രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സായുധ സേനകളുടെ ഏകോപനവും നിയന്ത്രണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കൊണ്ടുവന്ന 2023 ലെ ഇന്റർ-സർവീസസ് ഓർഗനൈസേഷൻസ് (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ആക്ടിന് കീഴിലുള്ള ചട്ടങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തു

Posted On: 28 MAY 2025 9:44AM by PIB Thiruvananthpuram
ഇന്റർ-സർവീസസ് ഓർഗനൈസേഷൻസ് (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ആക്ട് 2023 പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു. 2025 മെയ് 27 മുതൽ ഇതിന് പ്രാബല്യമുണ്ടാകും.  ഇന്റർ-സർവീസസ് ഓർഗനൈസേഷനുകളുടെ (ISO) ഫലപ്രദമായ ഏകോപനവും നിയന്ത്രണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും അതുവഴി സായുധ സേനകൾക്കിടയിൽ പരസ്പരപ്രവർത്തക്ഷമത ശക്തിപ്പെടുത്തുന്നതിനും ഈ സുപ്രധാന നടപടി ലക്ഷ്യമിടുന്നു.

2023 ലെ വർഷകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി. 2023 ഓഗസ്റ്റ് 15 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. 2024 മെയ് 08 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, 2024 മെയ് 10 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. തുടർന്ന്, 2024 ഡിസംബർ 27 ലെ ഗസറ്റ് വിജ്ഞാപനം നമ്പർ SRO 72 മുഖേന ISO-കളെ വിജ്ഞാപനം ചെയ്തു.

ISO കമാൻഡർ-ഇൻ-ചീഫ്, ഓഫീസർ-ഇൻ-കമാൻഡ് എന്നിവർക്ക്, അവരുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ മേൽ അധികാരവും നിയന്ത്രണവും ഉറപ്പാക്കാൻ നിയമം അനുശാസിക്കുന്നു. ISOകൾക്കുള്ളിലെ ഭരണനിർവ്വഹണവും അച്ചടക്കവും ഫലപ്രദമായി നിലനിർത്തുന്നുവെന്ന് പുതിയ ചട്ടങ്ങൾ ഉറപ്പാക്കുന്നു. സായുധ സേനയുടെ  വിവിധ വിഭാഗങ്ങൾക്ക് ബാധകമായ വ്യത്യസ്ത സേവന വ്യവസ്ഥകളിൽ മാറ്റം വരുത്താതെയാണ് ഇത് നടപ്പാക്കുന്നത്.

നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ നിർവ്വഹണം ഫലപ്രദവും സുഗമവും ആക്കാൻ ഉദ്ദേശിച്ചുള്ളവയാണ് നിയമത്തിലെ വകുപ്പ് 11 പ്രകാരം രൂപപ്പെടുത്തി, പുതുതായി വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ. ഈ ചട്ടണങ്ങൾ ISO-കളുടെ പ്രവർത്തനത്തിന് നിർണ്ണായക സഹായങ്ങൾ ഉറപ്പാക്കുന്നത് കൂടാതെ അച്ചടക്കം, ഭരണ നിയന്ത്രണം, പ്രവർത്തന ഐക്യം എന്നിവയ്ക്കായി സമഗ്രമായ ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്യുന്നു.

ഈ ചട്ടങ്ങളുടെ വിജ്ഞാപനത്തോടെ, നിയമം ഇപ്പോൾ പൂർണ്ണതോതിൽ നടപ്പിലായി. ഇത് ISO തലവന്മാരെ ശാക്തീകരിക്കുകയും, അച്ചടക്ക നടപടികൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കുകയും, നടപടിക്രമങ്ങളുടെ ആവർത്തനം ഒഴിവാക്കുകയും ചെയ്യും.

(Release ID: 2131906)