പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ 'വികസിത കൃഷി സങ്കൽപ്പ് അഭിയാൻ' ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

മെയ് 29 മുതൽ ജൂൺ 12 വരെ നടക്കുന്ന രാജ്യവ്യാപക കാമ്പയിനിലൂടെ ഏകദേശം 1.5 കോടി (15 ദശലക്ഷം) കർഷകരുമായി നേരിട്ട് സംവദിക്കും.

ഗവേഷണത്തിനും നവീകരണത്തിനും ഫണ്ടുകളുടെ കുറവുണ്ടാകില്ല- കേന്ദ്ര കൃഷി മന്ത്രി

പോസ്റ്റഡ് ഓണ്‍: 25 MAY 2025 9:13AM by PIB Thiruvananthpuram

ന്യൂഡൽഹി, മെയ് 25, 2025

 

കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ 'വികസിത കൃഷി സങ്കൽപ്പ് അഭിയാൻ' ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. രാജ്യവ്യാപക കാമ്പയിൻ മെയ് 29-ന് ഒഡീഷയിലെ പുരിയിൽ നിന്ന് ഔദ്യോഗികമായി ആരംഭിക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും (ഐ സി എ ആർ) കൃഷി, കർഷക ക്ഷേമ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് ഈ കാമ്പയിനിന്റെ ആസൂത്രണവും നടത്തിപ്പും ഏകോപിപ്പിക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി, കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ രാജ്യത്തുടനീളമുള്ള കാർഷിക ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു.

 

ശാസ്ത്രജ്ഞരെയും വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ കാമ്പയിൻ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാർഷിക ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗവേഷണത്തിനും നവീകരണത്തിനും ഫണ്ടുകളുടെ കുറവുണ്ടാകില്ല- കേന്ദ്ര മന്ത്രി പറഞ്ഞു.

 

കർഷകരെ സേവിക്കുന്നതിനും, കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും, രാജ്യത്തിന്റെ ഭക്ഷ്യ ശേഖരം നിറയ്ക്കുന്നതിനും, ഭാവി തലമുറയുടെ കാർഷിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി സമർപ്പിച്ചതാണ് തന്റെ ജീവിതമെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങൾ മനസ്സിലാക്കൽ, ഗവേഷണ വിവരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തൽ, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം എന്നിവ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

 

രാജ്യത്തെ ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണ കഴിവുകൾ ആഗോള തലത്തിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ കാർഷിക സ്ഥാപനങ്ങൾക്ക് ആഗോള അംഗീകാരം നേടാൻ കഴിയുന്ന ശക്തിയും മികവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൃഷി, കർഷക ക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീ ദേവേഷ് ചതുർവേദി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ എം എൽ ജാട്ട്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. രാജ്ബീർ സിംഗ്, 113 ഐസിഎആർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ നിന്നും വിവിധ കേന്ദ്ര, സംസ്ഥാന കാർഷിക സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ, അധ്യാപകർ എന്നിവർ നേരിട്ടും ഓൺലൈനായും ഈ സെഷനിൽ പങ്കെടുത്തു.  

 

ഇന്ത്യക്ക് 210 ദശലക്ഷം ഹെക്ടർ അറ്റ വിള ഭൂമിയുണ്ടെന്ന് ദേവേഷ് ചതുർവേദി പ്രസ്താവിച്ചു. ഉൽപ്പാദനക്ഷമതയിൽ ഒരു ഹെക്ടറിന് ഒരു ക്വിന്റലിന്റെ ചെറിയ വർദ്ധനവ് പോലും മൊത്തം കാർഷിക ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഗവേഷണവും ഫീൽഡ് പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനും, സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കായി കർഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് വികസിത കൃഷി സങ്കൽപ്പ് അഭിയാനെന്ന് ഡോ. ജാട്ട് പറഞ്ഞു.

കാർഷിക ഗവേഷണങ്ങളെ പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ അന്തിമ ഉപയോക്താക്കൾക്ക് ഫലപ്രദമാകും വിധത്തിൽ മാറ്റിയെടുക്കുക എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം വിശദീകരിച്ചു.

 

വികസിത കൃഷി സങ്കൽപ്പ് അഭിയാൻ 2025 മെയ് 29 മുതൽ ജൂൺ 12 വരെ 700-ലധികം ജില്ലകളിൽ നടക്കും. ശാസ്ത്രജ്ഞരുടെ സംഘം ഗ്രാമം തോറും സഞ്ചരിച്ച് കർഷകരുമായി നേരിട്ട് സംവദിക്കും. 731 കെവികെകൾ, 113 ഐസിഎആർ സ്ഥാപനങ്ങൾ, സംസ്ഥാന തല വകുപ്പുകൾ, കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, ഫിഷറീസ് എന്നിവയിലെ ഉദ്യോഗസ്ഥർ, കൂടാതെ നൂതന കർഷകരും ഈ പ്രചാരണത്തിൽ പങ്കുചേരും. രാജ്യത്തുടനീളമുള്ള 1.5 കോടി (15 ദശലക്ഷം) കർഷകരുമായി നേരിട്ട് ഇടപഴകും.

 

ന്യൂഡൽഹിയിലെ ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാജേന്ദ്ര പ്രസാദ് നന്ദി പറഞ്ഞു.

 

******************


( റിലീസ് ഐ.ഡി: 2131065) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English