യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് (KIBG) 2025 ന് ആതിഥേത്വം വഹിച്ച ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു പ്രദേശങ്ങളെ (DNHDD) അഭിനന്ദിച്ചു; ആദ്യ സ്ഥാനങ്ങളിലെത്തിയ മണിപ്പൂരിനും നാഗാലാൻഡിനും മന്ത്രിയുടെ പ്രശംസ
Posted On:
24 MAY 2025 8:52PM by PIB Thiruvananthpuram
ആദ്യ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു പ്രദേശങ്ങളെ അഭിനന്ദിച്ചു. ശനിയാഴ്ചയായിരുന്നു മെയ് 19-ന് ആരംഭിച്ച ഗെയിംസിന്റെ ഔദ്യോഗിക സമാപനം. ദിയുവിലെ INS ഖുക്രി സ്മാരകത്തിലാണ് സമാപന ചടങ്ങ് നടന്നത്.
"ദിയു എന്റെ ഹൃദയത്തോട് സദാ ചേർന്നുനിൽക്കുന്നു. ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025 ന് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് കേന്ദ്രഭരണ പ്രദേശത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ബീച്ച് ഗെയിംസിന്റെ പ്രധാന കേന്ദ്രമായി ദിയു മാറണമെന്നത് നമ്മുടെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദർശനമാണ്. കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും പരിഗണനയും ഉറപ്പാക്കുന്നതിൽ സംഘാടകർ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് എന്റെ അഭിപ്രായം"
"ഒന്നാം സ്ഥാനം നേടിയതിന് മണിപ്പൂരിന് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും നാഗാലാൻഡ് മൂന്നാം സ്ഥാനത്തും എത്തി. ഖേലോ ഇന്ത്യയിൽ ആദ്യമായി ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നുറപ്പിച്ച നാഗാലാൻഡിനെ പ്രത്യേകം അഭിനന്ദിക്കുന്നു. പെൻകാക് സിലാറ്റിൽ എന്ന ഇനത്തിൽ മണിപ്പൂർ അങ്ങേയറ്റത്തെ ധൈര്യവും വൈദഗ്ധ്യവും പ്രകടിപ്പിച്ചു. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികവിന്റെ സംസ്കാരം വളർത്തുന്നതിനും പ്രതിബദ്ധത പ്രകടിപ്പിച്ച ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു പ്രദേശങ്ങളെയെയും ജമ്മു കശ്മീരിനെയും ഞാൻ അഭിനന്ദിക്കുന്നു," ഡോ. മാണ്ഡവ്യ പറഞ്ഞു.
പെൻകാക് സിലാറ്റ്, സെപാക്-തക്രോ, സോക്കർ, വോളിബോൾ, ഓപ്പൺ സീ സ്വിമ്മിങ്, കബഡി എന്നീ ആറ് ഇനങ്ങളിലായി എണ്ണൂറ്റി പതിനൊന്ന് കായികതാരങ്ങൾ പങ്കെടുത്തു. മല്ലക്കംബ്, വടംവലി എന്നിവ മെഡൽ ഇതര കായിക ഇനങ്ങളായിരുന്നു. നാല്പത്തിയാറ് സ്വർണ്ണ മെഡലുകൾ സമ്മാനിക്കപ്പെട്ട ബീച്ച് സ്‌പോർട്‌സ് കാർണിവലിൽ 31 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ പങ്കെടുത്തു.
“മെഡൽ നേട്ടത്തിനുപരിയായി, കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരാളും പരാജയപ്പെടുന്നില്ല - നിങ്ങൾ വിജയിക്കുകയോ പാഠങ്ങൾ ഉൾക്കൊള്ളുകയോ ചെയ്യുന്നു എന്ന കാര്യം പ്രധാനമാണ്. ഖേലോ ഇന്ത്യയ്ക്ക് കീഴിൽ ഇതാദ്യമായാണ് ബീച്ച് ഗെയിംസ് നടക്കുന്നത്. ആരോഗ്യകരമായ മത്സരത്തിന്റെയും ദേശാഭിമാനത്തിന്റെയും ആത്മാവിന് സംഭാവന നൽകിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു,” ഡോ. മാണ്ഡവ്യ പറഞ്ഞു.
ബഹുമാനപ്പെട്ട കായിക, യുവജനകാര്യ സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് “ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു” എന്ന് വ്യക്തമാക്കി. “നമ്മുടെ യുവ കായിക താരങ്ങൾ അവരുടെ പ്രതിഭ കൊണ്ട് ദിയുവിന്റെ തീരങ്ങളെ ശരിക്കും പ്രകാശമാനമാക്കി,” സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പറഞ്ഞു.
ഖേലോ ഇന്ത്യ മിഷന്റെ ലക്ഷ്യങ്ങൾ ആവർത്തിച്ചുകൊണ്ട് ശ്രീമതി ഖഡ്‌സെ പറഞ്ഞു: “രാജ്യത്തുടനീളം അടിസ്ഥാന തലത്തിൽ കായിക സംസ്കാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖേലോ ഇന്ത്യ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് ഈ പ്രയാണത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. ആവേശകരവും അത്ര പരിചതമല്ലാത്തതുമായ ഒട്ടേറെ ബീച്ച്, വാട്ടർ സ്‌പോർട്‌സ് ഇനങ്ങളിലേക്ക് അവർ ജനശ്രദ്ധ ആകർഷിച്ചു.”
ഇന്ത്യയുടെ കായിക യാത്രയിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ കഴിയുമെന്ന് ശ്രീമതി ഖഡ്‌സെ എടുത്തുപറഞ്ഞു, മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി ഖഡ്‌സെ പറഞ്ഞു: “വടക്കുകിഴക്കൻ മേഖലയിൽ കായിക പ്രതിഭകളുടെ ഒരു വലിയൊരു ഗണമുണ്ട്. ഈ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ മുൻഗണന. ബീച്ച് ഗെയിംസിൽ ഈ സംസ്ഥാനങ്ങളുടെ ശക്തമായ പ്രകടനം, ശരിയായ അവസരങ്ങളും പ്രോത്സാഹനങ്ങളും നൽകിയാൽ, ദേശീയ, അന്തർദേശീയ വേദികളിൽ അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്.”
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://beach.kheloindia.gov.in/
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025 മെഡൽ നേട്ടം സംബന്ധിച്ച വിവരങ്ങൾക്ക്: https://beach.kheloindia.gov.in/medal-tally
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിനെക്കുറിച്ച്
ഖേലോ ഇന്ത്യയ്ക്ക് കീഴിൽ നടക്കുന്ന ആദ്യ ബീച്ച് ഗെയിംസാണിത്. ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള കായിക മത്സരങ്ങളുടെയും പ്രതിഭ വികസനത്തിന്റെയും ഭാഗമായി 2025 മെയ് 19 മുതൽ മെയ് 24 വരെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ദിയുവിലാണ് ഗെയിംസ് നടന്നത്. ബീച്ച് സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും ബീച്ച് ഗെയിംസിന്റെ വ്യാപ്തിയും ജനപ്രീതിയും വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഈ പതിപ്പിൽ, ആറ് മെഡൽ ഇനങ്ങളുണ്ട്: ബീച്ച് സോക്കർ, ബീച്ച് വോളിബോൾ, ബീച്ച് സെപക് തക്രോ, ബീച്ച് കബഡി, പെൻകാക് സിലാറ്റ്, ഓപ്പൺ വാട്ടർ നീന്തൽ. രണ്ട് (മെഡൽ ഇല്ലാത്ത) പ്രദർശന കായിക ഇനങ്ങളായ മല്ലഖാംബ്, വടംവലി എന്നിവയും ദിയുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


*****************
(Release ID: 2131104)
|