ങളിലെ  നൈട്രജൻ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുകയും ഒപ്പം സെല്ലുലാർ മെറ്റബോളിസത്തിലും ജൈവിക കാര്യക്ഷമതയിലും മൈക്രോഗ്രാവിറ്റിയുടെ ഫലങ്ങൾ പഠിക്കുകയും ചെയ്യും. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അനിവാര്യമായ ആവര്‍ത്തിച്ചുപയോഗിക്കാവുന്ന  സ്വയം-സുസ്ഥിര ജീവന്‍രക്ഷാ സംവിധാനങ്ങള്‍  വികസിപ്പിക്കുന്നതിന് ഈ ഉൾക്കാഴ്ചകൾ നിർണായകമാണ്.


ബഹിരാകാശ പേടകങ്ങളിലും ഭാവി ബഹിരാകാശ ആവാസ വ്യവസ്ഥകളിലും കാർബൺ, നൈട്രജൻ പുനരുപയോഗത്തിന് ഈ ജീവികൾ വഴിതുറന്നേക്കാമെന്ന് ഡോ. സിങ് എടുത്തുപറഞ്ഞു. 


ആക്സിയം-4 ദൗത്യത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല കമാൻഡർ പെഗ്ഗി വിറ്റ്‌സൺ (യുഎസ്എ, മുൻ നാസ ബഹിരാകാശയാത്രികൻ), ദൗത്യവിദഗ്ധരായ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിയേവ്‌സ്‌കി (പോളണ്ട്/ഇഎസ്‌എ) ടിബോർ കപു (ഹംഗറി/ഇഎസ്‌എ) എന്നിവർക്കൊപ്പം ദൗത്യമേധാവിയായി  സേവനമനുഷ്ഠിക്കുമെന്ന് ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു. 


മനുഷ്യ ബഹിരാകാശ യാത്രയ്ക്കായി പരിശീലനം ലഭിച്ച ഇന്ത്യൻ ബഹിരാകാശയാത്രികരുടെ ആദ്യ സംഘാംഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ  നിയുക്ത സഹായിയായി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ സേവനമനുഷ്ഠിക്കുന്നു. ‘ആക്സിയം സ്‌പേസ്’ കൈകാര്യം ചെയ്ത്  സ്‌പേസ്-എക്‌സ് ഫാൽക്കൺ-9 വഴി വിക്ഷേപിക്കുന്ന ആക്‌സ്-4 ദൗത്യം ഐഎസ്‌എസിലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികരായ ശാസ്ത്രജ്ഞൻ നയിക്കുന്ന ബഹിരാകാശ ജീവശാസ്ത്ര പരീക്ഷണങ്ങളുടെ നാഴികക്കല്ലാണ്.


ഭാവി  നൂതനാശയങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിന് ബഹിരാകാശ ബയോടെക്‌നോളജിയിലും ബഹിരാകാശ ബയോമാനുഫാക്ചറിങിലും  സഹകരണം ത്വരിതപ്പെടുത്താന്‍  ഐഎസ്ആർഒ-ഡിബിടി സംയുക്ത പ്രവര്‍ത്തകസമിതി  (ജെഡബ്ല്യുജി) രൂപീകരിച്ചിട്ടുണ്ട്. ന്യൂഡൽഹി അന്താരാഷ്ട്ര ജനിറ്റിക് എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്നോളജി കേന്ദ്രം (ഐസിജിഇബി), ബംഗലൂരുവിലെ ബ്രിക്-ഇന്‍സ്റ്റെം എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾ നിലവിൽ പുതിയ പരീക്ഷണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. 


ബഹിരാകാശ  ബയോടെക്കിലെ സംയുക്ത 'അവസര പ്രഖ്യാപനം' സംബന്ധിച്ച് ജെഡബ്ല്യുജി ഈയിടെ ചർച്ച ചെയ്തുവെന്നും  ദീർഘകാല ദൗത്യങ്ങൾക്കായി ബഹിരാകാശ നിർമാണം, ബയോ-പുനരുജ്ജീവന സംവിധാനങ്ങൾ, ഭൂമിക്ക് പുറത്തെ ബയോമാനുഫാക്ചറിങ്  എന്നിവ സംബന്ധിച്ച വെല്ലുവിളികളും വഴികളും എടുത്തുകാണിച്ചുവെന്നും  ഡോ. ജിതേന്ദ്ര സിങ്  പറഞ്ഞു.


ഈ സംരംഭങ്ങളിലൂടെ ഇന്ത്യ ബഹിരാകാശത്തെത്തുക മാത്രമല്ല - മനുഷ്യർ അവിടെ എങ്ങനെ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്നതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നു.  ഈ പരീക്ഷണ വിജയത്തിന് ബഹിരാകാശത്തെ മനുഷ്യ പോഷകാഹാരത്തിൽ വിപ്ലവം സൃഷ്ടിക്കാനും അടഞ്ഞ ആവാസ വ്യവസ്ഥകൾക്കായി ജൈവ-പുനരുപയോഗ സംവിധാനങ്ങൾ പ്രാപ്തമാക്കാനും കഴിയും.


ആഗോള ബഹിരാകാശ രംഗത്തെ  വർധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തെയും കേവലം വിക്ഷേപണ സേവനങ്ങളിൽ നിന്ന് ബഹിരാകാശ പര്യവേക്ഷണത്തിലേക്കും സുസ്ഥിരതയിലേക്കും  ശാസ്ത്ര നേതൃത്വത്തിലേക്കും കൈവരിച്ച പരിവർത്തനത്തെയും ഈ ദൗത്യം അടിവരയിടുന്നുവെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

******************


(Release ID: 2133088)
Read this release in: English , Urdu , Marathi , Hindi